ബുളീമിയ നെർവോസ: ഭക്ഷണക്രമത്തിലെ താളപ്പിഴ

ബുളീമിയ നെർവോസ: ഭക്ഷണക്രമത്തിലെ താളപ്പിഴ

ആഹാരവും മനസ്സും തമ്മിലുള്ള നിരന്തര പോരാട്ടത്തെക്കുറിച്ച് മനസ്സിലാക്കാം

ആസ്വദിച്ച് ആഹാരം കഴിക്കുകയും ഉടൻ തന്നെ കുറ്റബോധം തോന്നുകയും ചെയ്യുക. മനസ്സിലെ ആധി ശാരീരിക പ്രയാസങ്ങളായി പുറത്തുവരിക. ശരീരത്തിന് ശിക്ഷ നൽകുന്ന രീതിയിൽ പ്രതികരിക്കുക. ഇത് ചാക്രിക ക്രമത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുക. 

ശരീരത്തിനും മനസ്സിനും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഈ അവസ്ഥയാണ് ബുളീമിയ നെർവോസ. പലരും രഹസ്യമായി അനുഭവിക്കുന്ന ഈറ്റിങ് ഡിസോഡറാണിത്. ആഹാരത്തോടുള്ള അമിതമായ താൽപ്പര്യത്തിൽ തുടങ്ങി അതിനോടുള്ള വെറുപ്പിൽ അവസാനിക്കുന്ന വൈകാരിക പ്രതിസന്ധി. 

വിശപ്പടക്കിവെച്ച് പട്ടിണി കിടക്കുന്ന അനൊറെക്സിയ എന്ന ഈറ്റിങ് ഡിസോഡറിൽ നിന്ന് വ്യത്യസ്തമായി, ബുളീമിയയിൽ 

അമിതമായി ഭക്ഷണം കഴിക്കുകയും കുറ്റബോധം തോന്നി ഛർദ്ദിക്കുകയും ചെയ്യും. പട്ടിണി കിടന്ന് കഠിനവ്യായാമങ്ങളും ഡയറ്റുമെല്ലാം പരീക്ഷിക്കാനുള്ള തോന്നലും ഈ ഭക്ഷണ ക്രമക്കേടിൻ്റെ ഭാഗമായുണ്ടാകും. 

ശാരീരിക പ്രശ്നങ്ങൾക്കു പുറമെ, മാനസികമായും ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ് ഈ അവസ്ഥ. നിയന്ത്രണവും നാണക്കേടും തമ്മിലുള്ള ഒരു നിരന്തര സംഘർഷം.

1. എന്താണ് ബുളീമിയ നെർവോസ?

ശ്രദ്ധയും സഹായവും ആവശ്യമുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ് ബുളീമിയ നെർവോസ.

അമിതമായി ഭക്ഷണം കഴിക്കുകയും ശേഷം ശരീരഭാരം കൂടാതിരിക്കാനായി കഴിച്ചതെല്ലാം ഛർദ്ദിച്ചുകളയുകയും ചെയ്യുന്ന പ്രക്രിയ ആവർത്തിക്കുന്നു.

ഭക്ഷണക്കാര്യത്തിൽ നിയന്ത്രണം നഷ്ടമാവുകയും അത് നേടാനായി നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന ഒരു ചാക്രികക്രമത്തിൽ കുടുങ്ങിപ്പോയ പോലെ ബുളീമിയ അനുഭവിക്കുന്നവർക്ക് തോന്നും.

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (DSM-5) നിർദ്ദേശിക്കുന്നതു പ്രകാരം, രോഗനിർണയത്തിനായി താഴെ പറയുന്ന ഘടകങ്ങൾ പരിഗണിക്കാറുണ്ട്:

  • ആവർത്തിച്ചുള്ള അമിതാഹാരം (Recurrent Binge Eating): (പലപ്പോഴും രഹസ്യമായി, കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു ഭക്ഷണം കഴിക്കുക).
  • ശരീരഭാരം കൂടുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ (Compensatory Actions): ഛർദ്ദിക്കുക, പട്ടിണി കിടക്കുക, വയറിളക്കുന്ന മരുന്നുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ അമിതമായി വ്യായാമം ചെയ്യുക എന്നിവ ഇതിൽപ്പെടും.
  • ഈ ശീലങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും മൂന്ന് മാസക്കാലമോ അതിൽക്കൂടുതലോ ഉണ്ടാകുന്ന പക്ഷം ബുളീമിയ നെർവോസയാണെന്ന് നിർണ്ണയിക്കുന്നു.

അനൊറെക്സിയ ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി, ബുളീമിയ ഉള്ള വ്യക്തികൾക്ക് പലപ്പോഴും ശരീരഭാരം സാധാരണ നിലയിൽ നിലനിർത്താൻ കഴിഞ്ഞേക്കും. ഇതിനാൽത്തന്നെ, ഈ അവസ്ഥ തിരിച്ചറിയാൻ പ്രയാസമാണ്. അവഗണിച്ചാൽ വഷളാകാനുള്ള സാദ്ധ്യതയും ഏറുന്നു.

2. ഭക്ഷണമല്ല, ഇത് വൈകാരിക വിഷയം  

ബുളീമിയയുടെ അടിസ്ഥാന കാരണം വിശപ്പല്ല. ചില വികാരങ്ങൾ, ആത്മാഭിമാനം, നിയന്ത്രണം എന്നിവയെല്ലാമാണ് ഭക്ഷണം കഴിക്കുന്നതിൻ്റെ താളം പിഴയ്ക്കാനിടയാക്കുന്നത്.

സമ്മർദ്ദം, ഉത്കണ്ഠ, ആഘാതം, ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ അമിതമായ  ചില ചിന്തകളെ നേരിടാനുള്ള മാർഗ്ഗമായി പലരും ഭക്ഷണത്തെ ആശ്രയിക്കുന്നതാണ് ഈ തകരാറിന് കാരണമാകുന്നത്.

അമിതമായി കഴിക്കുമ്പോൾ താൽക്കാലികമായ ആശ്വാസം ലഭിക്കുന്നു. അപ്പോഴേക്കും കുറ്റബോധം മനസ്സിൽ ഉടലെടുക്കുകയും കഴിച്ചതെല്ലാം 

പുറത്തേക്ക് കളയുന്നതിലൂടെ നിയന്ത്രണം തിരികെ ലഭിച്ചു എന്നൊരു മിഥ്യാബോധത്തിലേക്കെത്തിപ്പെടുകയും ചെയ്യുന്നു. ആഹാരത്തെയല്ല, മനസ്സിൽ അന്തർലീനമായ വികാരങ്ങളെയാണ് ഈ രോഗമുള്ളവർ ഒഴിവാക്കാൻ ശ്രമിക്കുന്നത്. 

പൂർണ്ണതയ്ക്കായുള്ള വാശിയും ശരീരത്തോടുള്ള ഇഷ്ടക്കേടും വിഷാദവും ബുളീമിയയിലേക്കെത്തിക്കാൻ കാരണമാകുന്ന ഘടകങ്ങളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും കൗമാരക്കാരിലും യുവതികളിലുമാണ് ഈ സംഘർഷങ്ങൾ ഈറ്റിങ് ഡിസോഡറിലേക്ക് അവരെ എത്തിക്കുന്നത്.

ശാരീരിക ക്ഷമതയ്ക്കും പ്രകടനത്തിനും പ്രധാന്യം നൽകുന്ന പുരുഷന്മാരിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്.

3. ജീവശാസ്ത്രപരമായ പ്രവർത്തനം

ബുളീമിയ എന്ന അവസ്ഥയിൽ മസ്തിഷ്ക്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആധുനിക ന്യൂറോസയൻസ് കൗതുകകരമായ വിശദീകരണം നൽകുന്നുണ്ട്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെയും (NIMH) ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് അനുസരിച്ച്:

  • അമിതമായി ഭക്ഷണം കഴിക്കുമ്പോൾ, തലച്ചോറിലെ ഡോപമിൻ സംവിധാനം, ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ലഭിക്കുന്നതിനു സമാനമായ, സന്തോഷം നൽകുന്ന രാസവസ്തുക്കൾ പുറത്തുവിടുന്നു.
  • ഇതിനെത്തുടർന്ന്, ഭീതിക്കും കുറ്റബോധത്തിനും ഉത്തരവാദിയായ അമിഗ്ഡാല ഉടനടി സജീവമാകുന്നു. 
  • ഉൾപ്രേരണകളെ നിയന്ത്രിക്കുന്ന പ്രിഫ്രോണ്ടൽ കോർട്ടെക്സിൻ്റെ പ്രവർത്തനം  മന്ദഗതിയിലാകുന്നു. ഇത് ഈ ചാക്രിക ആവർത്തനം അവസാനിപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ലളിതമായി പറഞ്ഞാൽ, ബുളീമിയ തലച്ചോറിലെ പ്രതിഫലം നൽകുന്ന സംവിധാനത്തെ കവർന്നെടുക്കുന്നതുമൂലം, ഒരു വ്യക്തിക്ക് ഒരേ സമയം ഭക്ഷണത്തോടും അതിൽ നിന്ന് ആശ്വാസം നേടാനുള്ള മാർഗ്ഗങ്ങളോടും അതിയായ ആഗ്രഹം തോന്നുന്നു. 

4. മുന്നറിയിപ്പ് സൂചനകൾ:

ബുളീമിയ ഉള്ള വ്യക്തികൾ പുറമെ ശാരീരിക-മാനസിക ആരോഗ്യമുള്ളവരായി കാണപ്പെടുന്നതുകൊണ്ട്,  വർഷങ്ങളോളം ഈ അവസ്ഥ മറ്റുള്ളവർക്ക് തിരിച്ചറിയാനാകില്ല.

ശാരീരിക ലക്ഷണങ്ങൾ

  • ശരീരഭാരത്തിൽ സ്ഥിരമായ ഏറ്റക്കുറച്ചിലുകൾ.
  • ആവർത്തിച്ചുള്ള ഛർദ്ദി മൂലം കവിളിലോ താടിയെല്ലിലോ വീക്കം.
  • വയറ്റിലെ ആസിഡ് കാരണം പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഇനാമൽ (Enamel) നഷ്ടപ്പെടുകയോ ചെയ്യുക.
  • തൊണ്ടവേദന, ശബ്ദമടയ്ക്കുക, അല്ലെങ്കിൽ വിട്ടുമാറാത്ത ചുമ.
  • ക്ഷീണം, നിർജ്ജലീകരണം (Dehydration), അല്ലെങ്കിൽ ബോധക്ഷയം.
  • ആർത്തവം ക്രമം തെറ്റുക

വൈകാരിക ലക്ഷണങ്ങൾ

  • ഭക്ഷണം കഴിച്ച ശേഷം ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുക
  • ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള അമിതമായ ആശങ്ക, ഭക്ഷണം കഴിച്ചതിലുള്ള കുറ്റബോധം.
  • ക്രമീകൃതമായ ഭക്ഷണ ശീലങ്ങൾ, ഒളിച്ചിരുന്ന് സ്നാക്കുകൾ കഴിക്കുക 
  • വ്യായാമം ചെയ്യാനും കലോറി കണക്കാക്കാനും കാണിക്കുന്ന അമിത താൽപ്പര്യം.
  • ഭക്ഷണ വിതരണമുള്ള സാമൂഹിക ഒത്തുചേരലുകളിൽ നിന്ന് ഒഴിഞ്ഞുമാറുക.
  • വികാരങ്ങളിലെ വ്യതിയാനങ്ങൾ, ഉത്കണ്ഠ, വിഷാദം.

5. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ: ശരീരത്തിനുള്ളിൽ എന്തെല്ലാം സംഭവിക്കുന്നു

ആവർത്തിച്ചുള്ള ഛർദ്ദി, നിർജ്ജലീകരണം, പോഷകങ്ങളുടെ അപര്യാപ്തത എന്നിവ, ഗുരുതരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കും:

  • ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം ഹൃദയമിടിപ്പ് ക്രമം തെറ്റുക അല്ലെങ്കിൽ ഹൃദയസ്തംഭനം ഉണ്ടാകുക.
  • ദഹനപ്രശ്നങ്ങൾ മൂലം അന്നനാളത്തിൽ മുറിവുകൾ, അൾസർ, മലബന്ധം.
  • ഹോർമോൺ മാറ്റങ്ങളെത്തുടർന്ന്  ആർത്തവത്തിലെ തടസ്സങ്ങൾ, വന്ധ്യതയ്ക്കുള്ള സാധ്യത.
  • നിരന്തരമായ നിർജ്ജലീകരണം കാരണം വൃക്കകൾ തകരാറിലാകുക 
  • പല്ലുകൾക്ക് കേടുപാടുകൾ, ഉമിനീർ ഗ്രന്ഥിയിലെ വീക്കം.
  • പ്രതിരോധശേഷി കുറയുന്നു, വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നു

ചികിത്സ തേടാത്ത പക്ഷം ബുളീമിയ ജീവനുതന്നെ ഭീഷണിയാകാം. എന്നാൽ കൃത്യസമയത്തുള്ള ഇടപെടലിലൂടെ, ഈ അവസ്ഥയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ കഴിയും.

 6. അസുഖം ഭേദമാക്കാം: മനസ്സിനും ശരീരത്തിനും സൗഖ്യം നൽകാം

ബുളീമിയയിൽ നിന്ന് മനസ്സും ശരീരവും സ്വാസ്ഥ്യത്തിലേക്ക് എത്തിക്കുക എന്നത് മനക്കരുത്തിനെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമല്ല. ഭക്ഷണത്തോടുള്ള വൈകാരിക ബന്ധം തിരിച്ചറിഞ്ഞ് പുനഃക്രമീകരിക്കുക എന്നതാണ് പ്രധാനം.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികൾ 

1. സൈക്കോതെറാപ്പി

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-E): ഏറ്റവും മികച്ച ചികിത്സാ രീതിയാണിത്. രോഗത്തിന് പ്രേരകമാകുന്ന കാരണങ്ങൾ കണ്ടെത്താനും ഭക്ഷണത്തെയും ശരീരത്തെക്കുറിച്ചുള്ള ചിന്തകളെയും മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു.
  • ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (DBT): വികാരങ്ങളെ നിയന്ത്രിക്കാനും സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
  • ഇന്റർപേഴ്സണൽ തെറാപ്പി (IPT): ആത്മാഭിമാനത്തിലും സാമൂഹിക ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2. വൈദ്യശാസ്ത്രപരവും പോഷകങ്ങളെ അടിസ്ഥാനമാക്കിയുമുള്ള രീതികൾ

  • ഹൃദയം, വൃക്ക, ഇലക്ട്രോലൈറ്റ് ബാലൻസ് എന്നിവയ്ക്കായി സ്ഥിരമായ പരിശോധനകൾ.
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വീണ്ടെടുക്കാൻ പോഷകാഹാര കൗൺസിലിംഗ്.
  • ഒരേസമയം അനുഭവപ്പെടുന്ന വിഷാദം, ഉത്കണ്ഠ, ട്രോമ എന്നിവ നിരീക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്യുക.

3. പിന്തുണ നൽകുന്ന സംവിധാനങ്ങൾ 

  • കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള തെറാപ്പി (പ്രത്യേകിച്ച് കൗമാരക്കാർക്ക്).
  • സഹായം ആവശ്യമുള്ള മറ്റ് വ്യക്തികളോടൊപ്പമുള്ള പിന്തുണ ഗ്രൂപ്പുകൾ.
  • ശരീരത്തെക്കുറിച്ച് അവബോധം വളർത്താനും സ്വയം അംഗീകരിക്കാനും വേണ്ടി മൈൻഡ്ഫുൾനെസും ഡയറി എഴുതലും.

7. ലജ്ജയ്ക്കപ്പുറമുള്ള പ്രത്യാശ

ബുളീമിയയിൽ നിന്ന് സ്വാസ്ഥ്യത്തിലേക്ക് തിരികെയെത്താൻ ആദ്യം വേണ്ടത് തിരിച്ചറിവാണ്. നിയന്ത്രണം ദുരിതമായി മാറിയെന്ന് ബുളീമിയ അനുഭവിക്കുന്ന വ്യക്തി മനസ്സിലാക്കുകയും അത്  സമ്മതിക്കുകയും ചെയ്താൽ, ചികിൽസ എളുപ്പമാകും. 

കൃത്യ സമയത്തുള്ള രോഗനിർണയവും അനുകമ്പാപൂർവ്വമുള്ള പരിചരണവും ഉണ്ടെങ്കിൽ, മസ്തിഷ്ക്കത്തിനും ശരീരത്തിനും പൂർണ്ണമായി സുഖം പ്രാപിക്കാൻ കഴിയും.

8. തുറന്നു സംസാരിക്കാം

 നാണക്കേടും കുറ്റബോധവുമാണ് ബുളീമിയയുടെ പിടിയിലമർന്നവരെ തുറന്നുപറയുന്നതിൽ നിന്ന് വിലക്കുന്നത്. 

അസുഖം കൃത്യമായി മനസ്സിലാക്കി, വേണ്ടപ്പെട്ടവരോട് അത് തുറന്നുപറഞ്ഞ് ചികിൽസയ്ക്ക് വിധേയമായാൽ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

അവബോധമാണ് ശക്തി എന്ന് nellikka.life വിശ്വസിക്കുന്നു.

അസുഖങ്ങൾക്ക് കൃത്യസമയത്ത് ചികിൽസ തേടണം എന്ന തിരിച്ചറിവുണ്ടാകുന്നതും അതേ അവബോധത്തിൽ നിന്നുതന്നെ. 

References

  1. American Psychiatric Association (2023). Diagnostic and Statistical Manual of Mental Disorders, 5th Edition (DSM-5).
  2. National Institute of Mental Health (NIMH). (2022). Eating Disorders: Signs, Symptoms, and Treatments.
  3. Harvard Medical School (2023). Neurobiology of Bulimia Nervosa.
  4. Mental Health and Nutrition in Women.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe