ബ്രക്സിസം: രാത്രിയിലെ പല്ലിറുമ്മൽ പ്രശ്നമാകുമ്പോൾ

രാവിലെ ഉറക്കം ഉണരുമ്പോൾ തലവേദന, താടിയെല്ലിന് പിടുത്തം, പല്ലുകളിൽ എന്തോ അസ്വസ്ഥത – ഇങ്ങനെയുള്ള അനുഭവങ്ങളുടെ യഥാർത്ഥ കാരണം തേടുമ്പോഴാണ് ഉറക്കത്തിൽ,നമ്മളറിയാതെ തന്നെ ചെയ്യുന്ന പല്ലിറുമ്മലിനെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുക. പലപ്പോഴും ഉണരുമ്പോഴത്തെ അസ്വസ്ഥതയ്ക്ക് കാരണം മാനസിക സമ്മർദ്ദമോ, ഉറക്കക്കുറവോ, അല്ലെങ്കിൽ തലയിണയുടെ പ്രശ്നമോ ആയിരിക്കാമെന്ന് നമ്മൾ കരുതും. ദന്തഡോക്ടറുടെ പരിശോധനയിലാകും കൃത്യമായ കാരണം മനസ്സിലാക്കാനാകുക.
രാത്രിയിൽ പല്ലിറുമ്മുന്ന അവസ്ഥ, ബ്രക്സിസം (bruxism) എന്നറിയപ്പെടുന്നു.
രാത്രിയിൽ പല്ലിറുമ്മുന്നതിന് പിന്നിലെ ശാസ്ത്രം, അതിന് മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമായുള്ള ബന്ധം, നേരത്തെ ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം എന്നിവയെല്ലാം nellikka.life ലൂടെ നമുക്ക് പരിശോധിക്കാം.
എന്താണ് ഈ ബ്രക്സിസം?
ബ്രക്സിസം എന്നത് പല്ലുകൾ അറിയാതെ കടിക്കുകയോ, മുറുക്കുകയോ, ഞെരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് — ഇത് പലപ്പോഴും ഉറക്കത്തിലാണ് സംഭവിക്കാറ്. പകൽ സമയത്തും, പ്രത്യേകിച്ചും മാനസിക സമ്മർദ്ദമുള്ളപ്പോഴോ അതീവ ശ്രദ്ധയോടെ ഇരിക്കുമ്പോഴോ ഇത് സംഭവിക്കാം.
ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്.:
- സ്ലീപ്പ് ബ്രക്സിസം (Sleep bruxism): ഉറക്കത്തിൽ അറിയാതെയുള്ള പല്ലിറുമ്മൽ.
- എവേക് ബ്രക്സിസം (Awake bruxism): മാനസിക സമ്മർദ്ദവുമായോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായോ ബന്ധപ്പെട്ട് പകൽ സമയത്ത് താടിയെല്ല് മുറുക്കുന്നത്.
ജേർണൽ ഓഫ് ഓറൽ റിഹാബിലിറ്റേഷൻ (2018) വിശദമാക്കുന്നതനുസരിച്ച്, മുതിർന്നവരിൽ 10–15% പേർക്ക് സ്ലീപ്പ് ബ്രക്സിസം ഉണ്ട്. എന്നാൽ പല്ലുകൾ തേഞ്ഞുപോവുക, താടിയെല്ലിന് വേദന, അല്ലെങ്കിൽ മുഖത്തിന് ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ പലരും ഇത് തിരിച്ചറിയുന്നില്ല.
പല്ലിറുമ്മലിന് പിന്നിലെ ശാസ്ത്രം:
ബ്രക്സിസം വെറുമൊരു “ദുശ്ശീലം” മാത്രമല്ല. ഇത് മാനസിക പിരിമുറുക്കത്തോടുള്ള ഒരു ന്യൂറോമസ്കുലർ പ്രതികരണമാണ്.
നമുക്ക് ഉത്കണ്ഠ ഉണ്ടാകുമ്പോൾ, വൈകാരിക പ്രോസസ്സിംഗിന് ഉത്തരവാദിയായ നമ്മുടെ മസ്തിഷ്കത്തിലെ ലിംബിക് സിസ്റ്റം, “പോരാടുക-അല്ലെങ്കിൽ-പിൻമാറുക” (fight-or-flight) എന്നപ്രതികരണം പുറപ്പെടുവിക്കുന്നു. ഇത് മാസ്സെറ്റർ പേശികളെ (ഭാരമനുസരിച്ച് ശരീരത്തിലെ ഏറ്റവും ശക്തമായ പേശികൾ) സജീവമാക്കുകയും, ശാരീരിക പിരിമുറുക്കം പുറത്തുവിടുന്നതിൻ്റെ ഭാഗമായി താടിയെല്ല് മുറുകെ പിടിക്കുകയും ചെയ്യുന്നു.
ഉറക്കസമയത്ത്, പ്രത്യേകിച്ച് REM ഘട്ടങ്ങളിൽ, ഈ പിരിമുറുക്കം പല്ലിറുമ്മലായി പ്രകടമാകുന്നു. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ (AASM, 2020) നടത്തിയ പഠനങ്ങൾ കാണിക്കുന്നത്, പല്ലിറുമ്മലിന് ഉറക്ക ഉത്തേജനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് — സമ്മർദ്ദം, കഫീൻ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ എന്നിവയാൽ ഉത്തേജിപ്പിക്കപ്പെട്ട് മസ്തിഷ്കം ഭാഗികമായി ഉണരുന്ന ഹ്രസ്വ നിമിഷങ്ങളാണിവ.
ലളിതമായി പറഞ്ഞാൽ: നിങ്ങളുടെ മനസ്സ് വിശ്രമിച്ചാലും, നിങ്ങളുടെ താടിയെല്ല് വിശ്രമിക്കുന്നില്ല എന്നർത്ഥം.
മറഞ്ഞിരിക്കുന്ന അപകടം: പല്ലുകളുടെ പ്രശ്നത്തിനും അപ്പുറം
ബ്രക്സിസത്തിന്റെ ഏറ്റവും പ്രകടമായ ഫലം പല്ലുകളുടെ തേയ്മാനം ആണെങ്കിലും, യഥാർത്ഥത്തിൽ വ്യാപകമായ പ്രശ്നങ്ങളും വൈകാരിക ഘടകങ്ങളും ഇതിന് പിന്നിലുണ്ട് .
1. ഇനാമൽ ദ്രവിക്കലും പല്ലുകൾ പൊട്ടലും
തുടർച്ചയായ പല്ലിറുമ്മൽ പല്ലുകളുടെ സംരക്ഷണ കവചമായ ഇനാമലിന് തേയ്മാനമുണ്ടാക്കുന്നു. ഇത് സെൻസിറ്റിവിറ്റി, വിള്ളലുകൾ, പല്ലിൻ്റെ പ്രതലങ്ങൾ നിരപ്പായി പോവുക എന്നിവയിലേക്ക് നയിക്കുന്നു. ഇനാമൽ നശിച്ചാൽ അത് വീണ്ടും നിർമ്മിക്കപ്പെടുന്നുമില്ല.
2. താടിയെല്ലിലെ പേശിവേദനയും ടിഎംജെ തകരാറുകളും
തുടർച്ചയായ പല്ലിറുമ്മൽ ടിഎംജെയെ (Temporomandibular Joint – താടിയെല്ലിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന സന്ധി) ബുദ്ധിമുട്ടിലാക്കുന്നു. കാലക്രമേണ, ഇത് വിട്ടുമാറാത്ത വേദന, ശബ്ദം (clicking sounds), വായ പൂർണ്ണമായി തുറക്കാൻ ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിച്ചേക്കാം.
3. തലവേദനയും കഴുത്തിലെ പിരിമുറുക്കവും
ബ്രക്സിസം മൂലമുള്ള പേശീക്ഷീണം പലപ്പോഴും മുകളിലേക്ക് വ്യാപിക്കുകയും ടെൻഷൻ തലവേദനകളോ മൈഗ്രേനോ പോലെ തോന്നിക്കുകയും ചെയ്യുന്നു. താടിയെല്ല് മുറുക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം ചതുരശ്ര ഇഞ്ചിന് 250 പൗണ്ട് (psi) വരെ എത്താമെന്ന് മയോ ക്ലിനിക്ക് പറയുന്നു — ഇത് നിരന്തരമായ തലവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.
4. ഉറക്ക തടസ്സവും ക്ഷീണവും
സ്ലീപ്പ് ബ്രക്സിസം ഗാഢനിദ്രയുടെ ഘട്ടങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് മതിയായ വിശ്രമമില്ലായ്മ, പകൽ സമയത്തെ മയക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും.
5. കുരുക്ക് മുറുക്കുന്ന ഉത്കണ്ഠ
വിട്ടുമാറാത്ത പല്ലിറുമ്മൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. അസ്വസ്ഥത, താടിയെല്ലിലെ ആയാസം, ഉറക്കക്കുറവ് എന്നിവ ശരീരത്തിൻ്റെ സമ്മർദ്ദ പ്രതികരണത്തെ നിലനിർത്തുകയും പിരിമുറുക്കത്തിനും ശാരീരിക വേദനയ്ക്കും ഇടയിലുള്ള ചാക്രിക ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നു.
മാനസിക സമ്മർദ്ദം, ഉത്കണ്ഠ- ശാരീരികവും മാനസികവുമായ ബന്ധം
മാനസിക സമ്മർദ്ദവും ബ്രക്സിസവും തമ്മിലുള്ള ബന്ധം കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്.
വിശ്രമ വേളയിൽ ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യൂഹം അഥവാ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനത്തിന് പൂർണ്ണമായി പ്രവർത്തനം നിർത്താൻ കഴിയാതെ വരുമ്പോഴാണ് സമ്മർദ്ദവുമായി ബന്ധപ്പെട്ട ബ്രക്സിസം ഉണ്ടാകുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂറോളജി (2019) പഠനം പറയുന്നു.
നിരന്തരമായ,സ്വഭാവത്തിൻറെ ഭാഗമായ ഉത്കണ്ഠ (high trait anxiety), പരിപൂർണ്ണതാവാദം (perfectionism), അല്ലെങ്കിൽ വികാരങ്ങൾ അടിച്ചമർത്തുന്നവർ എന്നിവർക്ക് ഈ അവസ്ഥ വരാൻ കൂടുതൽ സാധ്യതയുണ്ട്. ഇവരുടെ ശരീരം മാനസിക അസ്വസ്ഥതകളെ സൂക്ഷ്മ പേശീ പിരിമുറുക്കങ്ങളായി മാറ്റുന്നു — അതിൽ ഏറ്റവും പ്രതികരിക്കുന്ന ഭാഗങ്ങളിലൊന്നാണ് താടിയെല്ല്.
അതുകൊണ്ടാണ് മനസ്സ് നിശബ്ദമായിരിക്കുമ്പോൾ, സംസാരിക്കാനുള്ള ശരീരത്തിൻ്റെ വഴിയായി പല്ലിറുമ്മൽ മാറുന്നത്.
നിങ്ങൾക്ക് ബ്രക്സിസം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? ഉറക്കത്തിലുള്ള പല്ലിറുമ്മലിനെക്കുറിച്ച് നമ്മൾ അറിഞ്ഞെന്ന് വരില്ല, പക്ഷേ ശരീരം ചില സൂചനകൾ തരും:
- രാവിലെ ഉണ്ടാകുന്ന തലവേദന അല്ലെങ്കിൽ താടിയെല്ലിലെ പേശീ വേദന
- പല്ലുകൾക്ക് സെൻസിറ്റിവിറ്റി അല്ലെങ്കിൽ തേഞ്ഞ് പരന്ന അരികുകൾ
- താടിയെല്ലിൽ നിന്ന് ശബ്ദങ്ങൾ (clicking sounds) വരിക
- രാത്രിയിൽ പല്ലിറുമ്മുന്ന ശബ്ദത്തെക്കുറിച്ച് പങ്കാളി പറയുക
- ഉണർന്ന ശേഷം കഴുത്തിലോ തോളുകളിലോ അനുഭവപ്പെടുന്ന പിടിത്തം
- പല്ലിലെ ഫില്ലിംഗുകൾക്ക് പൊട്ടലുണ്ടാകുക അല്ലെങ്കിൽ ദന്ത പുനഃസ്ഥാപനം വേണ്ടിവരിക
മോണകളിലോ കോമ്പല്ലുകളിലോ ഉള്ള തേയ്മാനം നോക്കി ദന്തരോഗവിദഗ്ദ്ധർക്ക് പലപ്പോഴും ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയും.
ബ്രക്സിസം സമഗ്രമായി കൈകാര്യം ചെയ്യാൻ
രോഗലക്ഷണത്തെയും അതിൻ്റെ ഉറവിടത്തെയും ഒരുമിച്ച് കണക്കാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത് .
ആധുനിക രീതികളിൽ ദന്തചികിത്സ, മനഃശാസ്ത്രം, ജീവിതശൈലി ചികിൽസ എന്നിവ സംയോജിപ്പിക്കുന്നു.
1. ദന്ത സംരക്ഷണം
കസ്റ്റം നൈറ്റ് ഗാർഡുകൾ (ഒക്ലൂസൽ സ്പ്ലിൻ്റുകൾ) പല്ലിൻ്റെ ഇനാമലിനെ ഉരസലിൽ നിന്ന് സംരക്ഷിക്കുന്നു. ഇവ പല്ലിറുമ്മൽ പൂർണ്ണമായി നിർത്തുന്നില്ലെങ്കിലും ശാരീരിക ദോഷങ്ങൾ തടയുന്നു.
2. സമ്മർദ്ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുക
മൈൻഡ്ഫുൾനസ് അധിഷ്ഠിത സമ്മർദ്ദ ലഘൂകരണം (MBSR), യോഗ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിലൂടെ ബ്രക്സിസത്തിന്റെ തീവ്രത കുറയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് ജേണൽ ഓഫ് ബിഹേവ്യറൽ മെഡിസിൻ (2020) (Journal of Behavioral Medicine) വിശദമാക്കുന്നു.
3. ആരോഗ്യകരമായി ഉറക്കത്തിലേക്ക് പോകാം
ഉറങ്ങുന്നതിന് മുമ്പ് കഫീൻ, മദ്യം, സ്ക്രീനുകൾ എന്നിവ ഒഴിവാക്കുന്നത് മസ്തിഷ്ക ഉത്തേജനത്തിൻ്റെ ആവൃത്തിയും പല്ലിറുമ്മലും കുറയ്ക്കുന്നു.
4. ഫിസിക്കൽ തെറാപ്പിയും താടിയെല്ല് അയവുള്ളതാക്കാനുള്ള വ്യായാമങ്ങളും
ലളിതമായ സ്ട്രെച്ചിംഗ്, മാസ്സെറ്റർ പേശികളിലെ മസ്സാജ്, ശരിയായ ശരീരനിലയെക്കുറിച്ചുള്ള അവബോധം എന്നിവ ദിവസേനയുണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുന്നു.
5. വൈകാരിക അവബോധം
മാനസിക സമ്മർദ്ദമുള്ളപ്പോൾ പല്ല് കടിക്കുന്നത് എപ്പോഴാണെന്ന് തിരിച്ചറിയാൻ പഠിക്കുന്നത് ഉപബോധമനസ്സിലെ പാറ്റേണുകൾ മാറ്റാൻ സഹായിക്കും. ഈ സമയങ്ങളിൽ ശ്രദ്ധയോടെ സ്വയം പരിശോധിക്കുന്നത് ഏറെ ഗുണം ചെയ്യും.
ബ്രക്സിസം നമ്മളോട് പറയുന്നത്
പല്ലിറുമ്മുന്നത് ദന്തസംബന്ധമായ ഒരു പ്രശ്നം മാത്രമല്ല — അത് വൈകാരിക ഘടകമാണ്.
നമ്മൾ ഒരുപാട് കാര്യങ്ങൾ ഉള്ളിൽ ഒതുക്കി വെക്കുകയാണോ, ഒരുപാട് കാലമായി ഭാരം ചുമക്കുകയാണോ, അതോ അമിതമായി ശ്രമിക്കുകയാണോ എന്നെല്ലാം അത് പറയാതെ പറയുന്നു.
സംസാരത്തിന്റെയും നിശ്ശബ്ദതയുടെയും ഇടമായ താടിയെല്ല്, പറയാതെ ബാക്കിവെച്ച വാക്കുകളെ നേരിടാൻ ശരീരം കണ്ടെത്തിയ ഒരു വഴിയായി മാറുന്നു.
ആ സൂചന ശ്രദ്ധിക്കാൻ നമ്മൾ പഠിക്കുമ്പോൾ, നമ്മുടെ പല്ലുകൾക്കും ഉറക്കത്തിനും മനഃസമാധാനത്തിനും വേണ്ടിയുള്ള ചികിൽസ ആരംഭിക്കുന്നു.
References




