പാൽപ്പല്ലുകൾക്കുള്ള കരുതൽ നേരത്തെ തുടങ്ങാം : ഗർഭിണിയുടെ ദന്താരോഗ്യം കുഞ്ഞിനെ എങ്ങനെ ബാധിക്കും

ഗർഭകാലത്തെ അമ്മയുടെ ചിന്തകളും പ്രവൃത്തികളും കുഞ്ഞിലും സ്വാധീനം ചെലുത്തും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഉദരത്തിൽ തുടിക്കുന്ന കുഞ്ഞുജീവനു വേണ്ടിയുള്ള കരുതൽ വളരെ പ്രാധാന്യമുള്ളതാണ്. നല്ല ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം, നല്ല പാട്ടുകൾ കേൾക്കണം, എപ്പോഴും മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കണം – ഇതൊക്കെ ഗർഭിണികൾ സ്ഥിരമായി കേൾക്കുന്ന ഉപദേശങ്ങളാണ്. അതോടൊപ്പം ചേർത്തു വെക്കേണ്ട ഒന്നാണ് പല്ലുകളുടെ ആരോഗ്യവും.
ഗർഭകാല ഹോർമോണുകളും മോണയുടെ ആരോഗ്യവും
ഗർഭിണിയാകുമ്പോൾ ശരീരത്തിൽ ഈസ്ട്രജൻ, പ്രോജെസ്റ്ററോൺ എന്നീ ഹോർമോണുകൾ കൂടുതലായി ഉൽപ്പാദിക്കപ്പെടും. ഇത് മോണകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും, മോണയെ മൃദുലമാക്കും. അതോടെ മോണയിലെ കോശങ്ങളിൽ നീർക്കെട്ടും മോണപഴുപ്പും ഉണ്ടാകാനുള്ള സാദ്ധ്യത ഏറുന്നു.
ഏകദേശം 60-75 % ഗർഭിണികളിലും ജിൻഗിവിറ്റിസ് അഥവാ മോണപഴുപ്പ് ഉണ്ടാകാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗർഭകാലത്തെ ദന്തരോഗങ്ങൾ
മോണപഴുപ്പ് ഉള്ളിലേക്ക് വ്യാപിച്ച് എല്ലുകളെ ബാധിക്കുന്ന അവസ്ഥയാണ് പെര്യോഡോൺടൈറ്റിസ് (Periodontitis). ഈ രോഗം, മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞിൻ്റെ തൂക്കക്കുറവിനും ഗർഭിണിയുടെ രക്തസമ്മർദ്ദം ഉയരുന്നതിനും (preeclampsia) കാരണമാകും. മോണയെ ആക്രമിക്കുന്ന ബാക്ടീരിയകൾ രക്തത്തിൽ കലർന്ന് ഗർഭപാത്രത്തിലെ നീർവീക്കത്തിന് വഴിവെക്കുകയും തന്മൂലം മാസം തികയുംമുമ്പുള്ള പ്രസവത്തിന് ഇടയാക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ഹാനികരമായ ബാക്ടീരിയയുടെ വ്യാപനം
ദന്തരോഗങ്ങളുള്ള അമ്മയിൽ നിന്ന് ദോഷകരമായ ബാക്ടീരിയകൾ ഉമിനീർ വഴി ശിശുവിലേക്ക് പടരാൻ ഇടയുണ്ട്. ഇത് കുഞ്ഞുങ്ങളിൽ ദന്തക്ഷയത്തിന് കാരണമാകുന്നു. അമ്മമാരിലെ ദന്തരോഗങ്ങൾ പലതരത്തിലും കുട്ടികളിലേക്ക് പകരാമെന്ന് ഇത് സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.
ബ്രഷിംഗ്, ഫ്ളോസിംഗ്, ദന്തശുദ്ധി: പല്ലുകളുടെ ആരോഗ്യം കാക്കാൻ
UAB പഠനം : ഗർഭിണികൾക്ക് ശരിയായ രീതിയിലുള്ള ബ്രഷിംഗിനെക്കുറിച്ചും ഫ്ളോസ് ചെയ്യേണ്ടതിനെക്കുറിച്ചും ധാരണ നൽകിയതിലൂടെ മോണവീക്കം ഗണ്യമായി കുറയ്ക്കാൻ സഹായിച്ചെന്ന് UAB പഠനം വ്യക്തമാക്കുന്നുണ്ട്.
HealthyChildren.org എന്ന ആരോഗ്യസംബന്ധിയായ വെബ് സൈറ്റിൽ, ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഇങ്ങനെ പല്ലു തേക്കുന്നതിലൂടെ, ഗർഭകാല ദന്താരോഗ്യ സങ്കീർണ്ണതകൾ ഒഴിവാക്കാനും ശിശുവിലേക്ക് ബാക്ടീരിയ വഴി പടരുന്ന രോഗങ്ങൾ തടയാനും കഴിയുമെന്ന് വെബ് സൈറ്റ് ആഹ്വാനം ചെയ്യുന്നു.
ACOG(American College of Obstetricians and Gynecologists) എന്ന ഡോക്ടർമാരുടെ സംഘടന അഭിപ്രായപ്പെടുന്നത്, ഗർഭകാലത്ത് പല്ലുകളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ്. ഇത് അമ്മയുടേയും കുഞ്ഞിൻ്റെയും ദന്താരോഗ്യം ഉറപ്പു വരുത്താൻ സഹായിക്കുന്നു എന്നും എ സി ഒ ജി വെളിപ്പെടുത്തുന്നു.
അമ്മയാകാൻ ഒരുങ്ങുന്നവർ ഓർമ്മിക്കാൻ
- ദിവസേന രണ്ട് തവണ പല്ലുതേക്കുക – പ്ളാക്ക് അടിയാതിരിക്കും , മോണവീക്കവും പഴുപ്പും ഒഴിവാക്കും
- എന്നും ഫ്ളോസ് ചെയ്യുക – പല്ലുകൾക്കിടയിൽ വൃത്തിയാക്കാനും ആഹാരാവശിഷ്ടം നീക്കം ചെയ്യാനും
- ഗർഭിണിയായി ആറുമാസത്തിനുള്ളിൽത്തന്നെ ദന്തഡോക്ടറെ കാണുക – ദന്താരോഗ്യം ഉറപ്പു വരുത്താം, ആവശ്യമെങ്കിൽ സുരക്ഷിതമായ രീതിയിൽ എക്സ് റെ എടുക്കാം
- ഛർദ്ദിച്ച ശേഷം വായ് വൃത്തിയായി കഴുകുക – ആസിഡ് അംശം നീക്കം ചെയ്ത് ഇനാമൽ സംരക്ഷിക്കാം
- ആരോഗ്യകരമായ ആഹാരം കഴിക്കുക – കാൽസ്യം അടങ്ങിയതും മധുരം കുറഞ്ഞതുമായ പഴങ്ങൾ പല്ലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും
- രാവിലെയുള്ള ഛർദ്ദിക്ക് ശേഷം – ഉടൻ തന്നെ ബ്രഷ് ചെയ്യരുത്, തണുത്ത വെള്ളം കൊണ്ട് കൂടുതൽ തവണ വായ് കഴുകാം
ഗർഭകാലത്തെ ദന്താരോഗ്യം പ്രധാനം
- കുഞ്ഞിൻ്റെ പല്ലിൽ കാവിറ്റി (പോട്) വരാതെ സംരക്ഷിക്കുന്നു – അമ്മയുടെ വായിലെ ബാക്ടീരിയ നിയന്ത്രിച്ചാൽ, കുഞ്ഞിനും അണുബാധ വരാതിരിക്കും
- അപകട സാദ്ധ്യത കുറയ്ക്കാനാകും – ഗർഭിണികൾ ദന്തശുചിത്വം പാലിച്ചാൽ, നേരത്തെയുള്ള പ്രസവം, കുഞ്ഞിൻ്റെ ഭാരക്കുറവ്,പ്രീക്ളാംപ്സിയ തുടങ്ങിയ സങ്കീർണ്ണതകൾ ഒഴിവാക്കാനാകും.
- സുരക്ഷിത ചികിൽസ ഉറപ്പാക്കാം – ദന്തരോഗങ്ങൾ പ്രതിരോധിക്കുന്നത് ഗർഭകാലത്തെ പല സങ്കീർണ്ണതകളും ഒഴിവാക്കാൻ സഹായിക്കും.
ഗർഭിണികൾ ദന്തശുചിത്വം പാലിക്കുന്നതിലൂടെ സുരക്ഷിതമാകുന്നത് കുഞ്ഞിൻ്റെ ആരോഗ്യം കൂടിയാണ്. പല്ലിനും മോണക്കും രോഗവും വേദനയുമില്ലാതെ സന്തോഷത്തോടെ കുഞ്ഞിന് ചിരിക്കാനാകണമെങ്കിൽ, ഗർഭാവസ്ഥയിൽത്തന്നെ കരുതലേകണം. അത്, അമ്മയുടേയും കുഞ്ഞിൻ്റെയും ദന്താരോഗ്യം ഉറപ്പാക്കും.




