ബ്രെയിൻ ഫോഗ് : ചിന്തകളിലെ അവ്യക്തതയുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും  

ബ്രെയിൻ ഫോഗ് : ചിന്തകളിലെ അവ്യക്തതയുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും  

എപ്പോഴെങ്കിലും ചിന്തകൾ വ്യക്തമല്ലാത്ത പോലെ  തോന്നിയിട്ടുണ്ടോ? ആവശ്യത്തിന് ഉറങ്ങിയാലും മതിയായ വിശ്രമം കിട്ടിയാലും മനസ്സിൻ്റെ മങ്ങൽ മാറാത്തപോലെ?

ശ്രദ്ധ കേന്ദ്രീകരിക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുക, ചെറിയ കാര്യങ്ങൾ പോലും മറന്നുപോവുക, സംസാരിക്കുമ്പോൾ കൃത്യമായ വാക്കുകൾ കിട്ടാതെ വരിക, മൊത്തത്തിൽ ഒരു മന്ദത അനുഭവപ്പെടുക – ഇങ്ങനെയൊരവസ്ഥയിലൂടെ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ? മാനസിക പ്രയാസമുണ്ടാക്കുന്ന ഈ അവസ്ഥയെയാണ് ബ്രെയിൻ ഫോഗ് (Brain Fog) എന്ന് പറയുന്നത്.

നമ്മുടെ ജീവിതശൈലി, മാനസികസമ്മർദ്ദം, ഉറക്കം, പോഷകാഹാരം, മാനസികാരോഗ്യം എന്നിവയെല്ലാം തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ പ്രതിഫലനമാണിത്.

വർത്തമാനകാലത്തെ തിരക്കേറിയ ജീവിതം, ബ്രെയിൻ ഫോഗ് അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന വരുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ, വീട്ടമ്മമാർ തുടങ്ങി കൗമാരക്കാരെപ്പോലും ഇത് ബാധിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് ഇതിൽ നിന്ന് മുക്തി നേടാൻ കഴിയൂ. 

എന്താണ് ബ്രെയിൻ ഫോഗ്?

നമ്മുടെ ചിന്താശേഷിയെയും ഏകാഗ്രതയെയും ബാധിക്കുന്ന ഒരുപിടി ഘടകങ്ങൾ ബ്രെയിൻ ഫോഗിന് ഇടയാക്കുന്നുണ്ട്.

പ്രധാന ലക്ഷണങ്ങൾ:

  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
  • ചെറിയ കാര്യങ്ങൾ പോലും പെട്ടെന്ന് മറന്നുപോവുക (Short-term memory issues)
  • കാര്യങ്ങൾ വേഗത്തിൽ ചിന്തിച്ചു തീരുമാനിക്കാൻ കഴിയാത്ത വിധം മനസ്സിന് മന്ദത അനുഭവപ്പെടുക
  • പുറംലോകത്തു നിന്ന് വിട്ടുനിൽക്കുന്ന പോലെയോ മനസ്സിന് തെളിച്ചമില്ലായ്മയോ തോന്നുക.
  • മറ്റൊരാൾ പറയുന്നത് വ്യക്തമായി മനസ്സിലാക്കാനോ സംസാരിക്കുമ്പോൾ കൃത്യമായ വാക്കുകൾ കണ്ടെത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുക

ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം, ഇത് ബുദ്ധിക്കുറവോ മടിയോ കാരണം ഉണ്ടാകുന്നതല്ല. അമിതമായ ജോലിഭാരം, ശരീരത്തിലെ അസന്തുലിതാവസ്ഥ, നീർവീക്കം (Inflammation) തുടങ്ങിയവയോടുള്ള മസ്തിഷ്ക്കത്തിൻ്റെ പ്രതികരണം മാത്രമാണിത്.

കൂടുതൽ ഊർജ്ജം ആവശ്യമുള്ള അവയവമാണ് മനുഷ്യ മസ്തിഷ്ക്കം.

നമ്മുടെ ശരീരഭാരത്തിന്റെ വെറും 2 ശതമാനം മാത്രമാണ് തലച്ചോറിന്റെ തൂക്കം. എങ്കിലും, ശരീരം ഉൽപ്പാദിപ്പിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ 20 ശതമാനവും ഉപയോഗിക്കുന്നത് തലച്ചോറാണ്. ഇത്രയധികം ഊർജ്ജം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ തലച്ചോറിന്റെ പ്രവർത്തനം സുഗമമായി നടക്കാൻ താഴെ പറയുന്ന കാര്യങ്ങൾ അത്യാവശ്യമാണ്:

  • രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കൃത്യത
  • തലച്ചോറിന് മതിയായ ഓക്സിജൻ ലഭിക്കണം
  • തലച്ചോറിലെ സന്ദേശങ്ങൾ കൈമാറുന്ന രാസവസ്തുക്കളുടെ അളവ് കൃത്യമായിരിക്കണം
  • നല്ല ഉറക്കം 
  • അമിതമായ സമ്മർദ്ദമില്ലാത്ത നാഡീവ്യൂഹം

ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്നിൽ തടസ്സമുണ്ടായാൽ, അത് നമ്മുടെ ചിന്തകളിലെ വ്യക്തതയെയാണ് (Mental Clarity) ആദ്യം ബാധിക്കുന്നത്. ഇതിന്റെ ഫലമായാണ് ബ്രെയിൻ ഫോഗ് അനുഭവപ്പെടുന്നത്.

ബ്രെയിൻ ഫോഗിന്റെ പ്രധാന കാരണങ്ങൾ

1. മാനസിക സമ്മർദ്ദവും നാഡീവ്യൂഹത്തിലെ അമിതഭാരവും

നിരന്തര മാനസിക സമ്മർദ്ദം ശരീരത്തെ സദാ ജാഗ്രത പാലിക്കേണ്ട അവസ്ഥയിൽ (Fight-or-flight mode) തളച്ചിടുന്നു. ഈ സമയത്ത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ (Cortisol) അളവ് കൂടുന്നത്, ഓർമ്മശക്തി, ഏകാഗ്രത, വൈകാരിക നിയന്ത്രണം എന്നീ കാര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു.

മാനസിക സമ്മർദ്ദം കൂടുമ്പോൾ, മസ്തിഷ്ക്കം, ആഴത്തിൽ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന ഭാഗത്തെ (Prefrontal Cortex) ഒഴിവാക്കി, ഭയത്തെയും അതിജീവനത്തെയും സഹായിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഫലമായി നമ്മുടെ ചിന്തകൾ ചിതറിപ്പോകുന്നു.

2. ഉറക്കപ്രശ്നങ്ങൾ (ഉറങ്ങുന്നുണ്ടെങ്കിലും ശരിയായ വിശ്രമം ലഭിക്കാത്ത അവസ്ഥ)

വിശ്രമം എന്നതിലുപരിയായി തലച്ചോറിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യാനും (Metabolic waste) പഠിച്ച കാര്യങ്ങളും ഓർമ്മകളും അടുക്കി വെയ്ക്കാനും സ്വസ്ഥമായ ഉറക്കം വേണം. ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ:

  • കോശങ്ങളുടെ അറ്റകുറ്റപ്പണി നടക്കില്ല
  • തലച്ചോറിൽ നീർവീക്കം ഉണ്ടാകാൻ കാരണമാകും
  • ഏകാഗ്രത കുറയും

രാത്രി വൈകിയുള്ള മൊബൈൽ ഫോൺ ഉപയോഗവും കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും അമിതമായ മാനസിക സമ്മർദ്ദവുമാണ് ഉറക്കത്തിൻ്റെ താളം തെറ്റിക്കുന്ന പ്രധാന പ്രശ്നങ്ങൾ.

3. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലും ഭക്ഷണരീതിയും

അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ (Processed foods), പഞ്ചസാര കൂടുതൽ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ, ഭക്ഷണം കഴിക്കുന്ന സമയത്തിൽ ചിട്ട പുലർത്താതിരിക്കുക എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാനും കുറയാനും (Spikes and Crashes) കാരണമാകുന്നു. തലച്ചോറിന്റെ പ്രധാന ഊർജ്ജസ്രോതസ്സ് ഗ്ലൂക്കോസ് ആയതിനാൽ ഇത്തരം മാറ്റങ്ങളോട് അത് പെട്ടെന്ന് പ്രതികരിക്കും. അത് തളർച്ചക്കും ഏകാഗ്രതക്കുറവിനും അസ്വസ്ഥതയ്ക്കും ഇടവരുത്തും.

ശരീരത്തിൽ അയേൺ (Iron), വൈറ്റമിൻ ബി12 (B12), മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ കുറവുണ്ടായാലും തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറയും.

4. കുടലും തലച്ചോറും തമ്മിലുള്ള ബന്ധം

നമ്മുടെ വയറും തലച്ചോറും തമ്മിൽ വലിയ ബന്ധമുണ്ട്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ അളവിൽ മാറ്റം വരുന്നത് തലച്ചോറിനെ താഴെ പറയുന്ന രീതിയിൽ ബാധിച്ചേക്കാം:

  • ശരീരത്തിലുടനീളം നീർവീക്കം ഉണ്ടാകാൻ ഇത് കാരണമാകുന്നു
  • തലച്ചോറിലെ സന്ദേശവാഹകരായ രാസവസ്തുക്കളുടെ (Neurotransmitters) നിർമ്മാണത്തെ ബാധിക്കുന്നു
  • ചിന്താശേഷിയെ തളർത്തുന്നു

വയറു വീർക്കൽ(Bloating), അസിഡിറ്റി, കൃത്യമല്ലാത്ത ശോധന, ചിലതരം ഭക്ഷണങ്ങളോടുള്ള അലർജി എന്നിവയുള്ളവരിൽ ബ്രെയിൻ ഫോഗ് സാധാരണയായി കണ്ടുവരാറുണ്ട്.

5. ഡിജിറ്റൽ ഭാരവും ഡോപമിനും 

തുടർച്ചയായ ഫോൺ നോട്ടിഫിക്കേഷനുകൾ, ഒരേസമയം പല കാര്യങ്ങൾ ചെയ്യുക (Multitasking), അമിതമായി റീലുകളും മറ്റു വീഡിയോകളും കാണുക എന്നിവയെല്ലാം തലച്ചോറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ നശിപ്പിക്കുന്നു. കാലക്രമേണ:

  • ഏകാഗ്രതയോടെ മനസ്സർപ്പിക്കാനുള്ള കഴിവ് നഷ്ടമാകുന്നു 
  • ഓർമ്മശക്തി കുറയുന്നു
  • മാനസിക കരുത്ത് പൊയ്പ്പോകുന്നു

ഡോപമിൻ തകരാറുകൾ ആണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള ഉത്തേജനം ലഭിച്ചാൽ മാത്രമേ മനസ്സിന് ഉന്മേഷം തോന്നൂ എന്ന അവസ്ഥയാണിത്. ഇത് ചിന്തകളിലെ വ്യക്തത ഇല്ലാതാക്കുന്നു.

6. ഹോർമോൺ വ്യതിയാനങ്ങൾ (Hormonal Imbalances)

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറുകൾ, ഇൻസുലിൻ റെസിസ്റ്റൻസ്, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ വ്യതിയാനം, ലൈംഗിക ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം ബ്രെയിൻ ഫോഗിന് കാരണമാകാം. രക്തപരിശോധനകളിൽ അസ്വാഭാവികതകൾ കാണുന്നതിന് മുൻപ് തന്നെ പലർക്കും ചിന്തകളിൽ മന്ദത അനുഭവപ്പെടാറുണ്ട്. 

7. തലച്ചോറിലെ നീർവീക്കം (Low-Grade Inflammation)

തലച്ചോറിലെ കോശങ്ങളിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ളതും എന്നാൽ വിട്ടുമാറാത്തതുമായ നീർവീക്കത്തിന്റെ (Neuroinflammation) ഒരു പ്രധാന ലക്ഷണമായി ഇപ്പോൾ ബ്രെയിൻ ഫോഗിനെ കണക്കാക്കുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

  • നിരന്തര മാനസിക സമ്മർദ്ദം
  • പോഷകഗുണമില്ലാത്ത ഭക്ഷണരീതി
  • ഉറക്കക്കുറവ്
  • പരിസര മലിനീകരണവും അന്തരീക്ഷത്തിലെ വിഷാംശങ്ങളും
  • വ്യായാമമില്ലാത്ത ജീവിതശൈലി

ഇത്തരത്തിലുള്ള നീർവീക്കം നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമായി കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും ചിന്തിക്കാനും നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.

ജീവിതശൈലിയും ബ്രെയിൻ ഫോഗും: ആധുനിക ജീവിതം എങ്ങനെ സ്വാധീനിക്കുന്നു?

വർത്തമാനകാലത്തെ ജീവിതരീതികൾ, നമ്മളറിയാതെ തന്നെ തലച്ചോറിന്റെ തെളിച്ചം ഇല്ലാതാക്കുന്നുണ്ട്. അവ എങ്ങനെയൊക്കെയാണെന്ന് നോക്കാം:

  • തുടർച്ചയായുള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു
  • കൃത്രിമ വെളിച്ചം ഉറക്കത്തിന്റെ സ്വാഭാവിക താളം (Circadian Rhythm) തെറ്റിക്കുന്നു
  • കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും രാത്രി വൈകി കഴിക്കുന്നതും ശരീരത്തിന്റെ ഊർജ്ജത്തെയും ദഹനത്തെയും ബാധിക്കുന്നു
  • വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കുന്നത് മനസ്സിന്റെ ഭാരം വർദ്ധിപ്പിക്കുന്നു
  • മനസ്സിനെ ശാന്തമാക്കുന്ന നിശബ്ദത ലഭിക്കാത്തത്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ തളർത്തുന്നു

പ്രകൃതിവിരുദ്ധമായ ജീവിതചര്യകളോട് ശരീരം കാണിക്കുന്ന സ്വാഭാവികമായ പ്രതികരണമാണ് ബ്രെയിൻ ഫോഗ് .

ബ്രെയിൻ ഫോഗ് മാറ്റിയെടുക്കാൻ സാധിക്കുമോ?

സാധിക്കും എന്നു തന്നെയാണുത്തരം. കാരണം, നമ്മുടെ മസ്തിഷ്ക്കം, സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിവുള്ള അവയവമാണ് എന്നതു തന്നെ. ബ്രെയിൻ ഫോഗിന് കാരണമാകുന്ന പ്രശ്നങ്ങളെ കണ്ടെത്തി അവ പരിഹരിക്കാൻ തുടങ്ങിയാൽ തലച്ചോറിന് അതിന്റെ തെളിച്ചം തിരികെ ലഭിക്കും. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ശാസ്ത്രീയമായ പുനഃക്രമീകരണം വഴി ഇത് സാദ്ധ്യമാകും.

ബ്രെയിൻ ഫോഗ് മാറ്റാനുള്ള പ്രായോഗിക വഴികൾ

1. നാഡീവ്യൂഹത്തെ ശാന്തമാക്കുക 

തലച്ചോറിന് സുരക്ഷിതത്വത്തിന്റെ സന്ദേശം നൽകുന്ന ചില ശീലങ്ങൾ ദിവസവും അനുവർത്തിക്കുക എന്നതാണ് ബ്രെയിൻ ഫോഗ് മാറ്റാനുള്ള ആദ്യപടി.

  • സാവധാനത്തിൽ ദീർഘമായി ശ്വസിക്കുക
  • ദിവസവും അല്പനേരം പ്രാണായാമം ചെയ്യുക 
  • എത്ര വലിയ തിരക്കുകൾക്കിടയിലും 5 മുതൽ 10 മിനിറ്റ് വരെ ധ്യാനത്തിനായി മാറ്റിവെയ്ക്കുക
  • തുടർച്ചയായി ജോലി ചെയ്യുന്നതിനിടയിൽ അൽപ്പനേരം ഇടവേളയെടുക്കുക 

നാഡീവ്യൂഹം ശാന്തമാകുമ്പോൾ മാത്രമേ തലച്ചോറിന് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും കൃത്യമായി ചിന്തിക്കാനും സാധിക്കൂ.

2. ഉറക്കത്തിന്റെ ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകുക 

എത്ര മണിക്കൂർ ഉറങ്ങുന്നു എന്നതിനേക്കാൾ പ്രധാനമാണ് എത്രത്തോളം സ്വസ്ഥമായി ഉറങ്ങുന്നു എന്നത്.

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
  • രാത്രിയിൽ സ്‌ക്രീൻ ഉപയോഗം കുറയ്ക്കുക
  • സൂര്യാസ്തമയത്തിന് ശേഷം വീട്ടിൽ മങ്ങിയ വെളിച്ചം ഉപയോഗിക്കുന്നത് ഉറക്കം വരാൻ സഹായിക്കുന്ന ഹോർമോണുകളെ ഉണർത്തും
  • ഉറങ്ങാൻ പോകുന്നതിന് മുൻപ് പുസ്തകം വായിക്കുന്നതും ലളിതമായ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതും മനസ്സിനെ ശാന്തമാക്കും

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക

  • പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് (Healthy fats), നാരുകൾ (Fibre) എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക
  • ഭക്ഷണങ്ങൾക്കിടയിൽ വലിയ ഇടവേളകൾ വരാതെ നോക്കുക 
  • മധുരവും പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക

ശരീരത്തിന് ലഭിക്കുന്ന ഊർജ്ജം എത്രത്തോളം സ്ഥിരതയുള്ളതാണോ അത്രത്തോളം തന്നെ നമ്മുടെ ചിന്തകൾക്കും വ്യക്തത ലഭിക്കും.

4. വയറിന്റെ ആരോഗ്യം ശ്രദ്ധിക്കുക 

  • പുളിപ്പിച്ച ഭക്ഷണങ്ങൾ(Fermented foods) ആഹാരത്തിൽ ഉൾപ്പെടുത്തുക
  • വിവിധതരം പച്ചക്കറികൾ ശീലമാക്കുക
  • അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഒഴിവാക്കുക 
  • മാനസിക സമ്മർദ്ദം ദഹനത്തെ ബാധിക്കും. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കുക

5. ഡിജിറ്റൽ ബഹളം കുറയ്ക്കുക

നമ്മുടെ ചിന്തകളിൽ തെളിച്ചമുണ്ടാകാൻ ചുറ്റുമുള്ള ഡിജിറ്റൽ തിരക്കുകൾ ബോധപൂർവ്വം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

  • ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നതിന് പകരം (Multitasking), ഒരു സമയം ഒരു കാര്യം മാത്രം ശ്രദ്ധയോടെ ചെയ്യാൻ ശീലിക്കുക
  • സ്ക്രീൻ ഉപയോഗിക്കാത്ത ഇടവേളകൾ ശീലമാക്കുക 
  • ഉറങ്ങാൻ പോകുന്നതിന് മുൻപ് സോഷ്യൽ മീഡിയയിലെ അനാവശ്യ സ്ക്രോളിംഗ് ഒഴിവാക്കുക 

6. ശരീരം സജീവമാക്കുക

ലളിതമായ ശാരീരിക വ്യായാമങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മനസ്സിന് കൂടുതൽ ഉന്മേഷവും നൽകും.

  • ദിവസവും അല്പനേരം നടക്കാൻ ശ്രമിക്കുക
  • യോഗയും സ്ട്രെച്ചിംഗും: ശരീരത്തിന് വഴക്കം നൽകുന്ന ലളിതമായ വ്യായാമങ്ങൾ ശീലമാക്കുക
  • ശരീരത്തിന് ബലം നൽകുന്ന വ്യായാമങ്ങൾ പരീക്ഷിക്കാം.

ഡോക്ടറെ കാണേണ്ടതെപ്പോൾ?

ബ്രെയിൻ ഫോഗ് ദീർഘകാലം നീണ്ടുനിൽക്കുകയും താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്:

  • കഠിനമായ ക്ഷീണം
  • മാനസികാവസ്ഥയിലെ മാറ്റങ്ങൾ
  • ശരീരഭാരത്തിലെ അകാരണമായ മാറ്റങ്ങൾ
  • ഓർമ്മക്കുറവ് 
  • നാഡീസംബന്ധമായ ലക്ഷണങ്ങൾ

അനീമിയ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഉപാപചയ സംബന്ധമായ തകരാറുകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ മൂലമാണോ ബ്രെയിൻ ഫോഗ് അനുഭവപ്പെടുന്നതെന്ന് പരിശോധിച്ചുറപ്പുവരുത്താൻ ഒരു ഡോക്ടറുടെ സഹായം തേടണം.

നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം:മനസ്സ് പറയുന്നതിന് കാതോർക്കാം

ബ്രെയിൻ ഫോഗിനെ ശത്രുവായി കാണുന്നതിന് പകരം, നമ്മുടെ ശരീരം നൽകുന്ന മുന്നറിയിപ്പായി കരുതുക. അല്പം വിശ്രമം, നല്ല പോഷകാഹാരം, കൃത്യമായ ജീവിതക്രമം, സമ്മർദ്ദങ്ങളില്ലാത്ത മനസ്സ് എന്നിവയ്ക്കായി മസ്തിഷ്ക്കം നമ്മോട് ആവശ്യപ്പെടുന്ന രീതിയാണിത്.

ശരീരവും മനസ്സും ചുറ്റുപാടും തമ്മിലുള്ള സന്തുലിതാവസ്ഥ വീണ്ടെടുക്കുമ്പോൾ, നമ്മുടെ ജീവിതരീതികൾ ശരീരത്തിന്റെ സ്വാഭാവിക താളവുമായി ഒത്തുപോകുമ്പോൾ, ചിന്തകളിലെ തെളിച്ചം  തിരിച്ചുവരും.

ബ്രെയിൻ ഫോഗ് മാറ്റിയെടുക്കാൻ സാധിക്കും.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ തലച്ചോറിന് സവിശേഷമായ കഴിവുണ്ട്.

നമ്മുടെ ശരീരത്തിന് ആവശ്യമായ ശരിയായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്താൽ മനസ്സിനും മസ്തിഷ്ക്കത്തിനും ആരോഗ്യം തിരിച്ചുപിടിക്കാനാകും.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe