ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ : അറിയേണ്ടതെല്ലാം

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ : അറിയേണ്ടതെല്ലാം

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡർ അഥവാ ബി പി ഡി എന്നത് , എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരം ലക്ഷണങ്ങൾ കാണിക്കാത്ത മാനസികാവസ്ഥയാണ്. വാസ്തവത്തിൽ പലപ്പോഴും

തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. ബി പി ഡിയിലൂടെ കടന്നുപോകുന്നവരിൽ വലിയൊരു ശതമാനം വ്യക്തികൾക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകാറില്ല.

ബി പി ഡി ഉള്ള വ്യക്തികൾ ഈ അവസ്ഥയിലൂടെ സഞ്ചരിക്കുന്നത്, ദുർബലരായതുകൊണ്ടോ സ്നേഹമില്ലാത്തവരായതുകൊണ്ടോ അല്ല. അതിതീവ്രമായ, നിയന്ത്രിക്കാനാകാത്ത തരം മാനസികാവസ്ഥയിലൂടെയാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവർ പലപ്പോഴും കടന്നുപോകുന്നുണ്ടാവുക. പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയുകയും പിന്തുണ നൽകുകയും ചികിൽസ തേടുകയും ചെയ്താൽ, ബി പി ഡി ഉള്ളവർ അനുഭവിക്കുന്ന അതിതീവ്ര വികാരങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിക്കും.

ബി പി ഡിയുടെ ശാസ്ത്രം, മനഃശാസ്ത്രം, യാഥാർത്ഥ്യം എന്നിവയെക്കുറിച്ചെല്ലാം nellikka.life വിശദമായി പരിശോധിക്കുന്നു.

എന്താണ് ബോർഡർലൈൻ പേഴ്സണാലിറ്റി അഥവാ ബി പി ഡി (BPD)?

സ്ഥിരതയില്ലായ്മ അഥവാ ചാഞ്ചല്യം  (instability) പ്രകടമാക്കുന്ന സങ്കീർണ്ണമായ ഒരു മാനസികാരോഗ്യ അവസ്ഥയാണിത്. പ്രധാനമായും അസ്ഥിരത പ്രകടമാക്കുന്ന ഘടകങ്ങൾ ഇനിപ്പറയുന്നു:

  • വികാരങ്ങൾ (Emotions)
  • സ്വന്തം പ്രതിച്ഛായ (Self-image)
  • ബന്ധങ്ങൾ (Relationships)
  • ഉൾപ്രേരണ നിയന്ത്രിക്കൽ (Impulse Control)

“ബോർഡർലൈൻ” എന്ന പദം ആദ്യകാല മനോരോഗ ചികിത്സയിൽ നിന്നാണ് വന്നതെങ്കിലും, ഇന്ന് മനഃശാസ്ത്രജ്ഞർക്ക് ബി പി ഡിയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണയുണ്ട്:

വികാരങ്ങളെ നിയന്ത്രിക്കുന്നതിലുള്ള വൈകല്യമാണ് ബി പി ഡി. ഇതുള്ളവരിൽ വികാരങ്ങൾ അതിരു കടക്കുകയും ബന്ധങ്ങളിൽ സുരക്ഷിതത്വം അനുഭവിക്കാൻ കഴിയായാകുകയും സ്വന്തം വ്യക്തിത്വത്തിൽ ചാഞ്ചല്യം തോന്നുകയും ചെയ്യുന്നു.

ജനസംഖ്യയുടെ 1.6% മുതൽ 5% വരെ ആളുകളെ ബി പി ഡി ബാധിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യം ഈ കണക്കുകളേക്കാൾ വളരെ വലുതാണ്.

ബി പി ഡി എങ്ങനെയെല്ലാം അനുഭവപ്പെടുന്നു?

(ഇനിപ്പറയുന്ന വിവരങ്ങൾ രോഗികളുടെ അനുഭവ സാക്ഷ്യങ്ങളെയും മനഃശാസ്ത്രപരമായ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

  • “എനിക്ക് എല്ലാ കാര്യങ്ങളും അമിതമായി അനുഭവപ്പെടുന്നു.”
  • “ഒരോ ദിവസവും ഞാൻ എങ്ങനെയാകുമെന്ന് എനിക്ക് തന്നെ അറിയില്ല.”
  • “ആരെങ്കിലും മറുപടി നൽകാതിരുന്നാൽ, അവർ എന്നെ ഉപേക്ഷിച്ചതായി എനിക്ക് തോന്നും.”
  • “എൻ്റെ വികാരങ്ങൾ പെട്ടെന്ന്, തീ പോലെ പടർന്നു കയറും .”
  • “മറ്റുള്ളവർ എന്നെ വിട്ടുപോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.”

ഈ തീവ്രത ഒരിക്കലും അവർ അഭിനയിച്ചുകാട്ടുന്നതല്ല. വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ഏറെ പണിപ്പെടുന്ന മസ്തിഷ്ക്കത്തിന് ഉടമകളാണ് ബി പി ഡി ബാധിതർ.

പ്രധാന ലക്ഷണങ്ങൾ (ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവ)

ബി പി ഡി, ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും ബാധിക്കുന്ന രീതിയും പ്രകടമാകുന്ന ലക്ഷണങ്ങളും  താഴെ നൽകുന്നു:

1. ഉപേക്ഷിക്കപ്പെടുമെന്ന ഭയം

ഒരു ചെറിയ മാറ്റം പോലും—ഒരു ടെക്സ്റ്റ് മെസ്സേജ് വൈകുന്നതോ അല്ലെങ്കിൽ പ്ളാൻ ചെയ്ത ഒരു കാര്യം വേണ്ടെന്നു വെയ്ക്കുന്നതോ ആയാൽപ്പോലും അത്  അതിയായ പരിഭ്രാന്തിക്ക് കാരണമാകും. 

2. അസ്ഥിരവും തീവ്രവുമായ ബന്ധങ്ങൾ 

ഒരു നിമിഷം ഒരാളെ ആദർശവൽക്കരിക്കുകയും അടുത്ത നിമിഷം അവർ വേദനിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തു എന്ന് തോന്നുകയും ചെയ്യും.

3. പ്രതിച്ഛായയിലെ ചാഞ്ചല്യം 

ഓരോ ദിവസവും വ്യത്യസ്ത വ്യക്തിയായി തോന്നുക; സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പം അനുഭവപ്പെടുക.

4. ആകസ്മികവും അപകടകരവുമായ പെരുമാറ്റങ്ങൾ 

സ്വയം മുറിവേൽപ്പിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക,അശ്രദ്ധമായി പണം ധൂർത്തടിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക — ഇവയെല്ലാം പലപ്പോഴും വൈകാരിക വേദനയിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിക്കുന്ന വഴികളാണ്.

5. വൈകാരിക അസ്ഥിരത 

ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൈകാരിക അസ്ഥിരത പ്രകടമാക്കുന്ന ബൈപോളാർ ഡിസോർഡറിൽ നിന്ന് വ്യത്യസ്തമായി, ബി പി ഡി ഉള്ളവരിൽ അതിതീവ്ര  വൈകാരിക വിക്ഷോഭങ്ങൾ ചില മണിക്കൂറുകൾ, അല്ലെങ്കിൽ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്നു. 

6. നിരന്തരമായി ശൂന്യതാ ബോധം അനുഭവപ്പെടുക 

ജീവിതം സ്വസ്ഥമായിരിക്കുമ്പോൾ പോലും മനസ്സിൽ ശൂന്യതയും മരവിപ്പും അനുഭവപ്പെടുക.

7. അടക്കാനാകാത്ത ദേഷ്യം 

പെട്ടെന്നുള്ള ദേഷ്യപ്രകടനങ്ങൾ, നിരാശ, കോപം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്.

8. അകലം പാലിക്കുന്നതായി അനുഭവപ്പെടുക

സ്വയം അകന്നുപോയതായി തോന്നുക, ശരീരത്തിന് പുറത്ത് നിന്ന് ജീവിതം കാണുന്നതുപോലെ അനുഭവപ്പെടുക.

ഈ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും — ബി പി ഡി എന്നത് ഒരു സ്‌പെക്ട്രത്തിൽ (Spectrum) നിലനിൽക്കുന്ന അവസ്ഥയാണ്.

ബി പി ഡിയുടെ കാരണങ്ങൾ

പ്രത്യേക സ്വഭാവരീതികൾ മനഃപൂർവ്വം സ്വീകരിക്കുന്നതോ സ്വഭാവത്തിലെ കുറവോ അല്ല ഈ വ്യത്യാസത്തിന് കാരണം. ഗവേഷണങ്ങൾ വിശദമാക്കുന്ന കാരണങ്ങൾ ഇനിപ്പറയുന്നു:

1. തലച്ചോറിലെ വ്യത്യാസങ്ങൾ 

ബി പി ഡി ഉള്ളവരിൽ, വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ  ഭാഗങ്ങളായ അമിഗ്ഡാല, ഹിപ്പോകാമ്പസ്, പ്രീഫ്രോണ്ടൽ കോർട്ടക്സ് എന്നിവ വ്യത്യസ്തമായി പ്രവർത്തിക്കുന്നു:

2. ജനിതക ഘടകങ്ങൾ 

കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ബി പി ഡി  ഉണ്ടെങ്കിൽ, ആ കുടുംബത്തിലെ മറ്റുള്ളവർക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത 5 മുതൽ 10 മടങ്ങ് വരെ കൂടുതലാണ്.

3. കുട്ടിക്കാലത്തെ ആഘാതമോ ചുറ്റുപാടുകളോ വൈകാരിക വികാസത്തെ തടസ്സപ്പെടുത്തുന്നു:

  • വൈകാരികമായ അവഗണന 
  • പീഡനം
  • സന്തുഷ്ടമല്ലാത്ത കുടുംബ ജീവിതം 
  • വികാരങ്ങൾ പ്രകടിപ്പിച്ചതിന് കുട്ടിക്കാലത്ത് അവഹേളനം നേരിട്ടത് 

4. ഉയർന്ന തരം സംവേദനക്ഷമതയുള്ള വ്യക്തിത്വ സവിശേഷതകൾ 

ചില ആളുകൾ ജൻമനാ തന്നെ വൈകാരികമായി സംവേദനക്ഷമതയുള്ളവരായിരിക്കും. ഈ സംവേദനക്ഷമതയോടൊപ്പം, വൈകാരിക ദൗർബല്യവും സമ്മർദ്ദവും ചേരുമ്പോഴാണ് ബി പി ഡി ശക്തിപ്പെടുന്നത്.

കുടുംബങ്ങളെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു

ബോർഡർലൈൻ പേഴ്സണാലിറ്റി തകരാറുള്ളവർ പലപ്പോഴും ഉപേക്ഷിക്കപ്പെടുമെന്ന് ഭയപ്പെടുകയും ബന്ധത്തിനായി കൊതിക്കുകയും ചെയ്യുന്നു. എങ്കിലും അവരുടെ വൈകാരിക വിക്ഷോഭങ്ങൾ പ്രിയപ്പെട്ടവരെ പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.

ബന്ധങ്ങളിൽ സാധാരണയായി കാണുന്ന രീതികൾ:

  • ഒരേ സമയം അകറ്റി നിർത്തുകയും അടുപ്പിക്കുകയും ചെയ്യുന്നത് പോലെ തോന്നുക.
  • വൈകാരിക പ്രതികരണങ്ങൾ തെറ്റിദ്ധരിക്കപ്പെടുക.
  • പതിവായുള്ള സംഘർഷങ്ങളോ വേർപിരിയലുകളോ.
  • അവരുടെ വികാരങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ വേണ്ടപ്പെട്ടവർക്ക് മുൾമുനയിലെന്ന പോലെ കഴിയേണ്ടി വരിക.
  • അഗാധമായ സ്നേഹവും കടുത്ത വേദനയും കലർന്ന അവസ്ഥ 

ബി പി ഡി എന്ന അവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നത് സംഘർഷം കുറയ്ക്കും. ഇതെക്കുറിച്ചുള്ള  അവബോധം, രോഗശാന്തിക്ക് സഹായകമാകും.

ബി പി ഡിയ്ക്ക്  ചികിത്സയുണ്ട് 

ചികിൽസ സംബന്ധിച്ച മുൻകാല തെറ്റിദ്ധാരണകളെ തിരുത്തിക്കുറിക്കാൻ ആധുനിക ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്:

🔹 ബി പി ഡി പൂർണ്ണമായും ചികിത്സിക്കാൻ കഴിയുന്ന ഒരവസ്ഥയാണ്.

🔹 ചികിത്സ തേടുന്ന മിക്കവരിലും വലിയ പുരോഗതി കാണുന്നു.

🔹 പലർക്കും പൂർണ്ണമായി സുഖം പ്രാപിക്കാനും സംതൃപ്തമായ ജീവിതം നയിക്കാനും കഴിയും.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ 

1. ഡി.ബി.ടി (DBT – Dialectical Behavior Therapy)

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറിനുള്ള ഗോൾഡ്-സ്റ്റാൻഡേർഡ് ചികിത്സയായി ഇത് കണക്കാക്കപ്പെടുന്നു. ഡി ബി ടിയിലൂടെ താഴെപ്പറയുന്ന കാര്യങ്ങൾ പരിശീലിപ്പിക്കുന്നു:

  • വൈകാരിക നിയന്ത്രണം 
  • സഹനശേഷി
  • മൈൻഡ്ഫുൾനെസ് 
  • ആരോഗ്യകരമായി ബന്ധങ്ങൾ സ്ഥാപിക്കാനുള്ള  നൈപുണ്യം 

ഡി ബി ടി ചികിൽസ, സ്വയം മുറിവേൽപ്പിക്കാനുള്ള സാധ്യത 70% വരെ കുറയ്ക്കുന്നു.

2. സി.ബി.ടി (CBT – Cognitive Behavioral Therapy)

നെഗറ്റീവായ ചിന്താരീതികളെയും ആകസ്മിക പ്രതികരണങ്ങളെയും തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

3. എം.ബി.ടി (MBT – Mentalization-Based Therapy)

സ്വന്തം ആന്തരിക വൈകാരിക ലോകവും മറ്റുള്ളവരുടെ വികാരങ്ങളും മനസ്സിലാക്കാൻ വ്യക്തികളെ സഹായിക്കുന്നു.

4. മരുന്നുകൾ (Medications)

സമ്പൂർണ്ണ ചികിത്സയല്ലെങ്കിലും, മരുന്നുകൾ, താഴെ പറയുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കാൻ  ഉപയോഗിക്കുന്നു:

  • ഉത്കണ്ഠ 
  • വിഷാദം
  • മാനസികാവസ്ഥ മാറ്റങ്ങൾ 
  • ആകസ്മിക പെരുമാറ്റങ്ങൾ 

5. ഫാമിലി തെറാപ്പി (Family Therapy)

തെറ്റിദ്ധാരണകളും സംഘർഷങ്ങളും വൈകാരികമായ തളർച്ചയും കുറയ്ക്കാൻ ഈ തെറാപ്പി സഹായിക്കുന്നു.

പ്രിയപ്പെട്ടവർക്ക് എങ്ങനെ പിന്തുണ നൽകാം?

പ്രായോഗികമായും വൈകാരികമായും ബിപിഡി ഉള്ള ഒരാളെ പിന്തുണയ്ക്കാൻ ഇനിപ്പറയുന്ന രീതികൾ സഹായകമാകും:

1.അവരുടെ വികാരങ്ങളെ സാധൂകരിക്കുക : “നിങ്ങൾക്ക് മാനസികവേദന ഉണ്ടായെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട് — അതിൻ്റെ പ്രാധാന്യവും എനിക്കറിയാം.”

2.സ്ഥിരത പാലിക്കുക: ഓരോ സാഹചര്യത്തിലും എങ്ങനെയാകും പെരുമാറുക എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.

3.അതിരുകൾ നിശ്ചയിക്കുക : അതിരുകൾ വെയ്ക്കുന്നത് ശിക്ഷയായിട്ടല്ല, അത് സംരക്ഷണം ഉറപ്പാക്കും. 

4.വൈകാരിക വിക്ഷോഭങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക: ഉള്ളിലുള്ള ഭയത്തോടാണ് അവർ പ്രതികരിക്കുന്നത്. അവരുടെ പെരുമാറ്റം മനസ്സിൽ കൊണ്ടുനടക്കാതിരിക്കുക. 

5.തെറാപ്പി തേടാൻ പ്രോത്സാഹിപ്പിക്കുക: അവർക്ക് സുരക്ഷിതത്വം അനുഭവിക്കാനും ഭയത്തെ മാറ്റാനും വേണ്ടിയാണ് തെറാപ്പി എന്ന് പറഞ്ഞ് അവരെ സ്നേഹപൂർവ്വം നിർബന്ധിക്കുക.

ബി പി ഡിയിൽ നിന്നുള്ള മുക്തി

രോഗമുക്തി വരുമ്പോൾ ചില മാറ്റങ്ങൾ അനുഭവപ്പെടും:

  • വൈകാരിക പൊട്ടിത്തെറികൾ കുറയുന്നു.
  • ബന്ധങ്ങൾക്ക് കൂടുതൽ സ്ഥിരത കൈവരുന്നു  .
  • ഉൾപ്രേരണകളെ നിയന്ത്രിക്കാനാകുന്നു.
  • വ്യക്തിത്വം മെച്ചപ്പെടുന്നു
  • സ്വയം ആശ്വസിപ്പിക്കാനുള്ള കഴിവുണ്ടാകുന്നു 
  • സ്വയം മുറിവേൽപ്പിക്കുന്നത് കുറയുന്നു.
  • സമാധാനവും ലക്ഷ്യബോധവും നേടാൻ കഴിയുന്നു.

ബി പി ഡി ഉള്ള വ്യക്തികൾക്ക് സഹാനുഭൂതിയും  ഉൾക്കാഴ്ചയും സർഗ്ഗാത്മകതയും വൈകാരിക ബുദ്ധിയുമെല്ലാമുണ്ട്.  — അവരുടെ ആന്തരിക ലോകത്തെ നിയന്ത്രിക്കാൻ പഠിച്ചുകഴിഞ്ഞാൽ ഈ കഴിവുകൾ താനെ പ്രകമാകും.

മാനുഷിക വശം: രോഗനിർണയത്തിനപ്പുറം

ബി പി ഡി ഉണ്ടാകുന്നത് അവരുടെ തെറ്റുകൊണ്ടല്ല. 

അവർ:

  • ആഴത്തിൽ വികാരങ്ങൾ അനുഭവിക്കുന്നവരാണ്.
  • തീവ്രമായി സ്നേഹിക്കുന്നവരാണ്.
  • എളുപ്പത്തിൽ വേദനിക്കപ്പെടുന്ന വരാണ്.
  • പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നവരാണ്.
  • സ്ഥിരത ആഗ്രഹിക്കുന്നവരാണ്.
  • തിരിച്ചറിയപ്പെടാൻ അർഹതയുള്ള വ്യക്തികളാണ്.

ചുറ്റുമുള്ളവരുടെ അനുകമ്പ, പിന്തുണ, വൈകാരിക സുരക്ഷ എന്നിവയാണ് അവർക്ക് ഏറ്റവും ആവശ്യം. 

പെട്ടെന്ന് സ്വഭാവം മാറുന്നവരെന്നോ സ്ഥിരതയില്ലാത്തവരെന്നോ മുദ്ര കുത്താതെ, അവരെ ഏതുരീതിയിൽ സഹായിക്കാനാകും എന്ന് ചോദിക്കുക. എന്താണ് അവർക്ക് സുരക്ഷിതത്വം നൽകുന്നതെന്ന് മനസ്സിലാക്കുക. പ്രിയപ്പെട്ടവരിൽ നിന്നുള്ള നല്ല പെരുമാറ്റത്തിൽ നിന്നാണ് അവരുടെ സ്വാസ്ഥ്യത്തിന് ആരംഭം കുറിക്കുന്നത് . 

References (Authentic & Science-Based)

  1. American Psychiatric Association. Diagnostic and Statistical Manual of Mental Disorders (DSM-5).
  2. National Institute of Mental Health (NIMH). Borderline Personality Disorder.
  3. National Institute of Health (NIH). The Neurobiology of Borderline Personality Disorder.
  4. Linehan, M. (1993). Cognitive-Behavioral Treatment of Borderline Personality Disorder.
  5. Harvard Health Publishing. Understanding Borderline Personality Disorder.
  6. World Health Organization. Mental Health Fact Sheets.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe