അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം : സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ് നേരത്തേ തടയാം

അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം : സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ് നേരത്തേ തടയാം

അസ്ഥികൾക്ക് ബലമേകാം, കൂടുതൽ കരുത്തരാകാം — സ്ത്രീകളുടെ ആരോഗ്യത്തിൻ്റെ പരോക്ഷ അടിസ്ഥാനം

അസ്ഥികളുടെ ആരോഗ്യം ശ്രദ്ധിക്കണം: കാരണങ്ങൾ

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, പലപ്പോഴും ആർത്തവം,ഗർഭാവസ്ഥ, പ്രസവം പിന്നെ ഹോർമോൺ വ്യതിയാനങ്ങൾ –  ഇക്കാര്യങ്ങളിലാണ് പൊതുവെ ശ്രദ്ധ ചെലുത്തിക്കാണുന്നത്. എന്നാൽ, നമ്മൾ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ ഓരോ ശ്വാസത്തിലും ഓരോ ചുവടുവെയ്പ്പിലും ഓരോ ചലനത്തിലും അദൃശ്യശക്തിയായി നമ്മെ താങ്ങിനിർത്തുന്ന സംവിധാനം — നമ്മുടെ അസ്ഥികൾ. ലക്ഷോപലക്ഷം സ്ത്രീകളിൽ, അസ്ഥികളുടെ ആരോഗ്യം കാലക്രമേണ ക്ഷയിച്ചുവരുന്നതായി കണ്ടുവരുന്നു. എപ്പോഴെങ്കിലും എവിടെയെങ്കിലും തട്ടി, എല്ലൊടിയുമ്പോൾ മാത്രമാണ് ശരീരത്തിന് കരുത്തു നൽകിയിരുന്ന സംവിധാനം ദുർബലമായതായി നമ്മൾ മനസ്സിലാക്കുക, ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി തിരിച്ചറിയുക.   

ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം സ്ത്രീകൾ ഓസ്റ്റിയോപൊറോസിസ് അനുഭവിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ സ്ഥിതി നോക്കുകയാണെങ്കിൽ, വ്യായാമമില്ലാത്ത ജീവിതശൈലി, പോഷകാഹാരക്കുറവ്, നേരത്തെയുള്ള ആർത്തവവിരാമം എന്നിവ കാരണം ഈ രോഗം വർദ്ധിച്ചുവരുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. സാഹചര്യം ഇങ്ങനെയാണെങ്കിലും നേരത്തെ ശ്രദ്ധ നൽകിയാൽ ഈ അവസ്ഥ തടയാൻ കഴിയും എന്നതാണ് ആശ്വാസം നൽകുന്ന വസ്തുത.

എന്താണ് ഓസ്റ്റിയോപൊറോസിസ്?

“സുഷിരങ്ങളുള്ള എല്ലുകൾ” എന്നാണ് ഓസ്റ്റിയോപൊറോസിസ് എന്ന വാക്കിൻ്റെ അർത്ഥം. എല്ലുകൾ ദുർബലമാവുകയും ഒടിവുണ്ടാകാൻ സാധ്യത കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്. നമ്മുടെ ശരീരം നിരന്തരമായി പുതിയ കോശങ്ങളിലൂടെ അസ്ഥികൾ പുനഃസ്ഥാപിക്കുന്നുണ്ട്. ഇങ്ങനെ പുതിയ അസ്ഥികോശങ്ങൾ രൂപപ്പെടുന്നതിനേക്കാൾ വേഗത്തിൽ പഴയ എല്ലുകൾ നശിച്ചുപോകുമ്പോഴാണ് ഓസ്റ്റിയോപൊറൊസിസ് ഉണ്ടാകുന്നത്. ഇതുമൂലം ചെറിയ വീഴ്ചകൾ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.

സ്തനാർബുദം, ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം എന്നീ മൂന്ന് രോഗങ്ങളും വരാനുള്ള സാദ്ധ്യതയ്ക്ക് തുല്യമാണ് ഓസ്റ്റിയോപൊറോസിസ് കാരണം ഒരു സ്ത്രീക്ക് ഇടുപ്പെല്ല് ഒടിയാനുള്ള സാധ്യത എന്ന് മനസ്സിലാക്കുമ്പോൾ, അസ്ഥിസാന്ദ്രത കുറയുന്ന ഈ രോഗത്തെ എത്രമാത്രം പ്രാധാന്യത്തോടെ നമ്മൾ നോക്കിക്കാണേണ്ടതുണ്ട് എന്ന് തിരിച്ചറിയാനാകും.

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് കൂടുതൽ അപകടസാധ്യത ?

ജൈവശാസ്ത്രപരമായ ചില കാരണങ്ങളും ജീവിതശൈലിയിലെ ചില ഘടകങ്ങളും കാരണം സ്ത്രീകൾക്ക് സ്വാഭാവികമായും ഈ അവസ്ഥ വരാൻ സാധ്യത കൂടുതലാണ്.

1. ഹോർമോൺ വ്യതിയാനങ്ങൾ

എല്ലുകളുടെ സാന്ദ്രത നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോണിന്  പ്രധാന പങ്കുണ്ട്. ആർത്തവവിരാമത്തിന് ശേഷം, ഈസ്ട്രജൻ്റെ അളവ് കുറയുകയും എല്ലുകളുടെ ബലക്ഷയം  വളരെ വേഗത്തിലാകുകയും ചെയ്യുന്നു.

2. കട്ടി കുറഞ്ഞ എല്ലുകൾ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സാധാരണയായി എല്ലുകളുടെ സാന്ദ്രത കുറവാണ്. അതുകൊണ്ടുതന്നെ, എല്ലുകളുടെ ബലം കുറയുന്നത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

3. ഗർഭകാലവും മുലയൂട്ടലും

ശരിയായ ഭക്ഷണക്രമമില്ലെങ്കിൽ, ഈ സമയങ്ങളിൽ ശരീരത്തിലെ കാൽസ്യത്തിൻ്റെ അളവ് താൽക്കാലികമായി കുറയാൻ സാധ്യതയുണ്ട്.

4.നേരത്തെയുള്ള ആർത്തവവിരാമം

ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആർത്തവവിരാമം നേരത്തെ വരുന്നതായി കാണാം (ഏകദേശം 46–48 വയസ്സിൽ). ഇത് എല്ലുകൾക്ക് ബലം നൽകുന്ന ഹോർമോണുകളുടെ പ്രവർത്തനം നേരത്തെ നിലയ്ക്കുന്നതിന് വഴിവെയ്ക്കുന്നു.

അസ്ഥികളുടെ പുനർനിർമ്മാണത്തിൻ്റെ ശാസ്ത്രം

നമ്മുടെ എല്ലുകൾ എല്ലായ്പ്പോഴും പുതുക്കിപ്പണിയലിന് വിധേയമാകുന്നുണ്ട്. ജീവിതകാലം മുഴുവൻ അസ്ഥികോശങ്ങൾ നശിക്കുകയും പുതിയതായി നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ബലം ലഭിക്കുന്നത് ഏകദേശം മുപ്പത് വയസ്സോടെയാണ്. അതിനുശേഷം, പുതിയ എല്ലുകൾ രൂപപ്പെടുന്നതിനേക്കാൾ വേഗത്തിൽ പഴയവ നശിക്കാൻ തുടങ്ങുന്നു.

ഈ പ്രക്രിയയെ, ‘എല്ലുകളുടെ ബാങ്ക്’ ആയി കണക്കാക്കാം — 30 വയസ്സിന് മുൻപ് നിങ്ങൾ എത്രത്തോളം നിക്ഷേപിക്കുന്നുവോ, അത്രത്തോളം തന്നെ പ്രായമാകുമ്പോൾ  നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും. കുട്ടിക്കാലം മുതൽക്കേ അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണമെന്ന് പറയുന്നത് ഇക്കാരണം കൊണ്ടാണ്.

സൂചനകളും രോഗനിർണയവും

അസ്ഥിക്ക് ഒടിവുണ്ടാകുന്നതു വരെ ഓസ്റ്റിയോപൊറോസിസ് വേദനയുണ്ടാക്കാത്തതിനാൽ ഇതിനെ ഒരു “നിശ്ശബ്ദ രോഗം” എന്ന് വിളിക്കുന്നു. ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് സാധാരണയായി ഒടിവുകൾ സംഭവിക്കാറ്.

ലക്ഷണങ്ങൾ (രോഗം മൂർച്ഛിച്ച അവസ്ഥയിൽ)

  • നടുവേദന
  • ഉയരം കുറയുക
  • കൂനുണ്ടാകുക
  • ചെറിയ ആഘാതത്തിൽ പോലും പെട്ടെന്ന് അസ്ഥികൾ ഒടിഞ്ഞുപോകുക

രോഗനിർണയത്തിനുള്ള പരിശോധനകൾ

DEXA സ്കാൻ (Dual-energy X-ray Absorptiometry): എല്ലുകളുടെ മിനറൽ സാന്ദ്രത (Bone Mineral Density – BMD) അളക്കുന്നതിനുള്ള ഏറ്റവും കൃത്യമായ മാർഗ്ഗമാണിത്.

T-സ്കോർ വ്യാഖ്യാനം:

  • സാധാരണ നില: > -1.0
  • ഓസ്റ്റിയോപീനിയ: -1.0 മുതൽ -2.5 വരെ
  • ഓസ്റ്റിയോപൊറോസിസ്: < -2.5

പ്രതിരോധം: ജീവിതകാലം മുഴുവൻ ശക്തമായ എല്ലുകൾക്കായി

ശരിയായ ജീവിതശൈലിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഓസ്റ്റിയോപൊറോസിസിനെ തടയാൻ കഴിയും.

1. കാൽസ്യം അടങ്ങിയ ഭക്ഷണം

19-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഒരു ദിവസം 1,000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. ആർത്തവവിരാമത്തിന് ശേഷം ഇത് 1,200 മില്ലിഗ്രാം ആയി ഉയർത്തണം.

ഉറവിടങ്ങൾ: 

  • പാൽ, തൈര്, ചീസ് 
  • ഇലക്കറികൾ (ചീര, അമരപ്പയർ)
  •  റാഗി (പഞ്ഞപ്പുല്ല്)
  •  ബദാം, എള്ള്
  •  ഫോർട്ടിഫൈഡ് ഭക്ഷ്യധാന്യങ്ങളും സോയ ഉൽപ്പന്നങ്ങളും.

2. വിറ്റാമിൻ ഡി സപ്ലിമെൻ്റേഷൻ

കാൽസ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. സൂര്യപ്രകാശമാണ് ഇതിൻ്റെ ഏറ്റവും മികച്ച ഉറവിടം (ഒരു ദിവസം 10-15 മിനിറ്റ് സൂര്യപ്രകാശമേൽക്കുന്നത് നല്ലതാണ്).  ഇന്ത്യയിലെ പല സ്ത്രീകളിലും ഇതിൻ്റെ കുറവ് കാണാറുണ്ട്.

  • ആവശ്യമായ അളവ്: ഒരു ദിവസം 600–800 IU.
  • അളവ് 20 ng/mL-ൽ കുറവാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെൻ്റുകൾ കഴിക്കാം

3. കരുത്തുകൂട്ടുന്ന വ്യായാമങ്ങൾ

നടത്തം, ജോഗിംഗ്, കോണിപ്പടികൾ കയറുക, യോഗ, റെസിസ്റ്റൻസ് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. ഒരു ദിവസം 30 മിനിറ്റ് വേഗത്തിൽ നടന്നാൽ പോലും എല്ലൊടിയാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകും.

4. പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക

ഇവ രണ്ടും എല്ലുകളുടെ ബലക്ഷയം വർദ്ധിപ്പിക്കുകയും ഒടിവുകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

5. അപകടസാധ്യത കൂടിയവർക്കുള്ള മരുന്നുകൾ

  • ബിസ്‌ഫോസ്‌ഫോണേറ്റ്സ് (ഉദാഹരണത്തിന്, അലെൻഡ്രോണേറ്റ്): എല്ലുകളുടെ ബലക്ഷയം കുറയ്ക്കാൻ സഹായിക്കുന്നു.
  • SERMs (ഉദാഹരണത്തിന്, റാലോക്സിഫെൻ): ഈസ്ട്രജൻ്റെ സംരക്ഷണം നൽകുന്നു.
  • കാൽസിടോണിൻ, ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി (HRT) തുടങ്ങിയവയും ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കാവുന്നതാണ്.

ഇന്ത്യയിലെ സാഹചര്യം: അടിയന്തര ശ്രദ്ധയ്ക്ക്

ഇന്ത്യൻ മെനോപോസ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, 50 വയസ്സു കഴിഞ്ഞ ഓരോ 2 സ്ത്രീകളിൽ ഒരാൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ട് എന്നാണ്. രോഗനിർണയത്തിനുള്ള പരിശോധനകളുടെ കുറവ്, കാൽസ്യം കുറഞ്ഞ ഭക്ഷണം, വ്യായാമം ചെയ്യാനുള്ള മടി എന്നിവയെല്ലാം ഈ അവസ്ഥ വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

ഡോക്ടറെ കാണേണ്ടതെപ്പോൾ?

താഴെ പറയുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ എല്ലുകളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി ഡോക്ടറെ സമീപിക്കണം:

  • 45 വയസ്സിന് മുകളിലുള്ളവരും ആർത്തവവിരാമം സംഭവിച്ചവരും.
  • കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിൽ.
  • ചെറിയ വീഴ്ചകളിൽ പോലും ഒടിവുണ്ടായിട്ടുണ്ടെങ്കിൽ.
  • ദീർഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ.
  • സ്വയംപ്രതിരോധ രോഗങ്ങളോ (autoimmune) തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ.

പ്രതിരോധം തുടങ്ങുന്നത് ബോധവത്കരണത്തിലൂടെ

എല്ലുകളുടെ ആരോഗ്യം സംബന്ധിച്ച പ്രയാസങ്ങൾ പ്രായമായവരുടെ മാത്രം പ്രശ്നമല്ല. ഇത് യുവതികളെയും ബാധിക്കുന്ന വിഷയമാണ്. ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലും അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണയോടെ കരുതൽ ആരംഭിച്ചാൽ,  ജീവിതകാലം മുഴുവനും അതിൻ്റെ പ്രയോജനം ലഭിക്കും.മറിച്ച്, യൗവ്വനാവസ്ഥയിൽ മതിയായ ശ്രദ്ധ നൽകിയില്ലെങ്കിൽ ഓസ്റ്റിയോപൊറൊസിസ് അനുഭവിക്കേണ്ടി വന്നേക്കാം. രോഗം വന്നതിന് ശേഷമുള്ള ചികിത്സ എന്നതിനേക്കാൾ, രോഗം വരാതെ നോക്കുന്ന തരത്തിലേക്ക് നമുക്ക് ശ്രദ്ധിക്കാം. നട്ടെല്ലു നിവർത്തി, തലയുയർത്തി നിൽക്കാൻ ഓരോ സ്ത്രീക്കും കഴിയണം- ജീവിതത്തിലായാലും ആരോഗ്യകാര്യങ്ങളിൽ ആയാലും.

കാരണം,അസ്ഥികളുടെ കരുത്തിലൂടെ ആരോഗ്യം മാത്രമല്ല നമുക്ക് കൈവരുന്നത്. സഞ്ചാര സ്വാതന്ത്ര്യവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും പരാശ്രയം കൂടാതെ ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും അത് ആവോളം നൽകും.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ടോൺസിൽ സ്റ്റോൺ: വായ്നാറ്റത്തിനും തൊണ്ടയിലെ അസ്വസ്ഥതയ്ക്കുമുള്ള പരോക്ഷ കാരണം

ടോൺസിൽ സ്റ്റോൺ: വായ്നാറ്റത്തിനും തൊണ്ടയിലെ അസ്വസ്ഥതയ്ക്കുമുള്ള പരോക്ഷ കാരണം

തൊണ്ടയിൽ എപ്പോഴും അനുഭവപ്പെടുന്ന ഒരുതരം അസ്വസ്ഥത, വിട്ടുമാറാത്ത വായ്നാറ്റം, അല്ലെങ്കിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു എന്ന തോന്നൽ—പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്. എന്നാൽ യഥാർത്ഥകാരണം...

ജനുവരി 2, 2026 11:15 pm
തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നാറുണ്ടോ? ഗ്ലോബസ് സെൻസേഷൻ ആകാം

തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നാറുണ്ടോ? ഗ്ലോബസ് സെൻസേഷൻ ആകാം

ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രശ്നമില്ല, പക്ഷെ തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നുണ്ട്. എത്ര വെള്ളം കുടിച്ചാലും തൊണ്ട ക്ളിയർ ചെയ്താലും ആ തടസ്സം മാറുന്നില്ല. ഇങ്ങനെ...

ജനുവരി 2, 2026 11:14 pm
തൊണ്ടയിൽ അസ്വസ്ഥതയുണ്ടോ? നെഞ്ചെരിച്ചിലില്ലാതെ വരുന്ന ആസിഡ് റിഫ്ലക്സ് ആകാം

തൊണ്ടയിൽ അസ്വസ്ഥതയുണ്ടോ? നെഞ്ചെരിച്ചിലില്ലാതെ വരുന്ന ആസിഡ് റിഫ്ലക്സ് ആകാം

നെഞ്ചെരിച്ചിലിന് കാരണമാകുന്ന ആസിഡ് റിഫ്ളക്സിനെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ നെഞ്ചിൽ പുകച്ചിലും പ്രയാസവും സൃഷ്ടിക്കാതെ വരുന്ന ഒരുതരം ആസിഡ് റിഫ്ളസുമുണ്ട്. നെഞ്ചെരിച്ചിൽ ഇല്ലാത്തതുകൊണ്ടുതന്നെ, പലപ്പോഴും ഈ പ്രശ്നം,...

ജനുവരി 2, 2026 11:13 pm
Top
Subscribe