ഓട്ടിസം എന്ന അവസ്ഥയ്ക്കപ്പുറം:  അവരും ജീവിക്കട്ടെ, നമ്മളെപ്പോലെ തന്നെ

ഓട്ടിസം എന്ന അവസ്ഥയ്ക്കപ്പുറം:  അവരും ജീവിക്കട്ടെ, നമ്മളെപ്പോലെ തന്നെ

ഓട്ടിസം അല്ലെങ്കിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നത് ഒരു രോഗമല്ല, വ്യക്തികളുടെ നാഡീവ്യൂഹവുമമായി ബന്ധപ്പെട്ട വളർച്ചാവികാസങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണത്. ഈ അവസ്ഥയിൽ ഉള്ള കുട്ടികളുടെ ബുദ്ധിവികാസം, ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിലെല്ലാം ചില വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള, പല ശ്രേണികളിൽപ്പെടുന്ന വ്യതിയാനങ്ങളെ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി വിശേഷിപ്പിക്കുന്നതിനെയാണ് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന് പറയുന്നത്. ഓട്ടിസമുള്ള വ്യക്തികളിൽ ഓരോരുത്തരിലും വ്യത്യസ്തമായി  കാണുന്ന  സവിശേഷതകളും സങ്കീർണ്ണതകളും സ്പെക്ട്രം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു.

ഓട്ടിസം എന്നാൽ

വ്യക്തിയുടെ നാഡീവ്യൂഹ വികാസത്തിൽ സംഭവിക്കുന്ന തകരാർ അഥവാ ന്യൂറോ ഡെവലപ്മെൻ്റ് ഡിസോഡർ ആണ് ഓട്ടിസം എന്ന അവസ്ഥക്ക് കാരണമാകുന്നത്. പൊതുവെ കുട്ടിക്കാലത്തു തന്നെ ഓട്ടിസം തിരിച്ചറിയാൻ കഴിയുമെങ്കിലും ചിലരിൽ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ഏറെ വൈകി മാത്രമേ മനസ്സിലാക്കാൻ കഴിയാറുള്ളൂ. ആജീവനാന്തം തുടരുന്ന അവസ്ഥയായത് കൊണ്ട് തന്നെ നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട തെറാപ്പികളും പിന്തുണയും നൽകിയാൽ കുഞ്ഞിന് ആശയവിനിമയം നടത്താനും കൂട്ടായ്മകളിൽ ഉൾപ്പെടാനും അസാധാരണം എന്ന് മറ്റുള്ളവർ മുദ്ര കുത്തുന്ന സവിശേഷതകൾ ക്രമീകരിക്കാനും കൂടുതൽ എളുപ്പമാകും.

ദ സെൻ്റേഴ്സ് ഓഫ് ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവെൻഷൻ ( സി ഡി സി ) കണക്കുകൂട്ടുന്നത് പ്രകാരം, 36 കുട്ടികളിൽ ഒരു കുഞ്ഞ് എന്ന തോതിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡറിൽ ( എ സ് ഡി ) ഉൾപ്പെടുന്നു എന്നാണ്. ഈ അനുപാതത്തിൽ വർദ്ധനയുണ്ടാകുന്നുണ്ട്. രക്ഷിതാക്കളുടെ അവബോധവും കരുതലും കുഞ്ഞിൻ്റെ അവസ്ഥാവ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിൽ അവരെ സഹായിക്കുന്നതിനാലാണ് ഈ വർദ്ധന കണ്ടെത്താൻ കഴിയുന്നത് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

ഓട്ടിസം സ്പെക്ട്രം ഡിസോഡർ- മുഖ്യ ലക്ഷണങ്ങൾ 

പ്രധാനമായും മൂന്ന് ഘടകങ്ങളിലാണ് ഈ അവസ്ഥ കുഞ്ഞുങ്ങളെ ബാധിക്കുന്നത്.

1.സാമൂഹ്യ ആശയവിനിമയ പ്രതിസന്ധി

  • ശരീരഭാഷ, മുഖത്തെ ഭാവവ്യത്യാസങ്ങൾ തുടങ്ങിയ സംഭാഷണേതര സൂചനകൾ മനസ്സിലാക്കാനുള്ള പ്രയാസം
  • സമപ്രായത്തിലുള്ളവരുമായി ബന്ധം സൃഷ്ടിക്കാനുള്ള ബുദ്ധിമുട്ട്
  • കണ്ണിൽ നോക്കി സംസാരിക്കാൻ മടി, സാമൂഹിക ഇടപഴകലിൽ താൽപര്യമില്ലായ്മ
  • ആശയവിനിമയത്തിൽ സ്വതസിദ്ധമായ ഒഴുക്കോടെ ഇടപെടുന്നതിൽ ബുദ്ധിമുട്ട്

2. ആവർത്തന സ്വഭാവം, സവിശേഷ ശീലങ്ങൾ

  • ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുക (കൈകൊട്ടുക, വാക്കുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുക
  • നിശ്ചിത ക്രമത്തിൽ മാറ്റം വരുന്നത് അസഹനീയമാകുക, (കളിപ്പാട്ടങ്ങൾ പ്രത്യേകരീതിയിൽ അടുക്കിവെക്കുക, ക്രമം തെറ്റിയാൽ ദേഷ്യം വരിക)
  • ചില കാര്യങ്ങളിൽ അമിതമായ താൽപ്പര്യം കാണിക്കുക
  • സംവേദന ക്ഷമതയിൽ ഏറ്റക്കുറച്ചിൽ( വെളിച്ചം, ശബ്ദം, സ്പർശനം എന്നിവയോട് അമിതസംവേദനം)

3. സവിശേഷ കഴിവുകൾ

  • അസാധാരണ ഓർമ്മശക്തി, സൂക്ഷ്മശ്രദ്ധ
  • ദൃശ്യസംബന്ധിയായ വിഷയങ്ങളിലോ ഗണിതത്തിലോ ഉള്ള അസാമാന്യ പാടവം
  • കലാ-സംഗീത മേഖലകളിൽ നൈപുണ്യം
  • യുക്തിപരവും വ്യവസ്ഥാപിതവുമായ ചിന്താഗതി

ഓട്ടിസത്തിൻ്റ കാരണങ്ങൾ

കൃത്യമായ ഏതെങ്കിലും കാരണം കൊണ്ടാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന് പറയാൻ കഴിയില്ല. എന്തായാലും ജനിതക-നാഡീവ്യൂഹ-പാരിസ്ഥിതിക ഘടകങ്ങൾ ഈ അവസ്ഥക്ക് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു. 

ഇനിപ്പറയുന്ന കാര്യങ്ങൾ ഓട്ടിസത്തിലേക്ക് വഴിവെക്കാം.

  • പാരമ്പര്യം, ജനിതക ഉൾപ്പരിവർത്തനങ്ങൾ
  • മാതാപിതാക്കളുടെ പ്രായക്കൂടുതൽ 
  • ഗർഭകാലത്തെ ചില മരുന്നുകളുടെ ഉപയോഗം, വൈറസ് ബാധ
  • ജനനസമയത്തെ തൂക്കക്കുറവ്, ജനന സങ്കീർണ്ണതകൾ

വാക്സിനുകൾ ഒരിക്കലും ഓട്ടിസത്തിന് കാരണമാകുന്നില്ല എന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഒരു തെറ്റിദ്ധാരണ നിലനിന്നിരുന്നു എങ്കിലും നൂതന ഗവേഷണങ്ങൾ ഈ ധാരണ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്നു.

ഓട്ടിസം എങ്ങനെ തിരിച്ചറിയാം 

രക്തപരിശോധന പോലുള്ള മെഡിക്കൽ പരിശോധന വഴി ഓട്ടിസം കണ്ടെത്താനാവില്ല.കുഞ്ഞിൻ്റെ പെരുമാറ്റ രീതികൾ, വളർച്ചാഘട്ടങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതോടൊപ്പം തന്നെ,ഇനിപ്പറയുന്ന രീതികളും അവലംബിക്കുന്നു.

  • ഓട്ടിസം ഡയഗ്നോസ്റ്റിക് ഒബ്സെർവേഷൻ ഷെഡ്യൂൾ (എ ഡി ഒ എസ്)
  • ഓട്ടിസം ഡയഗ്നോസ്റ്റിക് ഇൻറർവ്യൂ- റിവൈസ്ഡ് ( എ ഡി ഐ – ആർ )
  • അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ നിശ്ചയിച്ച ഡി എസ് എം മാനദണ്ഡങ്ങൾ

കുഞ്ഞിന് ഒന്നര വയസ്സാകുമ്പോഴോ അതിന് മുൻപോ,ആദ്യ ലക്ഷണങ്ങൾ കാണാറുണ്ട്. ശിശുരോഗ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, സ്പീച്ച് തെറാപിസ്റ്റുകൾ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയവരുടെ സമഗ്ര നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് അവസ്ഥ നിശ്ചയിക്കാനാകുക.

പരിപാലനവും പിന്തുണയും

സാധാരണ പനിയോ ചുമയോ പോലെ പൂർണ്ണമായും ചികിൽസിച്ച് മാറ്റാവുന്ന ഒരസുഖമല്ല ഓട്ടിസം. എന്നാലും ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട തെറാപ്പികൾ നൽകിയാൽ ഗുണകരമാകും.

ബിഹേവിയറൽ തെറാപ്പി

  • അപ്പ്ളൈഡ് ബിഹേവ്യർ അനാലിസിസ്(എ ബി എ) – ആശയവിനിമയം, സാമൂഹിക ഇടപെലൽ എന്നിവ മെച്ചപ്പെടുത്താൻ കഴിയും
  • കോഗ്നിറ്റീവ്  ഹിഹേവ്യറൽ തെറാപ്പി (സി ബി ടി ) – വൈകാരിക സംഘർഷങ്ങൾ, ഉത്ക്കണ്ഠ എന്നിവ കുറയ്ക്കാൻ

സ്പീച്ച് ആൻ്റ് ഒക്യുപേഷണൽ തെറാപ്പി

  • ആശയവിനിമയവും ചലനാത്മകതയും വർദ്ധിപ്പിച്ച് ദൈനംദിന ജീവിതം എളുപ്പമാക്കാൻ 

വിദ്യാഭ്യാസ പിന്തുണ 

  •  വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികൾ ( ഐ ഇ പി എസ്) സ്കൂളുകളിൽ നടപ്പാക്കാം
  • പ്രത്യേക പഠന രീതികൾ

മരുന്നു ചികിൽസ

  • ഹൈപ്പർ ആക്ടിവിറ്റി അഥവാ അമിതോൽസാഹം, ഉറക്ക പ്രശ്നങ്ങൾ,ഉത്ക്കണ്ഠ 

കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും പിന്തുണ

  • രക്ഷിതാക്കൾക്കും പരിപാലിക്കുന്നവർക്കും പരിശീലനം
  • പിന്തുണയ്ക്കാൻ കൂട്ടായ്മകൾ
  • സാമൂഹിക, വിനോദ കൂട്ടായ്മകളിൽ കുഞ്ഞിനെയും പങ്കാളിയാക്കാം

ന്യൂറോഡൈവേഴ്സിറ്റി എന്ന പുതിയ സമീപനരീതി

ഓട്ടിസം എന്ന അവസ്ഥയോടുള്ള സമൂഹത്തിൻ്റെ കാഴ്ച്ചപ്പാടിൽ മാറ്റങ്ങൾ വരുത്താൻ ന്യൂറോഡൈവേഴ്സിറ്റി ഗുണം ചെയ്യുന്നു. മാനസിക ശാരീരിക വൈകല്യങ്ങളിൽപ്പെടുത്തി അകറ്റിനിർത്താതെ, ചിന്താശേഷിയിലും നൈപുണ്യങ്ങളിലും വ്യത്യസ്തത പുലർത്തുന്ന വ്യക്തികളായി ഇവരെ കാണുമ്പോഴാണ് അവർക്ക് നല്ല ജീവിതം കൈവരിക. 

എ എസ് ഡിയിൽ ഉൾപ്പെടുന്ന പ്രശസ്ത വ്യക്തിത്വങ്ങളായ ടെംപിൾ ഗ്രാൻറിൻ, ഗ്രേറ്റ ടുൺബെർഗ് തുടങ്ങിയവർ, അവരുടെ ഉദാത്ത നൈപുണ്യം ലോകത്തിന് മുമ്പിൽ കാഴ്ചവെച്ചവരാണ്.

ഓട്ടിസം സങ്കീർണ്ണമായ അവസ്ഥയാണ്. വെല്ലുവിളികൾ ഉണ്ടെങ്കിലും, അവരെ മനസ്സിലാക്കി, അവരുടെ കഴിവുകൾക്ക് പ്രോൽസാഹനം നൽകി, അരികുവൽക്കരിക്കാതെ ചേർത്തു നിർത്തിയാൽ അത് അവരുടേയും കുടുംബാംഗങ്ങളുടേയും ജീവിതത്തിൽ വലിയ മാറ്റം വരുത്തും. 

നിങ്ങൾ ഒരു രക്ഷിതാവോ, അദ്ധ്യാപകനോ, സുഹൃത്തോ, അറിയാനുള്ള  കൌതുകം കൊണ്ട് മാത്രം ഇത് വായിക്കുന്ന വ്യക്തിയോ ആകട്ടെ – ഓട്ടിസത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നിങ്ങളെ നല്ല മനുഷ്യനാക്കും. സഹജീവികളോട് സ്നേഹവും അനുകമ്പയുമുള്ള നല്ല മനുഷ്യൻ. ആ മനുഷ്യത്വം, ഓട്ടിസം കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് നിറമുള്ള ചിറകുകൾ നൽകും. കളിപ്പാട്ടം നോക്കി നോക്കി ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ അവർ ഈ വലിയ ലോകത്ത് അങ്ങനെ പാറിനടക്കട്ടെ.

  References :

1. Autism Spectrum Disorder (ASD)

2. What is autism?

3. Autism

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe