പുതുജീവിതം തുടങ്ങും മുമ്പേ തയ്യാറെടുക്കാം

വിവാഹപൂർവ്വ കൌൺസെലിംഗും മെഡിക്കൽ പരിശോധനയും
ജീവിതകാലം മുഴുവനുമുള്ള ഏറ്റവും നല്ല കൂട്ടുകെട്ടിൻ്റെ തുടക്കമാണ് വിവാഹം. ശാരീരികവും മാനസികവും വൈകാരികവുമായ പങ്കാളിത്തത്തിനുള്ള തുടക്കം. ജനിതകങ്ങൾ കൂട്ടിയിണക്കി പുതുതലമുറയിലേക്ക് പകരുന്നതിൻ്റെ തുടക്കം. അതിന് മുന്നോടിയായി, മാസങ്ങൾക്കുമുമ്പുതന്നെ വിവാഹദിനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന് പ്രതിശ്രുതവരനും വധുവും ഇവരുടെ കുടുംബാംഗങ്ങളും ഒരുക്കങ്ങളിലേക്ക് കടക്കുന്നു. ആ ദിവസത്തെ ആഘോഷത്തിനോ കൂട്ടായ്മക്കോ ആടയാഭരണങ്ങൾക്കോ നൽകുന്ന പ്രാധാന്യം പലപ്പോഴും അതിലേറെ പ്രധാന്യം അർഹിക്കുന്ന വിവാഹ പൂർവ്വകൌൺസെലിംഗിനോ വൈദ്യുപിശോധനയ്ക്കോ നൽകാറില്ല എന്നതാണ് വാസ്തവം.
ദാമ്പത്യത്തിലേക്ക് കടക്കുന്നവർക്ക് തുടക്കം മുതലേ കൃത്യമായ ധാരണയും ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും വേണം.
വിവാഹപൂർവ്വ കൗൺസിലിംഗ് എന്തിന് ?
നമ്മുടെ രാജ്യത്ത് വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങളിലേക്കു വരുമ്പോൾ പൊരുത്തം, കുടുംബപരമായ ചേർച്ച, വധൂവരൻമാരുടെ സൗന്ദര്യം, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ആചാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാമാണ് ചർച്ച നടക്കുക. പങ്കാളികളാകാൻ ഒരുങ്ങുന്ന വ്യക്തികളുടെ മാനസികാരോഗ്യം, വൈകാരിക ആവശ്യങ്ങൾ, സാമ്പത്തിക പ്രതീക്ഷകൾ, ഭാവിയെക്കുറിച്ചുള്ള പ്ളാനിംഗ് എന്നിവ മനസ്സിലാക്കുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ വേണ്ടേ? ഇവിടെയാണ് വിവാഹപൂർവ്വ കൗൺസിലിംഗിന്റെ പ്രാധാന്യം.
എന്താണ് വിവഹ പൂർവ്വ കൌൺസെലിംഗ്?
വിവാഹത്തിന് മുമ്പ് ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ദമ്പതികളാകാൻ ഒരുങ്ങുന്നവരെ സഹായിക്കുന്ന ചർച്ചയാണിത്. തെറാപ്പിസ്റ്റോ സൈക്കോളജിസ്റ്റോ അല്ലെങ്കിൽ യോഗ്യതയുള്ള കൗൺസിലറോ ഈ സംഭാഷണത്തിന് വേണ്ട മാനസിക പിന്തുണയും സഹായവും നൽകുന്നു.
ഉൾപ്പെടുന്ന വിഷയങ്ങൾ
- വൈകാരിക പൊരുത്തം
- ആശയവിനിമയ രീതികൾ
- അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ
- സാമ്പത്തിക ആസൂത്രണവും ശീലങ്ങളും
- കുട്ടികൾ, രക്ഷാകർതൃത്വം, കുടുംബത്തിലെ റോളുകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ
- ലൈംഗികാരോഗ്യം
- മാനസികാരോഗ്യ ചരിത്രവും പ്രതിസന്ധികളെ നേരിടാനുള്ള രീതികളും
- ചുറ്റുപാടുകളുടെ പ്രത്യേകതകളും സാംസ്കാരികമായ കാഴ്ച്ചപ്പാടും
പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?
- പ്രധാനപ്പെട്ട വിഷയങ്ങൾ നേരത്തെ സംസാരിക്കുന്നതിലൂടെ ഭാവിയിലുണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നു.
- വൈകാരികമായ സുതാര്യതയും വിശ്വാസവും വളർത്തുന്നു.
- ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള കാര്യങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കുന്നു.
- മിശ്രവിവാഹിതരായ ദമ്പതികളെ അവരുടെ ജീവിതത്തിലെ വ്യത്യസ്തതകൾക്കിടയിലും യോജിപ്പോടെ മുന്നോട്ട് പോകാൻ സഹായിക്കുന്നു.
- വെറും പ്രണയിതാക്കൾ എന്നതിലുപരി, ഒരു മികച്ച കൂട്ടുകെട്ട് എന്ന നിലയിൽ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നു.
വിവാഹത്തിന് മുമ്പ് വൈദ്യപരിശോധനകൾ എന്തിന്?
ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ശക്തമാക്കുന്ന ഘടകമാണ് ശാരീരികാരോഗ്യം. പ്രത്യേകിച്ച് ഗർഭധാരണ ശേഷി, പാരമ്പര്യ രോഗങ്ങൾ, ജീവിതശൈലി എന്നീ കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ചില വൈദ്യപരിശോധനകൾ ആരോഗ്യപരമായ അപകടസാധ്യതകൾ നേരത്തെ തിരിച്ചറിയാനും വസ്തുതകൾ തുറന്നു സംസാരിച്ച് വ്യക്തത വരുത്താനും പങ്കാളികളുടെ ദീർഘകാല ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ദമ്പതികൾക്കായി നിർദ്ദേശിക്കപ്പെടുന്ന വൈദ്യപരിശോധനകൾ
1. രക്തഗ്രൂപ്പ് പൊരുത്തം
Rh പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ. ഇത് ഭാവിയിലെ ഗർഭധാരണത്തെ ബാധിച്ചേക്കാം.
2. താലസീമിയ പരിശോധന
പങ്കാളികളിൽ ആരെങ്കിലും താലസീമിയ എന്ന ജനിതകപരമായ രോഗത്തിന്റെ വാഹകരാണോ എന്ന് കണ്ടെത്താൻ. ഇരുവരും ഈ രക്തരോഗ വാഹകരാണെങ്കിൽ, കുഞ്ഞിന് ഇതേ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
3. എച്ച്.ഐ.വി, എസ്.ടി.ഡി പരിശോധന
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി/സി, സിഫിലിസ് തുടങ്ങിയ രോഗങ്ങൾ ലൈംഗിക ബന്ധത്തിലൂടെ പകരാം. ഈ പരിശോധന ലൈംഗികാരോഗ്യത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു.
4. പ്രത്യുൽപ്പാദനശേഷി പരിശോധന
അടിസ്ഥാന ഹോർമോൺ പരിശോധനകൾ, ബീജപരിശോധന, അൾട്രാസൗണ്ട് സ്കാനിംഗ് (പ്രത്യേകിച്ച് വൈകിയുള്ള വിവാഹങ്ങളിൽ) എന്നിവയിലൂടെ ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കും.
5. പാരമ്പര്യ രോഗങ്ങൾ അറിയാനുള്ള പരിശോധന
പ്രമേഹം, അപസ്മാരം, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾ കുടുംബപരമായി ഉള്ളവരാണെങ്കിൽ ഇരുവർക്കും ഈ പരിശോധന പ്രധാനമാണ്.
6. മാനസികാരോഗ്യ പരിശോധന
ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുന്നത് പരസ്പരം മനസ്സിലാക്കാനും പിന്തുണ നൽകാനും സഹായിക്കും
7. ദീർഘകാല രോഗങ്ങൾ തിരിച്ചറിയാനുള്ള പരിശോധന
പ്രമേഹം, തൈറോയ്ഡ്, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയുന്നത്, ആരോഗ്യപരമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് പങ്കിടാൻ തയ്യാറെടുക്കുന്നതിന് സഹായിക്കും.
വിവാഹപൂർവ്വ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഗുണങ്ങൾ
- സത്യസന്ധതയും പരസ്പര പിന്തുണയും പ്രോത്സാഹിപ്പിക്കുന്നു.
- ഭാവിയിലെ വൈകാരിക സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
- കുടുംബാരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണയോടെ തീരുമാനങ്ങളെടുക്കാൻ പ്രയോജനപ്പെടുന്നു.
- രോഗങ്ങൾ നേരത്തെ കണ്ടെത്താനും യഥാസമയം ചികിത്സ നൽകാനും അവസരം ലഭിക്കുന്നു.
- ആദ്യ ദിവസം മുതൽ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധയും തുറന്ന സമീപനവുമുള്ള ഒരു ബന്ധം വളർത്തുന്നു.
തെറ്റായ ധാരണകളെ മാറ്റിനിർത്താം
നമ്മുടെ സമൂഹത്തിൽ പലയിടത്തും വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗിനെയും വൈദ്യപരിശോധനയെയും ഒരു മോശം കാര്യമായി കണക്കാക്കുന്നവരുണ്ട്. ചിലർ ഇതിനെ അവിശ്വാസമായി കാണുന്നു; മറ്റുചിലർ അനാവശ്യമെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.
എന്നാൽ കാര്യങ്ങൾ ബോധപൂർവ്വം മനസ്സിലാക്കുന്ന പുതിയ തലമുറയിലെ ദമ്പതികൾക്ക് ഇതിന്റെ പ്രാധാന്യം അറിയാം. കാര്യങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും കൂടിച്ചേരുമ്പോഴാണ് സ്നേഹം കൂടുതൽ ദൃഢമാകുന്നതെന്ന് അവർ തിരിച്ചറിയുന്നു. ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, അത് പരസ്പര ഉത്തരവാദിത്തമാണ്.
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ആരോഗ്യത്തെക്കുറിച്ചും പരിശോധനകളെക്കുറിച്ചും വൈകാരിക തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കുന്നതിന് അർഹമായ പ്രാധാന്യം നൽകിത്തുടങ്ങാം.
വിവാഹം പവിത്രമായ ബന്ധമാണ്. ഒന്നുചേർന്നുള്ള ജീവിതയാത്ര വേണ്ടത്ര മുന്നൊരുക്കങ്ങളോടെ തുടങ്ങുന്നതാണ് ഏറ്റവും അനുയോജ്യം. പരസ്പരം പരിപാലിക്കാനും മനസ്സിലാക്കാനും അറിവും ആരോഗ്യവുമുള്ള പങ്കാളികളായി ഭാവിയെ നേരിടാനും വരനും വധുവിനും കഴിയണം.