വായ്നാറ്റം വിഷമിപ്പിക്കുന്നുണ്ടോ? യഥാർത്ഥ കാരണങ്ങളും ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം

ആരുടെയെങ്കിലും അടുത്തുനിന്നു സംസാരിക്കേണ്ടി വരുമ്പോൾ, വായ്നാറ്റം വരുമോ എന്ന ആശങ്ക മൂലം പലർക്കും സങ്കോചം തോന്നാറുണ്ട്. ആത്മവിശ്വാസത്തെയും ശരീരഭാഷയേയും വരെ മോശമായി സ്വാധീനിക്കുന്ന ഒന്നാണ് വായ്നാറ്റത്തെക്കുറിച്ചുള്ള ആശങ്ക.
വളരെ സാധാരണമായി കാണപ്പെടുന്നതും അധികമാരും തുറന്നു പറയാൻ ഇഷ്ടപ്പെടാത്തതുമായ ഒരു പ്രശ്നമാണ് വായ്നാറ്റം അഥവാ ഹാലിറ്റോസിസ് (halitosis). വായുടെ ആരോഗ്യത്തിന് ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്.
വായനാറ്റമുണ്ടാകുന്നത്, കഴിക്കുന്ന ഭക്ഷണത്തിൻ്റെ പ്രത്യേകത മൂലമോ മൗത്ത് വാഷ് ഉപയോഗിക്കാത്തതു കാരണമോ ആണെന്ന ധാരണ പലർക്കുമുണ്ട്. വാസ്തവത്തിൽ അതിനോക്കാളൊക്കെ ഉപരിയായി, വായ്നാറ്റത്തിലൂടെ നമ്മുടെ ശരീരത്തിലെ അസന്തുലിതാവസ്ഥയാണ് പ്രകടമാകുന്നത്. വായിലോ, കുടലിലോ (gut) ഉള്ള പ്രശ്നങ്ങളും ജീവിതശൈലിയും ഇതിന് കാരണമാകാം.
ഹാലിറ്റോസിസിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. ഒപ്പം, വായ്നാറ്റവും ശ്വാസത്തിലെ ദുർഗന്ധവും ഒഴിവാക്കി ആത്മവിശ്വാസം തിരികെ നേടാനുള്ള ശാസ്ത്രീയമായ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗങ്ങളും nellikka.life ലൂടെ നമുക്ക് വിശദമായി പരിശോധിക്കാം.
വായിലെ ദുർഗന്ധത്തിന് പിന്നിലെ ശാസ്ത്രം
ആഹാരശേഷം വായിൽ ബാക്കിയാകുന്ന ഭക്ഷണ കണികകൾ, കേടുവന്ന കോശങ്ങൾ, പ്രോട്ടീനുകൾ എന്നിവയെ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോൾ, അസ്ഥിര നൈസർഗ്ഗിക സംയുക്തങ്ങൾ അഥവാ വോളറ്റൈൽ സൾഫർ സംയുക്തങ്ങൾ (VSCs) പുറത്തുവിടുന്നു. ഇതിൽ പ്രധാനമായും ഹൈഡ്രജൻ സൾഫൈഡ്, മീഥൈൽ മെർകാപ്റ്റൻ എന്നിവ ഉൾപ്പെടുന്നു.
ചീഞ്ഞ മുട്ടയ്ക്കും ഉള്ളിക്കും ദുർഗന്ധം നൽകുന്ന അതേ സംയുക്തങ്ങളാണ് ഇവയും.
85–90% ദുർഗന്ധവും ഉണ്ടാകുന്നത് വയറ്റിൽ നിന്നല്ല, വായിൽ നിന്നുതന്നെയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വായയുടെ ശുചിത്വം കുറയുമ്പോൾ, ബാക്ടീരിയകൾ നാക്കിലും മോണയിലും പല്ലുകൾക്കിടയിലും വളരുകയും ബ്രഷ് ചെയ്യുന്നത് കൊണ്ട് മാത്രം മാറ്റാൻ കഴിയാത്തത്ര ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു.
നാക്ക്: ഒളിച്ചിരിക്കുന്ന വില്ലൻ
നമ്മുടെ നാക്കിൻ്റെ ഉപരിതലം മൃദുവായ പരവതാനി പോലെയാണ് പ്രവർത്തിക്കുന്നത്. ബാക്ടീരിയകളെയും ഭക്ഷണാവശിഷ്ടങ്ങളെയും നശിച്ച കോശങ്ങളെയും അത് ആകർഷിച്ച് വളരാനിടം നൽകുന്നു.
ദുർഗന്ധം വമിപ്പിക്കുന്ന ബാക്ടീരിയകളുടെ പ്രധാന താവളം നാക്കിൻ്റെ ഉപരിതലമാണ് എന്ന് ‘ജേണൽ ഓഫ് ക്ലിനിക്കൽ പിരിയോഡോണ്ടോളജി’യിൽ 2013ൽ പ്രസിദ്ധീകരിച്ച പഠനം സ്ഥിരീകരിക്കുന്നു.
അതുകൊണ്ടാണ് ബ്രഷിംഗ് കൊണ്ടുമാത്രം വായ് വൃത്തിയാകാത്തത്. നാക്കിൻ്റെ പിൻവശത്ത് സൾഫർ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ അടിഞ്ഞുകൂടാൻ സാധ്യത ഏറെയാണ്. നാക്കു കൂടി വൃത്തിയായാൽ മാത്രമേ വായുടെ ശുചിത്വം പൂർണ്ണമാകൂ.
പരിഹാരം:
ദിവസേന ബ്രഷ് ചെയ്ത ശേഷം നാക്ക് വടിച്ച് ബാക്ടീരിയയുടെ ആവരണം നീക്കം ചെയ്യുക.
നാക്കുവടിക്കുന്നതിലൂടെ, ദുർഗന്ധം 75% വരെ കുറയ്ക്കാൻ സാധിക്കുമെന്ന്
‘ജേണൽ ഓഫ് പിരിയോഡോണ്ടോളജി’ അടിവരയിട്ട് പറയുന്നു.
പ്ലാക്ക് അടിഞ്ഞുകൂടലും മോണരോഗങ്ങളും
നിരന്തരമായി വായ്നാറ്റം അനുഭവപ്പെടുന്നത് ജിൻഗിവൈറ്റിസ് (Gingivitis), പെരിയോഡോണ്ടൈറ്റിസ് (Periodontitis) എന്നിവയുടെ ലക്ഷണമാകാം. പ്ലാക്ക് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന മോണയിലെ അണുബാധകളാണിവ.
മോണയിലെ ഉൾവശത്ത് ബാക്ടീരിയകൾ അടിഞ്ഞുകൂടുമ്പോൾ, അവ ദുർഗന്ധമുള്ള വാതകങ്ങളും വിഷവസ്തുക്കളും ഉത്പാദിപ്പിക്കുകയും മോണവീക്കത്തിന് ഇടയാക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- ബ്രഷ് ചെയ്യുമ്പോൾ രക്തം വരിക.
- മോണ വീർക്കുകയോ അല്ലെങ്കിൽ മോണ താഴേക്ക് ഇറങ്ങുകയോ ചെയ്യുക.
- വായിൽ ലോഹത്തിൻ്റെയോ പുളിയുള്ളതോ രുചി അനുഭവപ്പെടുക.
പരിഹാരം:
മോണയിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ അമിതമായ വളർച്ച തടയാൻ, ആറുമാസത്തിലൊരിക്കൽ ഡോക്ടറെക്കണ്ട് ദന്ത ശുചീകരണം (Dental Cleaning) നടത്തണം. അതോടൊപ്പം ദിവസേന ബ്രഷ് ചെയ്യുകയും ഫ്ളോസ് ഉപയോഗിക്കുകയും വേണം.
വായിലെ വരൾച്ച (Xerostomia):
വായയുടെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ് ഉമിനീർ അഥവാ സലൈവ. ഇത് ആസിഡുകളെ നിർവീര്യമാക്കുകയും അഴുക്ക് കഴുകിക്കളയുകയും ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു.
ഉമിനീരിൻ്റെ അളവ് കുറയുമ്പോൾ, ബാക്ടീരിയകൾ വേഗത്തിൽ പെരുകുകയും വായ്നാറ്റം കൂടുകയും ചെയ്യുന്നു.
സാധാരണ കാരണങ്ങൾ:
- നിർജ്ജലീകരണം (Dehydration).
- മാനസിക സമ്മർദ്ദം
- പുകവലി
- ചില മരുന്നുകൾ (ആൻ്റിഹിസ്റ്റമിനുകൾ, വിഷാദരോഗത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ).
- ഉറങ്ങുമ്പോൾ വായ തുറന്ന് ശ്വാസമെടുക്കുന്നത് കാരണം.
പരിഹാരം:
- ധാരാളം വെള്ളം കുടിക്കുക, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക.
- ഉമിനീരുണ്ടാകാൻ ഷുഗർ ഫ്രീ ച്യൂയിംഗം അല്ലെങ്കിൽ പെരുംജീരകം (Fennel Seeds) ചവയ്ക്കുക.
- വരൾച്ച കൂട്ടുന്ന ആൽക്കഹോൾ അടങ്ങിയ മൗത്ത് വാഷുകൾ ഒഴിവാക്കുക.
- വായ തുറന്ന് ഉറങ്ങാറുണ്ടെങ്കിൽ, രാത്രിയിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുക.
ഭക്ഷണം, ദഹനം, ശ്വാസം: ആന്തരിക ഘടകങ്ങൾ
വെളുത്തുള്ളി, ഉള്ളി, മീൻ, കാപ്പി പോലുള്ളവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം താൽക്കാലികമാണ്, ദഹനം പൂർത്തിയാകുന്നതോടെ അതു മാറും.
എന്നാൽ തുടർച്ചയായ വായ്നാറ്റം, പലപ്പോഴും ആസിഡ് റിഫ്ലക്സ് (GERD), ടോൺസിൽ കല്ലുകൾ (Tonsil Stones), അല്ലെങ്കിൽ കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ (Gut Imbalance) തുടങ്ങിയ ആന്തരിക പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളുടെ ഈ അസന്തുലിതാവസ്ഥയ്ക്ക് (Gut Dysbiosis) സ്ഥിരമായി അനുഭവപ്പെടുന്ന വായ്നാറ്റവുമായി ബന്ധമുണ്ടെന്ന് 2020ൽ ‘ജേണൽ ഓഫ് ബ്രെത്ത് റിസർച്ചിൽ’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ദഹനം ശരിയായ രീതിയിൽ നടക്കാത്തത്, ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ അടിഞ്ഞുകൂടാൻ കാരണമാവുകയും ഇവ അന്നനാളത്തിലൂടെ (Esophagus) മുകളിലേക്കെത്തി ദുർഗന്ധമുണ്ടാക്കുകയും ചെയ്യാം.
പരിഹാരം:
- ദഹനം മെച്ചപ്പെടുത്താൻ സാവധാനം ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക.
- നാരുകൾ ധാരാളമുള്ള പഴങ്ങൾ, പ്രോബയോട്ടിക്സ് (തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങൾ), ധാരാളം ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങളും (Snacking) രാത്രി വൈകിയ ശേഷമുള്ള ഭക്ഷണവും ഒഴിവാക്കുക.
- വായ് വൃത്തിയായി സൂക്ഷിച്ചിട്ടും ദുർഗന്ധം നിലനിൽക്കുകയാണെങ്കിൽ, ദഹന പ്രശ്നങ്ങളോ അല്ലെങ്കിൽ ഇ.എൻ.ടി. (ചെവി, മൂക്ക്, തൊണ്ട) സംബന്ധമായ കാരണങ്ങളോ ഉണ്ടോയെന്ന് തിരിച്ചറിയാൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
ജീവിതശൈലിയും ശീലങ്ങളും
- പുകവലിയും മറ്റ് പുകയില ഉൽപ്പന്നങ്ങളും: നാക്കിലും മോണയിലും ടാർ അടിഞ്ഞുകൂടാൻ കാരണമാവുകയും ഉമിനീരിൻ്റെ അളവ് കുറയാനിടയാക്കുകയും ചെയ്യുന്നു.
- ക്രാഷ് ഡയറ്റുകളും ഉപവാസവും: രക്തത്തിൽ ‘കീറ്റോൺ’ അടിഞ്ഞുകൂടാൻ കാരണമാവുകയും, ഇത് വ്യത്യസ്തമായ ഗന്ധത്തിന് ഇടയാക്കുകയും ചെയ്യുന്നു.
- മദ്യം: വായയെ വരണ്ടതാക്കുകയും ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പരിഹാരം:
പുകവലി ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക, പ്രഭാതഭക്ഷണം (Breakfast) ഒഴിവാക്കാതിരിക്കുക. ദിവസം മുഴുവനും വേണ്ട ഉമിനീർ ഉത്പാദനത്തിന് തുടക്കമാകാൻ ഇത് സഹായിക്കുന്നു.
വായ ശുചിയാക്കാനുള്ള ദിനചര്യ (ശാസ്ത്രീയ പിന്തുണയോടെ)
1.ദിവസവും രണ്ടുനേരം, മൃദുവായ ബ്രഷും ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റും ഉപയോഗിച്ച് രണ്ട് മിനിറ്റ് നേരം ബ്രഷ് ചെയ്യുക.
2.ദിവസവും ഒരുതവണ ഫ്ലോസ് ചെയ്യുകയോ ഇൻ്റർഡെൻ്റൽ ബ്രഷുകൾ ഉപയോഗിക്കുകയോ ചെയ്യുക.
3.എല്ലാ ദിവസവും രാവിലെ നാക്ക് പതിയെ വടിക്കുക.
4.ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷ് അല്ലെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുക.
5.ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക.
6. മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റുക.
ദുർഗന്ധമുണ്ടാക്കുന്ന സൾഫർ സംയുക്തങ്ങളെ നിർവീര്യമാക്കാൻ സിങ്ക് (Zinc) അല്ലെങ്കിൽ ഔഷധ എണ്ണകൾ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാൻ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്.
ശാസ്ത്രത്തിൻ്റെ പിൻബലമുള്ള ആയുർവേദ, പ്രകൃതിദത്ത പരിഹാരങ്ങൾ
ദുർഗന്ധമുള്ള ശ്വാസം അഥവാ ‘മുഖദൂഷിക’ ഉണ്ടാകുന്നത് പിത്ത, കഫ ദോഷങ്ങളിലെ അസന്തുലിതാവസ്ഥ മൂലമാണെന്ന് ആയുർവേദം പറയുന്നു.
പരമ്പരാഗതമായി ചെയ്തുവരുന്ന ചില ചര്യകളെ ആധുനിക പഠനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്:
- ഓയിൽ പുള്ളിംഗ് (വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്): വായിലെ ബാക്ടീരിയകളെയും വൊളറ്റൈൽ സൾഫർ സംയുക്തങ്ങളെയും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
- ഗ്രാമ്പൂവും ഏലക്കയും: ഇവയുടെ സ്വാഭാവിക എണ്ണകൾക്ക് അണുക്കളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്.
- തുളസിയും പുതിനയിലയും: വായിലെ പി.എച്ച് നില സന്തുലിതമാക്കാനും ശ്വാസത്തിന് സ്വാഭാവികമായ പുതുമ നിലനിർത്താനും സഹായിക്കുന്നു.
ഇതൊന്ന് പരീക്ഷിച്ച് നോക്കൂ: ദിവസവും രാവിലെ ബ്രഷ് ചെയ്യുന്നതിന് മുൻപ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ വായിലൊഴിച്ച് 10–15 മിനിറ്റ് കുലുക്കുഴിയുക. ദുർഗന്ധം കുറയ്ക്കാനും മോണകൾക്ക് ബലം നൽകാനുമുള്ള, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗ്ഗമാണിത്.
എപ്പോഴാണ് ഡോക്ടറെ/ദന്തഡോക്ടറെ കാണേണ്ടത്
നല്ല ശുചിത്വം പാലിച്ചിട്ടും വായിലെ ദുർഗന്ധം വിട്ടുമാറുന്നില്ലെങ്കിൽ, ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
ഇത് താഴെ പറയുന്നവയുടെ സൂചനയാകാം:
- മോണരോഗം
- സൈനസ് അണുബാധകൾ
- ടോൺസിൽ കല്ലുകൾ (Tonsil stones)
- ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ
- പ്രമേഹം (അസെറ്റോൺ പോലെയുള്ള ശ്വാസം)
വായ പരിശോധനയിലൂടെയോ അല്ലെങ്കിൽ ശ്വാസവായു പരിശോധിക്കുന്ന ഹാലിമീറ്റർ ടെസ്റ്റുകളിലൂടെയോ ദന്തഡോക്ടർക്കോ ഇ.എൻ.ടി. വിദഗ്ധനോ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താൻ സാധിക്കും.
ഓർമ്മിക്കുക
വായ്നാറ്റം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലുപരി, ശരീരം നൽകുന്ന സന്ദേശമാണ്.
വായ വരണ്ടിരിക്കുന്നു, മോണയ്ക്ക് വീക്കമുണ്ട്, അല്ലെങ്കിൽ ദഹനം താളം തെറ്റിയിരിക്കുന്നു എന്നെല്ലാമായിരിക്കാം ഈ സന്ദേശം .
മിഠായികൾ കൊണ്ടോ സ്പ്രേകൾ കൊണ്ടോ താൽക്കാലികാശ്വാസം കണ്ടെത്തുന്നതിന് പകരം ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക.
ശുദ്ധമായ ശ്വാസം ആത്മവിശ്വാസം നൽകുക മാത്രമല്ല, അത് ആന്തരിക ആരോഗ്യത്തിൻ്റെ പ്രതിഫലനം കൂടിയാണെന്ന് nellikka.life വിശ്വസിക്കുന്നു. ശുചിത്വം പാലിക്കാം, ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിച്ച് അതിന് വേണ്ട പരിഹാരം കണ്ടെത്താം. വായ്നാറ്റം ഒരു തലവേദനയാകാതെ നോക്കാം.
Science-Backed References
- Tonzetich, J. (1997). Production and origin of oral malodor: A review of mechanisms and methods of analysis. Journal of Periodontology.
- Rosenberg, M. et al. (2013). Halitosis management by mechanical and chemical means: A clinical review. Journal of Clinical Periodontology.
- Scully, C. & Greenman, J. (2008). Halitosis (breath odor). Periodontology 2000.
- Madhura, K. et al. (2015). Oil pulling: A traditional method on modern grounds. Journal of Clinical and Diagnostic Research.




