കുഞ്ഞുങ്ങൾക്കു നൽകാം ഏറ്റവും മികച്ച പരിചരണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നവജാതശിശുക്കൾക്ക് ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല പരിചരണം വേണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. നവജാത ശിശുക്കളുടെ മൃദു ചർമ്മവും കുഞ്ഞു നഖങ്ങളും നേർത്ത മുടിയുമെല്ലാം എത്രകണ്ടിരുന്നാലും മതിവരില്ല. കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണം എന്നത് പല രക്ഷിതാക്കൾക്കും ആശങ്കയുളവാക്കുന്ന കാര്യമാണ്. കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ പലരും പല ഉപദേശങ്ങളും നൽകാൻ തുടങ്ങും. വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ രക്ഷിതാക്കളുടെ ആശങ്കയും വർദ്ധിക്കും.
ഇക്കാര്യത്തിൽ ശുചിത്വവും കരുതലും സംയോജിപ്പിച്ചുള്ള രീതിയാണ് എപ്പോഴും നല്ലത്. കുളിപ്പിക്കുമ്പോഴും നഖം വെട്ടുമ്പോഴും തല തുടയ്ക്കുമ്പോഴുമെല്ലാം ശ്രദ്ധിക്കേണ്ട, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ നമുക്ക് നോക്കാം.
1. കുഞ്ഞിന്റെ കുളി: വൃത്തിയും കരുതലും പ്രധാനം
എത്ര തവണ കുളിപ്പിക്കണം?
- നവജാത ശിശുക്കൾ (0-4 ആഴ്ച): ആഴ്ചയിൽ മൂന്ന് തവണ കുളിപ്പിച്ചാൽ മതിയാകും. കൂടുതൽ തവണ കുളിപ്പിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ചർമ്മം വരണ്ടുപോകാൻ സാദ്ധ്യതയുണ്ട്.
- കുറച്ചു മാസങ്ങൾക്ക് ശേഷം: കുഞ്ഞ് മുട്ടിലിഴയാനോ ഉമിനീർ ഒലിപ്പിക്കാനോ തുടങ്ങുമ്പോൾ ദിവസവും കുളിപ്പിച്ചു തുടങ്ങാം.
കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1.മുൻകൂട്ടി തയ്യാറെടുക്കുക: മുറിയിൽ പാകത്തിന് വെളിച്ചമുണ്ടെന്നുറപ്പുവരുത്തുക. സോപ്പ്, ടവൽ തുടങ്ങിയ സാധനങ്ങൾ കുളിപ്പിക്കുന്നതിന് മുൻപേ എടുക്കാൻ പാകത്തിൽ അടുത്തു വെയ്ക്കുക.
2.വെള്ളത്തിന്റെ ചൂട്: ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുക (37°C–38°C). നിങ്ങളുടെ കൈമുട്ടിലോ കൈത്തണ്ടയിലോ അൽപ്പം വെള്ളമൊഴിച്ച് ചൂട് പരിശോധിക്കാവുന്നതാണ്.
3.മൃദുവായ സോപ്പുകൾ: കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പി എച്ച് ബാലൻസ് (pH-balanced) കൃത്യമായുള്ള സോപ്പുകളോ ക്ലെൻസറുകളോ മാത്രം ഉപയോഗിക്കുക. കടുത്ത ഗന്ധമുള്ളവ ഒഴിവാക്കുക.
4. ശരിയായ താങ്ങു നൽകാം: ഒരു കൈ എപ്പോഴും കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും താങ്ങായി വെക്കുക. മറ്റേ കൈ കൊണ്ട് പതുക്കെ കുളിപ്പിക്കുക.
5.സമയം: നവജാത ശിശുക്കളെ 5 – 10 മിനിറ്റിൽ കൂടുതൽ നേരം കുളിപ്പിക്കരുത്.
6.തോർത്തുന്ന രീതി: കുളികഴിഞ്ഞ് ടവൽ കൊണ്ട് അമർത്തി തുടയ്ക്കരുത്; പകരം വെള്ളം പതുക്കെ ഒപ്പിയെടുക്കുക. ഈർപ്പം നിലനിർത്താൻ ഉടൻ തന്നെ ഗുണനിലവാരമുള്ള ബേബി മോയ്സ്ചറൈസർ പുരട്ടാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കുക: കുഞ്ഞിന്റെ പൊക്കിൾക്കൊടി ഉണങ്ങി വീഴുന്നത് വരെ (സാധാരണയായി 10-14 ദിവസം) സ്പോഞ്ച് ബാത്ത് (നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുന്ന രീതി) നൽകുന്നതാണ് ഏറ്റവും ഉചിതം.
സാധാരണയായി സംഭവിക്കുന്ന തെറ്റുകൾ
- ചൂടുവെള്ളമോ അണുനാശിനികളോ (Antiseptic liquids) ഉപയോഗിക്കരുത്. ഇത് കുഞ്ഞിന്റെ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുന്നു.
- മുഖത്തേക്ക് നേരിട്ട് വെള്ളം ഒഴിക്കരുത്. ഇത് കുഞ്ഞിന് പേടി തോന്നാനോ ശ്വാസതടസ്സമുണ്ടാക്കാനോ കാരണമായേക്കാം.
- സോപ്പ് ഉപയോഗം അമിതമാകണ്ട. ഇത് ചർമ്മം വരണ്ടുപോകുന്നതിനും ചൊറിച്ചിലിനും ഇടയാക്കും.
2. കുഞ്ഞുനഖങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാം
കുഞ്ഞുങ്ങളുടെ നഖങ്ങൾ വളരെ വേഗത്തിൽ വളരും, അത്യാവശ്യം മൂർച്ചയുള്ളതുമായിരിക്കും. നഖം വെട്ടുന്നത് വൈകിയാൽ കുഞ്ഞുങ്ങൾ സ്വന്തം മുഖത്തും കണ്ണിനടുത്തുമെല്ലാം പോറലേൽപ്പിക്കാൻ സാധ്യതയുണ്ട്.
നഖങ്ങൾ എപ്പോൾ വെട്ടണം?
- കൈനഖങ്ങൾ: നവജാത ശിശുക്കളുടെ കൈവിരലുകളിലെ നഖങ്ങൾ 3 മുതൽ 5 ദിവസം കൂടുമ്പോൾ വെട്ടാവുന്നതാണ്.
- കാൽനഖങ്ങൾ: കൈവിരലുകളിലെ നഖങ്ങളെ അപേക്ഷിച്ച് കാൽ വിരലുകളിലെ നഖങ്ങൾ പതുക്കെയേ വളരൂ. രണ്ടാഴ്ചയിലൊരിക്കൽ ഇവ വെട്ടിയാൽ മതിയാകും.
സുരക്ഷിതമായി എങ്ങനെ നഖങ്ങൾ മുറിക്കാം?
1.അഗ്രങ്ങൾ ഉരുണ്ടതും കുട്ടികൾക്കായി പ്രത്യേകം നിർമ്മിച്ചിട്ടുള്ളതുമായ ‘ബേബി നെയിൽ ക്ലിപ്പറോ’ കത്രികയോ ഉപയോഗിക്കുക.
2.കുളി കഴിഞ്ഞ ഉടനെയോ (ഈ സമയത്ത് നഖങ്ങൾ മൃദുവായതിനാൽ എളുപ്പമായിരിക്കും) അല്ലെങ്കിൽ കുഞ്ഞ് ഉറങ്ങുമ്പോഴോ വെട്ടുന്നതാണ് ഏറ്റവും ഉചിതം.
3. കുഞ്ഞിന്റെ വിരലുകൾ അമർത്തിപ്പിടിച്ച ശേഷം വിരൽത്തുമ്പ് അല്പം താഴ്ത്തിപ്പിടിച്ച് വേണം നഖം വെട്ടാൻ.
4.നവജാത ശിശുക്കൾക്ക് നെയിൽ ക്ലിപ്പറേക്കാൾ സുരക്ഷിതം നെയ്‌ൽ ഫൈൽ (Emery board) ഉപയോഗിച്ച് നഖം പതിയെ ഉരസിക്കളയുന്നതാണ്.
വസ്ത്രങ്ങളിൽ കൊളുത്തുന്ന രീതിയിലുള്ള മൂർച്ചയുള്ള വശങ്ങൾ നഖങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഉണ്ടെങ്കിൽ അവ പതുക്കെ ഉരച്ചു മിനുക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങൾ:
- പല്ലുകൊണ്ട് നഖം കടിച്ചു കളയരുത്: ഇത് കുഞ്ഞിന് അണുബാധയുണ്ടാകാൻ കാരണമാകും.
- ചർമ്മത്തോട് ചേർത്ത് നഖം വെട്ടരുത്: ഇത് മുറിവുകൾക്കും വേദനയ്ക്കും ഇടയാക്കും
3. മുടിയുടെ സംരക്ഷണം
കുഞ്ഞുങ്ങൾക്ക് ജനനസമയത്തുള്ള കറുത്ത കട്ടിയുള്ള മുടി മാസങ്ങൾക്കുള്ളിൽ കൊഴിഞ്ഞുപോയി നേർത്ത മുടി വരാറുണ്ട്. ഇത് തികച്ചും സ്വാഭാവികമായമാണ്.
മുടി കഴുകുമ്പോൾ ശ്രദ്ധിക്കാൻ:
- ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ‘ടിയർ-ഫ്രീ’ (കണ്ണു നീറാത്ത) വീര്യം കുറഞ്ഞ ബേബി ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
- കുഞ്ഞിന്റെ തലയിൽ പൊറ്റ പോലെ കാണുന്നുണ്ടെങ്കിൽ, കുളിപ്പിക്കുന്നതിന് മുൻപ് അല്പം ബേബി ഓയിലോ വെളിച്ചെണ്ണയോ പുരട്ടി മൃദുവായി തടവിയാൽ മതി.
- ഷാംപൂവിന്റെ അംശം തലയിൽ അവശേഷിക്കാതെ നന്നായി വെള്ളമൊഴിച്ച് കഴുകുക, ഇല്ലെങ്കിൽ ഇത് ചൊറിച്ചിലിന് കാരണമാകും.
എണ്ണ തേച്ചുള്ള മസാജ്
പണ്ടുമുതൽക്കേ നമ്മുടെ രാജ്യത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ചു കുളിപ്പാറുണ്ട്. രക്തയോട്ടം വർദ്ധിപ്പിക്കാനും കുഞ്ഞിന് നല്ല ഉറക്കം ലഭിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനും ഇത് സഹായിക്കും.
ഉരുക്ക് വെളിച്ചെണ്ണ, ബദാം ഓയിൽ അല്ലെങ്കിൽ ബേബി മസാജ് ഓയിൽ എന്നിവ ഉപയോഗിക്കാം. കുഞ്ഞിൻ്റെ ദേഹത്ത് തേച്ചുപിടിപ്പിക്കുന്നതിന് മുൻപ് എണ്ണ ചെറുതായി ചൂടാക്കുന്നത് നല്ലതാണ്.
മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വളരെ മൃദുവായ രീതിയിൽ മാത്രം തലയിലും ശരീരത്തിലും മസാജ് ചെയ്യുക.
- ശക്തിയായി അമർത്തുകയോ തിരുമ്മുകയോ ചെയ്യരുത്. പ്രത്യേകിച്ച് തലയുടെ മുകൾഭാഗത്തെ മൃദുവായ ഭാഗത്ത് (Fontanelle) സമ്മർദ്ദം നൽകരുത്.
- എണ്ണ തേച്ച്, 15-20 മിനിറ്റിന് ശേഷം കുളിപ്പിക്കുന്നത് അധികമുള്ള എണ്ണമയം നീക്കം ചെയ്യാൻ സഹായിക്കും.
ആദ്യമായി മുടി മുറികക്കേണ്ടത് എപ്പോൾ?
കുഞ്ഞിന് 4 – 6 മാസമെങ്കിലും പ്രായമാകുന്നതുവരെ മുടി വെട്ടാതിരിക്കുന്നതാണ് നല്ലത്. ഈ സമയമാകുമ്പോഴേക്കും അവരുടെ തലയോട്ടിക്ക് കൂടുതൽ കരുത്ത് കിട്ടും. മുടി വെട്ടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. അണുബാധ ഒഴിവാക്കാൻ ചർമ്മത്തോട് ചേർത്ത് മുടി വടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രത്യേകം ശ്രദ്ധിക്കാൻ
- കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ സ്വാഭാവികമായ അണുബാധകളെ ചെറുക്കുന്ന പ്രതിരോധ നിരയുണ്ട്. അതിനാൽ അമിതമായി ഉരച്ചു കഴുകുന്നതും അമിതമായ ക്ലെൻസിംഗും ഒഴിവാക്കുക.
- ചർമ്മത്തിൽ തടിപ്പുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ‘ഹൈപ്പോഅലർജെനിക്’ (hypoallergenic), ഗന്ധരഹിത (fragrance-free) ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
- ചർമ്മത്തിൽ ചുവപ്പ് നിറം, വരൾച്ച അല്ലെങ്കിൽ തൊലി ഇളകിവരിക എന്നീ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്.
ചുരുക്കിപ്പറഞ്ഞാൽ, സാധാരണ ചെയ്യുന്ന ഒരു ജോലി മാത്രമായി ശിശുപരിചരണത്തെ കണക്കാക്കരുത്. വാസ്തവത്തിൽ, കുഞ്ഞുമായുള്ള ബന്ധം ഉറപ്പിക്കുന്ന നിമിഷങ്ങളാണത്.
കുളിപ്പിക്കലും നഖം വെട്ടലും മുടി ചീകലുമെല്ലാം വിശ്വാസവും സ്നേഹവും പകർന്നു നൽകാനുള്ള വഴികളാണ്. ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളേക്കാൾ പ്രധാനം നിങ്ങളുടെ കരുതലും സ്പർശവുമാണ്.
ഇന്ന് നിങ്ങൾ നൽകുന്ന സൗമ്യമായ പരിചരണം നാളത്തെ അവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും അടിത്തറ പാകും.




