ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ: ശരീരം സ്വന്തം സേനയെ ആക്രമിക്കുമ്പോൾ

 ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ: ശരീരം സ്വന്തം സേനയെ ആക്രമിക്കുമ്പോൾ

പുറത്തു നിന്നുള്ള ആക്രമണത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനായി സദാ ജാഗരൂകരാണ് നമ്മുടെ പ്രതിരോധ സംവിധാനം. ബാക്ടീരിയ, വൈറസുകൾ, ഫംഗസുകൾ തുടങ്ങിയ പുറത്തുനിന്നുള്ള ശത്രുക്കളെ ഈ സംവിധാനം തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്നു.

എന്നാൽ, ഈ സംരക്ഷണ സംവിധാനം അബദ്ധവശാൽ നമ്മുടെ സ്വന്തം ശരീരത്തെ ആക്രമിക്കാൻ തുടങ്ങിയാലോ? 

അതാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് കാരണമാകുന്നത്. പ്രതിരോധ സംവിധാനത്തിന്, സ്വന്തമേത്, അന്യരേത് എന്ന് വേർതിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് തുടർച്ചയായ വീക്കം (Chronic Inflammation), കോശങ്ങളുടെ നാശം (Tissue Damage), സുപ്രധാന അവയവങ്ങളുടെ തകർച്ച എന്നിവയിലേക്ക് നയിക്കുന്നു.

എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ?

ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനം, ആശയക്കുഴപ്പത്തിലാകുകയും ആരോഗ്യമുള്ള കോശങ്ങളെയും കലകളെയും ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ഓട്ടോ ഇമ്മ്യൂൺ രോഗം എന്ന് പറയുന്നത്.

പ്രതിരോധ സംവിധാനത്തിൻ്റെ ഈ വിചിത്ര പ്രതികരണം മൂലം, ശരീരത്തിലെ ചില പ്രത്യേക അവയവങ്ങൾക്കോ അല്ലെങ്കിൽ ഒരേ സമയം പല പ്രവർത്തന സംവിധാനങ്ങൾക്കോ വീക്കവും നാശവും സംഭവിക്കുന്നു.

ചെറിയ രീതിയിലുള്ളത് മുതൽ ജീവന് ഭീഷണിയാകുന്നത് വരെയുള്ള ഏകദേശം എൺപതിൽ അധികം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ  ചിലത് ഒരു പ്രത്യേക അവയവത്തെ മാത്രം ബാധിക്കുന്നവയാണ് (ഉദാഹരണത്തിന്, ടൈപ്പ് 1 പ്രമേഹം), മറ്റു ചിലത് ശരീരത്തെ മൊത്തമായി ബാധിക്കുന്നവയാണ് (ഉദാഹരണത്തിന്, ലൂപസ്).

ഇതെങ്ങനെ സംഭവിക്കുന്നു?

പ്രതിരോധ സംവിധാനത്തിന്റെ തകരാറ്

സാധാരണയായി, പ്രതിരോധ സംവിധാനം പ്രത്യേകതരം പ്രോട്ടീനുകൾ ഉപയോഗിച്ചാണ് സ്വന്തം കോശങ്ങളെ തിരിച്ചറിയുന്നത്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ, ഈ തിരിച്ചറിയൽ പരാജയപ്പെടുന്നു. അങ്ങനെ, ഓട്ടോ ആന്റിബോഡികളും ഓട്ടോ റിയാക്ടീവ് ടി-കോശങ്ങളും (Autoreactive T-cells) ശരീരത്തിന്റെ സ്വന്തം കലകളെ ആക്രമിച്ചു തുടങ്ങുന്നു.

ജനിതകപരമായ സാധ്യത

ചില പ്രത്യേക ജീനുകൾ (പ്രത്യേകിച്ച് HLA മേഖലയിലെ ജീനുകൾ) ഈ രോഗസാധ്യത വർദ്ധിപ്പിക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക്  രോഗം വരാനുള്ള ജനിതകപരമായ പ്രവണതയ്ക്ക് സാധ്യതയുണ്ട്.

പരിസ്ഥിതി ഘടകങ്ങളുടെ പങ്ക്

ജനിതകപരമായ സാധ്യതയുള്ള വ്യക്തികളിൽ പ്രതിരോധ ആക്രമണത്തിന് പലപ്പോഴും പരിസ്ഥിതി ഘടകങ്ങൾ ഒരു ഉത്തേജകമായി പ്രവർത്തിക്കാറുണ്ട്:

  • വൈറൽ അല്ലെങ്കിൽ ബാക്ടീരിയൽ അണുബാധകൾ
  • ഹോർമോൺ വ്യതിയാനങ്ങൾ (പ്രത്യേകിച്ച് സ്ത്രീകളിൽ)
  • അമിതമായ മാനസിക സമ്മർദ്ദം
  • ചിലതരം മരുന്നുകൾ
  • വിഷവസ്തുക്കളുമായോ മലിനീകരണ വസ്തുക്കളുമായോ ഉള്ള സമ്പർക്കം

മോളിക്യുലാർ മിമിക്രി: രൂപസാദൃശ്യം വിനയാകുമ്പോൾ

ചില സൂക്ഷ്മാണുക്കൾ (Microbes) മനുഷ്യകോശങ്ങളോട് സാമ്യമുള്ളവയാണ്. പ്രതിരോധ സംവിധാനം അണുബാധയെ ചെറുക്കുന്ന സമയത്ത്, ഈ സാമ്യമുള്ള ശരീരകലകളെയും അബദ്ധത്തിൽ ആക്രമിച്ചേക്കാം. ഈ പ്രതിഭാസമാണ് മോളിക്യുലാർ മിമിക്രി എന്നറിയപ്പെടുന്നത് (വാതരോഗം/റുമാറ്റിക് ഫീവർ പോലുള്ള രോഗങ്ങളിൽ ഇത് കാണപ്പെടുന്നു).

ഓരോ ഓട്ടോ ഇമ്മ്യൂൺ രോഗവും ശരീരത്തിലെ വിവിധ ഭാഗങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം:

പ്രധാന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ബാധിക്കുന്ന ശരീര ഭാഗങ്ങളും

രോഗംശരീരഭാഗംപ്രധാന ലക്ഷണങ്ങൾ 
റുമറ്റോയ്ഡ് ആർത്രൈറ്റിസ് (RA)സന്ധികൾവേദന, നീര്, സന്ധികൾക്ക് വഴക്കമില്ലായ്മ,രൂപമാറ്റം
സിസ്റ്റമിക് ലൂപസ് എരിതെമറ്റോസസ് (എസ്എൽഇ)ചർമ്മം, വൃക്കകൾ, തലച്ചോറ്, സന്ധികൾകഠിനമായ ക്ഷീണം, ചർമ്മത്തിൽ പാടുകൾ, സന്ധി വേദന, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ
ടൈപ്പ് 1 പ്രമേഹംപാൻക്രിയാസ്അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ശരീരഭാരം കുറയൽ
ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്തൈറോയ്ഡ് ഗ്രന്ഥികടുത്ത ക്ഷീണം, ഭാരം കൂടുന്നു, തണുപ്പ് സഹിക്കാൻ കഴിയാതാകുന്നു
ഗ്രേവ്സ് രോഗംതൈറോയ്ഡ് ഗ്രന്ഥിഭാരം കുറയുക, ഉത്കണ്ഠ, ചൂട് സഹിക്കാൻ കഴിയാകുക
മൾട്ടിപ്പിൾ സ്ക്ലീറോസിസ് നാഡീവ്യൂഹംപേശീ ബലഹീനത, കാഴ്ചക്കുറവ്, മരവിപ്പ്
സോറിയാസിസ് / സോറിയാറ്റിക് ആർത്രൈറ്റിസ്ചർമ്മം, സന്ധികൾചർമ്മത്തിൽ ചെതുമ്പലുകൾ പോലുള്ള പാടുകൾ, സന്ധി വീക്കം
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ക്രോൺസ് / അൾസറേറ്റീവ് കൊളൈറ്റിസ്)
കുടൽ 
വയറുവേദന, വയറിളക്കം, മലത്തിൽ രക്തം 
സീലിയാക് രോഗംചെറുകുടൽവയറു വീർക്കൽ, വയറിളക്കം, പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയാതിരിക്കുക 
ജോഗ്രൻസ് സിൻഡ്രോം ഉമിനീർ ഗ്രന്ഥികളും കണ്ണുനീർ ഗ്രന്ഥികളുംകണ്ണുകൾക്ക് വരൾച്ച,വായ വരളുക

പൊടുന്നനെയുള്ള മാറ്റങ്ങൾക്ക് കാരണം?

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ പലപ്പോഴും ‘ഫ്ലെയർ-അപ്പുകൾ’ (രോഗലക്ഷണങ്ങൾ സജീവമായിരിക്കുക), അല്ലെങ്കിൽ ‘റെമിഷൻ’ (രോഗലക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥ) എന്നിങ്ങനെ മാറിമാറി വരാറുണ്ട്. രോഗലക്ഷണങ്ങൾ വർദ്ധിക്കുന്നതിനുള്ള (ഫ്ലെയർ അപ്പ്) ചില പ്രധാന കാരണങ്ങൾ ഇതാ:

  • അണുബാധകൾ: ജലദോഷം പോലുള്ള ചെറിയ അണുബാധകൾ പോലും രോഗം വർദ്ധിപ്പിക്കാം.
  • ഉറക്കക്കുറവോ അമിതമായ സമ്മർദ്ദമോ: മതിയായ വിശ്രമമില്ലായ്മയും കടുത്ത മാനസിക സമ്മർദ്ദവും.
  • ഹോർമോൺ വ്യതിയാനങ്ങൾ: ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ.
  • ചില ഭക്ഷണങ്ങൾ: ഗ്ലൂട്ടൻ അലർജിയോ സീലിയാക് രോഗമോ ഉള്ളവരിൽ ചില ഭക്ഷണങ്ങൾ പ്രശ്‌നമുണ്ടാക്കാം.
  • അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കം: ലൂപസ് പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് സൂര്യപ്രകാശം ഏൽക്കുന്നത് ഒരു കാരണമാണ്.

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം?

രോഗങ്ങൾക്കനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടുമെങ്കിലും, മിക്ക ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കും പൊതുവായ ചില   ലക്ഷണങ്ങളുണ്ട്:

പൊതുവായ ലക്ഷണങ്ങൾ

  • മാറാത്ത ക്ഷീണം
  • ചെറിയ തോതിലുള്ള പനി
  • സന്ധിയിലോ പേശികളിലോ ഉള്ള വേദന
  • ചർമ്മത്തിൽ തടിപ്പുകൾ
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ
  • മുടി കൊഴിച്ചിൽ
  • മരവിപ്പ് അല്ലെങ്കിൽ തരിപ്പ് അനുഭവപ്പെടുക

അവയവങ്ങളെ ബാധിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ

  • തൈറോയ്ഡ് രോഗങ്ങൾ: ശരീരഭാരം കൂടുക/കുറയുക, ചൂടോ തണുപ്പോ സഹിക്കാൻ കഴിയാതിരിക്കുക.
  • ടൈപ്പ് 1 പ്രമേഹം: ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അമിതമായ ദാഹം.
  • ലൂപസ്/റുമാറ്റോയ്ഡ് ആർത്രൈറ്റിസ്: സന്ധികളിൽ വഴക്കമില്ലായ്മ (stiffness), ചർമ്മത്തിലെ പാടുകൾ.
  • ഐ.ബി.ഡി. (IBD): വയറിളക്കം, വയറുവേദന, ഭാരം കുറയൽ.

നിരന്തരമായി കാണപ്പെടുന്നതും വ്യക്തമായ കാരണങ്ങളില്ലാത്തതുമായ ലക്ഷണങ്ങൾ — പ്രത്യേകിച്ചും സന്ധി വേദന, ക്ഷീണം, ചർമ്മ മാറ്റങ്ങൾ എന്നിവയൊന്നും ഒരിക്കലും അവഗണിക്കരുത്.

രോഗനിർണയം 

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കണ്ടെത്താൻ പ്രത്യേകമായൊരു പരിശോധന നിലവിലില്ല. ഡോക്ടർമാർ പലതരം പരിശോധനകൾ സംയോജിപ്പിച്ചാണ് രോഗനിർണയം നടത്തുന്നത്:

  • രക്തപരിശോധനകൾ: ANA (ആന്റിന്യൂക്ലിയർ ആന്റിബോഡി), ESR, CRP, റുമാറ്റോയ്ഡ് ഫാക്ടർ, തൈറോയ്ഡ് ആന്റിബോഡികൾ എന്നിവ പരിശോധിക്കുന്നു.
  • ഇമേജിംഗ്: വീക്കം (inflammation) കണ്ടെത്താനായി എക്സ്-റേ, എം.ആർ.ഐ, അൾട്രാസൗണ്ട് എന്നിവ ഉപയോഗിക്കുന്നു.
  • ബയോപ്സി: ചർമ്മം, വൃക്ക, കുടൽ തുടങ്ങിയ പ്രത്യേക അവയവങ്ങളിൽ നിന്ന് കോശങ്ങൾ എടുത്ത് പരിശോധിക്കുന്നു.

ചികിത്സയും പ്രതിരോധവും 

നിലവിൽ  ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ പൂർണ്ണമായി സുഖപ്പെടുത്താൻ സാധ്യമല്ലെങ്കിലും, കൃത്യമായ രോഗനിർണയത്തിലൂടെയും ശരിയായ ചികിത്സാ പദ്ധതിയിലൂടെയും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും:

1. മരുന്നുകൾ

  • ഇമ്മ്യൂണോസപ്രസന്റുകൾ (Immunosuppressants): അമിതമായി പ്രവർത്തിക്കുന്ന പ്രതിരോധ സംവിധാനത്തെ ശാന്തമാക്കാൻ ഇവ സഹായിക്കുന്നു (ഉദാഹരണത്തിന്: മെത്തോട്രെക്സേറ്റ്, അസത്തിയോപ്രിൻ).
  • കോർട്ടികോസ്റ്റിറോയ്ഡുകൾ (Corticosteroids): പെട്ടെന്നുണ്ടാകുന്ന വീക്കങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കുന്നു.
  • ബയോളജിക്സ് (Biologics): പ്രതിരോധ സംവിധാനത്തിലെ ചില പ്രത്യേക പാതകൾ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മരുന്നുകൾ (ഉദാഹരണത്തിന്: റുമാറ്റോയ്ഡ് ആർത്രൈറ്റിസിലെ TNF ഇൻഹിബിറ്ററുകൾ).

ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി: ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് പോലുള്ള രോഗങ്ങളിൽ തൈറോക്സിൻ പോലുള്ള ഹോർമോൺ നൽകുന്നത്.

2. ജീവിതശൈലിയും ഭക്ഷണക്രമവും

  • വീക്കം കുറയ്ക്കുന്ന ഭക്ഷണക്രമം: ഒമേഗ-3, ആന്റിഓക്സിഡന്റുകൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുക.
  • മതിയായ ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ, യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.
  • പുകവലി, അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കുക.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.

3. പതിവായുള്ള നിരീക്ഷണം

മരുന്നുകളുടെ ഫലങ്ങൾ നിയന്ത്രിക്കുന്നതിനും രോഗം വർദ്ധിക്കുന്നത് (Flares) നേരത്തെ കണ്ടെത്തുന്നതിനും പതിവായ പരിശോധനകളും ലാബ് നിരീക്ഷണവും അത്യാവശ്യമാണ്.

ഡോക്ടറെ എപ്പോൾ കാണണം?

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ ഉടൻ സമീപിക്കുക:

  • രണ്ടാഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന അകാരണമായ ക്ഷീണവും സന്ധി വേദനയും.
  • ചർമ്മത്തിൽ തുടർച്ചയായി പാടുകൾ ഉണ്ടാകുക അല്ലെങ്കിൽ വായ്പ്പുണ്ണുകൾ.
  • മാറാത്ത ദഹന പ്രശ്നങ്ങൾ.
  • തൈറോയ്ഡ് നിലയിലെ അസാധാരണ മാറ്റങ്ങളോ ശരീരഭാരത്തിൽ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളോ
  • കൈകാലുകളിൽ മരവിപ്പോ ബലഹീനതയോ.

നേരത്തെയുള്ള രോഗനിർണയം അവയവ നാശം തടയാനും ദീർഘകാല ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ സന്തുലിതാവസ്ഥ എത്ര സൂക്ഷ്മമാണെന്ന്  ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

കൃത്യമായ അവബോധം, നേരത്തെയുള്ള രോഗനിർണയം, ജീവിതശൈലിയിലുള്ള ശ്രദ്ധ എന്നിവയാണ് ഈ ദീർഘകാല രോഗങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ.

പ്രത്യേകം ശ്രദ്ധിക്കുക: വൈദ്യോപദേശം, കരുതൽ, മതിയായ പരിചരണം എന്നിവയുണ്ടെങ്കിൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ ഭയപ്പെടാതെ തന്നെ നിയന്ത്രിക്കാൻ കഴിയും.

References

  1. Overview of Select Autoimmune Diseases
  2. Autoimmune Diseases
  3. Molecular Mimicry as a Mechanism of Autoimmune Disease
  4. Introduction to immunology and autoimmunity

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe