ഓട്ടിസവും ഗർഭകാലവും: അമ്മയാകാൻ ഒരുങ്ങുന്നവർ അറിയേണ്ടതെല്ലാം

ഓട്ടിസവും ഗർഭകാലവും: അമ്മയാകാൻ ഒരുങ്ങുന്നവർ അറിയേണ്ടതെല്ലാം

ഒരു കുഞ്ഞുജീവനെ ലോകത്തിലേക്ക് വരവേൽക്കാൻ തയ്യാറെടുക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ സന്തോഷത്തിനൊപ്പം തന്നെ സംശയങ്ങളും ആശങ്കകളും ഉയർന്നു വരും. അത്തരത്തിൽ  മനസ്സിന് സമ്മർദ്ദം നൽകുന്ന ഒരു ചോദ്യമുണ്ട്, അതാണ് കുഞ്ഞിന് ഓട്ടിസം ഗർഭാവസ്ഥയിലാണോ അതോ പ്രസവസമയത്താണോ ഉണ്ടാകുന്നത് എന്നത്. 

വൈദ്യശാസ്ത്രസംബന്ധിയായ ഒരു  ചോദ്യം മാത്രമല്ല ഇത്. വൈകാരികമായി ഏറെ നിർണ്ണയാകമായ ഒരു ആശങ്കയും കൂടിയാണിത്. ഓട്ടിസത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ് എങ്കിലും, നിലവിൽ വ്യക്തതയുള്ള  കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

എന്താണ് ഓട്ടിസം?

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അഥവാ എ എസ് ഡി  എന്നത് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്. കുഞ്ഞ്  എങ്ങനെ ആശയവിനിമയം നടത്തുന്നു, പെരുമാറുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നീ ഘടകങ്ങളെയെല്ലാം അത് സ്വാധീനിക്കുന്നു. ഇവിടെ സ്പെക്ട്രം എന്ന പദത്തിന് വലിയ പ്രാധാന്യമുണ്ട്. ഓട്ടിസം എന്ന അവസ്ഥയിൽ ജീവിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്തരാണ്, അവർക്ക് അവരുടേതായ കഴിവുകളും വെല്ലുവിളികളുമുണ്ട്.

തുടക്കം ഗർഭപാത്രത്തിൽ നിന്നുതന്നെ

ആധുനിക ഗവേഷണങ്ങൾ അനുസരിച്ച്, ഓട്ടിസം, ജനനത്തിന് മുൻപ്, ഗർഭപാത്രത്തിൽ വെച്ച് മസ്തിഷ്ക്ക വികാസത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ആരംഭിക്കുന്നു എന്നാണ്. ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാകാം:

  • ജനിതകപരമായ കാരണങ്ങൾ : പാരമ്പര്യമായി, ചില ജീനുകൾ ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.
  • അമ്മയുടെ ആരോഗ്യം: ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, വിഷാദം, വിഷവസ്തുക്കളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം എന്നിവ കുഞ്ഞിൻ്റെ ഓട്ടിസത്തിലേക്ക് നയിച്ചേക്കാം.
  • പോഷകക്കുറവ്: ഫോളിക് ആസിഡ് പോലുള്ള അവശ്യ പോഷകങ്ങളുടെ കുറവ് ഓട്ടിസത്തിന് വഴിവെയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു.

ശ്രദ്ധിക്കുക: ഇവയെല്ലാം ഓട്ടിസം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ മാത്രമാണ്, അല്ലാതെ നേരിട്ടുള്ള കാരണങ്ങളല്ല. ഈ കാരണങ്ങളിൽ ഏതെങ്കിലുമൊന്ന് ഉണ്ടായാൽ, അത്, കുഞ്ഞിന് ഓട്ടിസം വരുമെന്ന് അർത്ഥമാക്കുന്നില്ല.

പ്രസവസമയത്തെ പങ്ക് 

സാധാരണ പ്രസവരീതികൾ ഓട്ടിസത്തിന് കാരണമാകുമെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല. എങ്കിലും, അപൂർവ്വമായി, പ്രസവസമയത്ത് കുഞ്ഞിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുന്നതുപോലുള്ള സങ്കീർണ്ണതകൾ തലച്ചോറിന്റെ മൊത്തത്തിലുള്ള വികാസത്തെ ബാധിച്ചേക്കാം. എങ്കിലും, ഓട്ടിസത്തിന്റെ ഒരു പ്രധാന കാരണമായി ഇതിനെ വൈദ്യശാസ്ത്രം കണക്കാക്കുന്നില്ല.

നിങ്ങൾ ചെയ്യേണ്ടത്

ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവരോ അല്ലെങ്കിൽ ഇപ്പോൾ ഗർഭിണിയാണെങ്കിലോ, നിങ്ങളുടെ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിൻ്റെ ശരിയായ വളർച്ചയ്ക്ക് ഏറ്റവും മികച്ച സാഹചര്യം ഒരുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇനിപ്പറയുന്നു:

  • ഗർഭിണിയായിരിക്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകൾ, പ്രത്യേകിച്ച് ഫോളിക് ആസിഡ്, കൃത്യമായി കഴിക്കുക.
  • കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ തോന്നുകയാണെങ്കിൽ അത് ഡോക്ടറോട് പറയുകയും ചെയ്യുക.
  • പുകവലി, മദ്യപാനം, അനാവശ്യമായ മരുന്നുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
  • കീടനാശിനികൾ, മലിനമായ വായു തുടങ്ങിയ പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുക.
  • മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന നൽകുക—സ്വസ്ഥമായി,ശാന്തമായി ജീവിക്കുന്ന ഒരമ്മയ്ക്ക് കുഞ്ഞിനു വേണ്ടി സുരക്ഷിതമായ ഗർഭപാത്രം ഉറപ്പാക്കാൻ കഴിയും.

ഓട്ടിസത്തെ ഭയപ്പെടുന്നതിന് പകരം, ഈ വിഷയത്തിൽ കൃത്യമായ അറിവ് നേടി നമുക്ക് സ്വയം ശക്തരാകാം. അമ്മ ചെയ്യുന്നതോ ചെയ്യാത്തതോ ആയ ഒരു കാര്യം കൊണ്ടല്ല ഓട്ടിസം ഉണ്ടാകുന്നത്. മറിച്ച്, നമ്മൾ ഇപ്പോൾ മാത്രം തിരിച്ചറിഞ്ഞു തുടങ്ങിയ പല സങ്കീർണ്ണമായ ഘടകങ്ങളുടെയും പ്രതിഫലനമാണത്. ഗർഭകാലമെന്ന  മനോഹര യാത്രയിൽ ശാരീരികമായും മാനസികമായും  സുരക്ഷിതവും ശാന്തവുമായ ഒരന്തരീക്ഷം ഒരുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.

References

1. Prenatal Origins in the Womb

2. Delivery Mode & ASD Risk

3. Lack of Strong Evidence Linking Maternal Illness During Pregnancy

4.Emerging Role of Air Pollution & Toxins

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe