അസെക്ഷ്വാലിറ്റി: ഹൃദയത്തിൽപ്പതിയുന്ന സ്നേഹബന്ധങ്ങൾക്ക് പുതിയ നിർവ്വചനം നൽകുമ്പോൾ

രണ്ടുപേർ മുഖാമുഖം നോക്കി വെറുതെ ഇരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അവർ മണിക്കൂറുകളോളം സംസാരിക്കുന്നു. തമാശകൾ പങ്കുവെയ്ക്കുന്നു. മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ചുവെച്ച ആശങ്കളെക്കുറിച്ച് തുറന്നു പറയുന്നു. ആ ബന്ധത്തിൽ ഊഷ്മളതയുണ്ട്, സ്നേഹമുണ്ട്, വിശ്വാസമുണ്ട്, അടുപ്പവുമുണ്ട്.
ഒരാൺകുട്ടിയും പെൺകുട്ടിയുമാണ്, അല്ലെങ്കിൽ പുരുഷനും സ്ത്രീയുമാണ് അങ്ങനെയിരുന്നു സംസാരിക്കുന്നതെങ്കിൽ, നമ്മുടെ സമൂഹം, ആ ബന്ധത്തിൽ തിരയുന്ന ഒരു പദം കൂടിയുണ്ട്. ഊഷ്മളതയും സ്നേഹവും വിശ്വാസവും അടുപ്പവും ഉണ്ടെങ്കിൽ ലൈംഗികത ഇല്ലാത്തതെന്താണ് എന്ന സംശയം. അതുമുണ്ടാകും അല്ലെങ്കിൽ ഉണ്ടാകണം എന്ന പൊതുബോധം.
ഈ ബന്ധത്തിൽ, പക്ഷേ, അങ്ങനെയൊന്നില്ല. അവിടെ ശാരീരികമായ ആകർഷണത്തിനോ അഴകളവുകൾക്കോ പ്രസക്തിയില്ല.
കള്ളം പറയുന്നെന്നോ കഴിവുകേടാണെന്നോ ഉള്ള വിമർശനങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. കാരണം, അവിടെ ഇരുന്നു സംസാരിക്കുന്ന രണ്ടുവ്യക്തികളും സ്വാഭാവികമായും അങ്ങനെയാണ്.
ഇതൊരു കുറവോ വൈകല്യമോ അല്ല, മറിച്ച് വ്യത്യസ്തതയാണ്.
അസെക്ഷ്വാലിറ്റിയെ (Asexuality) കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.
കാരണം, കാലങ്ങളായി നമ്മുടെ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, ശാരീരികമായ ആകർഷണമാണ് പ്രണയത്തിൻ്റെ, ബന്ധങ്ങളുടെ കേന്ദ്രബിന്ദു എന്നാണ്. സിനിമകളായാലും മാധ്യമങ്ങളായാലും ചർച്ചകളായാലുമൊക്കെ ഈ ഒരൊറ്റക്കാര്യം ആവർത്തിക്കുന്നു — സ്നേഹമുണ്ടെങ്കിൽ അവിടെ ശാരീരികാഭിലാഷവും പൂത്തുലയുമെന്ന്.
മനുഷ്യമനസ്സിൻ്റെ ആഴങ്ങളിൽ മുള പൊട്ടുന്ന സ്നേഹത്തിന് പല കാഴ്ച്ചപ്പാടുകളുണ്ട്, അത്രമേൽ വൈവിദ്ധ്യവുമുണ്ട്.
ഒരാളോട് ശാരീരികമായ ആകർഷണമോ താൽപ്പര്യമോ തോന്നാത്ത അവസ്ഥയാണ് ‘അസെക്ഷ്വാലിറ്റി’ (Asexuality). ഇതൊരു രോഗമല്ല. മനസ്സിനേറ്റ മുറിവുകൊണ്ടുണ്ടായ മടുപ്പോ ഭീതിയോ അല്ല. ഹോർമോൺ വ്യതിയാനവുമല്ല. മാറ്റിയെടുക്കേണ്ട ഒരു പിഴവോ കുഴപ്പമോ അല്ലിത്.
ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന പലർക്കും ‘അസെക്ഷ്വാലിറ്റി’ എന്ന വാക്ക് കേൾക്കുമ്പോൾ വലിയൊരാശ്വാസം തോന്നും. തങ്ങൾ ഇത്രയും കാലം അനുഭവിച്ച, പേരില്ലാത്ത ബന്ധങ്ങൾക്ക് ഒടുവിൽ ഒരു പേര് കണ്ടെത്തിയത് പോലെ തോന്നും.
ആകർഷണത്തിന്റെ വൈവിദ്ധ്യങ്ങൾ
അസെക്ഷ്വാലിറ്റി എന്നത് ഒരേയൊരു വീക്ഷണകോണിൽ മാത്രം നോക്കിക്കാണേണ്ടതല്ല. ചിലർക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ശാരീരികമായ ആകർഷണം തോന്നിയിട്ടുണ്ടാകില്ല. മറ്റു ചിലർക്ക് വളരെ അപൂർവ്വമായി മാത്രമേ അത് തോന്നാറുള്ളൂ. വേറെയും ചിലർക്ക്, ഒരു വ്യക്തിയുമായി മാനസികമായി അഗാധമായ അടുപ്പം വന്നതിന് ശേഷം മാത്രമേ ഇത്തരം തോന്നലുകൾ ഉണ്ടാകാറുള്ളൂ.
അസെക്ഷ്വൽ ആയ പലരും പ്രണയിക്കാറുണ്ട്. അവർക്ക് നല്ലൊരു കൂട്ട് വേണമെന്ന് ആഗ്രഹമുണ്ട്. മനസ്സുകൾ തമ്മിലുള്ള അടുപ്പവും അവർ ആഗ്രഹിക്കുന്നു. ഒരു പങ്കാളിയും കുടുംബവും ജീവിതയാത്രയിൽ കൂട്ടിനുണ്ടാകണമെന്ന് മോഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
മനുഷ്യമനസ്സ് അതിസങ്കീർണ്ണമായതുകൊണ്ടുതന്നെ വ്യക്തികളോട് തോന്നുന്ന ആകർഷണവും അതേതരത്തിലാകും.
സമൂഹം കാണാതെ പോകുന്ന യാഥാർത്ഥ്യങ്ങൾ
പല അസെക്ഷ്വൽ വ്യക്തികളും പലപ്പോഴും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “ബാക്കിയുള്ളവർക്ക് തോന്നുന്ന ലൈംഗികാകർഷണം എനിക്ക് മാത്രം എന്താണ് തോന്നാത്തത്?” എന്ന്.
ചിലർ സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് ഒപ്പമെത്താൻ വേണ്ടി സ്വന്തം താൽപ്പര്യങ്ങളെ ഹോമിച്ച് സ്വയം മാറാൻ ശ്രമിക്കാറുണ്ട്. മറ്റു ചിലർ ഒന്നും മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കുന്നു. ഒരു പ്രായമാകുമ്പോൾ ശരിയായിക്കോളുമെന്നു പറയുന്നവരും മാനസികപ്രശ്നമാണോ എന്നും ശരീരത്തെക്കുറിച്ച് അപകർഷതാബോധമുണ്ടോ എന്നുമെല്ലാം ചോദിക്കുന്നവരും ചുറ്റുമുണ്ടാകും. ഒന്നിനെക്കുറിച്ചും അറിവില്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ് മറ്റുചിലർ കളിയാക്കും.
എന്നാൽ അസെക്ഷ്വാലിറ്റിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുമ്പോൾ, അതിനു നിർവ്വചനം നൽകാൻ വാക്കുകൾ ലഭിക്കും. ആ വാക്കുകളാണ് അസെക്ഷ്വൽ ചിന്താഗതിയുള്ളവർക്ക് ആശ്വാസമായി മാറുക.
അസെക്ഷ്വാലിറ്റി നമ്മെ പഠിപ്പിക്കുന്ന പാഠം
അസെക്ഷ്വാലിറ്റിയെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്ദേശം ഇതാണ്:
അടുപ്പം (Intimacy) എന്നത് കേവലം ലൈംഗികത മാത്രമല്ല. മനസ്സുകൾ തമ്മിലുള്ള യഥാർത്ഥ അടുപ്പം പല രീതിയിലാകാം:
- ഒരാളോട് രാത്രി മുഴുവൻ സംസാരിച്ചിരിക്കുക
- മറ്റൊരാളുടെ മുന്നിൽ കരയാൻ പോലും പേടിയില്ലാത്ത അത്രയും സുരക്ഷിതത്വം തോന്നുക
- ഒന്നും വിശദീകരിക്കാതെ തന്നെ മറ്റൊരാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുക
- പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തുപിടിക്കുന്ന കൈകളാകുന്ന ബന്ധങ്ങൾ
- ഒന്നും മിണ്ടാതെ ഒരുമിച്ച് ഇരിക്കുമ്പോഴും അപരിചിതത്വം തോന്നാത്ത ഒരു സമാധാനം
ഒരു ബന്ധത്തിന്റെ സംതൃപ്തിക്ക് ഏറ്റവും അത്യാവശ്യം മാനസിക അടുപ്പവും പരസ്പര വിശ്വാസവും സുരക്ഷിതത്വബോധവുമാണെന്നാണ് മനഃശാസ്ത്രപരമായ പഠനങ്ങൾ പറയുന്നത്.
രണ്ടുപേർ തമ്മിലുള്ള അടുപ്പം പ്രകടിപ്പിക്കാൻ ചിലർ ലൈംഗികത ഒരു മാർഗ്ഗമായി തിരഞ്ഞെടുക്കാറുണ്ട്. പക്ഷേ അത് മാത്രമാണ് ഏകമാർഗ്ഗമെന്ന് കരുതരുത്. ചിലരെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം.
പ്രകടനപരതയുടെ സമ്മർദ്ദങ്ങളില്ലാത്ത സ്നേഹം
പല അസെക്ഷ്വൽ വ്യക്തികളും തങ്ങളുടെ ബന്ധങ്ങളെ വിശേഷിപ്പിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്:
- മനസ്സുതുറന്നുള്ള സംസാരവും സത്യസന്ധതയും
- ആഴത്തിലുള്ള ചങ്ങാത്തം
- ഒരേപോലെയുള്ള ജീവിതലക്ഷ്യങ്ങൾ
- പരസ്പര ബഹുമാനം
ബന്ധങ്ങൾ ഒരേ അച്ചിൽ വാർത്തത് പോലെ ആയിരിക്കണം എന്ന സമൂഹത്തിന്റെ വിശ്വാസത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
അവബോധം അനിവാര്യമാകുന്നതിനുള്ള കാരണം
അസെക്ഷ്വാലിറ്റിയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തപ്പോൾ, ആ വ്യക്തികൾക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം:
- തനിക്ക് എന്തോ ആരോഗ്യപ്രശ്നമുണ്ടെന്ന് അവർ കരുതിയേക്കാം
- നിർബന്ധപൂർവ്വം മാറാൻ അവർക്ക് മേൽ സമ്മർദ്ദം ഉണ്ടായേക്കാം
- പങ്കാളിയോട് അനാവശ്യമായ കുറ്റബോധം തോന്നാം
- ലോകത്ത് താൻ ഒറ്റപ്പെട്ടവനാണെന്ന തോന്നൽ ഉണ്ടായേക്കാം
എന്നാൽ, ഇതിനെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കുമ്പോൾ വലിയ മാറ്റം സംഭവിക്കുന്നു. വ്യക്തികൾക്ക് തങ്ങൾ അംഗീകരിക്കപ്പെടുന്നു എന്ന് തോന്നുന്നു. തങ്ങളെ മനസ്സിലാക്കാൻ മറ്റുള്ളവർക്ക് കഴിയുന്നു എന്ന തിരിച്ചറിവ് അവരുടെ ഒറ്റപ്പെടൽ മായ്ച്ചുകളയുന്നു.
സവിശേഷതയോ അതോ ആരോഗ്യപ്രശ്നമോ എന്ന് തിരിച്ചറിയാം
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കാര്യങ്ങളെ സന്തുലിതമായി കാണേണ്ടത് ഏറെ പ്രധാനമാണ്.
ഒരാൾക്ക് പെട്ടെന്ന് ലൈംഗിക താൽപ്പര്യം ഇല്ലാതാവുകയും അതിൽ മാനസിക വിഷമം അനുഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കാരണം ഹോർമോൺ വ്യതിയാനങ്ങൾ, വിഷാദം (Depression), ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങിയവ ഇത്തരം ലൈംഗിക വിരക്തിക്ക് കാരണമായേക്കാം.
എന്നാൽ, ജീവിതകാലം മുഴുവൻ ഒരാൾക്ക് ഇത്തരത്തിലുള്ള ആകർഷണം തോന്നിയിട്ടില്ലെങ്കിൽ, അതവർക്ക് പ്രയാസമായി തോന്നുന്നില്ലെങ്കിൽ, അതിനർത്ഥം അതവരുടെ സ്വഭാവത്തിന്റെയോ വ്യക്തിത്വത്തിന്റെയോ ഭാഗമാണെന്നാണ്. അല്ലാതെ അതൊരു രോഗമല്ല.
മനുഷ്യനായിരിക്കുന്നതിനെക്കുറിച്ചുള്ള വലിയ പാഠം
അസെക്ഷ്വാലിറ്റിയെക്കുറിച്ച് മനസ്സിലാക്കുക എന്നത് അസെക്ഷ്വൽ ആയ വ്യക്തികളെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമല്ല; മറിച്ച്, ബന്ധങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ വിപുലമാക്കാൻ കൂടിയാണ്.
ബന്ധങ്ങൾ പടുത്തുയർത്തേണ്ടത് താഴെ പറയുന്ന കാര്യങ്ങളിലാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു:
- വിശ്വാസം
- സുരക്ഷിതത്വം
- തുറന്ന സംസാരം
- മാനസിക സാമീപ്യം
ഇതൊന്നും കേവലം ശാരീരികമായ ആകർഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല.
ബന്ധങ്ങൾ യഥാർത്ഥത്തിൽ തുടങ്ങുന്നതെവിടെ?
എന്തുകൊണ്ടാണ് ചിലർ അസെക്ഷ്വാലിറ്റി ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിൽ വലിയ പ്രസക്തയില്ല. മനുഷ്യർക്ക് എത്രയെത്ര രീതികളിൽ, തലങ്ങളിൽ പരസ്പരം സ്നേഹിക്കാൻ കഴിയും എന്നതിൻ്റെ വ്യാപ്തി മനസ്സിലാക്കുകയാണു വേണ്ടത്.
സുരക്ഷിതത്വവും താൻ മനസ്സിലാക്കപ്പെടുന്നു എന്ന തിരിച്ചറിവും നമ്മൾ എങ്ങനെയാണോ, അങ്ങനെ തന്നെ അംഗീകരിക്കപ്പെടുന്നു എന്ന ബോധ്യവുമാണ് ബന്ധങ്ങളുടെ കാതൽ.
ബന്ധങ്ങളുടെ പേരുകളല്ല, വ്യാപ്തിയാണ് പ്രധാനം
മാംസനിബദ്ധമല്ല രാഗം എന്നു പാടിക്കൊണ്ട് പ്രണയത്തെ നിർവ്വചിച്ച കവി, അവനി വാഴ്വ് കിനാവാണെന്നും പറഞ്ഞുതന്നിട്ടുണ്ട്. ഈ ലോകത്ത് നമ്മൾ ജീവിക്കുന്ന ചെറിയൊരു കാലത്ത് വ്യക്തിബന്ധങ്ങൾക്ക് കണ്ടു പഴകിയ ചായം കൊണ്ടുതന്നെ നിറങ്ങൾ നൽകണമെന്ന് നിർബന്ധം പിടിക്കുന്നതിൽ പ്രസക്തിയില്ല. ലൈംഗികതയുണ്ടെങ്കിലേ അടുപ്പം ഊഷ്മളമാകൂ എന്ന ധാരണയിലും കഴമ്പില്ല. മനുഷ്യമനസ്സുകളുടെ വൈവിദ്ധ്യം മനസ്സിലാക്കാൻ നമുക്ക് പഠിക്കാം. ആത്യന്തികമായി സകലമനുഷ്യരും ആഗ്രഹിക്കുന്ന സ്നേഹവും സമാധാനവും ലൈംഗികേതര ബന്ധങ്ങളിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിൽ, അതിൽ
താൽപ്പര്യമുള്ളവർ അങ്ങനെ ആനന്ദിക്കട്ടെ.
അടുപ്പമെന്നത് കേവലം പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് അസെക്ഷ്വാലിറ്റി നമ്മെ ഓർമ്മിപ്പിക്കുന്നു. യഥാർത്ഥ ബന്ധങ്ങൾ നിലനിൽക്കുന്നത് പരസ്പരമുള്ള വിശ്വാസത്തിലും മാനസിക അടുപ്പത്തിലും മാനവികതയിലുമാണ്.
ഈ ലോകത്ത്, ഒരാൾ നമ്മളെ പൂർണ്ണമായും മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയുന്നതും ആ തിരിച്ചറിവോടെ തന്നെ അവർ നമുക്കൊപ്പം എന്നും കൂടെയുണ്ടാകുന്നതും ഒരുതരത്തിൽ പറഞ്ഞാൽ, പ്രണയം തന്നെയല്ലേ.
References




