നിർമ്മിതബുദ്ധിയും വൈദ്യശാസ്ത്രവും: ആരോഗ്യരംഗത്തെ നൂതന വിപ്ലവം

നിർമ്മിതബുദ്ധി ആധുനിക ആരോഗ്യമേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് ക്ലിനിക്കൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അവലോകനം
വൈദ്യശാസ്ത്രരംഗത്ത് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ബൃഹത്തായ പരിവർത്തനങ്ങൾ വരുത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. രോഗങ്ങൾ കണ്ടെത്തുന്നത് മുതൽ അവയുടെ ചികിത്സയും നിരീക്ഷണവും വരെയുള്ള കാര്യങ്ങളിൽ, എ ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് ഇതിനോടകം തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. അർബുദ പരിശോധനകൾ, റോബോട്ടിക് ശസ്ത്രക്രിയകൾ, വ്യക്തിഗത മരുന്ന് നിർമ്മാണം എന്നിവയിലെല്ലാം ആരോഗ്യപ്രവർത്തകരുടെ കരുത്തുറ്റ പങ്കാളിയായി എ ഐ നിലകൊള്ളുന്നു.
നിർമ്മിതബുദ്ധിയുടെ കഴിവുകൾ സംബന്ധിച്ച് മനുഷ്യൻ്റെ ഭാവന സൃഷ്ടിക്കുന്ന സങ്കൽപ്പങ്ങൾക്കപ്പുറം, ശാസ്ത്രീയമായും ക്ലിനിക്കൽ പരിശോധനകളിലൂടെയും തെളിയിക്കപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
നിർമ്മിതബുദ്ധി, വൈദ്യശാസ്ത്രത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് വസ്തുതകളെ അടിസ്ഥാനമാക്കി നമുക്ക് പരിശോധിക്കാം.
മെഡിക്കൽ ഇമേജിംഗിലെ എ ഐ സ്വാധീനം: കൃത്യതയാർന്ന രോഗനിർണ്ണയം
റേഡിയോളജി, രോഗനിർണ്ണയ ചിത്രീകരണം (Diagnostic Imaging) എന്നീ മേഖലകളിലാണ് എ ഐ ഇന്ന് ഏറ്റവും വിജയകരമായി ഉപയോഗിക്കപ്പെടുന്നത്.
സ്തനാർബുദ പരിശോധനയിൽ (Breast Cancer Screening)
സ്തനാർബുദം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന മാമോഗ്രഫിയിൽ (Mammography) എ ഐ വലിയ സഹായം നൽകുന്നുണ്ട്. തെറ്റായ നിഗമനങ്ങൾ (False Positives) കുറയ്ക്കാനും രോഗം കൃത്യമായി കണ്ടെത്താനും എ ഐ ടൂളുകൾക്ക് കഴിയുമെന്ന് യൂറോപ്പിലും അമേരിക്കയിലും നടത്തിയ ഗഹനമായ പഠനങ്ങൾ വ്യക്തമാക്കുന്നു. രണ്ട് റേഡിയോളജിസ്റ്റുകൾ ചേർന്ന് പരിശോധിക്കുന്നതിനേക്കാൾ കൃത്യമായി, തുടക്കത്തിലുള്ള ട്യൂമറുകൾ തിരിച്ചറിയാൻ എ ഐയ്ക്ക് സാധിക്കുന്നുണ്ട്.
ശ്വാസകോശാർബുദം കണ്ടെത്താൻ (Lung Cancer Detection)
സി ടി സ്കാനുകൾ (CT Scans) വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്തത്ര സൂക്ഷ്മമായ മുഴകൾ (Pulmonary nodules) കണ്ടെത്താൻ എ ഐ അൽഗോരിതങ്ങൾക്ക് സാധിക്കും. പരിചയസമ്പന്നരായ റേഡിയോളജിസ്റ്റുകളെപ്പോലെ തന്നെ, കൃത്യമായി പ്രാരംഭഘട്ടത്തിലുള്ള ശ്വാസകോശാർബുദം കണ്ടെത്താൻ എ ഐയ്ക്ക് കഴിയുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിക്കുന്നു.
പക്ഷാഘാതം തിരിച്ചറിയാൻ
പക്ഷാഘാതം സംഭവിച്ച രോഗികളുടെ രക്തക്കുഴലുകളിലെ തടസ്സങ്ങൾ (Large vessel occlusion) അതിവേഗത്തിൽ കണ്ടെത്താൻ എ ഐ സംവിധാനങ്ങൾ സഹായിക്കുന്നു. പക്ഷാഘാത ചികിത്സയിൽ ഓരോ നിമിഷവും അമൂല്യമാണ്. ചികിത്സ ഒട്ടും വൈകാതെ തന്നെ നൽകാൻ പ്രാപ്തമാക്കുന്നതു വഴി, രോഗിയുടെ ജീവൻ രക്ഷിക്കാനും വൈകല്യങ്ങൾ കുറയ്ക്കാനും ഇത് നേരിട്ട് സഹായിക്കുന്നു .
ക്ലിനിക്കൽ പ്രാധാന്യം
നേരത്തെയുള്ള രോഗനിർണ്ണയം = വേഗത്തിലുള്ള ചികിത്സ = ഉയർന്ന അതിജീവന നിരക്ക്
ഹൃദ്രോഗചികിത്സയിൽ എ ഐ: ലക്ഷണങ്ങൾക്കു മുൻപേ ഹൃദ്രോഗം പ്രവചിക്കാൻ
ലോകമെമ്പാടും മരണകാരണമാകുന്ന രോഗങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗങ്ങൾ (Cardiovascular diseases). ഇന്ന്, പ്രകടമായ രോഗലക്ഷണങ്ങൾ കാണുന്നതിന് മുൻപേ തന്നെ ഹൃദ്രോഗ സാധ്യതകൾ കണ്ടെത്താൻ നിർമ്മിതബുദ്ധി വഴി സാധ്യമാകുന്നുണ്ട്.
ഇസിജി അടിസ്ഥാനമാക്കിയുള്ള എ ഐ മോഡലുകൾ
ഇലക്ട്രോകാർഡിയോഗ്രാമുകൾ (ECG) വിശകലനം ചെയ്യാൻ പരിശീലനം ലഭിച്ച ‘ഡീപ് ലേണിംഗ്’ മോഡലുകൾക്ക് താഴെ പറയുന്ന സങ്കീർണ്ണതകൾ പ്രവചിക്കാൻ സാധിക്കും:
- ഹൃദയസ്തംഭന സാധ്യത
- ഹൃദയമിടിപ്പിലെ താളപ്പിഴകൾ
- ഇടത് വെൻട്രിക്കിളിന്റെ പ്രവർത്തന വൈകല്യം
ഒരു വിദഗ്ധ ഡോക്ടർക്ക് തികച്ചും സാധാരണമെന്നു തോന്നുന്ന ഒരു ഇസിജി റിപ്പോർട്ടിൽ നിന്ന് പോലും, അതിലെ സൂക്ഷ്മമായ വൈദ്യുത വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് ഭാവിയിലുണ്ടായേക്കാവുന്ന അപകടസാധ്യതകൾ മുൻകൂട്ടി കാണാൻ എ ഐയ്ക്ക് കഴിയും. മനുഷ്യൻ്റെ അസാമാന്യബുദ്ധിയെപ്പോലും മറികടക്കുന്ന തരത്തിലുള്ള വിശാല സാദ്ധ്യതകൾ പ്രവചിക്കാൻ നിമ്മിതബുദ്ധിക്കാകുന്നു എന്ന് ഇതിൽ നിന്ന് വ്യക്തം.
രോഗസാധ്യത പ്രവചിക്കുന്ന മാതൃകകൾ
പരമ്പരാഗതമായ പരിശോധനാ രീതികളേക്കാൾ കൃത്യമായി ഹൃദ്രോഗ സാധ്യതകൾ കണക്കാക്കാൻ എ ഐ താഴെ പറയുന്ന വിവരങ്ങൾ ഒരേസമയം വിശകലനം ചെയ്യുന്നു:
- രക്തപരിശോധനാ ഫലങ്ങൾ
- സ്കാനിംഗ് റിപ്പോർട്ടുകൾ
- മുൻകാല ആരോഗ്യചരിത്രം
- ജീവിതശൈലീ രീതികൾ
ക്ലിനിക്കൽ പ്രാധാന്യം
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിന് പകരം, രോഗം വരാതെ തടയുന്ന പ്രതിരോധ ചികിത്സാ രീതി (Preventive Cardiology) കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ ഇത് സഹായിക്കുന്നു.
അർബുദചികിൽസയും നിർമ്മിതബുദ്ധിയും: വ്യക്തിഗത ചികിത്സയിൽ വരുത്തുന്ന മാറ്റങ്ങൾ
എല്ലാവർക്കും ഒരുപോലെ എന്ന രീതിയിൽ നിന്ന് കാൻസർ ചികിത്സ ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഇന്ന്, ഓരോ രോഗിയുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചുള്ള ചികിൽസാരീതിയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
ജനിതക വിശകലനം
ട്യൂമറുകളുടെ ഡിഎൻഎ (DNA) ഘടന വിശകലനം ചെയ്യുന്നതിലൂടെ എ ഐ, താഴെ പറയുന്നവ സാധ്യമാക്കുന്നു:
- കാൻസറിന് കാരണമാകുന്ന ജനിതക വ്യതിയാനങ്ങൾ കൃത്യമായി തിരിച്ചറിയുന്നു
- കണ്ടെത്തിയ വ്യതിയാനങ്ങൾക്കനുസരിച്ച് ഏത് മരുന്നാണ് ഏറ്റവും ഫലപ്രദമെന്ന് നിശ്ചയിക്കുന്നു
- നിർദ്ദിഷ്ട മരുന്നുകളോട് രോഗിയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കുന്നു
ഇന്ന് പ്രിസിഷൻ ഓങ്കോളജി (Precision Oncology) പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഓരോ രോഗിയുടെയും മോളിക്യുലാർ ഘടനയ്ക്ക് അനുയോജ്യമായ ചികിത്സ തെരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.
ചികിത്സാഫല പ്രവചനം
മെഷീൻ ലേണിംഗ് മാതൃകകൾ ഉപയോഗിച്ച് താഴെ പറയുന്ന കാര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും:
- രോഗിക്ക് കീമോതെറാപ്പി എത്രത്തോളം ഫലപ്രദമാകുമെന്ന് മനസ്സിലാക്കാം
- ഇമ്മ്യൂണോതെറാപ്പി വിജയകരമാകാനുള്ള സാധ്യത പ്രവചിക്കുന്നു
- ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും വരാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്നു
ഇത് അനാവശ്യമായ മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാനും അതിജീവന സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ക്ലിനിക്കൽ പ്രാധാന്യം
കൂടുതൽ വ്യക്തിഗതമായ ചികിത്സാ പദ്ധതികളും മികച്ച രോഗശാന്തിയും നൽകുന്നു.
റോബോട്ടിക് ശസ്ത്രക്രിയ: മനുഷ്യസിദ്ധിക്ക് അപ്പുറമുള്ള കൃത്യത
ആർട്ടിഫിഷ്യൽ ഇന്റലിജൻസും വൈദ്യശാസ്ത്രവും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ സംയോജനങ്ങളിലൊന്നാണ് റോബോട്ടിക് ശസ്ത്രക്രിയകൾ.
റോബോട്ടിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ താഴെ പറയുന്ന ഗുണങ്ങൾ നൽകുന്നു:
- വലിയ ശസ്ത്രക്രിയകൾ പോലും ചെറിയ മുറിവുകളിലൂടെ പൂർത്തിയാക്കാൻ സാധിക്കുന്നു.
- ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തനഷ്ടം ഗണ്യമായി കുറയ്ക്കാം
- മുറിവുകൾ ചെറുതായതുകൊണ്ട് രോഗികൾക്ക് പെട്ടെന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാം
- അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും അതീവ കൃത്യതയോടെ ചെയ്യാൻ ഇത് സഹായിക്കുന്നു
ശസ്ത്രക്രിയയിലുടനീളം ഡോക്ടർമാരുടെ പൂർണ്ണ നിയന്ത്രണമുള്ളപ്പോൾത്തന്നെ, താഴെ പറയുന്ന കാര്യങ്ങളിൽ എ ഐ അവരെ സഹായിക്കുന്നു:
- ഉപകരണങ്ങളുടെ ചലനം കൂടുതൽ കൃത്യമാക്കുന്നു
- കൈകളുടെ നേരിയ വിറയൽ പോലും ഉപകരണങ്ങളിൽ പ്രതിഫലിക്കാതെ നോക്കുന്നു
- ശരീരത്തിനുള്ളിലെ ഭാഗങ്ങൾ ത്രിമാനരീതിയിൽ വളരെ വലുപ്പത്തിലും വ്യക്തതയിലും കാണാൻ സഹായിക്കുന്നു
പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകൾ (Prostate Surgery), ഗർഭാശയസംബന്ധമായ ശസ്ത്രക്രിയകൾ എന്നിവയിൽ റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്നത് സുഖം പ്രാപിക്കാനുള്ള സമയം കുറയ്ക്കാനും പാർശ്വഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്ന് ക്ലിനിക്കൽ കണക്കുകൾ സൂചിപ്പിക്കുന്നു.
മരുന്ന് നിർമ്മാണത്തിൽ നിർമ്മിത ബുദ്ധി
സാധാരണഗതിയിൽ ഒരു പുതിയ മരുന്ന് വികസിപ്പിച്ചെടുക്കാൻ 10 മുതൽ 15 വർഷം വരെ സമയമെടുക്കാറുണ്ട്. എന്നാൽ എ ഐ ഈ കാലതാമസം ഗണ്യമായി കുറയ്ക്കുന്നു:
- രോഗത്തിന് ഫലപ്രദമായേക്കാവുന്ന ഔഷധ തന്മാത്രകളെ വേഗത്തിൽ തിരിച്ചറിയാൻ എ ഐ സഹായിക്കുന്നു.
- പാർശ്വഫലങ്ങൾ പ്രവചിക്കുന്നു
- മരുന്നുകൾ ശരീരത്തിലെ പ്രോട്ടീനുകളുമായി എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ കൃത്യമായ മാതൃകകൾ എ ഐ തയ്യാറാക്കുന്നു
- ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രോഗികളുടെ ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കമ്പ്യൂട്ടറിലൂടെ മുൻകൂട്ടി മനസ്സിലാക്കാനാകും
കോവിഡ്-19 മഹാമാരിയുടെ സമയത്ത് വാക്സിൻ ഗവേഷണവും മരുന്ന് കണ്ടെത്തലും വേഗത്തിലാക്കുന്നതിൽ എ ഐ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ക്ലിനിക്കൽ പ്രാധാന്യം
മരുന്ന് നിർമ്മാണത്തിന് വേണ്ടിവരുന്ന സമയം കുറയ്ക്കാനും അതുവഴി മരുന്നുകളുടെ വില കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
നാഡീരോഗ ചികിത്സയിലും മാനസികാരോഗ്യത്തിലും എ ഐ
അൽസ്ഹൈമേഴ്സ് പ്രവചനം
എംആർഐ (MRI) സ്കാനുകൾ വിശകലനം ചെയ്യുന്ന എ ഐ മോഡലുകൾക്ക്, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ തലച്ചോറിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഇത് അൽസ്ഹൈമേഴ്സ് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു.
വിഷാദരോഗം തിരിച്ചറിയാൻ
ഒരാളുടെ സംസാരരീതി, മുഖഭാവങ്ങൾ, വെയറബിൾ ഉപകരണങ്ങളിൽ (Smart watches) നിന്നുള്ള വിവരങ്ങൾ എന്നിവ വിശകലനം ചെയ്ത് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകുന്നതു സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണ്.
പാർക്കിൻസൺസ് രോഗനിർണ്ണയം
എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾക്ക് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന വിറയലുകളും നടപ്പിലെ വ്യത്യാസങ്ങളും നിരീക്ഷിക്കാൻ സാധിക്കും. ഇത് രോഗാവസ്ഥ മനസ്സിലാക്കി ചികിത്സ കൃത്യമാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു.
ഈ സാങ്കേതികവിദ്യകൾ ഇപ്പോഴും വികസിതമായിക്കൊണ്ടിരിക്കുകയാണെങ്കിലും, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇവ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ആശുപത്രികളിലെ പ്രെഡിക്റ്റീവ് അനലിറ്റിക്സ്
രോഗികളുടെ ആരോഗ്യനിലയിലെ മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കാനാണ് ആധുനിക ആശുപത്രികളിൽ എ ഐ ഉപയോഗിക്കുന്നത്. ഇത് താഴെ പറയുന്ന കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു:
- രോഗിയുടെ നില വഷളാകുന്നത് മുൻകൂട്ടി അറിയാനാകും
- ശരിയായ സമയത്ത് ഇടപെടലുകൾ നടത്താൻ സഹായിക്കുന്നതിലൂടെ അത്യാഹിതങ്ങൾ ഒഴിവാക്കാം
- ആശുപത്രികളിൽ നിന്ന് പകരാൻ സാധ്യതയുള്ള അണുബാധകൾ (Hospital-acquired infections) നേരത്തെ തിരിച്ചറിയാനും തടയാനും ഇത് സഹായിക്കുന്നു
- രോഗികളുടെ എണ്ണവും ചികിത്സാ കാലാവധിയും കണക്കാക്കി കിടക്കകൾ കൃത്യമായി ക്രമീകരിക്കാൻ ആശുപത്രികളെ സഹായിക്കുന്നു
രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയ വിവരങ്ങളും ലാബ് റിപ്പോർട്ടുകളും തത്സമയം (Real-time) പരിശോധിക്കുന്ന ഏർലി വാണിംഗ് സിസ്റ്റംസ് (Early Warning Systems) വഴി രോഗിയുടെ നില വഷളാകുന്നതിന് മുൻപ് തന്നെ ഡോക്ടർമാർക്ക് അപായസൂചന നൽകാൻ എ ഐയ്ക്ക് സാധിക്കും.
ക്ലിനിക്കൽ പ്രാധാന്യം
എ ഐ നൽകുന്ന ഇത്തരം മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരുന്നതു വഴി രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
എ ഐയും ടെലിമെഡിസിനും: വിദൂര ഗ്രാമങ്ങളിലേക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ
ഇന്ത്യയെപ്പോലുള്ള വിസ്തൃതമായ രാജ്യങ്ങളിൽ, വിദൂര ഗ്രാമങ്ങളിലുള്ളവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള കണ്ണിയായി എ ഐ പ്രവർത്തിക്കുന്നു. ആശുപത്രി സൗകര്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തേണ്ട ഉൾഗ്രാമങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ച്, നിർമ്മിതബുദ്ധി നൽകുന്ന സേവനങ്ങൾ ഏറെ പ്രയോജനകരമാണ്.
എ ഐ ഉപയോഗിച്ചുള്ള പുതിയ സംവിധാനങ്ങൾ താഴെ പറയുന്നവ സാധ്യമാക്കുന്നു:
- പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ‘ഡയബെറ്റിക് റെറ്റിനോപ്പതി’ (Diabetic Retinopathy) കണ്ടെത്താൻ എ ഐ ഉപയോഗിച്ചുള്ള റെറ്റിനൽ സ്ക്രീനിംഗ് ഇന്ന് ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാണ്.
- എ ഐ സിംപ്റ്റം ചെക്കറുകൾ (Symptom Checkers) പോലെ, രോഗലക്ഷണങ്ങൾ നോക്കി പ്രാഥമികമായ അറിവ് നൽകുന്ന ചാറ്റ്‌ബോട്ടുകൾ, രോഗികൾക്ക് ശരിയായ സമയത്ത് ഡോക്ടറെ കാണാൻ നിർദ്ദേശം നൽകുന്നു.
- ഗ്രാമപ്രദേശങ്ങളിലെ എക്സ്-റേകളും സ്കാനുകളും വിശകലനം ചെയ്യാൻ എ ഐ സഹായിക്കുന്നു. റേഡിയോളജിസ്റ്റുകൾ കുറവുള്ള സ്ഥലങ്ങളിൽപ്പോലും വളരെ വേഗത്തിൽ രോഗനിർണ്ണയം നടത്താൻ ഇത് സഹായകമാകുന്നു.
ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രത്യേക വിഭാഗം ഡോക്ടർമാരുടെ (Specialists) കുറവുള്ള സ്ഥലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നു.
ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. നിർമ്മിതബുദ്ധി ഒരിക്കലും ഡോക്ടർമാർക്ക് പകരമാകില്ല, വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന മികച്ച സാങ്കേതികത മാത്രമാണത്.
നൈതികമായ വെല്ലുവിളികളും പരിമിതികളും
വൈദ്യശാസ്ത്രരംഗത്ത് നിർമ്മിതബുദ്ധി വലിയ മുന്നേറ്റങ്ങൾ നടത്തുന്നുണ്ടെങ്കിലും, അത് പൂർണ്ണമായും കുറ്റമറ്റതല്ല. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്:
- വിവരങ്ങളിലെ പക്ഷപാതിത്വം
- സ്വകാര്യത സൂക്ഷിക്കുക എന്ന വെല്ലുവിളി
- സുതാര്യതയില്ലായ്മ
- അമിതമായ ആശ്രിതത്വം
വിപുലമായ രീതിയിൽ ഉപയോഗിക്കുന്നതിന് മുൻപ് ഓരോ എ ഐ ടൂളും കർശനമായ ക്ലിനിക്കൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്.
ഇക്കാര്യത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ എഫ് ഡി എ (FDA (അമേരിക്ക), സി ഇ മാർക്കിങ് (CE marking (യൂറോപ്പ്) തുടങ്ങിയ ചില സംവിധാനങ്ങളുണ്ട്. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ഇത്തരം ഏജൻസികളുടെ കർശനമായ പരിശോധനയും അനുമതിയും ആവശ്യമാണ്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയും അതിശയോക്തികളും
വൈദ്യശാസ്ത്ര രംഗത്ത് എ ഐയെ സംബന്ധിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
തെളിയിക്കപ്പെട്ട മേഖലകൾ:
താഴെ പറയുന്ന കാര്യങ്ങളിൽ എ ഐയുടെ ഫലപ്രാപ്തി ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്:
- ഇമേജിംഗ് വിശകലനം
- ഹൃദ്രോഗ സാധ്യതാ പ്രവചനം
- പക്ഷാഘാതം (Stroke) തിരിച്ചറിയൽ
- ഓങ്കോളജി ജിനോമിക്സ്
- റോബോട്ടിക് ശസ്ത്രക്രിയകൾ
വികസനത്തിൻ്റെ പാതയിലുള്ള മേഖലകൾ:
ഇവ പ്രതീക്ഷ നൽകുന്നവയാണെങ്കിലും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്:
- മാനസികാരോഗ്യ ചികിത്സയിലെ നിർമ്മിതബുദ്ധി
- പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന രോഗനിർണ്ണയസംവിധാനം
- ഡോക്ടർമാർക്കു പകരം പ്രവർത്തിക്കുന്ന നിർമ്മിതബുദ്ധി
ചികിൽസാരംഗത്ത് വലിയ സഹായം നൽകാൻ നിർമ്മിതബുദ്ധിക്കു കഴിയുന്നുണ്ട് എന്നതിൽ സംശയമില്ല. എങ്കിലും ചികിൽസകരുടെ ബൗദ്ധിക മികവിനും അനുഭവജ്ഞാനത്തിനും പകരം വെയ്ക്കാൻ സാങ്കേതികതയ്ക്കാവില്ല എന്നത് യാഥാർത്ഥ്യമാണ്.
വൈദ്യശാസ്ത്രത്തിലെ നിർമ്മിതബുദ്ധി: ഭാവിയിലെ മാറ്റങ്ങൾ
ഭാവിയിൽ താഴെ പറയുന്ന മേഖലകളിലാകും എ ഐ വലിയ സ്വാധീനം ചെലുത്താൻ പോകുന്നത്:
- രോഗികളുടെ ‘ഡിജിറ്റൽ ഇരട്ടകൾ’ (Digital Twins): ഒരു മരുന്ന് നൽകുന്നതിന് മുൻപ് അത് ആ രോഗിയുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിച്ചു നോക്കാൻ അവരുടെ തന്നെ ഒരു ഡിജിറ്റൽ മാതൃക (Simulation) നിർമ്മിക്കുന്നു.
- തത്സമയ നിരീക്ഷണം: സ്മാർട്ട് ഉപകരണങ്ങളിലൂടെ രോഗിയുടെ ആരോഗ്യം 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നു.
- പ്രതിരോധ ചികിത്സ: രോഗം വരുന്നതിന് മുമ്പു തന്നെ അത് തടയാനുള്ള മുൻകരുതലുകൾ എടുക്കുന്നു.
- വ്യക്തിഗത പോഷകാഹാര മാതൃകകൾ: ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ജനിതക ഘടനയ്ക്കും അനുസരിച്ചുള്ള ഭക്ഷണക്രമം നിശ്ചയിക്കുന്നു.
ചുരുക്കത്തിൽ, രോഗം വന്ന ശേഷം ചികിത്സിക്കുക എന്ന രീതിയിൽ നിന്നും, രോഗം വരാതെ നോക്കുക (Predictive and Preventive care) എന്ന രീതിയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്.
യന്ത്രമല്ല, മനുഷ്യത്വം തന്നെയാണ് പ്രധാനം
വൈദ്യശാസ്ത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് മനുഷ്യൻ നൽകുന്ന പരിചരണത്തിന് പകരമാകില്ല. താഴെ പറയുന്ന കാര്യങ്ങളിൽ ഡോക്ടർമാരുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇത് പ്രയോജനം ചെയ്യുന്നു:
- കൃത്യത
- വേഗത
- സൂക്ഷ്മത
- വ്യക്തിഗത പരിഗണന
വൈദ്യശാസ്ത്രം എപ്പോഴും മനുഷ്യത്വത്തിൽ അധിഷ്ഠിതമാണ്. സഹാനുഭൂതിയും ഉൾപ്രേരണയും നൈതികമായ തീരുമാനങ്ങളും നൽകാൻ ഒരിക്കലും ഒരു യന്ത്രത്തിന് കഴിയില്ല.
നിർമ്മിതബുദ്ധിയും ഡോക്ടർമാരുടെ വൈദഗ്ധ്യവും കൈകോർക്കുമ്പോൾ ആരോഗ്യരംഗം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാകുന്നു.
ചുരുക്കത്തിൽ, വൈദ്യശാസ്ത്രത്തിന്റെ ഭാവി എന്നത് ‘മനുഷ്യനോ യന്ത്രമോ’ എന്ന മത്സരമല്ല. മറിച്ച് ‘മനുഷ്യനും യന്ത്രവും’ ചേർന്നുള്ള മുന്നേറ്റമാണ്.




