നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

വിഷാംശസാന്നിദ്ധ്യം അറിഞ്ഞിരിക്കാം

ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അന്ന് രാത്രി കിടന്നുറങ്ങുംവരെ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തെല്ലാമാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ?

അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്തൊക്കെയാണെന്നും അവയുടെ ദോഷങ്ങൾ എന്താണെന്നും ആലോചിച്ചിട്ടുണ്ടോ? അന്നന്നുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് വിശദമായി  പരിശോധിക്കുമ്പോഴാണ് ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയുക.

ആദ്യം ടൂത്ത് പേസ്റ്റിൽ നിന്നുതന്നെ തുടങ്ങാം. സോപ്പ്, ഷാംപൂ, ക്ളെൻസിംഗ് ലോഷൻ, ഫേസ് ക്രീം, ഡിയോഡറന്റ്, പാത്രം കഴുകുന്ന ലിക്വിഡ്, ഫ്ലോർ ക്ലീനറുകൾ, കൂടാതെ നമ്മൾ ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ശുചിത്വവും സൗന്ദര്യവും സൗകര്യവും വാഗ്ദാനം ചെയ്യുന്നവയാണ് ഇവയെല്ലാം. എന്നാൽ, ഇവയുടെ പാക്കറ്റിന് പിന്നിലെ ചേരുവകൾ (Ingredients) നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ പലതിലും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ ബാധിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് മാറ്റങ്ങളൊന്നും തോന്നിയെന്നു വരില്ല. എന്നാൽ വർഷങ്ങളോളം ഇവയുമായുള്ള സമ്പർക്കം ചർമ്മത്തിൽ ചൊറിച്ചിൽ, ഹോർമോൺ വ്യതിയാനങ്ങൾ, അലർജി, ശ്വാസതടസ്സം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

നമ്മുടെ വീട്ടിലെ ഉൽപ്പന്നങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അത്തരം ചില വിഷാംശങ്ങളെക്കുറിച്ചും അവയ്ക്ക് പകരമായി സുരക്ഷിതമായ മാർഗ്ഗങ്ങൾ എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

1. പാരബെനുകൾ (Parabens) :ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം  മറിക്കുന്ന വില്ലൻ

സാന്നിദ്ധ്യം എന്തിലെല്ലാം?

ഷാംപൂകൾ, കണ്ടീഷണറുകൾ, ലോഷനുകൾ, ഫേസ് ക്രീമുകൾ, മേക്കപ്പ് ഉൽപ്പന്നങ്ങൾ എന്നിവയിൽ പാരബെൻസ് സാധാരണയായി അടങ്ങിയിരിക്കുന്നു.

എന്തിനാണിവ ഉപയോഗിക്കുന്നത്?

ഉൽപ്പന്നങ്ങളിൽ ബാക്ടീരിയകളും പൂപ്പലുകളും വളരുന്നത് തടയാനും അവ ദീർഘകാലം കേടുകൂടാതെ ഇരിക്കാനും വേണ്ടിയാണ് ‘പ്രിസർവേറ്റീവ്’ ആയി പാരബെൻസ് ചേർക്കുന്നത്.

ദോഷകരമാകുന്നത് എന്തുകൊണ്ട്? 

നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ (Estrogen) ഹോർമോണിന്റെ പ്രവർത്തനങ്ങളെ അനുകരിക്കാൻ പാരബെൻസിന് കഴിയും. ഇത് ശരീരത്തിലെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം മറിച്ചേക്കാം. ദീർഘകാലം ഇവ ശരീരത്തിലെത്തുന്നത് പ്രത്യുൽപ്പാദന സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സുരക്ഷിതമാകാൻ:

ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ലേബലിൽ “Paraben-free” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

വിറ്റാമിൻ ഇ (Vitamin E) പോലെയുള്ള പ്രകൃതിദത്ത ഘടകങ്ങൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക.

2. താലേറ്റുകൾ (Phthalates): സുഗന്ധത്തിന് പിന്നിലെ രാസസാന്നിദ്ധ്യം 

എവിടെയെല്ലാം കാണപ്പെടുന്നു?

പെർഫ്യൂമുകൾ, ബോഡി സ്പ്രേകൾ (Deodorants), ഹെയർ സ്പ്രേകൾ, നെയിൽ പോളിഷ്, എയർ ഫ്രഷ്നറുകൾ എന്നിവയിലാണ് ഇവ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

എന്തിനാണ് ഇവ ഉപയോഗിക്കുന്നത്?

ഉൽപ്പന്നങ്ങളിലെ സുഗന്ധം കൂടുതൽ നേരം നിലനിൽക്കാനും ദ്രാവക രൂപത്തിലുള്ളവ ചർമ്മത്തിൽ നന്നായി പറ്റിപ്പിടിക്കാനും വേണ്ടിയാണ് താലേറ്റുകൾ ചേർക്കുന്നത്.

ദോഷകരമാകുന്നത് എന്തുകൊണ്ട്?

നമ്മുടെ ശരീരത്തിലെ അന്തഃസ്രാവീ വ്യവസ്ഥയെ (Endocrine system) തകരാറിലാക്കുന്നവയാണ് ഈ രാസവസ്തുക്കൾ. ഇവ ഹോർമോണുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും ഗർഭിണികൾക്കും ഇത് കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

എങ്ങനെ ഒഴിവാക്കാം?

ലേബലിൽ സുഗന്ധരഹിതം  (“Fragrance-free”) എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കുക.

കൃത്രിമ ഗന്ധങ്ങൾക്ക് പകരം എസെൻഷ്യൽ ഓയിലുകൾ (Essential oils) ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

3. സോഡിയം ലോറൈൽ സൾഫേറ്റ് (SLS):  പതയുണ്ടാക്കുന്ന ഘടകം

എന്തിലെല്ലാം ഉപയോഗിക്കുന്നു?

ഷാംപൂകൾ, സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ബോഡി വാഷ്, പാത്രം കഴുകുന്ന ലിക്വിഡുകൾ എന്നിവയിലാണ് ഇത് പ്രധാനമായും അടങ്ങിയിരിക്കുന്നത്.

ഉപയോഗിക്കുന്നതെന്തിന്?

ഉൽപ്പന്നങ്ങളിൽ നല്ലപോലെ പതയുണ്ടാക്കാനും ചർമ്മത്തിലെയും മറ്റും അഴുക്കും എണ്ണമയവും എളുപ്പത്തിൽ നീക്കം ചെയ്യാനുമാണ് SLS ഉപയോഗിക്കുന്നത്.

ദോഷകരമാകാൻ കാരണം?

നമ്മുടെ ചർമ്മത്തിലെ സ്വാഭാവികമായ എണ്ണമയത്തെ ഇത് പൂർണ്ണമായും നീക്കം ചെയ്തേക്കാം. ഇത് ചർമ്മം വരളുന്നതിനും (Dryness), ചൊറിച്ചിലിനും അസ്വസ്ഥതകൾക്കും കാരണമാകുന്നു. ചിലരിൽ കണ്ണുകളിലും തലയോട്ടിയിലും അലർജി ഉണ്ടാക്കാനും ഇത് കാരണമാകാറുണ്ട്.

ബദൽ മാർഗ്ഗങ്ങൾ:

ചർമ്മത്തിന് ദോഷം ചെയ്യാത്ത കോകോ ഗ്ളൂക്കോസൈഡ് (Coco-glucoside) അല്ലെങ്കിൽ ഡിസൈൽ ഗ്ളൂക്കോസൈഡ് (Decyl glucoside) തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വീര്യം കുറഞ്ഞ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക.

പാക്കേജിന് പുറത്ത് സൾഫേറ്റ് ഫ്രീ ( Sulphate-free) എന്ന് എഴുതിയവ നോക്കി വാങ്ങുന്നത് നന്നായിരിക്കും.

4. ട്രൈക്ലോസൻ (Triclosan):  ആന്റിബാക്ടീരിയൽ ഭീഷണി

എന്തിലെല്ലാം കാണപ്പെടുന്നു?

ബാക്ടീരിയകളെ നശിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ആന്റിബാക്ടീരിയൽ സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിൽ ട്രൈക്ലോസൻ അടങ്ങിയിട്ടുണ്ട്.

ഉപയോഗിക്കുന്നതെന്തിന്?

ബാക്ടീരിയകളെയും മറ്റ് അണുക്കളെയും നശിപ്പിക്കാനാണ് ഇത് പ്രധാനമായും ചേർക്കുന്നത്.

ദോഷകരമാകാൻ കാരണം?

ട്രൈക്ലോസൻ, ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. കൂടാതെ, ഇതിന്റെ അമിത ഉപയോഗം ശരീരത്തിൽ ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാത്ത അവസ്ഥ (Antibiotic resistance) ഉണ്ടാക്കാനും കാരണമാകും. യഥാർത്ഥത്തിൽ, നിത്യജീവിതത്തിലെ ശുചിത്വത്തിന് സാധാരണ സോപ്പും വെള്ളവും തന്നെ ധാരാളമാണ്.

സുരക്ഷിതമായ മറ്റു മാർഗ്ഗങ്ങൾ:

ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിക്കാത്ത പക്ഷം, ആൻറിബാക്ടീരിയൽ (Antibacterial) എന്ന ലേബലിൽ വരുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സാധാരണ സോപ്പ് ഉപയോഗിക്കുന്നത് തന്നെയാണ് കൂടുതൽ സുരക്ഷിതം.

5. ഫോർമാൽഡിഹൈഡ് (Formaldehyde):  ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്താം

എന്തിലെല്ലാം കാണപ്പെടുന്നു?

ഹെയർ ട്രീറ്റ്‌മെന്റ് ഉൽപ്പന്നങ്ങൾ (ഉദാഹരണത്തിന് സ്ട്രെയ്റ്റനിംഗ് ക്രീമുകൾ), നെയിൽ പോളിഷ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ക്ലീനിംഗ് ഏജന്റുകൾ എന്നിവയിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

ദോഷകരമാകുന്നത് എന്തുകൊണ്ട്?

ഫോർമാൽഡിഹൈഡ് അർബുദത്തിന് (Cancer) കാരണമായേക്കാവുന്ന ഒരു ഘടകമാണ്. ഇവയുടെ ചെറിയ അളവിലുള്ള സമ്പർക്കം പോലും ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമാകും. തുടർച്ചയായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പലപ്പോഴും ഫോർമാൽഡിഹൈഡ് നേരിട്ടല്ല ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത്. സമയമെടുത്ത് ഫോർമാൽഡിഹൈഡ് പുറത്തുവിടുന്ന ഡിഎംഡിഎം ഹൈഡൻടോയിൻ( DMDM hydantoin), ഇമിഡസോലിഡിനൈൽ യൂറിയ (imidazolidinyl urea), ക്വാർട്ടേർനിയം-15 (quaternium-15) എന്നീ ചേരുവകൾ ലേബലിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഇവ ഒഴിവാക്കുന്നതാണ് അഭികാമ്യം. 

6. ബി പി എ – പ്ലാസ്റ്റിക് പാത്രങ്ങളിലെ അപകടം

എവിടെയെല്ലാം കാണപ്പെടുന്നു?

പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ, ഭക്ഷണപ്പൊതികൾ, ടിന്നിലടച്ച ഭക്ഷണങ്ങളുടെ ഉൾവശത്തെ ആവരണം എന്നിവയിൽ ബിപിഎ (BPA) അടങ്ങിയിട്ടുണ്ടാകാം.

ദോഷകരമാകാൻ കാരണം?

പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന ബിപിഎ ഭക്ഷണത്തിലേക്കും പാനീയങ്ങളിലേക്കും കലരാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും വന്ധ്യതയ്ക്കും കുട്ടികളുടെ ശാരീരിക വളർച്ചയിലുണ്ടാകുന്ന തകരാറുകൾക്കും കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

സുരക്ഷിത മാർഗ്ഗങ്ങൾ:

  • ഭക്ഷണവും വെള്ളവും സൂക്ഷിക്കാൻ സ്റ്റീൽ (Stainless steel) അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക.
  • പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വെച്ച് ചൂടാക്കുന്നത് (Micro-heating) പൂർണ്ണമായും ഒഴിവാക്കുക.
  • പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ബി പി എ രഹിതം (BPA-free) എന്ന് രേഖപ്പെടുത്തിയ പാത്രങ്ങൾ മാത്രം തെരഞ്ഞെടുക്കുക.

എന്തുകൊണ്ട് ഈ ഘടകങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നില്ല?

നമ്മൾ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളിൽ ഇത്രയും ദോഷകരമായ രാസവസ്തുക്കൾ ഉണ്ടായിട്ടും നമ്മൾ എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്? അതിന് ചില കാരണങ്ങളുണ്ട്:

  • ഉൽപ്പന്നങ്ങളുടെ പാക്കറ്റിന് പുറകിൽ നൽകിയിരിക്കുന്ന സങ്കീർണ്ണമായ രാസനാമങ്ങൾ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ളവയാണ്.
  • കമ്പനികൾ അവരുടെ പരസ്യങ്ങളിൽ ഉൽപ്പന്നത്തിന്റെ ഗുണങ്ങൾ മാത്രമേ വ്യക്തമാക്കാറുള്ളൂ; അതിലെ അപകട സാദ്ധ്യതകളെക്കുറിച്ച് പറയാറില്ല.
  • ഈ വിഷാംശങ്ങൾ പൊടുന്നനെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. വർഷങ്ങളോളമുള്ള ഉപയോഗത്തിലൂടെ മാത്രമേ ഇവയുടെ ദോഷഫലങ്ങൾ കണ്ടു തുടങ്ങൂ.
  • പല കെമിക്കലുകളും നിശ്ചിത അളവിൽ മാത്രം ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടാകും. എന്നാൽ നമ്മൾ ദിവസവും നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനാൽ, ഈ ചെറിയ അളവുകൾ ചേർന്ന് ശരീരത്തിൽ വലിയ തോതിൽ വിഷാംശം എത്താൻ കാരണമാകുന്നു.

ദൈനംദിന ജീവിതത്തിൽ ഇത്തരം വിഷാംശങ്ങൾ എങ്ങനെ കുറയ്ക്കാം?

വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഒറ്റയടിക്ക് മാറ്റുക എന്നത് പ്രായോഗികമല്ല. എന്നാൽ താഴെ പറയുന്ന ചെറിയ കാര്യങ്ങളിലൂടെ നമുക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും:

  • ഏതുൽപ്പന്നവും വാങ്ങുന്നതിന് മുൻപ് അതിന്റെ ലേബൽ പരിശോധിക്കുന്നത് ശീലമാക്കുക.
  • കുറഞ്ഞ അളവിൽ മാത്രം രാസവസ്തുക്കൾ അടങ്ങിയതും നമുക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുക.
  • ശക്തമായ മണമുള്ള ഉൽപ്പന്നങ്ങൾക്ക് പകരം സ്വാഭാവിക ഗന്ധമുള്ളവയോ അല്ലെങ്കിൽ സുഗന്ധരഹിതം (‘Fragrance-free’) ആയവയോ ഉപയോഗിക്കുക.
  • മാറ്റങ്ങൾ പടിപടിയായി മതി: വീട്ടിലെ സാധനങ്ങൾ ഓരോന്നായി തീരുന്നതിനനുസരിച്ച് മാത്രം അവയ്ക്ക് പകരമായി നല്ലവ വാങ്ങുക. എല്ലാം കൂടി പെട്ടെന്ന് മാറ്റേണ്ടതില്ല.
  • കഴിയുന്നിടത്തോളം സസ്യജന്യമായതോ (Plant-based) അല്ലെങ്കിൽ പരമ്പരാഗത രീതിയിലുള്ളതോ ആയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുക.

ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കാം

നിലവിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും വലിച്ചെറിയണമെന്നോ രാസവസ്തുക്കളെക്കുറിച്ചാലോചിച്ച് ടെൻഷൻ കൂട്ടണമെന്നോ അല്ല പറയുന്നത്. എന്താണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് പ്രധാനം.

ശ്രദ്ധയോടെയുള്ള ഇത്തരം ചെറിയ മാറ്റങ്ങൾ ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ ഗണ്യമായി കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഓർക്കുക, എന്ത് തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ഓരോ തീരുമാനവും ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കും. അതിനാൽ, ബുദ്ധിപൂർവ്വം, സൂക്ഷ്മതയോടെ തെരഞ്ഞെടുക്കാം!

References

  1. Toxic Effects of Bisphenol A, Propyl Paraben, and Triclosan on Caenorhabditis elegans
  2. Ingredient red flags: how to spot the chemicals to avoid in food, kitchenware and cosmetics
  3. Toxic Effects of Bisphenol A, Propyl Paraben, and Triclosan on Caenorhabditis elegans

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe