“പ്രണയബന്ധത്തിലോ അതോ സിറ്റ്വേഷൻഷിപ്പിലോ?” – രണ്ട് സുഹൃത്തുക്കളുടെ സംഭാഷണം

ഇന്നത്തെ സുഹൃദ്ബന്ധങ്ങളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ‘സിറ്റ്വേഷൻഷിപ്പുകൾ’. ഇത് വൈകാരികമായി ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും, മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. സുഹൃത്തുക്കളായ താന്യയുടേയും റിയയുടേയും സംഭാഷണത്തിൽ നിന്ന് പുതുതലമുറയുടെ ബന്ധങ്ങളും അവയുടെ നിർവ്വചനങ്ങളും സങ്കീർണ്ണതകളും നമുക്ക് മനസ്സിലാക്കാം.
അടുത്തിടെ ഒരാളുമായി അടുപ്പം തുടങ്ങിയ, പ്രണയത്തിലും സ്നേഹബന്ധങ്ങളിലും വിശ്വസിക്കുന്ന പെൺകുട്ടിയാണ് താന്യ.
റിയയാകട്ടെ, പ്രായോഗികമായി ചിന്തിക്കുന്ന, ആധുനിക പ്രണയത്തിലെ വിശേഷങ്ങളറിയാൻ ജിജ്ഞാസയുള്ള പെൺകുട്ടിയും.
താന്യ:
റിയാ, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ഒരാളുമായി അടുപ്പത്തിലാണെന്ന് തോന്നുന്നു, പക്ഷേ ഇതിനെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. ആളുകൾ ഈ ‘സിറ്റ്വേഷൻഷിപ്പ്’ എന്ന് പറയുന്നത് ഇതാണോ?
റിയ:
ഒന്നു നിൽക്ക്…നീ ഒരാളുമായി അടുപ്പത്തിലാണെന്ന് പറയുന്നു, പക്ഷേ അതൊരു റിലേഷൻഷിപ്പ് അല്ല താനും? എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ലല്ലോ. എന്താ കാര്യം ?
താന്യ:
പറയാം. ഞങ്ങൾ എന്നും സംസാരിക്കും, കോഫി ഡേറ്റിന് പോകും, രാത്രി 2 മണിവരെ ചാറ്റ് ചെയ്യും, വ്യക്തിപരമായ കാര്യങ്ങൾ പോലും ഞങ്ങൾ പങ്കുവെക്കാറുണ്ട്. പക്ഷേ… ഞങ്ങൾ ഒരു എക്സ്ക്ലൂസീവ് ബന്ധത്തിലാണെന്ന് അവൻ വ്യക്തമായി പറഞ്ഞിട്ടില്ല. ചിലപ്പോൾ അവൻ ദിവസങ്ങളോളം ഒരു വിവരവും ഇല്ലാതെ അപ്രത്യക്ഷനാകും. എന്നെ അവൻ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് പോലും എനിക്കറിയില്ല.
റിയ:
അതാണ്. ജെൻസീകൾ പറയുന്ന ‘സിറ്റ്വേഷൻഷിപ്പിൽ’ നീ പെട്ടെന്നു തോന്നുന്നു. ഒരു ലേബലും വ്യക്തമായ ദിശാബോധവും ഇല്ലാത്ത, വൈകാരികമായ ആശയക്കുഴപ്പങ്ങളുള്ള ഡേറ്റിംഗ് പോലെയാണത്.
താന്യ:
പക്ഷേ അതെങ്ങനെയാണ് ഒരു റിലേഷൻഷിപ്പിൽ നിന്ന് വ്യത്യസ്തമാകുന്നത്? ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. അത് മാത്രം പോരേ?
റിയ:
അവിടെയാണ് വ്യത്യാസം, താന്യ, ഒരു റിലേഷൻഷിപ്പിന് വ്യക്തതയുണ്ട്. വൈകാരികമായും മാനസികമായും സാമൂഹികമായും രണ്ട് പേരും ഒരേ മനസ്സോടെയാകും കാര്യങ്ങളെ നോക്കിക്കാണുന്നത്. അതിൽ ഒരു പ്രതിബദ്ധതയുണ്ട്, അത് വൈകാരികമായ പ്രതിബദ്ധതയാണെങ്കിൽ പോലും.
ഒരു സിറ്റ്വേഷൻഷിപ്പ് അവ്യക്തമാണ്. രണ്ട് പേരും ഒരു റിലേഷൻഷിപ്പിലെന്ന പോലെ പെരുമാറുന്നു, പക്ഷേ ബന്ധം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ഒരു സംസാരമോ ധാരണയോ അവർക്കിടയിൽ ഉണ്ടാകില്ല.
താന്യ:
ഓ, അത് കൊള്ളാം. എന്നുവെച്ചാൽ എന്റെ ഇപ്പോഴത്തെ അവസ്ഥ വൈകാരികമായി ആശയക്കുഴപ്പമുണ്ടാക്കുന്നതും എന്നാൽ സൗകര്യപൂർവ്വം നിർവചിക്കപ്പെടാത്തതുമാണോ?
റിയ:
അതേ, അതാണ് ശരി. ഒരു പ്രതിബദ്ധതയില്ലാതെ അടുപ്പത്തിന്റെ എല്ലാ സുഖങ്ങളും ഇത് നൽകുന്നുണ്ട്. ഇതിലെ പ്രശ്നം എന്താണെന്നാൽ, ഒരാൾക്ക് ആഴത്തിലുള്ള ഇഷ്ടം തോന്നുമ്പോൾ മറ്റേയാൾ സമ്മർദ്ദങ്ങളില്ലാത്ത ഈ ബന്ധം ആസ്വദിക്കുകയായിരിക്കും.
താന്യ:
അപ്പോൾ ഇത് ഫ്രണ്ട്ഷിപ്പ് വിത്ത് ബെനിഫിറ്റ്സ് പോലെയാണോ… പക്ഷേ അതിനേക്കാൾ സങ്കീർണ്ണമല്ലേ?
റിയ:
തീർച്ചയായും. ഇതാണ് ഇതിലെ അപകടകരമായ ഭാഗം— സിറ്റ്വേഷൻഷിപ്പുകൾ വൈകാരികമായ ഒരു ‘ലിമ്പോ’ പോലെയാണ്. അവ്യക്തമായ അവസ്ഥയാണത്. നിനക്ക് അടുപ്പം തോന്നും, പക്ഷേ നിങ്ങൾ യഥാർത്ഥത്തിൽ ഒരുമിച്ച് മുന്നോട്ട് പോകുന്നില്ല താനും.
താന്യ:
എനിക്ക് ഇപ്പോൾ അതാണ് സംഭവിക്കുന്നത്. ഞാൻ വൈകാരികമായി ഒരുപാട് അടുക്കുന്നു, പക്ഷേ അവനത് വളരെ സാധാരണമായിട്ടാണ് എടുക്കുന്നത്.
റിയ:
അവന്റെ വികാരങ്ങൾ എന്താണെന്ന് നീ നിരന്തരം ഊഹിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അത് സ്നേഹമല്ല, ഉത്കണ്ഠയാണ്. ബന്ധങ്ങൾ സമാധാനമാണ് നൽകേണ്ടത്, അല്ലാതെ ആശയക്കുഴപ്പമല്ല.
താന്യ:
നീ പറഞ്ഞത് ശരിയാണ്. അപ്പോൾ ഞാൻ എന്ത് ചെയ്യണം? ഞാൻ അവനോട് സംസാരിക്കണോ?
റിയ:
നൂറ് ശതമാനം. അവനോട് എന്താണ് വേണ്ടതെന്ന് ചോദിക്കുക. ആ സംഭാഷണത്തിൽ നിന്ന് അവൻ ഒഴിഞ്ഞുമാറുകയോ അല്ലെങ്കിൽ അവ്യക്തമായ മറുപടികൾ നൽകുകയോ ചെയ്താൽ, അതാണ് നിനക്കുള്ള സൂചന. നിനക്ക് വ്യക്തത വരണം. അത് നിൻ്റെ അവകാശമാണ്.
താന്യ:
നന്ദി, റിയ. ചില സമയത്ത് ഞാൻ പറയുന്നത് കേൾക്കാനും എന്നോട് സത്യങ്ങൾ തുറന്നു പറയാനുമുള്ള ഒരാളെയാണ് വേണ്ടത്. നീ പറഞ്ഞുതന്നത് പോലെ.
റിയ:
അതിനെന്താ , എപ്പോൾ വേണമെങ്കിലും നമുക്ക് സംസാരിക്കാമല്ലോ. പിന്നെ, ഒരു കാര്യം കൂടി— നിനക്ക് റിലേഷൻഷിപ്പിന് യോഗ്യതയുള്ളപ്പോൾ, ഒരു സിറ്റ്വേഷൻഷിപ്പിന് വേണ്ടി ഒത്തുതീർപ്പ് ചെയ്യരുത്.
ഇതിന് പിന്നിലെ ശാസ്ത്രവും മനഃശാസ്ത്രവും
1.വൈകാരിക അവ്യക്തത = മാനസിക സമ്മർദ്ദം
2021ൽ ദ ജേണൽ ഓഫ് സോഷ്യൽ ആൻഡ് പേഴ്സണൽ റിലേഷൻഷിപ്‌സ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു പഠനം പറയുന്നത്, പ്രണയബന്ധങ്ങളിലെ അവ്യക്തത, കോർട്ടിസോൾ അളവ് കൂടാനും വൈകാരിക സന്തോഷം കുറയാനും ഇടയാക്കുന്നു എന്നാണ്.
👉 Reference: Journal of Social and Personal Relationships
2.പ്രതിബദ്ധതയും മാനസികാരോഗ്യവും
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, സുരക്ഷിതമായ, പ്രതിബദ്ധതയുള്ള ബന്ധങ്ങൾ വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്തുന്നു എന്നാണ്. അതേസമയം അവ്യക്തവും സ്ഥിരമല്ലാത്തതുമായ ബന്ധങ്ങൾ (സിറ്റ്വേഷൻഷിപ്പുകൾ പോലെ) ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു.
👉 Reference: APA on Relationship Health
3.സിറ്റ്വേഷൻഷിപ്പുകൾ കൂടുന്നു
സൈക്കോളജി ടുഡേ, ഹാർവാർഡ് ഹെൽത്ത്’ എന്നീ പ്രസിദ്ധീകരണങ്ങൾ സൂചിപ്പിക്കുന്നത്, ‘സംസാരിക്കുന്ന ഘട്ടം’ (talking stage) അല്ലെങ്കിൽ ‘ലേബലുകളില്ലാത്ത’ ബന്ധങ്ങൾ, ആധുനിക കാലത്തെ പ്രണയത്തിൽ പുതുതലമുറയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ്.
👉 Reference: Psychology Today – Situationships
സിറ്റ്വേഷൻഷിപ്പുകളുടെ ഗുണങ്ങളും ദോഷങ്ങളും
സൈക്കോളജി ടുഡേ (Psychology Today) ഇതിനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ താഴെ നൽകുന്നു:
ഗുണങ്ങൾ:
സ്വാതന്ത്ര്യം, എളുപ്പത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാധ്യത. ഒരു റോളിലും ഒതുങ്ങിനിൽക്കേണ്ടി വരുന്നില്ല. മറ്റുള്ളവരുമായി ഡേറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ബന്ധങ്ങൾക്ക് വലിയ ഊന്നൽ നൽകേണ്ടതില്ല.
ദോഷങ്ങൾ:
സ്ഥിരതയില്ലായ്മ, വിശ്വസ്തതയില്ലായ്മ, ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ സാധിക്കാതെ വരിക. ഇത്, അനിശ്ചിതത്വത്തിനും സമയം പാഴാകുന്നതിനും വൈകാരികമായ അവ്യക്തതയ്ക്കും കാരണമായിത്തീരുന്നു.
ഉത്തരവാദിത്തങ്ങളില്ലാതെ ഒരു അടുപ്പം ആസ്വദിക്കാമെങ്കിലും അതിലൂടെ വൈകാരികമായ അസ്ഥിരതയിലേക്ക് വ്യക്തികൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.




