വീടിനകത്ത് പച്ചപ്പ് നിറയ്ക്കണോ? ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ?

വീടിനകത്ത് പച്ചപ്പ് നിറയ്ക്കണോ? ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ?

ഇൻഡോർ പ്ളാൻ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രകൃതിയെ അകത്തളങ്ങളിലേക്ക് ആനയിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ

ആധുനിക ജീവിതത്തിൽ വീടിൻ്റെയും മനസ്സിൻ്റെയും ഉള്ളു കുളിർപ്പിക്കുന്ന ഹരിതസ്പർശം, പലർക്കും ഏറെ പ്രിയങ്കരമാണ്. കോൺക്രീറ്റ് മതിലുകൾക്കും എയർ കണ്ടീഷണറുകൾക്കും സ്‌ക്രീനുകൾക്കുമിടയിൽ, നമ്മെ എത്തി നോക്കുന്ന കുഞ്ഞു ചെടികൾ വലിയ ആശ്വാസമാണ്. 

വീട്ടകങ്ങൾ  അലങ്കരിക്കാനുള്ള വസ്തു എന്നതിലുപരിയായി ശാന്തതയുടെയും ഉണർവ്വിൻ്റെയും പ്രകൃതിയുമായുള്ള ഉൾച്ചരലിൻ്റെയും പ്രതീകങ്ങളായി തലയുയർത്തിയും പൂക്കൾ നിറച്ചും പടർന്നുകയറിയുമൊക്കെ അവ പച്ചപ്പിൻ്റെ കൊച്ചു തുരുത്തുകൾ തീർക്കും. 

മനസ്സിന് ശാന്തത നൽകുന്ന പീസ് ലില്ലിയുടെ (Peace Lily) ഹരിതാഭ മുതൽ, സ്നേക്ക് പ്ലാൻ്റിൻ്റെ (Snake Plant) സൗന്ദര്യം വരെ, ശുദ്ധവായു ലഭിക്കാനും മനസ്സ് ശാന്തമാക്കാനും ലോകമെമ്പാടുമുള്ള ആളുകൾ ഇൻഡോർ സസ്യങ്ങളെ ആശ്രയിക്കുന്നുണ്ട്.

ഇൻഡോർ സസ്യങ്ങൾ എപ്പോഴും നല്ലതാണോ? ഇത്തരം സസ്യങ്ങൾക്ക് എന്തെങ്കിലും ദോഷവശങ്ങളുണ്ടോ? ഇൻഡോർ പ്ലാൻ്റ് വളർത്തുന്നതിൻ്റെ  ശാസ്ത്രീയമായ വശങ്ങളും ആരോഗ്യപരമായ സാധ്യതകളും നമുക്ക് പരിശോധിക്കാം.

ഇൻഡോർ പ്ലാൻ്റുകൾക്ക്  പിന്നിലെ ശാസ്ത്രം

സസ്യങ്ങൾ പ്രകാശസംശ്ലേഷണം (Photosynthesis) നടത്തുന്നു, അതുവഴി കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനായി മാറ്റുന്നു. അതുപോലെ, പെയിൻ്റുകൾ, ഫർണിച്ചർ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവ കാരണം വീടിനുള്ളിൽ സാധാരണയായി ഉണ്ടാകുന്ന ഫോർമാൽഡിഹൈഡ്, ബെൻസീൻ, സൈലീൻ തുടങ്ങിയ മലിനവായുവിനെയും ചില സസ്യങ്ങൾ വലിച്ചെടുക്കുന്നു. നാസയുടെയും മറ്റ് പരിസ്ഥിതി ആരോഗ്യ സംഘടനകളുടെയും പഠനങ്ങൾ തെളിയിക്കുന്നത്, ചില ഇൻഡോർ സസ്യങ്ങൾക്ക് വായുവിനെ ശുദ്ധീകരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും  ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ്. എങ്കിലും, ഈ ഗുണങ്ങൾ ചെടിയുടെ തരം, എണ്ണം, മുറിയിലെ വായുസഞ്ചാരം, പരിപാലന രീതികൾ എന്നിവയെ ആശ്രയിച്ചിരിക്കും.

ഇൻഡോർ പ്ലാൻ്റുകളുടെ ഗുണങ്ങൾ?

1. സ്വാഭാവിക വായു ശുദ്ധീകരണത്തിന്

സ്പൈഡർ പ്ലാൻ്റ് (Spider Plant), അരേക്ക പാം (Areca Palm), സ്നേക്ക് പ്ലാൻ്റ് (Snake Plant), പീസ് ലില്ലി (Peace Lily) തുടങ്ങിയ സസ്യങ്ങൾ അന്തരീക്ഷത്തിലെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത് വായുവിന്റെ മേൻമ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അവ ഓക്സിജന്റെ അളവ് കൂട്ടുകയും കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും നല്ല വായുസഞ്ചാരമുള്ള മുറികളിൽ വെയ്ക്കുമ്പോൾ.

ശാസ്ത്രം പറയുന്നത്: നാസ നടത്തിയ ഒരു പഠനത്തിൽ, ചില ഇൻഡോർ സസ്യങ്ങൾക്ക് വെറും 24 മണിക്കൂറിനുള്ളിൽത്തന്നെ അന്തരീക്ഷത്തിലെ വിഷവസ്തുക്കളിൽ 87% വരെ നീക്കം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

2. മാനസിക സമ്മർദ്ദം കുറയ്ക്കുന്നു, ആരോഗ്യം മെച്ചപ്പെടുത്തുന്നു

പച്ചപ്പ് നമ്മുടെ മസ്തിഷ്ക്കത്തിന് ശാന്തത നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അകത്തള സസ്യങ്ങൾ സമ്മർദ്ദ ഹോർമോണുകൾ (കോർട്ടിസോൾ) കുറയ്ക്കുന്നതിനും ഉത്കണ്ഠ (Anxiety) കുറയ്ക്കുന്നതിനും നല്ല മാനസികാവസ്ഥ വളർത്തുന്നതിനും സഹായിക്കുന്നു.

ചെടിക്ക് വെള്ളം ഒഴിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നതുപോലും തെറാപ്പിക്ക് സമാനമായ ഗുണങ്ങൾ നൽകുന്നുണ്ട്, പ്രത്യേകിച്ചും നഗരങ്ങളിൽ താമസിക്കുന്നവർക്ക്.

 ലാവെൻ്റർ (Lavender), കറ്റാർവാഴ (Aloe Vera), ജാസ്മിൻ (Jasmine) പോലുള്ള സസ്യങ്ങൾ കിടപ്പുമുറികളിലോ ജോലിസ്ഥലത്തോ സൂക്ഷിക്കുന്നത് ഉൻമേഷത്തിനും വിശ്രമത്തിനും നല്ല ഉറക്കത്തിനും സഹായിക്കും.

3. സൗന്ദര്യവും പ്രകൃതിയുമായുള്ള ബന്ധവും

ഇൻഡോർ സസ്യങ്ങൾ വീടുകൾക്ക് പ്രസരിപ്പും ജീവനും നൽകുന്നു.

കോൺക്രീറ്റ് കെട്ടിടങ്ങളുടെ യാന്ത്രിക സ്വഭാവം കുറയ്ക്കുകയും ശബ്ദം ആഗിരണം ചെയ്യുകയും പ്രകൃതിയെ അകത്തളങ്ങളിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു.

 പച്ചപ്പിന് ഇടമൊരുക്കിയ വീടുകൾ കൂടുതൽ സുഖകരവും സന്തോഷകരവുമായി അനുഭവപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു.

4. ഈർപ്പം നിയന്ത്രിക്കുന്നു

ട്രാൻസ്പിരേഷൻ (Transpiration) എന്ന പ്രക്രിയയിലൂടെ സസ്യങ്ങൾ നീരാവി പുറത്തുവിടുന്നു, ഇത് സ്വാഭാവികമായി അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിപ്പിക്കുന്നു.

ഇത് വരണ്ട ചർമ്മം, സൈനസ് പ്രശ്‌നങ്ങൾ, തൊണ്ടയിലെ അസ്വസ്ഥതകൾ എന്നിവ തടയാൻ സഹായിക്കും—എയർ കണ്ടീഷൻ ചെയ്ത ചുറ്റുപാടുകളിൽ സാധാരണമായ പ്രശ്നങ്ങളാണിവ.

5. ശ്രദ്ധയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു

ചെടികളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് കൂടുതൽ ഏകാഗ്രതയും സർഗ്ഗാത്മകതയും തൊഴിലിൽ സംതൃപ്തിയും അനുഭവപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ചെടികൾക്ക് സമീപമിരുന്ന് പഠിക്കുന്ന കുട്ടികളിലും ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുന്നതായി കണ്ടുവരുന്നു.

6. പ്രതീകാത്മകവും വൈകാരികവുമായ സൗഖ്യം

ചെടികളെ പരിപാലിക്കുന്നത് പലപ്പോഴും മൈൻഡ്ഫുൾ ലിവിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു—സമയം എടുത്ത്, വളർച്ച നിരീക്ഷിച്ച്, കാലക്രമേണ പരിപോഷിപ്പിച്ച് വളർത്തുന്ന രീതിയിൽ മനസ്സുഖവും സംതൃപ്തിയും കൈവരുന്നു.

സസ്യങ്ങൾക്ക്, പല സംസ്കാരങ്ങളിലും പ്രാധാന്യം നൽകിവരുന്നുണ്ട്—ഭാരതത്തിലെ വീടുകളിൽ അതീവശ്രദ്ധയോടെ പരിപാലിച്ചു വരുന്ന തുളസിച്ചെടി,  ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു, അതേസമയം ഫെങ്ഷുയി തത്വങ്ങളിൽ, സന്തുലിതാവസ്ഥയ്ക്കും ഊർജ്ജ പ്രവാഹത്തിനും പച്ചപ്പ് വലിയ പങ്കുവഹിക്കുന്നു എന്ന്  വിശ്വസിക്കപ്പെടുന്നു.

ഇൻഡോർ പ്ലാൻ്റുകൾ ദോഷകരമാകുന്നത് എപ്പോൾ?

ഇൻഡോർ പച്ചപ്പ് ദോഷകരമല്ലാത്ത ഒന്നായിട്ടാണ് കാണുന്നതെങ്കിലും, ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

1. പൂപ്പലും അലർജിയും

അമിതമായി നനയ്ക്കുന്നതും വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്തതും മണ്ണിനുള്ളിൽ അല്ലെങ്കിൽ ഇലകളിൽ പൂപ്പൽ വളരാൻ കാരണമായേക്കാം. ഇത് ശ്വസനസംബന്ധമായ അലർജികൾക്ക് വഴിവെയ്ക്കും.

ആസ്ത്മയോ പൂമ്പൊടിയോടുള്ള സംവേദനക്ഷമതയോ ഉള്ളവർ ശ്രദ്ധിക്കണം.

വെള്ളം കെട്ടിനിൽക്കാത്ത ചട്ടികൾ ഉപയോഗിക്കുക, അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക, പൂപ്പൽ രൂപപ്പെടുന്നത് കുറയ്ക്കാൻ ഇടയ്ക്ക് ചെടികളിൽ സൂര്യപ്രകാശം കൊള്ളിക്കുക.

2. പ്രാണികളും കീടങ്ങളും 

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാണെങ്കിൽ, ചെടികൾ ചെറിയ പ്രാണികളെയും കൊതുകുകളെയും ആകർഷിക്കാൻ സാധ്യതയുണ്ട്.

ഈ ചെറു പ്രാണികൾ വേഗത്തിൽ പെരുകുകയും വീട്ടിൽ ശല്യമുണ്ടാക്കുകയും ചെയ്യും.

ഇലകൾ ഈർപ്പമില്ലാതെ സൂക്ഷിക്കുക, ഇടയ്ക്കിടെ മണ്ണ് മാറ്റി കൊടുക്കുക, വേപ്പെണ്ണ സ്പ്രേ പോലുള്ള പ്രകൃതിദത്ത കീടനാശിനികൾ ഉപയോഗിക്കുക.

3. വായു ശുദ്ധീകരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

സസ്യങ്ങൾ വായുവിനെ ശുദ്ധീകരിക്കുന്നുണ്ടെങ്കിലും, വീടിനുള്ളിലെ വായുവിൻ്റെ മൊത്തം അളവുമായി താരതമ്യം ചെയ്യുമ്പോൾ അതിൻ്റെ ഫലം വളരെ കുറവാണ്.

നാസയുടെ പഠനങ്ങളിൽ പറഞ്ഞതുപോലെ വായുവിനെ പൂർണ്ണമായി ശുദ്ധീകരിക്കാൻ, ഒരു മുറിയിൽ വലിയ തോതിൽ, ഡസൻ കണക്കിന് ചെടികൾ ആവശ്യമായി വരും—ഇത് മിക്ക വീടുകളിലും പ്രായോഗികമല്ല.

ചെടികൾ സഹായകമാണെങ്കിലും, ശരിയായ വായുസഞ്ചാരത്തിനും വായു ചംക്രമണത്തിനും അവ പകരമാവില്ല.

4. വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും വിഷാംശസാദ്ധ്യത 

ഡിഫൻബാഷ്യ (Dieffenbachia – Dumb Cane), ഫിലോഡെൻഡ്രോൺ, കറ്റാർ വാഴ, പോത്തോസ് (Pothos) പോലുള്ള ചില സാധാരണ ഇൻഡോർ സസ്യങ്ങൾ വളർത്തുമൃഗങ്ങളോ ചെറിയ കുട്ടികളോ അബദ്ധത്തിൽ കഴിച്ചാൽ വിഷാംശമുള്ളതാകാം.

ഇവ ഓക്കാനം, ഛർദ്ദി, വായയിലും തൊണ്ടയിലും അസ്വസ്ഥത എന്നിവ ഉണ്ടാക്കാം.

വീട്ടിൽ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ, ചെടി വാങ്ങുന്നതിന് മുമ്പ് അവയുടെ വിഷാംശം സംബന്ധിച്ച് അന്വേഷിച്ചറിയുക.

5. രാത്രിയിലെ ഓക്സിജൻ – തെറ്റിദ്ധാരണ

രാത്രിയിൽ, മിക്ക സസ്യങ്ങളും ശ്വസന പ്രക്രിയയിലേക്ക് മാറുന്നു, ഓക്സിജന് പകരം ചെറിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.

സാധാരണ സാഹചര്യങ്ങളിൽ ഇത് ദോഷകരമല്ലെങ്കിലും, ചെറിയ, അടച്ചിട്ട കിടപ്പുമുറിയിൽ കൂടുതൽ ചെടികൾ വെക്കുന്നത് വായുവിൻ്റെ ഗുണമേന്മ നേരിയ തോതിൽ കുറച്ചേക്കാം.

 സ്നേക്ക് പ്ലാൻ്റ്, കറ്റാർവാഴ, അരേക്ക പാം തുടങ്ങിയ സസ്യങ്ങൾ രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നു—അതുകൊണ്ട് ഇവ കിടപ്പുമുറികൾക്ക് അനുയോജ്യമാണ്.

6. പരിപാലനവും സമയവും

ഇൻഡോർ സസ്യങ്ങൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്—വെള്ളമൊഴിക്കൽ, ചട്ടി മാറ്റൽ, കൊമ്പ് കോതൽ, കീടനിയന്ത്രണം, ആവശ്യത്തിന് വെളിച്ചം എന്നിവയെല്ലാം വേണം.

തിരക്കുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം, ചെടികൾക്ക് വേണ്ടത്ര സമയവും ശ്രദ്ധയും നൽകാൻ കഴിയണമെന്നില്ല. ഇത്, ചെടികൾ അഴുകി ദുർഗന്ധം വമിക്കാനും വീടിനകം വൃത്തിഹീനമാകാനും വഴിവെയ്ക്കും.

അകത്തളങ്ങളിൽ പച്ചപ്പ് നിറയ്ക്കാനുള്ള മികച്ച വഴികൾ 

ചെടികളോടൊപ്പം ജീവിക്കുക എന്ന ആശയം നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, അതിൻ്റെ ഗുണങ്ങൾ സുരക്ഷിതമായി ആസ്വദിക്കാൻ ഇതാ ചില വഴികൾ:

  • പരിപാലനം കുറഞ്ഞതും വിഷാംശമില്ലാത്തതുമായ സസ്യങ്ങൾ തെരഞ്ഞെടുക്കുക. ഉദാഹരണത്തിന്: സ്നേക്ക് പ്ലാൻ്റ് (Snake Plant), ZZ പ്ലാൻ്റ്, സ്പൈഡർ പ്ലാൻ്റ് (Spider Plant), പോത്തോസ് (Pothos).
  • സന്തുലിതാവസ്ഥ നിലനിർത്താൻ, ഓരോ 100 ചതുരശ്ര അടിയിലും 1-2 ചെടികൾ മാത്രം വെക്കുക.
  • സൂര്യപ്രകാശത്തിനും വായുസഞ്ചാരത്തിനുമായി ചെടികളെ ജനലുകൾക്ക് അടുത്തോ വായു കടക്കുന്ന മൂലകളിലോ സ്ഥാപിക്കുക.
  • ഫലഭൂയിഷ്ഠമായ മണ്ണ് ഉപയോഗിക്കുകയും രാസവളങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
  • ഇലകൾ സ്ഥിരമായി തുടയ്ക്കുക, ഉണങ്ങിയ ഭാഗങ്ങൾ മുറിച്ചുമാറ്റുക, ആവശ്യമുള്ളപ്പോൾ ചെടികൾ ചട്ടി മാറ്റി നടുക.
  • അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക—മിക്ക ഇൻഡോർ സസ്യങ്ങൾക്കും നനഞ്ഞ വേരുകളേക്കാൾ അൽപം ഉണങ്ങിയ അവസ്ഥയാണ് അഭികാമ്യം.
  • ശുദ്ധവായു ലഭിക്കുന്നതിനായി ഇടയ്ക്കിടെ ചെടികൾ പുറത്ത് വെയിലത്ത് വെക്കുക.

ഇൻഡോർ സസ്യങ്ങൾ സന്തോഷവും ആരോഗ്യവും സമാധാനവുമെല്ലാം നൽകും, എന്നാൽ ഇവയ്ക്ക് കൃത്യമായ പരിചരണം നൽകേണ്ടത് അനിവാര്യമാണ്.

വീടിനുള്ളിൽ ശുചിത്വം, വെളിച്ചം, വായുസഞ്ചാരം എന്നിവ  നിലനിർത്തുകയാണെങ്കിൽ, അകത്തള സസ്യങ്ങൾ നിങ്ങളുടെ വീടുകളിൽ ഊർജ്ജസ്വലത നിറയ്ക്കും.

ചെടികൾ കേവലം അകത്തളങ്ങൾക്ക് മോടി കൂട്ടാനുള്ള വസ്തുക്കളല്ല—വെള്ളവും വായുവും വെളിച്ചവും നമ്മുടെ കരുതലും  ആവശ്യമുള്ള ജീവനുള്ള ഘടകമാണത്.

അതുകൊണ്ട്,പ്രകൃതിയുടെ സൗന്ദര്യത്തെ കരുതലോടെ തന്നെ അകത്തേക്ക് ആനയിക്കാം.

References :

1. Interior plans

2. Can Plants Really Improve Indoor Air Quality?

3. Planting Healthier Indoor Air

4. Why gardening bring goodness?

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe