വിളർച്ച: അവഗണിക്കുന്നത് അപകടകരം-ലക്ഷണം, കാരണം, പരിഹാര മാർഗ്ഗങ്ങൾ

വിളർച്ച: അവഗണിക്കുന്നത് അപകടകരം-ലക്ഷണം, കാരണം, പരിഹാര മാർഗ്ഗങ്ങൾ

 ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും സാധാരണവും എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒന്നാണ് അനീമിയ അഥവാ വിളർച്ച. പലപ്പോഴും ആളുകൾ ഇതിനെ വെറുമൊരു സാധാരണ ക്ഷീണം അല്ലെങ്കിൽ തളർച്ച മാത്രമായിക്കണ്ട് അവഗണിക്കാറുണ്ട്. എന്നാൽ, ഈ നിരന്തരമായ ക്ഷീണത്തിനും വിളറിയ നിറത്തിനും പിന്നിൽ ഗുരുതരമായ ഒരു വിഷയമുണ്ട്: രക്തത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കളോ (RBCs) ഹീമോഗ്ലോബിനോ ഇല്ലാത്തതുകൊണ്ട് ശരീരത്തിന് വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നില്ല എന്നതാണ് ആ പ്രശ്നം.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 1.9 ബില്യണിലധികം ആളുകൾ വിളർച്ച ബാധിച്ചവരാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇന്ത്യയിൽ ഇതൊരു അടിയന്തിര പൊതുജനാരോഗ്യ പ്രശ്നം തന്നെയാണ്—പ്രത്യുൽപാദന പ്രായത്തിലുള്ള ഏകദേശം 50% സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള വിളർച്ചയാൽ ബുദ്ധിമുട്ടുന്നുണ്ട്.

എന്താണ് അനീമിയ?

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവോ ചുവന്ന രക്താണുക്കളുടെ എണ്ണമോ സാധാരണ നിലയേക്കാൾ കുറവായിരിക്കുന്ന അവസ്ഥയാണ് വിളർച്ച.

ചുവന്ന രക്താണുക്കളിലെ ഇരുമ്പിന്റെ അംശം അടങ്ങിയ പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ശ്വാസകോശത്തിൽ നിന്ന് ഓക്സിജനെ ശരീരത്തിലെ ഓരോ കോശത്തിലേക്കും എത്തിക്കുന്ന ചുമതല ഹീമോഗ്ലോബിനാണ്. ഇതിന്റെ അളവ് കുറയുമ്പോൾ, നമ്മുടെ അവയവങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല. ഈ ഘട്ടത്തിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

ഹീമോഗ്ലോബിൻ- സാധാരണ അളവുകൾ:

  • പുരുഷന്മാർ 13.5–17.5 g/dL
  • സ്ത്രീകൾ 12.0–15.5 g/dL
  • കുട്ടികൾ 11–13 g/dL

അനീമിയ- തരങ്ങൾ

എല്ലാ വിളർച്ചയും ഒരുപോലെയല്ല. ശരിയായ ചികിത്സ നൽകാൻ,  കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്.

1. ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളർച്ച (Iron-Deficiency Anemia – IDA)

  • ഇതാണ് ഏറ്റവും സാധാരണമായി കാണുന്നത്.
  • ഇതിന് കാരണം ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാത്തതോ, തുടർച്ചയായ രക്തനഷ്ടമോ (അമിതമായ ആർത്തവം, അൾസർ, കുടലിലെ രക്തസ്രാവം പോലുള്ളവ) അല്ലെങ്കിൽ ഇരുമ്പിന്റെ ആഗിരണം (Absorption) കുറയുന്നതോ ആകാം.
  • ഇരുമ്പിന്റെ കുറവ് മൂലം,ചുവന്ന രക്താണുക്കൾ ചെറുതും വിളറിയതുമാകും  (Microcytic, Hypochromic).

2. വിറ്റാമിന്റെ കുറവുകൊണ്ടുള്ള വിളർച്ച (Vitamin-Deficiency Anemia)

  • വിറ്റാമിൻ B12 ന്റെയോ ഫോളേറ്റിന്റെയോ കുറവാണ് ഇതിന് കാരണം.
  • ഈ വിറ്റാമിനുകൾ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്.
  • വിറ്റാമിന്റെ കുറവ് മൂലം വലുതും എന്നാൽ വേണ്ടത്ര വളർച്ചയെത്താത്തതുമായ രക്താണുക്കൾ (Macrocytic Anemia) ഉണ്ടാകാം.
  • സസ്യാഹാരികളിലും പ്രായമായവരിലും ഇത് സാധാരണമാണ്.

3. വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള വിളർച്ച (Anemia of Chronic Disease)

  • വിട്ടുമാറാത്ത അണുബാധകൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ (സന്ധിവാതം പോലുള്ളവ), വൃക്കരോഗങ്ങൾ എന്നിവയുള്ളവരിൽ ഇത് കാണപ്പെടുന്നു.
  • ശരീരത്തിൽ ഇരുമ്പിൻ്റെ അളവ് ആവശ്യത്തിന്നുസരിച്ച്  ഉണ്ടെങ്കിലും, അത് ഉപയോഗിക്കാനുള്ള ശരീരത്തിന്റെ ശേഷി ഈ രോഗങ്ങൾ കാരണം കുറയുന്നു.

4. ഹീമോലൈറ്റിക് അനീമിയ (Hemolytic Anemia)

  • ശരീരം ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ നശിപ്പിച്ചു കളയുന്നു.
  • ഇത് പാരമ്പര്യമായി ലഭിക്കുന്നതോ (സിക്കിൾ സെൽ അനീമിയ, തലാസ്സീമിയ പോലുള്ളവ) അല്ലെങ്കിൽ അണുബാധകൾ, ഓട്ടോഇമ്മ്യൂൺ തകരാറുകൾ, മരുന്നുകൾ എന്നിവ കാരണം ആർജ്ജിക്കുന്നതോ ആകാം.

5. അപ്ലാസ്റ്റിക് അനീമിയ (Aplastic Anemia)

  • അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥ. ഈ അവസ്ഥയിൽ അസ്ഥി മജ്ജയ്ക്ക് (Bone Marrow) ആവശ്യത്തിന് രക്തകോശങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.
  • വൈറൽ അണുബാധകൾ, വിഷവസ്തുക്കൾ, റേഡിയേഷൻ അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ തകരാറുകൾ എന്നിവ ഇതിന് കാരണമാകാം.

അവഗണിക്കരുതാത്ത സാധാരണ ലക്ഷണങ്ങൾ

വിളർച്ച സാവധാനത്തിലാണ് വികസിക്കുന്നത്, അതിനാൽ ശരീരം പലപ്പോഴും ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും രോഗത്തിന്റെ ഗൗരവം പ്രകടമാകാതിരിക്കുകയും ചെയ്യാം. എങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

  • സ്ഥിരമായ ക്ഷീണം അല്ലെങ്കിൽ തളർച്ച
  • വിളറിയതോ മഞ്ഞളിച്ചതോ ആയ ചർമ്മം
  • ശ്വാസം മുട്ടൽ (പ്രത്യേകിച്ച് കായികാദ്ധ്വാനം ചെയ്യുമ്പോൾ)
  • തലകറക്കം അല്ലെങ്കിൽ ബോധക്ഷയം
  • കൈകളിലും കാലുകളിലും തണുപ്പ് അനുഭവപ്പെടുന്നത്
  • നഖങ്ങൾ പൊട്ടുക, മുടി കൊഴിച്ചിൽ
  • ഹൃദയമിടിപ്പ് കൂടുക
  • രാത്രിയിൽ, പ്രത്യേകിച്ച് അയേൺ കുറവുള്ളവരിൽ, കാലുകൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ അറിയാതെ ചലിക്കുന്ന അവസ്ഥ(Restless legs)

ലക്ഷണങ്ങൾക്ക് പിന്നിലെ ശാസ്ത്രം

ഊർജ്ജം (ATP) ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങൾക്ക് ഓക്സിജൻ അത്യാവശ്യമാണ്. ഹീമോഗ്ലോബിൻ കുറയുമ്പോൾ, ഓക്സിജൻ ലഭ്യതയും കുറയുന്നു. തൽഫലമായി,  പേശികൾ, തലച്ചോറ്, ഹൃദയം എന്നിവയ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ല. ഇതാണ് ക്ഷീണം, ശ്രദ്ധക്കുറവ്, ഹൃദയമിടിപ്പ് കൂടുന്നത് എന്നീ കാരണങ്ങൾക്കടിസ്ഥാനം. ഓക്സിജൻ കുറവ് നികത്താൻ ശരീരം ശ്രമിക്കുന്നതിൻ്റെ ഫലമാണ് ഹൃദയമിടിപ്പിലെ വർദ്ധന.

ഗുരുതരമായ അവസ്ഥകളിൽ, ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരികയും അത് കാർഡിയോമെഗാലിക്ക് (ഹൃദയം വലുതാകൽ) അല്ലെങ്കിൽ ഹൃദയസ്തംഭനത്തിലേക്ക് പോലും നയിക്കുകയും ചെയ്തേക്കാം.

ആർക്കാണ് കൂടുതൽ സാധ്യത? 

  • പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾ – ആർത്തവം, ഗർഭധാരണം എന്നിവ കാരണം.
  • കുട്ടികളും കൗമാരക്കാരും – അതിവേഗത്തിലുള്ള വളർച്ചയുടെ ആവശ്യകതകൾ കാരണം.
  • പ്രായമായവർ – മോശം ഭക്ഷണക്രമം അല്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങൾ കാരണം.
  • സസ്യാഹാരികളും വീഗൻ രീതി അനുവർത്തിക്കുന്നവരും – ഹീം അയൺ (Heme iron) കുറഞ്ഞ അളവിൽ മാത്രം കഴിക്കുന്നത് കൊണ്ട്.
  • വിട്ടുമാറാത്ത രോഗങ്ങളുള്ളവർ – വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ, ഓട്ടോഇമ്മ്യൂൺ തകരാറുകൾ എന്നിവയുള്ളവർ.
  • സ്ഥിരമായി രക്തം ദാനം ചെയ്യുന്നവർ.

രോഗനിർണയം: വിളർച്ച എങ്ങനെ കണ്ടെത്താം?

ലളിതമായ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) പരിശോധനയിലൂടെ വിളർച്ച കണ്ടെത്താൻ കഴിയും:

  • ഹീമോഗ്ലോബിൻ (Hb) അളവ് കുറവ് 
  • ഹെമറ്റോക്രിറ്റ് (Hct) അളവ് കുറവ് 
  • ചുവന്ന രക്താണുക്കളുടെ എണ്ണക്കുറവ്
  • ചുവന്ന രക്താണുക്കളുടെ വലുപ്പത്തിലും നിറത്തിലുമുള്ള വ്യതിയാനങ്ങൾ (MCV, MCHC)

കൂടുതൽ പരിശോധനകളിൽ ഇവ ഉൾപ്പെടാം:

  • സെറം ഫെറിറ്റിൻ, ഇരുമ്പിൻ്റെ അളവുകൾ
  • വിറ്റാമിൻ ബി12, ഫോളേറ്റ് അളവുകൾ
  • റെറ്റിക്യുലോസൈറ്റ് കൗണ്ട് (അസ്ഥി മജ്ജയുടെ പ്രവർത്തനം അറിയാൻ)
  • പെരിഫെറൽ സ്മിയർ
  • സ്റ്റൂൾ ഒക്കൾട്ട് ബ്ലഡ് ടെസ്റ്റ് (ആന്തരിക രക്തസ്രാവം അറിയാൻ)

ചികിത്സ: സന്തുലിതാവസ്ഥ വീണ്ടെടുക്കൽ 

ചികിത്സ, വിളർച്ചയുടെ യഥാർത്ഥ കാരണത്തെ ആശ്രയിച്ചിരിക്കുന്നു.

ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളർച്ച

  • ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ: ചുവന്ന മാംസം, കരൾ, ചീര, പരിപ്പ്, ഈന്തപ്പഴം, ശർക്കര, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ തുടങ്ങിയ ഇരുമ്പിൻ്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
  • അയേൺ സപ്ലിമെന്റുകൾ: ഫെറസ് സൾഫേറ്റ് അല്ലെങ്കിൽ ഫ്യൂമറേറ്റ് ടാബ്‌ലെറ്റുകൾ വിറ്റാമിൻ സിയോടൊപ്പം കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.
  • രക്തസ്രാവത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തുക (അൾസർ അല്ലെങ്കിൽ അമിതമായ ആർത്തവം പോലുള്ളവ).

വിറ്റാമിന്റെ കുറവുകൊണ്ടുള്ള വിളർച്ച 

  • വിറ്റാമിൻ ബി12 കുത്തിവയ്പ്പുകളോ ഗുളികകളോ.
  • ഫോളേറ്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ( ഇലക്കറികൾ, സിട്രസ് പഴങ്ങൾ, പയറുവർഗ്ഗങ്ങൾ).

വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള വിളർച്ച 

  • പ്രാഥമിക രോഗത്തിന് (ഉദാഹരണത്തിന്, സന്ധിവാതം) ചികിത്സ നൽകുക.
  • ചിലപ്പോൾ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ എറിത്രോപോയെറ്റിൻ കുത്തിവയ്പ്പുകൾ നൽകിയേക്കാം.

ഗുരുതരമായ വിളർച്ച

ഗുരുതരമായ സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് രക്തം സ്വീകരിക്കുകയോ അല്ലെങ്കിൽ അസ്ഥി മജ്ജ മാറ്റിവെയ്ക്കുകയോ  (Bone Marrow Transplant) വേണ്ടി വന്നേക്കാം.

പോഷകാഹാര നുറുങ്ങുകൾ: വിളർച്ചയെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ:

  • ഹീം അയൺ (എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്): കരൾ, ചിക്കൻ, മത്സ്യം, ചുവന്ന മാംസം.
  • നോൺ-ഹീം അയൺ: ചീര, ചീരത്തണ്ട്, പയർവർഗ്ഗങ്ങൾ,ടോഫു, മത്തങ്ങ വിത്തുകൾ.

വിറ്റാമിൻ സി ലഭ്യമാക്കാൻ:

  • ഓറഞ്ച്, നെല്ലിക്ക, പേരക്ക, നാരങ്ങ – ഇവ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.

ഫോളേറ്റ്, വിറ്റാമിൻ ബി12 ഉറവിടങ്ങൾ:

  • മുട്ട, പാൽ ഉൽപന്നങ്ങൾ, ധാന്യങ്ങൾ, ബ്രൊക്കോളി.

ഇരുമ്പ് കഴിക്കുമ്പോൾ ഒഴിവാക്കേണ്ടവ:

  • ചായ, കാപ്പി, കാൽസ്യം സപ്ലിമെന്റുകൾ — ഇവ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.

പ്രതിരോധമാണ് ചികിത്സയേക്കാൾ എളുപ്പം

  • ഇരുമ്പും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
  • കൃത്യമായ ഇടവേളകളിൽ വിരശല്യത്തിന് ചികിത്സിക്കുക.
  • അമിതമായ ആർത്തവ പ്രശ്നങ്ങൾ നേരത്തെ പരിഹരിക്കുക.
  • പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പതിവായ ആരോഗ്യ പരിശോധനകൾ നടത്തുക.
  • ഗർഭിണികൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പിന്റെയും ഫോളേറ്റിന്റെയും സപ്ലിമെന്റുകൾ കഴിക്കുക.

എപ്പോൾ ഡോക്ടറെ കാണണം? 

സ്ഥിരമായ ക്ഷീണം, തലകറക്കം, അല്ലെങ്കിൽ ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതിനെ വെറും “മാനസിക സമ്മർദ്ദം” മാത്രമായി തള്ളിക്കളയരുത്. ലളിതമായ രക്തപരിശോധനയിലൂടെ ദീർഘകാല സങ്കീർണ്ണതകളെ തടയാൻ സാധിക്കും.

വിളർച്ച ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും, അത് ഉൽപാദനക്ഷമത, തലച്ചോറിന്റെ ആരോഗ്യം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ജീവിതനിലവാരം എന്നിവയെ നിശ്ശബ്ദമായി ബാധിക്കുന്നു.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതും സമീകൃതാഹാരം കഴിക്കുന്നതും കൃത്യ സമയത്തുള്ള വൈദ്യസഹായം തേടുന്നതും വഴി ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഊർജ്ജവും ജീവിതത്തിന്റെ താളവും വീണ്ടെടുക്കാൻ സഹായിക്കും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe