മദ്യപാനം ശീലമാകുമ്പോൾ: ശരീരത്തിൽ സംഭവിക്കുന്നതെന്തെല്ലാം?

മദ്യപാനം ശീലമാകുമ്പോൾ: ശരീരത്തിൽ സംഭവിക്കുന്നതെന്തെല്ലാം?

ദോഷകരമാകുന്നത് എങ്ങനെ?

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ നിശബ്ദനായ വേട്ടക്കാരനായി മദ്യത്തെ വിശേഷിപ്പിക്കാറുണ്ട്. ആഘോഷവേളയിലെ പാനീയമായും മനസ്സിന് അയവ് വരുത്താനുള്ള മാർഗ്ഗമായും ഇടയ്ക്ക് വല്ലപ്പോഴും കൂട്ടുകാർക്കൊപ്പമുള്ള ഒരു ‘ചിയേഴ്സ്’ പറച്ചിലിൻ്റെ ചഷകമായുമെല്ലാം പലരുടേയും ജീവിതത്തിൽ മദ്യം കടന്നുവരാറുണ്ട്. പലപ്പോഴും ആശ്വാസത്തിന്റെയോ സൗഹൃദത്തിന്റെയോ മുഖംമൂടിയണിഞ്ഞാണ് മദ്യം ഇങ്ങനെ കടന്നു വരിക. എന്നാൽ, ലക്ഷക്കണക്കിന് ആളുകളിൽ ഈ കടന്നുവരവ്, ക്രമേണ നിശ്ശബ്ദനായ വേട്ടക്കാരൻ്റെ രൂപം കൈക്കൊള്ളുന്നു.

മദ്യാസക്തി അഥവാ ആൽക്കഹോൾ ഉപയോഗത്തകരാർ (Alcohol Use Disorder – AUD), എന്നത് മനക്കരുത്തിൻ്റെ കുറവുകൊണ്ടു മാത്രം സംഭവിക്കുന്നതല്ല. അത് തലച്ചോറിലെ രാസഘടനയെ മാറ്റിമറിക്കുന്ന, സന്തോഷം നൽകുന്ന സംവിധാനങ്ങളെ (reward systems) കീഴടക്കുന്ന, ദീർഘകാല ചികിൽസയും മാനസിക പിന്തുണയും നൽകേണ്ട അവസ്ഥയാണ്. 

മദ്യാസക്തിയുടെ (Alcoholism) പിന്നിലെ ശാസ്ത്രവും  മാനസികവശങ്ങളും മനുഷ്യജീവിതത്തിൽ അത് വരുത്തുന്ന നഷ്ടങ്ങളെയും പറ്റി nellikka.life പരിശോധിക്കുന്നു. ഒപ്പം, സഹാനുഭൂതിയും കൃത്യമായ അവബോധവും സമയബന്ധിതമായ സഹായവും എങ്ങനെ ജീവിതങ്ങളെ മാറ്റിമറിക്കുമെന്നും നമുക്ക് മനസ്സിലാക്കാം. 

എന്താണ് ആൽക്കഹോൾ ഉപയോഗത്തകരാർ (AUD)? 

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, മദ്യപാന ശീലങ്ങളുടെ ഒരു വലിയ നിരയെയാണ് ആൽക്കഹോൾ ഉപയോഗത്തകരാർ (AUD) എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, അപകടകരമായ ഉപയോഗം മുതൽ മദ്യത്തെ അമിതമായി ആശ്രയിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. ഈ അവസ്ഥ കടുത്ത ശാരീരികവും മാനസികവും സാമൂഹികവുമായ ദോഷങ്ങളിലേക്ക് നയിക്കുന്നു.

സാധാരണ മദ്യപാനത്തിൽ നിന്ന് വ്യത്യസ്തമായി, മദ്യത്തെ ആശ്രയിക്കുന്ന അവസ്ഥ തലച്ചോറിലെ ‘പതിഫല സംവിധാനത്തെ’ (Reward System) മാറ്റിമറിക്കുന്നു. തുടർച്ചയായി മദ്യം കഴിക്കുമ്പോൾ, അത് തലച്ചോറിൽ ഡോപമിൻ എന്ന ‘സന്തോഷം നൽകുന്ന’ ന്യൂറോട്രാൻസ്മിറ്ററിനെ നിറയ്ക്കുന്നു. കാലക്രമേണ, തലച്ചോറ് ഈ അവസ്ഥയുമായി പൊരുത്തപ്പെടുന്നു, അതേ ഫലം ലഭിക്കാൻ കൂടുതൽ മദ്യം ആവശ്യമായി വരുന്നു. ഇത് കഴിക്കാനാകുന്ന അളവ് കൂടാനും (Tolerance), അതിയായ ആസക്തിക്കും (Craving) വഴിവയ്ക്കുന്നു.

മദ്യപിക്കുക, ആശ്വാസം നേടുക, ക്ഷീണിക്കുക, വീണ്ടും ആവർത്തിക്കുക – ഈ ചക്രം മനുഷ്യരെ വലിയൊരു കെണിയിൽ അകപ്പെടുത്തുന്നു. ഇത് വൈകാരികവും രാസപരവുമായാണ് അവർക്ക് അനുഭവപ്പെടുക.

മദ്യാസക്തിയുടെ പ്രധാന ലക്ഷണങ്ങൾ 

  • ഉദ്ദേശിച്ചതിലും കൂടുതൽ അളവിൽ, അല്ലെങ്കിൽ കൂടുതൽ സമയം മദ്യപിക്കുക.
  • മദ്യപാനം കുറയ്ക്കാൻ ശ്രമിച്ചിട്ടും വിജയിക്കാതെ വരിക.
  • മദ്യം സംഘടിപ്പിക്കാനോ, അല്ലെങ്കിൽ അതിൽ നിന്ന് സുഖം പ്രാപിക്കാനോ അമിത സമയം ചെലവഴിക്കുക.
  • ജോലി, ബന്ധങ്ങൾ, ആരോഗ്യം എന്നിവ അവഗണിക്കുക.
  • മദ്യം ഇല്ലാതിരിക്കുമ്പോൾ വിറയൽ, അമിതോഷ്ണം, ഉത്കണ്ഠ തുടങ്ങിയ പിൻവലിയൽ  ലക്ഷണങ്ങൾ (Withdrawal symptoms) ഉണ്ടാവുക.
  • മദ്യം ദോഷകരമാണെന്ന് അറിഞ്ഞിട്ടും കുടി തുടരുക.

മദ്യം തലച്ചോറിനെയും ശരീരത്തെയും ബാധിക്കുന്നതിൻ്റെ ശാസ്ത്രം

മദ്യം കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവായിട്ടാണ് (Central Nervous System Depressant) പ്രവർത്തിക്കുന്നത്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ സാവധാനത്തിലാക്കുകയും നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

താൽക്കാലികമായി, ഇത് വിവേചനശക്തിയെയും ശരീരത്തിൻ്റെ ഏകോപനത്തെയും ബാധിക്കുന്നു. എന്നാൽ സ്ഥിരമായ ഉപയോഗം കൂടുതൽ കടുത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു:

  • തലച്ചോറ്: ഓർമ്മക്കുറവ്, ചിന്തിക്കാനുള്ള ശേഷി കുറയൽ, ഹിപ്പോകാമ്പസിനുള്ള (ഓർമ്മയെ സഹായിക്കുന്ന ഭാഗം) കേടുപാടുകൾ.
  • കരൾ: ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് – മദ്യപാനം മൂലമുള്ള മരണങ്ങൾക്ക് പ്രധാന കാരണം ഇതാണ്.
  • ഹൃദയം: ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പിലെ താളപ്പിഴകൾ (Arrhythmia), കാർഡിയോമയോപ്പതി.
  • ഹോർമോണുകൾ: പ്രത്യുൽപാദനപരവും സമ്മർദ്ദം നിയന്ത്രിക്കുന്നതുമായ ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാക്കുന്നു.
  • ഉറക്കം: മദ്യം REM ഉറക്കത്തെ തടസ്സപ്പെടുത്തുന്നു, ഇത് വിശ്രമിക്കുമ്പോൾ പോലും അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു.

2021-ലെ ലാൻസെറ്റ് പബ്ലിക് ഹെൽത്ത് പഠനം വ്യക്തമാക്കുന്നത്, മദ്യം , അത് എത്ര കുറഞ്ഞ അളവിലായാൽപ്പോലും പൂർണ്ണമായും സുരക്ഷിതമല്ല എന്നാണ്. മിതമായ മദ്യപാനം പോലും കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

ശരീരം മദ്യത്തെ കാണുന്നത് ഭക്ഷണം ആയിട്ടല്ല – മറിച്ച് നിർവീര്യമാക്കേണ്ട ഒരു വിഷവസ്തുവായിട്ടാണ്!

വൈകാരികവും സാമൂഹികവുമായ ഘടകങ്ങൾ

ശരീരത്തിൽ മദ്യം ഉണ്ടാക്കുന്ന ആഘാതങ്ങൾക്കപ്പുറം, പലപ്പോഴും പ്രകടമാകാത്ത ഒരു വൈകാരിക യാഥാർത്ഥ്യം ഇതിലുണ്ട്.

മദ്യത്തിന്റെ ദുരുപയോഗം കുടുംബബന്ധങ്ങളെ തകർക്കും, സാമ്പത്തിക ഞെരുക്കമുണ്ടാക്കും, ആത്മവിശ്വാസം ഇല്ലാതാക്കും. ഗാർഹിക പീഡനം, അപകടങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ എന്നിവയ്ക്കെല്ലാം ഇത് കാരണമാകും.

സാംസ്കാരികപരവും ലിംഗപരവുമായ വ്യവസ്ഥാപിത ചട്ടക്കൂടുകളുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ, മദ്യാസക്തി തീരാക്കളങ്കത്തിന് (stigma)  ഇടയാക്കുന്നു. ഇത് പലരെയും, പ്രത്യേകിച്ച് സ്ത്രീകളെ, സഹായം തേടുന്നതിൽ നിന്ന് സ്വയം വിലക്കുന്നു.

സന്തോഷത്തിനുവേണ്ടിയല്ല പലരും മദ്യപിക്കുന്നത്, മറിച്ച് ഒറ്റപ്പെടൽ, ട്രോമ (ദുരനുഭവത്തിൽ നിന്നുള്ള ആഘാതം), ഉത്കണ്ഠ, അല്ലെങ്കിൽ സാമൂഹിക സമ്മർദ്ദം എന്നിവയിൽ നിന്നുള്ള താൽക്കാലിക രക്ഷപെടൽ എന്ന നിലയിലാണ്.

പരിഹരിക്കപ്പെടാത്ത വൈകാരിക വേദനകളാണ് പലപ്പോഴും ഈ ആശ്രിതത്വത്തിന് (dependence) വളം വെയ്ക്കുന്നതെന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

‘സാമൂഹിക മദ്യപാനം’ അപകടകരമാകുമ്പോൾ 

വലിയ തോതിൽ  മദ്യപിക്കുന്നവർ എല്ലാവരും കടുത്ത മദ്യാസക്തിയുള്ളവരല്ല. എങ്കിലും, യാഥാർത്ഥ്യത്തെ നിഷേധിക്കുന്നതിലൂടെയാണ് അവർ മദ്യത്തിന്  അടിമപ്പെടാൻ തുടങ്ങുന്നത്  .

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

  • “വിശ്രമിക്കാൻ” അല്ലെങ്കിൽ “കാര്യങ്ങൾ ചെയ്യാൻ” മദ്യം അത്യാവശ്യമായി വരിക.
  • മദ്യപാനം ഒളിച്ചുവെക്കുകയോ അതിന്റെ അളവ് കുറച്ചു കാണിക്കുകയോ ചെയ്യുക.
  • മദ്യപാനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ദേഷ്യം വരികയോ കുറ്റബോധം തോന്നുകയോ ചെയ്യുക.
  • സമ്മർദ്ദം, സങ്കടം, അല്ലെങ്കിൽ വിരസത എന്നിവയെ നേരിടാൻ മദ്യം ഉപയോഗിക്കുക.

ഈ ലക്ഷണങ്ങൾ പൂർണ്ണമായ ആശ്രിതത്വം (full dependence) ഉണ്ടാകുന്നതിന് വളരെ മുൻപേ പ്രത്യക്ഷപ്പെടാറുണ്ട്. നേരത്തെ തിരിച്ചറിയുന്നത്, ഈ ദുശ്ശീലം മാറ്റാൻ ഏറെ നിർണായകമാണ്.

എന്തുകൊണ്ട് സഹായം തേടുന്നില്ല? 

അടിമത്തം രഹസ്യമായി വളരുന്ന ഒരവസ്ഥയാണ്.

 “ദുർബലർ” അല്ലെങ്കിൽ “ധാർമ്മികത ഇല്ലാത്തവർ” എന്ന് മുദ്രകുത്തപ്പെടുമെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ, മദ്യാസക്തി ഒരു രോഗമാണ്, അതൊരു കുറവല്ല.

സഹായം തേടുന്നതിനുള്ള തടസ്സങ്ങൾ ഇവയാണ്:

  • ചീത്തപ്പേരും (Stigma) സാമൂഹിക അപമാനവും
  • ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് അവബോധമില്ലായ്മ
  • മദ്യപാനത്തെ സാംസ്കാരികമായി അംഗീകരിക്കുന്നത് (Cultural normalization)
  • വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള നിലവിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ

തിരുത്തലിൻ്റെ വഴി: ശാസ്ത്രം, പിന്തുണ, ആത്മാനുകമ്പ 

മദ്യപാനാസക്തിയിൽ നിന്നുള്ള മോചനം സാദ്ധ്യമാണ്. 

എന്നാൽ നിലവിലെ അവസ്ഥയെ അംഗീകരിക്കുന്നതിലൂടെയാണ് ഇതാരംഭിക്കുന്നത്.

നിങ്ങൾക്ക് സഹായം ആവശ്യമുണ്ട് എന്ന് സമ്മതിക്കുക എന്നതാണ് ആദ്യപടി . നിങ്ങൾ തകർന്നുപോയതുകൊണ്ടല്ല, മറിച്ച് ഇതിലും മികച്ച ജീവിതം അർഹിക്കുന്നതു കൊണ്ടാണ് ഈ അടിമത്തത്തിൽ നിന്ന് കരകയറേണ്ടത്.

1.ചികിൽസാസഹായത്തോടെയുള്ള മുക്തിയും പുനരധിവാസവും

വിദഗ്ധ മേൽനോട്ടത്തിലുള്ള വിഷമുക്തി (Detoxification) പിൻവാങ്ങൽ ലക്ഷണങ്ങളെ (Withdrawal symptoms) സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. പുനരധിവാസ പരിപാടികൾ, മരുന്നുകൾ, തെറാപ്പി, കൂട്ടായ പിന്തുണ എന്നിവ സംയോജിപ്പിച്ച് ജീവിതത്തിൽ ചിട്ട കൊണ്ടുവരാനും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവുകൾ വീണ്ടെടുക്കാനും സഹായിക്കും.

2. തെറാപ്പിയും കൗൺസിലിംഗും

മദ്യപാനത്തിലേക്ക് നയിക്കുന്ന ചിന്താരീതികളെ മാറ്റിയെടുക്കാൻ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) സഹായിക്കുന്നു. മോട്ടിവേഷണൽ ഇൻ്റർവ്യൂവിംഗ് പോലുള്ള തെറാപ്പികൾ സ്വയം അവബോധവും വൈകാരിക നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നു.

3. പിന്തുണാ ഗ്രൂപ്പുകൾ

ആൽക്കഹോളിക്സ് അനോണിമസ് (AA) പോലുള്ള ഗ്രൂപ്പുകളും കമ്മ്യൂണിറ്റി റിക്കവറി സർക്കിളുകളും വൈകാരികമായ ഉത്തരവാദിത്തവും തിരിച്ചറിവും നൽകുന്നു – ഇത് ദീർഘകാലത്തേക്ക് മദ്യപിക്കാതെ ജീവിക്കാൻ (sobriety) അത്യന്താപേക്ഷിതമാണ്.

4. ജീവിതശൈലിയിലെ മാറ്റങ്ങൾ

നല്ല ഉറക്കം, സമീകൃതാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, വ്യായാമം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ മെച്ചപ്പെടുത്തുന്നു. മദ്യത്തിന് പകരമായി ലക്ഷ്യബോധമുള്ള പുതിയ കാര്യങ്ങൾ കണ്ടെത്തുന്നത് ഡോപമിൻ്റെ സന്തുലിതാവസ്ഥ സ്വാഭാവികമായി പുനഃസ്ഥാപിക്കാൻ സഹായിക്കും.

5. കുടുംബത്തിന്റെ പങ്ക്

കുറ്റപ്പെടുത്തലുകളിൽ നിന്ന് മാറി മനസ്സിലാക്കലിലേക്ക് കുടുംബം മാറുമ്പോൾ, തിരിച്ചുവരവ് ശക്തിപ്പെടുന്നു. ശിക്ഷയല്ല, സഹാനുഭൂതിയാണ് രോഗശാന്തി നിലനിർത്തുന്നത്.

മദ്യമില്ലാത്ത ജീവിതത്തിനപ്പുറം: സ്വയം വീണ്ടെടുക്കൽ 

മദ്യാസക്തിയിൽ നിന്നുള്ള വീണ്ടെടുക്കൽ എന്നത് മദ്യപിക്കാതിരിക്കുന്നത് മാത്രമല്ല — അത് ജീവിതത്തിൻ്റെ വ്യക്തത വീണ്ടെടുക്കുന്നതിനെക്കുറിച്ചുകൂടിയാണ് പറഞ്ഞുവെയ്ക്കുന്നത്.

മദ്യമുപേക്ഷിച്ച് ഏതാനും മാസങ്ങൾ കഴിയുമ്പോൾ ആളുകൾ പുതിയ ഊർജ്ജം, ഊഷ്മളമാകുന്ന ബന്ധങ്ങൾ, കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ എന്നിവ അനുഭവിക്കാറുണ്ട്.

ശാസ്ത്രം ഇത് ശരിവയ്ക്കുന്നു: മദ്യമുപേക്ഷിച്ച് ആറു മാസത്തിനുള്ളിൽ മസ്തിഷ്ക്കത്തിൽ നടത്തിയ  സ്കാനുകൾ ഗ്രേ മാറ്ററിന് (gray matter) ഘടനാപരമായ പുരോഗതി സംഭവിച്ചതായി വ്യക്തമാക്കുന്നു.

ഉറക്കം മെച്ചപ്പെടുന്നു, ഉത്കണ്ഠ കുറയുന്നു, ആത്മവിശ്വാസം തിരിച്ചുവരുന്നു. ശാരീരിക രോഗശാന്തിയായി തുടങ്ങുന്നത് വൈകാരിക നവീകരണമായി മാറുന്നു.

പ്രതിരോധം: അവബോധത്തിൻ്റെ കരുത്ത്

മദ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം ഭയം അടിസ്ഥാനമാക്കിയുള്ള ചിന്തകളിൽ നിന്ന് മാറി ആരോഗ്യപരമായ അറിവുകൾക്ക് ഊന്നൽ നൽകണം.

കൗമാരക്കാരെ വൈകാരിക നിയന്ത്രണം, സമപ്രായക്കാരുടെ സമ്മർദ്ദം, ലഹരിവസ്തുക്കളുടെ ആഘാതം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നത് ഭാവിയിലുള്ള അടിമത്തം തടയാൻ സഹായിക്കും.

ജോലിസ്ഥലങ്ങളിലും സർവ്വകലാശാലകളിലും സമൂഹങ്ങളിലും മാനസികാരോഗ്യത്തെക്കുറിച്ചും പ്രശ്നങ്ങളെ നേരിടാനുള്ള വഴികളെക്കുറിച്ചും തുറന്ന സംഭാഷണങ്ങൾ നടത്തുന്നത് കളങ്കം കുറയ്ക്കുകയും സഹായം തേടുന്നത് ഒരു സാധാരണ കാര്യമാക്കുകയും ചെയ്യും.

ലോകാരോഗ്യ സംഘടന (WHO) പറയുന്നതുപോലെ, “നേരത്തെയുള്ള ഇടപെടൽ ജീവൻ രക്ഷിക്കുന്നു.”

മദ്യാസക്തി ധാർമിക പരാജയമല്ല; അത് മനസ്സിലാക്കൽ അർഹിക്കുന്ന, ലജ്ജ ആവശ്യമില്ലാത്ത വൈദ്യശാസ്ത്രപരവും വൈകാരികവുമായ അവസ്ഥയാണ്.

വൈകുന്നേരത്തെ പാനീയമായിട്ടോ അല്ലെങ്കിൽ ഒരു പ്രശ്നം മറികടക്കാനുള്ള വഴിയായിട്ടോ ആകും മദ്യപാനം തുടങ്ങുന്നത്. എന്നാൽ, അത് തടവറയാകുന്നതിനു മുൻപ്, അവബോധത്തിലൂടെ ആ ശീലങ്ങളെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.

“ലഹരിയിൽ മുങ്ങിയിരുന്നപ്പോൾ നിങ്ങൾ ആരായിരുന്നു എന്നതിനെക്കുറിച്ചല്ല, നിങ്ങളുടെ ശക്തി വീണ്ടെടുത്ത ശേഷം നിങ്ങൾ ആരായി മാറുന്നു എന്നതിനെക്കുറിച്ചാണ് മദ്യത്തിൽ നിന്നുള്ള മുക്തി ലക്ഷ്യമാക്കുന്നത്.”

References

  1. World Health Organization (WHO). Global Status Report on Alcohol and Health, 2023.
  2. The Lancet Public Health. Alcohol Use and Global Disease Burden, 2021.
  3. National Institute on Alcohol Abuse and Alcoholism (NIAAA). Alcohol Use Disorder: A Clinical Overview, 2022.
  4. Harvard Medical School. The Neurobiology of Addiction, 2023.
  5. Indian Journal of Psychiatry. Alcohol Dependence and Cultural Dynamics in India, 2022.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe