മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

പ്രമേഹ രോഗികൾ പൊതുവായി പാലിക്കേണ്ട ചില ശീലങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക തുടങ്ങി രോഗം നിയന്ത്രണ വിധേയമാക്കിക്കൊണ്ടുള്ള സന്തുലിതമായ ശൈലി. എന്നാൽ ഈ ശീലങ്ങളുടെ പട്ടികയിൽ മദ്യപാനവും പുകവലിയും കൂടി ഇടം പിടിച്ചാൽ അപകടസാധ്യതകൾ വർദ്ധിക്കുന്നു. ഈ രണ്ട് ശീലങ്ങളും ആരോഗ്യത്തെ മാത്രമല്ല, ശരീരം ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യുന്ന രീതിയെയും നേരിട്ട് ബാധിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും അപകടകരമാക്കുകയും ചെയ്യുന്നു.
പുകവലിയും പ്രമേഹവും നൽകുന്ന ഇരട്ട ആഘാതം
പുകവലി ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കും. എന്നാൽ പ്രമേഹരോഗമുള്ളവർക്ക് ഇതിന്റെ ദോഷഫലങ്ങൾ കൂടുതൽ ഗുരുതരമാണ്.
പ്രമേഹത്തെ പുകവലി എങ്ങനെ ബാധിക്കുന്നു?
- ഇൻസുലിൻ പ്രതിരോധം: പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ശരീരത്തിന്റെ ഇൻസുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
- രക്തക്കുഴലുകളുടെ നാശം: പുകവലി രക്തക്കുഴലുകൾ കട്ടിയാകുന്നതിൻ്റെ (atherosclerosis ) വേഗത കൂട്ടുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികളിൽ മരണത്തിന്റെ പ്രധാന കാരണം ഇവയാണ്.
- നാഡീ ഞരമ്പുകളുടെ നാശം: പുകവലി പെരിഫെറൽ ന്യൂറോപ്പതിയുടെ ആക്കം കൂട്ടുന്നു. ഇത് കൈകാലുകളിലെ വേദന, മരവിപ്പ്, തരിപ്പ് എന്നീ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു.
- വൃക്കകളുടെ പ്രവർത്തനം: പുകവലി, പ്രമേഹരോഗികളിൽ ഡയബറ്റിക് നെഫ്രോപ്പതി വേഗത്തിലാക്കും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.
- നേത്ര പ്രശ്നങ്ങൾ: റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങൾ പുകവലിക്കുന്ന പ്രമേഹരോഗികളിൽ കൂടുതലായി കാണാം. പുകവലി ഈ രോഗങ്ങളെ ഗുരുതരമാക്കുന്നു.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Centers for Disease Control and Prevention) നൽകുന്ന വിവരമനുസരിച്ച്, പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്ന പ്രമേഹരോഗികളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 30–40% കൂടുതലാണ്.
പ്രമേഹവും മദ്യപാനവും: ആരോഗ്യം നശിപ്പിക്കുന്ന കൂട്ടുകെട്ട്
മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പലപ്പോഴും പൊടുന്നനെ ബാധിക്കാം. മിതമായ അളവിലുള്ള മദ്യപാനം ദോഷകരമല്ലെന്ന് തോന്നാമെങ്കിലും, ഇത് ഗ്ലൂക്കോസിന്റെ അളവിൽ അപകടകരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം.
മദ്യം രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കും?
- ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാര കുറയുന്ന അവസ്ഥ): കരളിന് ഗ്ലൂക്കോസ് പുറത്തുവിടാനുള്ള കഴിവിനെ മദ്യം തടസ്സപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാൻ കാരണമാകും—ആഹാരം കഴിക്കാതെ മദ്യപിക്കുമ്പോൾ പ്രത്യേകിച്ചും.
- പരോക്ഷ കലോറിയും കാർബോഹൈഡ്രേറ്റും: ബിയർ, മധുരമുള്ള വൈനുകൾ, കോക്ക്‌ടെയ്ലുകൾ എന്നിവയിൽ രക്തത്തിലെ പഞ്ചസാര കൂട്ടുന്ന മധുരം അടങ്ങിയിട്ടുണ്ട്. കൂടാതെ മദ്യത്തിൽ നിന്ന് ലഭിക്കുന്ന മോശം കലോറി (empty calories) ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.
- മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം: മദ്യം ഇൻസുലിന്റെയോ അല്ലെങ്കിൽ പ്രമേഹത്തിനുള്ള മറ്റ് മരുന്നുകളുടെയോ പ്രവർത്തനത്തെ കൂടുതൽ ശക്തമാക്കും, ഇത് ഹൈപ്പോഗ്ലൈസീമിയ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയാകും.
- വൈകിയുണ്ടാകുന്ന ഫലങ്ങൾ: മദ്യപാനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാം. ഇത് രാത്രി ഉറക്കത്തിൽ സംഭവിക്കാൻ ഇടയുണ്ട്. ഇത് ഏറെ അപകടകരമാണ്.
സുരക്ഷിതമായ മദ്യപാനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (ഡോക്ടർ അനുവദിക്കുകയാണെങ്കിൽ മാത്രം)
- അമേരിക്കൻ ഡയബെറ്റിക് അസോസിയേഷൻ (ADA) പറയുന്നതനുസരിച്ച്, സ്ത്രീകൾ ഒരു ദിവസം ഒരു ഡ്രിങ്കും പുരുഷന്മാർ രണ്ട് ഡ്രിങ്കുമായി പരിമിതപ്പെടുത്തുക.
- ഹൈപ്പോഗ്ലൈസീമിയ തടയാൻ മദ്യപിക്കുന്നതിനൊപ്പം എപ്പോഴും ഭക്ഷണം കഴിക്കുക.
- മദ്യപാനത്തിന് മുൻപും മദ്യപിക്കുന്നതിനിടയിലും അതിന് ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക.
- അമിതമായി മദ്യപിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
പുകവലിയും മദ്യപാനവും പ്രമേഹവും: ജീവിതം വഷളാക്കുന്ന കൂട്ടുകെട്ട്
പുകവലി മാത്രമോ അല്ലെങ്കിൽ മദ്യപാനശീലം മാത്രമോ ഉണ്ടാകുന്നത് പോലും ദോഷകരമാണ്. എന്നാൽ ഇവ രണ്ടും ചേരുമ്പോൾ, പ്രമേഹത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും കൂടുതൽ വഷളാക്കുന്ന വിഷയമായി ഇത് മാറുന്നു:
- ഹൃദ്രോഗ സാദ്ധ്യത കൂടുന്നു: രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ധമനികളുടെ ആരോഗ്യം എന്നിവയെ രണ്ടും ചേർന്ന് ബാധിക്കുമ്പോൾ ഈ അപകടസാധ്യത കുതിച്ചുയരുന്നു.
- കരളിന്റെ തകരാർ കൂടുന്നു: മദ്യം മരുന്നുകളുമായി പ്രതിപ്രവർത്തിക്കുകയും പുകവലി ഓക്സിഡേറ്റീവ് സ്ട്രെസ് കൂട്ടുകയും ചെയ്യുമ്പോൾ കരളിന്റെ പ്രശ്നങ്ങൾ വർധിക്കുന്നു.
- അർബുദ സാദ്ധ്യത കൂടുന്നു: വായ, തൊണ്ട, പാൻക്രിയാസ് എന്നിവിടങ്ങളിലെ ക്യാൻസർ സാദ്ധ്യത ഗണ്യമായി കൂടുന്നു.
- മാനസികാരോഗ്യ പ്രശ്നങ്ങൾ: മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നീ പ്രശ്നങ്ങൾ ഗുരുതരമാകുകയും പ്രമേഹം നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.
ആരോഗ്യം സംരക്ഷിക്കാൻ ഉടൻ വേണ്ടത്
- പുകവലി ഉപേക്ഷിക്കുക: പുകവലി നിർത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ രക്തയോട്ടം മെച്ചപ്പെടുകയും ഇൻസുലിൻ സംവേദനക്ഷമത വീണ്ടെടുക്കാൻ തുടങ്ങുകയും ചെയ്യും.
- മദ്യം നിയന്ത്രിക്കുക അല്ലെങ്കിൽ ഒഴിവാക്കുക: പ്രമേഹമുള്ളവർക്ക്, പ്രത്യേകിച്ച് ഹൈപ്പോഗ്ലൈസീമിയ വരാൻ സാധ്യതയുള്ളവർക്ക് ഈ തീരുമാനം വലിയ ഗുണം ചെയ്യും.
- മെച്ചപ്പെട്ട ജീവിതശൈലി സ്വീകരിക്കുക: സമീകൃതാഹാരം, പതിവായ വ്യായാമം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ, സുഖമായ ഉറക്കം എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താൻ സഹായിക്കും.
- വൈദ്യസഹായം തേടുക: ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ്, പ്രത്യേകിച്ചും മദ്യപാനത്തെക്കുറിച്ച്, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നത് വളരെ പ്രധാനമാണ്.
പ്രമേഹത്തിന് ശ്രദ്ധാപൂർവ്വമുള്ള പരിചരണം ആവശ്യമാണ്. പുകവലിയും മദ്യപാനവും ഈ പോരാട്ടത്തെ കൂടുതൽ കഠിനമാക്കും. പുകവലി ഒഴിവാക്കി, മദ്യപാനം നിയന്ത്രിച്ചാൽ, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുക മാത്രമല്ല, ഹൃദയം, വൃക്കകൾ, കണ്ണുകൾ, നാഡീവ്യൂഹം എന്നിവയെ സംരക്ഷിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ തീരുമാനങ്ങൾ കൂടുതൽ സന്തോഷകരമായ ജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പാണ്.




