രാജ്യത്തെ വലയ്ക്കുന്ന വായു മലിനീകരണം: ജനജീവിതം ദുഷ്ക്കരമാക്കുന്ന പ്രതിസന്ധി

രാജ്യത്തെ വലയ്ക്കുന്ന വായു മലിനീകരണം: ജനജീവിതം ദുഷ്ക്കരമാക്കുന്ന പ്രതിസന്ധി

ഇന്ത്യയിലെ തിരക്കേറിയ ഏതെങ്കിലും നഗരത്തിൽ കാലത്ത് പുറത്തേക്കിറങ്ങിയിട്ടുണ്ടോ? പ്രഭാതത്തിലെ തെളിച്ചത്തിന് പകരം പുകച്ചുരുളുകൾ മങ്ങലേൽപ്പിച്ച കാഴ്ച്ച കാണാം. വാഹനങ്ങളിൽ നിന്നുയരുന്ന പുകയുടെ രൂക്ഷഗന്ധം അനുഭവിക്കാം. ഏറെനേരത്തേക്ക് നീറ്റലുളവാക്കുന്ന കണ്ണുകളോടെ തിരിച്ച് വീട്ടിലെത്താം. ഈ അനുഭവം ഫ്രതിഫലിപ്പിക്കുന്നത്

നഗരജീവിതത്തിന്റെ അടയാളങ്ങൾ മാത്രമല്ല. നമ്മൾ ശ്വസിക്കുന്ന വായു നൽകുന്ന നിശബ്ദമായ മുന്നറിയിപ്പുകളാണവ.

ഇന്ത്യയുടെ ഏറ്റവും മാരകമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിൽ ഒന്നായി വായു മലിനീകരണം  മാറിയിരിക്കുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളുടെ അകാല മരണത്തിന് ഇത് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെയും ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയുടെയും കണക്കുകൾ പ്രകാരം, ഹൃദയസ്തംഭനം, പക്ഷാഘാതം, പ്രമേഹം, ദീർഘകാല ശ്വാസകോശ രോഗങ്ങൾ എന്നിവയ്‌ക്കൊപ്പം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന അഞ്ച്  പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഇപ്പോൾ വായു മലിനീകരണം.

നിഴൽ പോലെ പിന്തുടരുന്ന അദൃശ്യശത്രു

വായു മലിനീകരണം എന്നതുകൊണ്ട്, പുകമഞ്ഞോ വാഹനങ്ങൾ പുറന്തള്ളുന്ന പുകയോ മാത്രമല്ല അർത്ഥമാക്കുന്നത്. അദൃശ്യ വാതകങ്ങളുടെയും അതിസൂക്ഷ്മ കണങ്ങളുടെയും ഒരു സങ്കീർണ്ണ മിശ്രിതമാണത്. ഈ സൂക്ഷ്മകണങ്ങൾക്ക് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ശ്വാസകോശത്തിലും രക്തത്തിലും തലച്ചോറിൽ പോലും പ്രവേശിക്കാൻ കഴിയും.

ഏറ്റവും അപകടകരമായ രണ്ട് രൂപങ്ങൾ:

  • പി.എം. 2.5 (PM2.5): 2.5 മൈക്രോമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള കണികാ ദ്രവ്യമാണിത്. ശ്വാസകോശത്തിനുള്ളിലും രക്തപ്രവാഹത്തിലും തുളച്ചുകയറാൻ കഴിയുന്നത്ര ചെറുത്.
  • പി.എം.10 (PM10): പി എം 2.5 നേക്കാൾ അൽപ്പം കൂടി വലുതാണെങ്കിലും, ശ്വസന പാതകളിൽ അസ്വസ്ഥതയുണ്ടാക്കാനും നീർവീക്കം വരുത്താനും കഴിയും. 

ഈ കണികകൾ.കൂടാതെ, നൈട്രജൻ ഡൈ ഓക്സൈഡ് (NO2), സൾഫർ ഡൈ ഓക്സൈഡ് (SO2), ഓസോൺ (O3), കാർബൺ മോണോക്സൈഡ് (CO), വ്യാവസായിക-വാഹന സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന ലോഹകണങ്ങൾ എന്നിവയും ദോഷകരമായ മലിനീകരണ വസ്തുക്കളാണ്.

ഞെട്ടിക്കുന്ന കണക്കുകൾ

  • സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഓരോ വർഷവും 1.7 ദശലക്ഷത്തിലധികം മരണങ്ങൾ വായു മലിനീകരണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ഹൃദയം, ശ്വാസകോശം, ഉപാപചയ പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകമാണ് വായു മലിനീകരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നു.
  • ഡൽഹി, ഗാസിയാബാദ്, ലഖ്‌നൗ, പട്‌ന, ഗുരുഗ്രാം, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുന്നു.
  • ഗ്രാമീണ ഇന്ത്യയും സുരക്ഷിതമല്ല – പരമ്പരാഗത രീതിയിലുള്ള അടുപ്പുകളിൽ വിറക്, ചാണകം, കൽക്കരി തുടങ്ങിയ ജൈവവസ്തുക്കൾ കത്തിക്കുന്നതു മൂലം, വീടിനകത്തുണ്ടാകുന്ന വായു മലിനീകരണം ഓരോ വർഷവും ആയിരക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് കാരണമാകുന്നു.

വായു മലിനീകരണം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നു

ശ്വാസകോശങ്ങളിൽ തകരാറുണ്ടാക്കുന്നതിന് പുറമെ, ശരീരത്തിലെ വിവിധ അവയവങ്ങളെയും വായുമലിനീകരണം നശിപ്പിക്കുന്നു.  

1. ശ്വാസകോശം: ആക്രമണത്തിന്റെ പ്രധാന ഇര

  • നിരന്തരമായ മലിനീകരണമുള്ള അന്തരീക്ഷത്തിലെ താമസം ആസ്ത്മ, ബ്രോങ്കൈറ്റിസ്, സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease), ശ്വാസകോശാർബുദം (Lung Cancer) എന്നിവയ്ക്ക് കാരണമാകുന്നു.
  • മലിനമായ വായു ശ്വസിക്കുന്ന കുട്ടികളിൽ ശ്വാസകോശത്തിന്റെ വളർച്ചയും ശേഷിയും കുറയുന്നതായി കാണപ്പെടുന്നു, ഇത് ജീവിതകാലം മുഴുവൻ അവരെ രോഗികളാക്കി മാറ്റാനിടയാക്കുന്നു. 

2. ഹൃദയവും രക്തക്കുഴലുകളും: 

  • പി.എം. 2.5 പോലുള്ള മാലിന്യകണങ്ങൾ  രക്തത്തിൽ പ്രവേശിച്ച് നീർവീക്കത്തിനും ധമനികളിൽ തടസ്സങ്ങൾക്കും കാരണമാകുന്നു.
  • ഹൃദയാഘാതം, പക്ഷാഘാതം, അമിത രക്തസമ്മർദ്ദം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു — ഇത് യുവജനങ്ങളെപ്പോലും ബാധിക്കുന്നുണ്ട്.
  • ഇന്ത്യയിൽ ഹൃദയ സംബന്ധമായുള്ള മരണങ്ങളിൽ അഞ്ചിലൊന്ന്  വായു മലിനീകരണവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണെന്ന്  ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് (2023) വ്യക്തമാക്കുന്നു.

3. തലച്ചോറും മാനസികാരോഗ്യവും

  • വായു മലിനീകരണം ചിന്താശേഷിയെ ബാധിക്കുമെന്നും, മറവി രോഗം (ഡിമെൻഷ്യ), വിഷാദം (Depression), ഉത്കണ്ഠ (Anxiety) എന്നീ സങ്കീർണ്ണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.
  • കൂടുതൽ മലിനീകരണമുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ശ്രദ്ധക്കുറവും ഓർമ്മക്കുറവും ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു.

4. പ്രത്യുത്പാദന ശേഷിയും ഗർഭധാരണവും

  • ജനനസമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം, കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ എന്നിവയുമായി വായു മലിനീകരണത്തിന് ബന്ധമുണ്ട്.
  • പി.എം. 2.5 തോതിലുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന ഗർഭിണികൾക്ക് സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ് എന്ന് എയിംസും (AIIMS) യുണിസെഫും (UNICEF) ചേർന്നു നടത്തിയ പഠനം കണ്ടെത്തി.

5.ഉപാപചയ, പ്രതിരോധശേഷി തകരാറുകൾ

  • ദീർഘകാല മലിനീകരണമുള്ള അന്തരീക്ഷത്തിൽ കഴിയുന്നത്, ടൈപ്പ് 2 പ്രമേഹം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, പ്രതിരോധശേഷിക്കുറവ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് നിരന്തരമായ അണുബാധകൾക്കും കാരണമാകുന്നു.

ഉറവിടം ഏത്?

ഇന്ത്യയിലെ വായു മലിനീകരണത്തിന് പല സ്രോതസ്സുകളുണ്ട്. പ്രധാന കാരണങ്ങൾ ഇവയാണ്:

   സ്രോതസ്സ്    സ്വാധീനവും പങ്കും
വാഹനങ്ങളിൽ നിന്നുള്ള പുകനഗരമലിനീകരണത്തിൻ്റെ പ്രധാനകാരണം. പെട്രോൾ, ഡീസൽ, ശരിയായി പരിപാലിക്കാത്ത എഞ്ചിനുകൾ എന്നിവയിൽ നിന്നുള്ള പുക NO2, PM2.5, കാർബൺ കണങ്ങൾ എന്നിവ പുറത്തുവിടുന്നു.
വ്യാവസായിക മലിനീകരണം പവർ പ്ലാന്റുകൾ, ഇഷ്ടിക ചൂളകൾ, ഫാക്ടറികൾ എന്നിവ വിഷവാതകങ്ങളും ലോഹങ്ങളും പുറന്തള്ളുന്നു.
നിർമ്മാണയിടങ്ങളിലെ പൊടിനഗരങ്ങളിൽ സാധാരണം. നേർത്ത പൊടി PM10 തോത് വർദ്ധിപ്പിക്കുകയും കാഴ്ചക്കുറവുണ്ടാക്കുകയും ചെയ്യുന്നു.
വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബ്, ഹരിയാന, യു.പി. എന്നിവിടങ്ങളിലെ കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കനത്ത പുകമഞ്ഞിന് കാരണമാകുന്നു
ഗാർഹിക ഇന്ധനങ്ങൾഗ്രാമങ്ങളിൽ വിറക്, കൽക്കരി, ചാണകം എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നത് അകത്തളങ്ങളെ പ്രധാന മലിനീകരണ സ്രോതസ്സാക്കി മാറ്റുന്നു. ഇത് സ്ത്രീകളെയും കുട്ടികളെയും ഗുരുതരമായി ബാധിക്കുന്നു
പടക്കങ്ങളും മാലിന്യം കത്തിക്കുന്നതുംഉത്സവകാലങ്ങളിൽ പെട്ടെന്നുള്ള വർദ്ധനവിനു കാരണമാകുന്നു. അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് വഴിവെയ്ക്കുന്നു

ഇങ്ങനെയുള്ള പല ഘടകങ്ങളും ചേരുമ്പോൾ, ഇന്ത്യയിലെല്ലായിടത്തും  വർഷം മുഴുവനും വായു മലിനീകരിക്കപ്പെടുന്നു.

“ഡൽഹിയിലല്ലേ, അതു നമ്മളെയൊന്നും ബാധിക്കില്ല എന്ന ചിന്താഗതി ഡൽഹിയിലല്ലാത്ത ഒട്ടനവധി ആളുകൾക്കുമുണ്ട്. ഇത് ഡൽഹിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രശ്നമല്ല. രാജ്യത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യപ്രശ്നമാണിത്. വാഹനങ്ങളിൽ നിന്നുള്ള പുക, മാലിന്യം കത്തിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കാരണം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും പോലും പി.എം. 2.5 ൻ്റെ അളവ് വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഉദാഹരണത്തിന്:

  • കൊച്ചിയിലും തിരുവനന്തപുരത്തും വാഹന മലിനീകരണം വർധിക്കുന്നു.
  • ബെംഗളൂരുവിലെ വായു നിലവാരം ഗതാഗതക്കുരുക്കും പൊടിയും കാരണം സുരക്ഷിത പരിധിക്ക് താഴെയാകുന്നു
  • വ്യവസായ വളർച്ച കാരണം കോയമ്പത്തൂരിലും മധുരയിലും സമാനമായ പ്രവണതകളാണ് കാണുന്നത്.

വായുമലിനീകരണം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ നമ്മൾ പരസ്പരം മൽസരിക്കുന്ന കാഴ്ച്ച ഒട്ടും സുഖകരമല്ല. പരിസ്ഥിതിയെ തൊട്ടുകളിച്ചാൽ അതു തിരിച്ചടിക്കുന്നത് ജില്ലയോ സംസ്ഥാനമോ ഒന്നും വേർതിരിച്ചു നോക്കിയിട്ടുമാകില്ല. ചുരുക്കത്തിൽ ഗ്രാമങ്ങളിൽ അകത്തളങ്ങളിൽ അശാസ്ത്രീയ അടുപ്പുകളിലെ പുക, പുറത്തിറങ്ങിയാൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂലമുള്ള മലിനീകരണം. നഗരങ്ങളിലോ? വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും നിർമ്മാണ മേഖലകളിൽ നിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന പുകയും കണികകളും.

ഒരിടത്തും രക്ഷയില്ല. ഗ്രാമപ്രദേശങ്ങളിൽ പോലും വീടിനകത്തെ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ വളരെ കൂടുതലാണ്.

ആരോഗ്യ സംരക്ഷണ വീക്ഷണം: സംയോജിത പ്രവർത്തനത്തിന് സമയമായി

അപൂർവമായി മാത്രം കണ്ടിരുന്ന രോഗങ്ങൾക്കാണ് ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാർ ഇപ്പോൾ ചികിത്സ നടത്തുന്നത് — പുകവലിക്കാത്തവരിൽ ശ്വാസകോശ രോഗങ്ങൾ, കുട്ടികളിൽപ്പോലും രക്തസമ്മർദ്ദം, ആഘോഷങ്ങൾക്ക് ശേഷവും പുകമഞ്ഞുള്ള ദിവസങ്ങളിലും ഏറിവരുന്ന ഹൃദയാഘാതം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. 

ഡോക്ടർമാരുടെ അഭിപ്രായം വ്യക്തമാണ്: വായു മലിനീകരണം സാവധാനത്തിൽ വ്യാപിക്കുന്ന വിഷം പോലെയാണ് പ്രവർത്തിക്കുന്നത് — കോശങ്ങളെ ആക്രമിക്കുകയും കലകളിൽ നീർവീക്കമുണ്ടാക്കുകയും അവയവങ്ങളുടെ വാർദ്ധക്യം വേഗത്തിലാക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ സംയോജിത തന്ത്രങ്ങൾ ആവശ്യമാണ്:

1.നേരത്തെയുള്ള രോഗനിർണയം: പതിവായുള്ള ശ്വാസകോശ പ്രവർത്തന പരിശോധനകൾ (സ്പൈറോമെട്രി), ഇ.സി.ജി.കൾ, മലിനീകരണത്തിന്റെ തോത് നിരീക്ഷിക്കൽ എന്നിവ.

2. ആരോഗ്യ സംരക്ഷണം: ഉയർന്ന മലിനീകരണമുള്ള സ്ഥലങ്ങളിൽ N95 മാസ്കുകൾ, സ്കൂളുകളിലും ആശുപത്രികളിലും എയർ പ്യൂരിഫയറുകൾ, മലിനീകരണം സംബന്ധിച്ച മുന്നറിയിപ്പുകൾ എന്നിവ.

3.പൊതുജന വിദ്യാഭ്യാസം: ഉയർന്ന എ.ക്യു.ഐ. ഉള്ള ദിവസങ്ങളിൽ പുറത്തെ വ്യായാമം ഒഴിവാക്കുന്നതിനെക്കുറിച്ച് അവബോധം നൽകുക.

4.നയങ്ങൾ പ്രാവർത്തികമാക്കുക:  കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ, ശുദ്ധമായ ഊർജ്ജ സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ.

സ്വയം സംരക്ഷിക്കാം: ചെറിയ കാര്യങ്ങളിൽ നിന്നുതുടങ്ങാം

ചെറിയ മാറ്റങ്ങൾ വരുത്തുന്നതുപോലും മലിനീകരണത്തോത് കുറയ്ക്കാൻ സഹായകമാകും. 

  • പുറത്തിറങ്ങുന്നതിന് മുമ്പ് എ.ക്യു.ഐ. പരിശോധിക്കുക; വായു ഗുണനിലവാരം മോശമായ ദിവസങ്ങളിൽ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക.
  • കനത്ത ഗതാഗതമുള്ള സ്ഥലങ്ങളിലും മലിനമായ പ്രദേശങ്ങളിലും N95 മാസ്കുകൾ ഉപയോഗിക്കുക.
  • അരിക്ക പാം, പീസ് ലില്ലി, സ്നേക്ക് പ്ലാന്റ് എന്നിവ പോലുള്ള അകത്തള സസ്യങ്ങൾ വളർത്തുക — പ്രകൃതിദത്ത എയർ പ്യൂരിഫയറുകളാണിവ.
  • പാചകത്തിന് വിറകിനും മണ്ണെണ്ണയ്ക്കും പകരം ശുദ്ധമായ ഇന്ധനങ്ങളിലേക്ക് (എൽ.പി.ജി./ഇൻഡക്ഷൻ) മാറുക.
  • പരിസ്ഥിതി സൗഹൃദ ഉത്സവങ്ങളെ പിന്തുണയ്ക്കുക — പടക്കങ്ങൾ പൊട്ടിക്കുന്നതും  പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും കുറയ്ക്കുക.

മലിനീകരണം കുറയാക്കാൻ വേണ്ടിയുള്ള പ്രാദേശിക നയങ്ങൾക്കായി പ്രവർത്തിക്കുക. അവബോധമാണ് മാറ്റങ്ങൾ നടപ്പിലാക്കാൻ വേണ്ട ആദ്യഘടകം.

പങ്കാളിത്ത ഉത്തരവാദിത്തം

വായു മലിനീകരണത്തെ പാരിസ്ഥിതിക പ്രശ്നം മാത്രമായി കണക്കാക്കാനാകില്ല. അത്  പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്,  സാമ്പത്തിക ഭാരം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ്, സർവ്വോപരി, അതൊഴിവാക്കുക എന്നത് നമ്മളോരോരുത്തരുടേയും ധാർമിക ഉത്തരവാദിത്തവുമാണ്.

മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ ചെലവുകളും ഉൽപ്പാദനക്ഷമതാനഷ്ടവും മൂലം  ഇന്ത്യയ്ക്ക് പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. അതിലുപരിയായി, ആരോഗ്യം, ഊർജ്ജസ്വലത, ജീവശ്വാസം എന്നിവയുടെ സാവധാനത്തിലുള്ള ശോഷണത്തിൻ്റെ നഷ്ടക്കണക്ക് വേറെ.

പൗരൻമാരും നയരൂപീകരണ വിദഗ്ധരും സ്ഥാപനങ്ങളും കൃത്യമായ അവബോധത്തോടെയും  അച്ചടക്കത്തോടെയും അനുകമ്പയോടെയും പ്രവർത്തിക്കുകയാണെങ്കിൽ, നാം ശ്വസിക്കുന്ന വായുവിന് ഓജസ്സു വീശുന്ന ജീവാമൃതമായി വീണ്ടും മാറാൻ കഴിയും.

നല്ല ജീവവായുവിനായി, നല്ല ജീവിതത്തിനായി

ഓരോ ശ്വാസത്തിലും ആരോഗ്യം തുടിക്കുന്നു എന്ന് nellikka.life  വിശ്വസിക്കുന്നു.

ശുദ്ധവായു ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടേയും അവകാശമാണ്.

ശാസ്ത്രവും അവബോധവും സുസ്ഥിര പ്രവർത്തനങ്ങളും സംയോജിപ്പിച്ച്, ഓരോ ഭാരതീയനും നന്നായി ശ്വസിക്കാനും കൂടുതൽ കാലം, കൂടുതൽ കരുത്തോടെ, കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാനും കഴിയുന്ന ലോകം നമുക്ക് കെട്ടിപ്പടുക്കാം.

References

  1. Air Pollution: Health Impacts in South-East Asia
  2. Global Burden of Disease Study, The Lancet Planetary Health, 2023.
  3. Air Quality and Health, 2023.
  4. The State of Global Air 2024 – Health Effects Institute.
  5. The Lancet Respiratory Medicine (2022). Air Pollution and Cardiometabolic Health: The Indian Perspective.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe