ഈ പുതു വർഷത്തെ വരവേൽക്കാം വ്യത്യസ്തതയോടെ: മനോനിറവിൻ്റെ ശാന്തത കണ്ടെത്താം

ഈ പുതു വർഷത്തെ വരവേൽക്കാം വ്യത്യസ്തതയോടെ: മനോനിറവിൻ്റെ ശാന്തത കണ്ടെത്താം

പുതിയ തീരുമാനങ്ങളും വലിയ മാറ്റങ്ങളും പ്രാബല്യത്തിൽ വരുത്താൻ വേണ്ടി പുതുവർഷത്തിലെ ആദ്യദിനം തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ മിക്കവരും. വർഷാന്ത്യമാകുമ്പോഴേക്കും, പുതുവർഷം മുതൽ ജീവിതത്തിൽ വരുത്തേണ്ട പോസിറ്റീവായ മാറ്റങ്ങളെന്തെന്ന് നമ്മൾ ചിന്തിച്ചു തുടങ്ങും. 

ചിലപ്പോഴെല്ലാം, ഈ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ കഴിയാതെ വർഷാദ്യം തന്നെ വിഷമത്തിലാകുന്നവരുണ്ട്. വലിയ ലക്ഷ്യങ്ങൾക്ക് പദ്ധതിയിട്ട് സ്വയം സമ്മർദ്ദത്തിലാകുന്നതിന് പകരം, ഈ വർഷം വളരെ ശാന്തമായി നമുക്ക് തുടങ്ങാം. അതിനു സഹായകമാകുന്ന ലളിതമായ ചില നിർദ്ദേശങ്ങൾ നോക്കാം.

നമ്മളെ അടിമുടി ഉടച്ചുവാർക്കാൻ തീരുമാനിക്കുന്നതിന് പകരം, മനോനിറവ് ശീലമാക്കാൻ ശ്രമിക്കാം. ശരീരവും മനസ്സും പറയുന്നത് കേൾക്കാൻ തീരുമാനിക്കാം. ഈ നിമിഷത്തിൽ, നമ്മുടെ ജീവിതം എങ്ങനെയാണ് എന്നത് തിരിച്ചറിയാം. ആ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട്, ശാന്തമായി, സ്വസ്ഥമായി പുതുവർഷത്തേക്കുള്ള തീരുമാനങ്ങൾ കൈക്കൊള്ളാം.

പുതുവർഷത്തിൽ മനോനിറവിൻ്റെ പ്രസക്തി

മുന്നോട്ടുള്ള പ്ലാനുകൾ തയ്യാറാക്കുന്നതിന് മുൻപ്, സ്വസ്ഥമായിരുന്ന്, ശാന്തമായി ചിന്തിക്കാൻ മൈൻഡ്‌ഫുൾനെസ് അഥവാ മനോനിറവ്  നമ്മെ പ്രാപ്തരാക്കുന്നു. ലക്ഷ്യങ്ങളിലേക്ക് തിടുക്കപ്പെട്ട്  പായുന്നതിന് മുൻപ് വസ്തുതകളെ ആഴത്തിൽ വിലയിരുത്താൻ ഇത് സഹായിക്കുന്നു. കുറ്റബോധം കൊണ്ടെടുക്കുന്ന കടുത്ത തീരുമാനങ്ങളിൽ നിന്ന് മാറി, സ്വന്തം നന്മയ്ക്കായി സ്നേഹത്തോടെ പ്ളാൻ ചെയ്യാൻ ഇത് നമുക്ക് വഴികാട്ടും.

“ഞാൻ എന്തെല്ലാം കാര്യങ്ങളാണ് മാറ്റേണ്ടത്?” എന്നല്ല ചോദിക്കേണ്ടത്. “എനിക്ക് വാസ്തവത്തിൽ ഇപ്പോൾ എന്താണ് ആവശ്യം?” എന്നാണ്.

പതിവ് ചിന്താഗതിയിൽ നിന്നുള്ള ഈ ഒരൊറ്റ മാറ്റം, നിങ്ങളുടെ വരും വർഷത്തെ പൂർണ്ണമായും മാറ്റിമറിക്കും. പുതുവർഷത്തെ ആദ്യ ആഴ്ച്ച തന്നെ തീരുമാനങ്ങൾ നടക്കാതെ പോയതിൻ്റെ സങ്കടത്തിന് പകരം, സന്തോഷത്തോടെ മുന്നേറാൻ ഈ മാറ്റം സഹായിക്കും.

സ്വയം വിലയിരുത്തിക്കൊണ്ട് തുടക്കം കുറിക്കാം

പുതുവർഷത്തിലേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ്, അല്പനേരം ശാന്തമായിരുന്ന് പിന്നിട്ട വഴികളെക്കുറിച്ച് ഒന്നോർത്തുനോക്കൂ. 

ഇക്കാര്യങ്ങൾ സ്വയം ചോദിച്ചു നോക്കാവുന്നതാണ്:

  • കഴിഞ്ഞ വർഷം എന്റെ ആരോഗ്യത്തിനും സന്തോഷത്തിനും തുണയായ കാര്യങ്ങൾ ഏതൊക്കെയാണ്?
  • എന്റെ ഊർജ്ജവും ഉന്മേഷവും കളഞ്ഞ കാര്യങ്ങൾ എന്തൊക്കെയായിരുന്നു?
  • ഏതൊക്കെ നിമിഷങ്ങളിലാണ് എനിക്ക് ഏറ്റവും കൂടുതൽ സമാധാനം തോന്നിയത്?
  • ഈ വർഷം എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തൊക്കെയാണ്?

ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടം, വരുംവർഷത്തിൽ കൂടെക്കൂട്ടേണ്ട കാര്യങ്ങൾ ഏതാണെന്നും ഉപേക്ഷിക്കേണ്ടവ ഏതാണെന്നും തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. ഇവിടെ സ്വയം കുറ്റപ്പെടുത്തലുകൾക്ക് സ്ഥാനമില്ല. നമ്മുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായൊരു ധാരണ ഉണ്ടാക്കിയെടുക്കുക മാത്രമാണ് ലക്ഷ്യം.

ആരോഗ്യകാര്യത്തിൽ പുലർത്താം ശ്രദ്ധയോടെയുള്ള സമീപനം

കടുത്ത നിയമങ്ങൾ പാലിച്ച്, കഠിനമായ വ്യായാമമുറകൾ അഭ്യസിച്ച്, ഭക്ഷണം പാടേ ഉപേക്ഷിച്ച്, അങ്ങനെ ശരീരത്തെ ശിക്ഷിച്ചുകൊണ്ടല്ല ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത്. നമ്മുടെ ശരീരത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി, അതിനനുസൃതമായ പ്ളാനുകൾ തയ്യാറാക്കുകയാണ് വേണ്ടത്. 

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

  • പോഷകപ്രദമായ ഭക്ഷണം: ഇഷ്ടമുള്ളവയെല്ലാം ഒഴിവാക്കുന്നതിന് പകരം ശരീരത്തിന് ഗുണകരവും ഉന്മേഷം നൽകുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
  • ശരീരത്തിന് ഇണങ്ങുന്ന വ്യായാമം: കഠിനമായ ശിക്ഷ പോലെ വ്യായാമം ചെയ്യുന്നതിന് പകരം മനസ്സിനും ശരീരത്തിനും സുഖം നൽകുന്ന രീതിയിൽ ചലനങ്ങളിൽ ഏർപ്പെടുക.
  • വിശ്രമത്തിന് മുൻഗണന: ഉറക്കവും വിശ്രമവും ഒഴിവുസമയം കിട്ടുമ്പോൾ മാത്രം അനുവർത്തിക്കേണ്ട കാര്യങ്ങളല്ല. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണിവയെന്ന് തിരിച്ചറിയുക.

കുറ്റമറ്റ രീതിയിൽ എല്ലാം ചെയ്യുക എന്നതല്ല, മറിച്ച് ചെയ്യുന്ന കാര്യങ്ങൾ സ്ഥിരതയോടെ ചെയ്യുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. 

മാനസികവും വൈകാരികവുമായ സൗഖ്യം നിലനിർത്താം

പുതിയൊരു വർഷം തുടങ്ങുമ്പോൾ നമ്മുടെ ഉള്ളിൽ പലതരം വികാരങ്ങൾ ഒരേസമയം ഉയർന്നുവരും—പ്രതീക്ഷയും ആകാംക്ഷയും ആവേശവും, അതോടൊപ്പം തന്നെ, ഇവയെല്ലാം നിറവേറുമോ എന്ന ആശങ്കയിൽ ഒരുതരം തളർച്ചയും. ഈ വികാരങ്ങളെല്ലാം സ്വാഭാവികമാണെന്ന് മനസ്സിലാക്കാനും അവയെ അതേപടി സ്വീകരിക്കാനും മനോനിറവ് നമ്മെ സഹായിക്കുന്നു.

ചില ലളിതമായ കാര്യങ്ങളിലൂടെ നമുക്ക് ഇത് ശീലിക്കാം:

  • രാവിലെ എഴുന്നേറ്റയുടൻ അല്പസമയം ദീർഘമായി ശ്വാസമെടുക്കുന്നത് മനസ്സിനെ ഒരുക്കാൻ സഹായിക്കും.
  • രാവിലെ തന്നെ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ സഹായിക്കും.
  • സങ്കടമോ ദേഷ്യമോ ഉണ്ടാകുമ്പോൾ അവയെ അടിച്ചമർത്തുന്നതിന് പകരം, അത്തരം തോന്നലുകൾ ഉണ്ടെന്ന് സമ്മതിച്ചു കൊടുക്കുക.
  • ദിവസവും കുറച്ചു മിനിറ്റുകളെങ്കിലും നിശബ്ദമായി ഇരിക്കാൻ സമയം കണ്ടെത്തുക.

എല്ലാ ദിവസവും ഒരേപോലെ ആവേശത്തോടെ ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല. ചില ദിവസങ്ങളിൽ, സ്വയം നൽകുന്ന ചെറിയൊരു പരിഗണന പോലും വലിയ സമാധാനം നൽകും.

ജീവിതശൈലി കെട്ടിപ്പടുക്കാം മനോനിറവോടെ 

ഒരുപാടു കാര്യങ്ങൾ വാരിക്കോരി ചെയ്യുക എന്നതല്ല ‘മൈൻഡ്‌ഫുൾ’ ജീവിതം കൊണ്ട് അർത്ഥമാക്കുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ സ്വസ്ഥതയോടെ ചെയ്യുക എന്നതാണ്.

ഈ വർഷം നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം:

ലളിതമായ ദിനചര്യകൾ: പുതിയ ശീലങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം നിലവിലുള്ള ദിനചര്യകളെ ലളിതമാക്കാൻ ശ്രമിക്കുക.

  • നിങ്ങളുടെ സമയവും ഊർജ്ജവും എന്തിനുവേണ്ടി ചെലവഴിക്കണം എന്നതിൽ വ്യക്തമായ ധാരണയുണ്ടാക്കുക.
  • എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം (Productivity) എന്ന വാശിക്ക് പകരം, ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമനസ്സോടെ മുഴുകാൻ ശ്രമിക്കുക.
  • സമാധാനം കെടുത്തുന്ന കാര്യങ്ങളോട് ‘നോ’ പറയാൻ പഠിക്കുക. സമാധാനം സംരക്ഷിക്കാനായി അതിരുകൾ നിശ്ചയിക്കാം.

നിങ്ങളുടെ ജീവിതശൈലി മനസ്സിലെ മൂല്യങ്ങളുമായി ഒത്തുപോകുമ്പോൾ, ഓരോ ദിവസവും കൂടുതൽ ലളിതവും സാർത്ഥകവുമായി നിങ്ങൾക്ക് അനുഭവപ്പെടും.

സമ്മർദ്ദങ്ങളിൽ നിന്ന് സമാധാനത്തിലേക്ക്

പുതുവൽസരം ഓട്ടമൽസരമാകണ്ട. നമ്മുടെ വളർച്ച മറ്റുള്ളവർ കാണണമെന്നോ വലിയ ആരവങ്ങളോടെ ജീവിച്ചു കാണിക്കണമെന്നോ ഒരു നിർബന്ധവുമില്ല. വളരെ നിശബ്ദമായിട്ടായിരിക്കും ചിലപ്പോൾ ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്.  അത് നമ്മുടെ തിരിച്ചറിവിലൂടെ, ക്ഷമയിലൂടെ, സ്വയം പരിപാലനത്തിലൂടെ പ്രതിഫലിക്കും.

സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാതെ, ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ നമുക്ക് ശ്രമിക്കാം. കാര്യങ്ങളെ ശ്രദ്ധയോടെ സമീപിക്കുമ്പോൾ ജീവിതം അതിന്റെ സ്വാഭാവിക രീതിയിൽത്തന്നെ മുന്നോട്ട് പോകും. അവിടെ സമാധാനത്തിനും സാവധാനത്തിലുള്ള വളർച്ചയ്ക്കും ഇടമുണ്ടാകും.

പുതുവർഷം തുടങ്ങുമ്പോൾ ഓർക്കാൻ…

നിങ്ങൾ മറ്റൊരാളായി മാറേണ്ടതില്ല. മറ്റുള്ളവർ എന്തുകരുതും എന്ന ആശങ്കയ്ക്ക് അമിതപ്രാധാന്യം നൽകേണ്ടതുമില്ല. പകരം, ഇപ്പോൾ, ഈ നിമിഷം,  നിങ്ങൾ ആരായി ജീവിക്കുന്നുവോ, ആ വ്യക്തിയോട് കുറച്ചുകൂടി സ്നേഹത്തോടും അനുകമ്പയോടും കൂടി പെരുമാറാൻ പഠിക്കുക. ശരീരത്തിൻ്റെയും മനസ്സിൻ്റെയും സ്വാസ്ഥ്യത്തിന് മുൻഗണന നൽകുക. അതായിരിക്കണം  പുതുവർഷത്തിൽ നിങ്ങൾക്കായി ചെയ്യുന്ന ഏറ്റവും വലിയ കാര്യം.

References

  1. Mindfulness for Your Health
  2. Mindfulness meditation: A research-proven way to reduce stress

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe