നിങ്ങൾക്കൊരു കത്തുണ്ട്…

നിങ്ങൾക്കൊരു കത്തുണ്ട്…

തളർന്നുപോയ മനസ്സുകൾക്ക് ഒരു ക്രിസ്മസ് കത്ത്

ക്രിസ്മസ് പാട്ടുകൾ പാടിയും നക്ഷത്രത്തിളക്കം പകർത്തിയും പ്രപഞ്ചം മുഴുവൻ ആഘോഷത്തിലാറാടണം എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുക. പക്ഷെ എല്ലാവർക്കും, അതങ്ങനെത്തന്നെ ആകണമെന്നില്ല.

ചിലർ വലിയ നിശബ്ദത മനസ്സിൽ പേറുന്നുണ്ടാകും

പിന്നിട്ട കാലം നൽകിയ അനുഭവങ്ങൾ ചിലരെ തെല്ലു തളർത്തിയിട്ടുണ്ടാകും

ഒരിക്കലും തീരാത്ത ഉത്തരവാദിത്തങ്ങളുടെ ഭാരം ചുമക്കുന്നു മറ്റു ചിലർ

കരുണ കാട്ടാതെ ഓടിപ്പോയ കാലത്തിന്റെ കയ്പ്പേറിയ ഓർമ്മകളുമായി വേറെയും ചിലർ.

ഇക്കൂട്ടത്തിൽ ഒരാളാണല്ലോ ഞാനും എന്നു തോന്നിയോ? എങ്കിൽ ഈ കത്ത് നിങ്ങൾക്കും കൂടിയുള്ളതാണ്. നിങ്ങളിലെ തളർന്നുപോയ മനസ്സിനുള്ളതാണ്.

എത്രയും പ്രിയമുള്ള മനസ്സേ,

ഈ വർഷം മുഴുവൻ നീ എത്രത്തോളം പൊരുതിയാണ് മുന്നേറിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. ശരീരം വിശ്രമം ആവശ്യപ്പെട്ടപ്പോഴും തളരാതെ നീ ജോലി തുടർന്ന ദിവസങ്ങൾ. മറ്റുള്ളവരുടെ കാര്യം ആലോചിച്ച് ഉറക്കമൊഴിഞ്ഞ എത്രയോ രാത്രികൾ. അവർ വിഷമിക്കാതിരിക്കാൻ സന്തോഷത്തിൽ പൊതിഞ്ഞ്, നീ മുഖത്ത് വരുത്തിയ പുഞ്ചിരികൾ… ഇതെല്ലാം എനിക്കറിയാം.

ക്രിസ്മസ് എന്നാൽ സദാ സന്തോഷിക്കേണ്ട ഒന്നാണെന്നാണ് നമ്മൾ വിചാരിക്കാറുള്ളത്. എന്നാൽ ജീവിതം എപ്പോഴും അങ്ങനെയല്ല. ചിലപ്പോൾ ആഘോഷങ്ങളേക്കാൾ കൂടുതൽ, മനസ്സ് ആഗ്രഹിക്കുന്നത് ഇത്തിരി ശാന്തതയും കരുതലുമാണ്.

ഈ ആഘോഷകാലം നിനക്ക് വലിയൊരു ഭാരമായി തോന്നുന്നുണ്ടെങ്കിൽ ദയവായി തിരിച്ചറിയുക: തളർന്നുപോയതല്ല, നീയുമൊരു സാധാരണ മനുഷ്യനാണ്.

ജീവിതത്തിന്റെ എല്ലാ കോണുകളും ഇപ്പോൾ തന്നെ അലങ്കരിച്ച് ഒരുക്കണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാ കൂട്ടായ്മകളിലും നീ പങ്കെടുക്കണമെന്നില്ല. നിന്റെ നിശബ്ദതയ്ക്ക് ആരോടും വിശദീകരണം നൽകേണ്ടതുമില്ല. വിശ്രമിക്കുക എന്നത് പരാജയമല്ല, ഓടി രക്ഷപ്പെടലല്ല അത്.  ഒരടി പിന്നോട്ട് മാറുന്നത് ബലഹീനതയുമല്ല.

ക്രിസ്മസും തുടങ്ങിയത് വളരെ നിശബ്ദമായിത്തന്നെയാണ്. ഒരു നിശ്ചലതയിൽ. വളരെ ലളിതമായി. ലോകം ശ്രദ്ധിക്കാതെ പോകുമായിരുന്ന അത്രയും ശാന്തമായ ഒരു നിമിഷത്തിൽ.

അതുകൊണ്ട്, ഈ ക്രിസ്മസ് കാലം സമ്മർദ്ദം നിറയ്ക്കരുത്, 

ഇത്തവണ ചിലഅനുവാദങ്ങൾ നൽകാം.

ഒന്നിത്തിരി നിൽക്കാൻ, സ്വയം മാപ്പുനൽകാൻ, ആർക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലാതെ, സ്വതന്ത്രമായി ഒന്ന് ശ്വാസമെടുക്കാനുള്ള അനുവാദം.

കുട്ടികൾ, മാതാപിതാക്കൾ, രോഗികൾ, അപരിചിതർ എന്നിങ്ങനെ മറ്റുള്ളവർക്ക് കരുതലേകി നിങ്ങൾ ചേർത്തുനിർത്തുന്നുണ്ടെങ്കിൽ, ഈ ഓർമ്മപ്പെടുത്തൽ നിങ്ങൾക്കുവേണ്ടിയുള്ളതാണ്: നിങ്ങളും അമൂല്യമാണ്. തിളങ്ങുന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ് ഒരു സമ്മാനപ്പൊതിയാക്കി ആരും നിങ്ങളെ നെഞ്ചോടു ചേർക്കുന്നില്ലെങ്കിലും കുഞ്ഞു റിബൺ പൂവാക്കി ആ പൊതിയിൽ കെട്ടിയില്ലെങ്കിലും നിങ്ങളുടെ മൂല്യം ഒട്ടും കുറയുന്നില്ല.

ഈ ക്രിസ്മസ് നിങ്ങളെ ആർദ്രമായി തലോടട്ടെ. എല്ലാ ദിനങ്ങളെയും പോലെ നിങ്ങളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്നതിന് പകരം, അത് നിങ്ങൾക്കരികിൽ അത്രയും പ്രിയപ്പെട്ടൊരാളായി ചേർന്നുനിൽക്കട്ടെ. ചുറ്റുമുള്ളവർക്കു വേണ്ടി ഓടിയോടി തളർന്ന മനസ്സുകൾക്കും സ്നേഹവും ഊഷ്മളതയും പ്രതീക്ഷയും ആസ്വദിക്കാൻ അർഹതയുണ്ടെന്ന് അത് നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.

വീടു മോടികൂട്ടാനായില്ലെങ്കിലും

വലിയ ക്രിസ്മസ് കൂടൊരുക്കാനായില്ലെങ്കിലും

പല നിറങ്ങളിൽ നക്ഷത്രങ്ങൾ ആടിത്തിളങ്ങിയില്ലെങ്കിലും

ഉള്ളതുമതി, നിങ്ങളിതുവരെ സ്വയം മറന്ന് മറ്റുള്ളവർക്കായി ചെയ്തതൊക്കെയും ഓർത്തുനോക്കൂ…ജീവിതം മുഴുവൻ തെളിച്ചം കെടാതെ ജ്വലിച്ചുനിൽക്കുന്ന ഒരായിരം നക്ഷത്രങ്ങളായി അവയെല്ലാം നിങ്ങളിൽത്തന്നെയുണ്ട്. ആ പ്രകാശം നിങ്ങൾക്കു ചുറ്റിലുമുണ്ട്.

ഈ ക്രിസ്മസ്, പതിവു ദിനങ്ങൾ പോലെ കഴിച്ചുകൂട്ടാനേ നിങ്ങൾക്കാകുന്നുള്ളൂ എങ്കിലും, അത് മതി.

മനസ്സിലിപ്പോഴും കെടാതെ മിന്നുന്ന കുഞ്ഞുനക്ഷത്രമുണ്ട്. അത് തിരിച്ചറിഞ്ഞാൽ മാത്രം മതി.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe