“എ ബ്യൂട്ടിഫുൾ മൈൻഡ്” — സ്കിസോഫ്രീനിയയിലേക്ക് വെളിച്ചം വീശിയ മനോഹര ചിത്രം

മനുഷ്യരുടെ കഥകൾ പറയാൻ, അത്, യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ച്ചയായാലും ഭാവനയുടെ പരിപ്രേക്ഷ്യമായാലും ശരി, സിനിമ എന്ന മാദ്ധ്യമത്തിൻ്റെ സ്ഥാനം എല്ലാക്കാലത്തും മുൻനിരയിൽത്തന്നെയാണ്. ഒരു ചിത്രം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്നതിനൊപ്പം തന്നെ, അതീവ ഗൗരവമർഹിക്കുന്ന യാഥാർത്ഥ്യത്തെയും വരച്ചുകാട്ടുമ്പോൾ, അത്, സമൂഹമനസ്സാക്ഷിക്ക് നൽകുന്ന സന്ദേശം കൂടിയാകുന്നു.
അത്തരത്തിലുള്ള ഒരു ചിത്രമാണ്, ഓസ്കർ പുരസ്കാരം നേടിയ “എ ബ്യൂട്ടിഫുൾ മൈൻഡ്” (‘A Beautiful Mind’). സ്കിസോഫ്രീനിയ എന്ന അവസ്ഥയുടെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ചലച്ചിത്രമാണിത്. 2001 ൽ പുറത്തിറങ്ങിയതാണെങ്കിലും വർത്തമാനകാലത്തും ഏറെ പ്രസക്തമാണ് ഈ ചിത്രം.
പ്രതിഭയുടെ പിന്നിലെ യഥാർത്ഥ കഥ
റോൺ ഹോവാർഡ് സംവിധാനം ചെയ്ത് റസ്സൽ ക്രോ മുഖ്യ വേഷത്തിലെത്തിയ ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ എന്ന ചിത്രം, ജോൺ നാഷ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമാണ് കാണികൾക്കു മുമ്പിൽ വരച്ചിടുന്നത്. ഗണിതശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും നോബൽ സമ്മാനം നേടിയ പ്രതിഭയായിരുന്നു ജോൺ നാഷ്. അക്കാദമിക മേഖലകളിൽ അതീവ വൈദഗ്ധ്യം പുലർത്തുമ്പോഴും, ‘പാരനോയ്ഡ് സ്കിസോഫ്രീനിയ’ (paranoid schizophrenia) എന്ന മാനസികാവസ്ഥയുമായുള്ള നിരന്തര പോരാട്ടത്തിലായിരുന്നു ആ മനുഷ്യൻ.
നാഷിന്റെ പഠനകാലത്തെ വിസ്മയിപ്പിക്കുന്ന മികവും, പിന്നീട് അദ്ദേഹത്തിനുണ്ടാകുന്ന മിഥ്യാധാരണകളും മായക്കാഴ്ചകളും, സത്യത്തെയും മിഥ്യയെയും വേർതിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഠിനപ്രയത്നവും സിനിമ പറഞ്ഞുതരുന്നുണ്ട്. സ്കിസോഫ്രേനിയയുമായി ജീവിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വെല്ലുവിളികളിലേക്ക് തിരിച്ചുവെച്ച കണ്ണാടിയാണ് വാസ്തവത്തിൽ എ ബ്യൂട്ടിഫുൾ മൈൻഡ്.
സ്കിസോഫ്രീനിയ: ശാസ്ത്രീയമായി അറിഞ്ഞിരിക്കേണ്ടത്
ഒരു വ്യക്തിയുടെ ചിന്തയെയും വികാരങ്ങളെയും പെരുമാറ്റത്തെയും സാരമായി ബാധിക്കുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു മാനസികാവസ്ഥയാണ് സ്കിസോഫ്രീനിയ.
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നുക, മിഥ്യാധാരണകളിൽ അതിയായി വിശ്വസിക്കുക, ചിന്തകൾക്ക് അടുക്കും ചിട്ടയും നഷ്ടമാകുക, കാര്യങ്ങൾ മനസ്സിലാക്കാനും ഓർമ്മയിൽ സൂക്ഷിക്കാനുമുള്ള ബുദ്ധിമുട്ട് – ഇവയെല്ലാം സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങളിൽ പെടുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകത്താകമാനം രണ്ട് കോടി നാൽപ്പത് ലക്ഷത്തിലേറെപ്പേർ സ്കിസോഫ്രീനിയ അനുഭവിക്കുന്നുണ്ട്.
ചലച്ചിത്രത്തിന് ആവശ്യമായി വരുന്ന ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഈ മാനസികാവസ്ഥയിൽ ജീവിക്കുന്നവരുടെ വൈകാരിക സംഘർഷങ്ങളും വിട്ടുമാറാത്ത രോഗലക്ഷണങ്ങളും സമൂഹം മുദ്ര ചാർത്തുന്ന അപമാനവുമെല്ലാം ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ വ്യക്തമായി തുറന്നുകാട്ടുന്നു. ശരിയായ പിന്തുണയും ചികിത്സയും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ, ഈ രോഗാവസ്ഥയെ അതിജീവിച്ച് സാധാരണ ജീവിതം നയിക്കാൻ സാധിക്കും എന്നതാണ് ചിത്രം ഉയർത്തിപ്പിടിക്കുന്ന സന്ദേശം.
ഈ സിനിമ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
ബോധവൽക്കരണം:സ്കിസോഫ്രീനിയ എന്ന അവസ്ഥയെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന മിഥ്യാധാരണകളെ മാറ്റിയെഴുതാൻ ഈ സിനിമയ്ക്ക് സാധിച്ചു. സ്കിസോഫ്രീനിയയെ മനുഷ്യത്വപരമായി കാണാനും മനസ്സിലാക്കാനും ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ എന്ന ചിത്രം സമൂഹത്തെ ബോധവൽക്കരിച്ചു എന്നതാണ് വാസ്തവം.
അപമാനത്തെ ഉൻമൂലനം ചെയ്ത സിനിമ: മാനസിക വൈകല്യമുള്ള വ്യക്തിയായിട്ടല്ല, മറിച്ച് കഴിവുറ്റ പ്രതിഭയായിട്ടാണ് ഈ ചിത്രം നാഷിനെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അസുഖമല്ല, വ്യക്തിത്വമാണ് വലുതെന്ന് സിനിമ പ്രേക്ഷകരെ പഠിപ്പിച്ചു. ഈ അവസ്ഥയിൽ കഴിയുന്നവരോട് സമൂഹം എങ്ങനെ പെരുമാറണമെന്ന് പറയാതെ പറയുന്നുണ്ട് എ ബ്യൂട്ടിഫുൾ ലൈഫ്.
പ്രതീക്ഷയും അതിജീവനവും: സ്കിസോഫ്രീനിയ അനുഭവിക്കുന്നവർക്കും സാധാരണ ജീവിതം നയിക്കാനും പഠനത്തിലും ജോലിയിലും മികവു പുലർത്താനും സമൂഹത്തിന് നല്ല സംഭാവനകൾ നൽകാനും കഴിയുമെന്ന് ഈ സിനിമ ഉറക്കെപ്പറയുന്നു.
യാഥാർത്ഥ്യത്തോടൊപ്പം പ്രചോദനവും
അക്രമവാസനയുള്ള കഥാപാത്രങ്ങളായാണ് പൊതുവെ സ്കിസോഫ്രീനിയ ഉള്ളവരെ മാദ്ധ്യമങ്ങൾ ചിത്രീകരിക്കാറുള്ളത്. അതിൽ നിന്ന് വേറിട്ട് നിൽക്കുന്നൂ ഈ ചിത്രം. വ്യക്തികൾ അനുഭവിക്കുന്ന മാനസിക സംഘർഷവും സമൂഹത്തിൽ നിന്ന് ഉൾവലിയാനുള്ള അവരുടെ ആഗ്രഹവും യാഥാർത്ഥ്യ ബോധത്തോടെ ചിത്രം ഉൾക്കൊണ്ടു. അതുകൊണ്ടുതന്നെ, നിരൂപകരും മാനസികാരോഗ്യ വിദഗ്ദ്ധരും ഒരേസ്വരത്തിൽ സിനിമയെ പ്രശംസിച്ചു. ഒരു വ്യക്തിയുടെ ജീവിതകഥയ്ക്കപ്പുറം, മനുഷ്യൻ്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിരവധി ചർച്ചകൾക്ക് പ്രചോദനമായി ഈ സിനിമ.
മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാനും സഹാനുഭൂതിയോടെ പെരുമാറാനും മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വേണ്ടി ശബ്ദമുയർത്താനും എ ബ്യൂട്ടിഫുൾ മൈൻഡ് ജനങ്ങളെ പ്രേരിപ്പിച്ചു.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഈ കാലത്ത്, ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ പോലുള്ള സിനിമകൾ, മനുഷ്യർ ഹൃദയത്തിൽ കുറിച്ചു വെക്കേണ്ട ചിലതുണ്ടെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു – മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്നവർക്ക് വേണ്ടത് സഹാനുഭൂതിയും പിന്തുണമാണെന്ന സത്യവും.
ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒരിക്കൽ തീർച്ചയായും കാണണം. സിനിമ എന്നതിലുപരി, അതിജീവനത്തിന്റെ, മാനവികതയുടെ, മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണത നിറഞ്ഞ സൗന്ദര്യത്തിൻ്റെ നേർക്കാഴ്ച്ചയാണത്.
പ്രത്യേക ശ്രദ്ധയ്ക്ക്: ഒരു വ്യക്തിയുടെ മാത്രം അനുഭവമാണ് ഈ സിനിമയിൽ എടുത്തുകാട്ടുന്നത്. സ്കിസോഫ്രീനിയ എന്ന അവസ്ഥയുടെ പൂർണ്ണമായ ചിത്രീകരണമായി ഇതിനെ കണക്കാക്കരുത്. കൃത്യമായ വിവരങ്ങൾക്കായി, ഈ മേഖലയിൽ പ്രാവീണ്യമുള്ള മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
References :
- PubMed – Research on Schizophrenia and Public Perception
(This specific paper discusses public perceptions of schizophrenia and references the impact of media like A Beautiful Mind.) - Mental Health




