2035: വലിയ വില നൽകേണ്ട വർഷം — പരിസ്ഥിതിയോടുള്ള അവഗണന മഹാമാരിയായി മാറുമ്പോൾ

അവഗണനയുടെ ദുരന്തം
നമ്മുടെ രാജ്യം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ദ്രുതഗതിയിൽ സംഭവിച്ച ഒന്നല്ല. സർക്കാരിൻ്റെ നിസ്സംഗതയും പൗരന്മാരുടെ അലംഭാവവും ചേർന്ന് നമ്മുടെ ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നതിൻ്റെ ഫലമാണത്.
അന്തരീക്ഷ മലിനീകരണം, വാഹനങ്ങളിലെ പുകപടലം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ജനവാസകേന്ദ്രങ്ങളിൽ കുന്നുകൂടുന്ന മാലിന്യം, പ്ളാസ്റ്റിക്കിൻ്റെ അശാസ്ത്രീയ ഉപയോഗം, നദികളുടെ വരൾച്ച- ഇവയെക്കുറിച്ചെല്ലാം വാതോരാതെ പറയാനും കാവ്യാത്മകമായി എഴുതാനും നമ്മൾ ആവേശത്തോടെ മൽസരിക്കാറുണ്ട്. പക്ഷെ, പ്രകൃതിയോടുള്ള അവഗണനയിൽ നമ്മൾ ഓരോരുത്തർക്കും എത്രത്തോളം പങ്കുണ്ട് എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ?
ഡൽഹിയിലെ വായുമലിനീകരണം വാർത്തകളിൽ നിറയുമ്പോൾ, അത്രത്തോളം വഷളാകാത്ത അന്തരീക്ഷത്തിലിരുന്നുകൊണ്ട് വീക്ഷിക്കുന്ന നമ്മൾ ഒരുകാര്യം ഓർക്കേണ്ടതുണ്ട്. ഇതേ അവസ്ഥ നമ്മുടെ ചുറ്റുപാടിനേയും വിഷലിപ്തമാക്കാൻ ഏറെക്കാലമൊന്നും വേണ്ട എന്ന ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം.
വ്യവസ്ഥാപരമായ പരാജയങ്ങൾ: നയങ്ങൾ കടലാസിലൊതുങ്ങുമ്പോൾ
1. പ്രതിരോധവും പ്രതികരണവും
അഗ്നിശമന മുന്നറിയിപ്പുകൾ പോലെയാണ് ഇന്ത്യയിലെ ഭൂരിഭാഗം പരിസ്ഥിതി നയങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത് — പ്രതിസന്ധി വന്നതിന് ശേഷം മാത്രം പ്രവർത്തിക്കുന്നവ. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾക്ക് മൗനാനുമതി നൽകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുക. പ്രശ്നങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തുമ്പോൾ പ്രതികരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. ഈ രീതി നമ്മെക്കൊണ്ടെത്തിച്ചിരിക്കുന്നത് നിസ്സാര പ്രതിസന്ധികളിലേക്കല്ല.
ഇടയ്ക്ക് വല്ലപ്പോഴും പ്ലാസ്റ്റിക് നിരോധിക്കുന്നത് മുതൽ, മലിനീകരണത്തിൻ്റെ പാരമ്യത്തിൽ ‘സ്മോഗ് ഗണ്ണുകൾ’ പ്രഖ്യാപിക്കുന്നത് വരെ, സർക്കാരുകൾ പ്രവർത്തിക്കുന്നത് ഇപ്പറഞ്ഞ രീതിയിലാണ്. ശക്തമായ നിയന്ത്രണങ്ങളില്ല, ഏറെ വൈകിയുള്ള പ്രതികരണങ്ങൾ മാത്രം.
2. അഴിമതിയും ദുർബലമായ നിയമപാലനവും
200ൽ അധികം പരിസ്ഥിതി നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. പക്ഷെ സത്യം പറയുന്ന മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലെ പ്രഹസനം മനസ്സിലാക്കാനാകും.
പരിശോധനകളിൽ നിന്നു രക്ഷപ്പെടാൻ വ്യവസായ സ്ഥാപനങ്ങൾ കൈക്കൂലി നൽകുന്നു, രാഷ്ട്രീയ സംരക്ഷണത്തോടെ മണൽ മാഫിയകൾ തഴച്ചുവളരുന്നു, കൂടാതെ രേഖകളിൽ നിയമപരമായ അനുമതി കാണിക്കുമ്പോൾ പോലും അനധികൃത നിർമ്മാണങ്ങൾ തണ്ണീർത്തടങ്ങളെ വിഴുങ്ങുന്നു. പണവും പദവിയും കയ്യൂക്കും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയായി നിരന്തരം ഉപയോഗിക്കപ്പെടുന്നു.
3. ഹ്രസ്വകാല രാഷ്ട്രീയം, ദീർഘകാല ആഘാതം
ഓരോ അഞ്ച് വർഷം കൂടുമ്പോഴും “ഹരിത നഗരങ്ങളെ” (Green Cities) കുറിച്ചുള്ള വാഗ്ദാനങ്ങൾ വീണ്ടും ഉയർന്നു വരും. റോഡുകൾക്ക് വേണ്ടി മരം മുറിക്കുന്നതും കായൽ തടങ്ങൾ കൈയേറുന്നതും വോട്ട് ലക്ഷ്യമിട്ടുള്ള ഇന്ധന സബ്സിഡികൾ നൽകുന്നതും തടസ്സമില്ലാതെ തുടരുകയും ചെയ്യുന്നു. ഭരണത്തിലുള്ള കാലം മുഴുവൻ, കാട്ടിലെ തടി, തേവരുടെ ആന എന്ന നയം തുടരുമ്പോൾ, അത് കാലാകാലങ്ങളിലേക്ക് വരുത്തുന്ന അപകടങ്ങളെക്കുറിച്ചുമാത്രം പൊതുവെ ആരും ചിന്തിക്കുന്നില്ല.
ദശാബ്ദങ്ങൾക്ക് ശേഷം സുസ്ഥിരതയും സ്വാസ്ഥ്യവും ഉറപ്പാക്കുന്ന നയങ്ങൾക്കല്ല, തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാധാന്യം നൽകുന്നത്.
4. ഡേറ്റയിലെ കൃത്രിമവും തെറ്റായ വിവരങ്ങളും
പൊതുജനങ്ങളുടെ രോഷം ഒഴിവാക്കുന്നതിനായി വായു, ജല നിരീക്ഷണ ഡേറ്റ പലപ്പോഴും തീവ്രത കുറച്ചു കാണിക്കുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നു. പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ (EIAs) തിടുക്കത്തിൽ പൂർത്തിയാക്കുന്നു, പൊതുജന പങ്കാളിത്തമെന്നത് ഉപരിപ്ളവമായ പ്രവർത്തനം മാത്രമാകുന്നു. ഈ സാഹചര്യത്തിൽ, ചുറ്റുപാടുകളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ പൗരന്മാർക്ക് കഴിയാതെ വരുന്നു.
വ്യക്തിപരമായ അലംഭാവം
നമ്മൾ ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് കവറും അമിതമായുള്ള വാഹനോപയോഗവും റോഡിലേക്ക് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയും മാലിന്യവുമെല്ലാം ആത്യന്തികമായി പരിസ്ഥിതിയെ കൊല്ലാക്കൊല ചെയ്യുന്നു.
സൗകര്യം നൽകുന്ന സംവിധാനങ്ങളെയെല്ലാം പുരോഗതിയുടെ പ്രതിഫനമായി നമ്മൾ കണ്ടു. വനനശീകരണത്തെക്കുറിച്ച് പരാതി പറയുന്ന അതേ നമ്മൾ തന്നെ, നാലുവരി പാതകൾ വേണമെന്ന് ആവശ്യപ്പെടും. ഭൂമിയെ സംരക്ഷിക്കൂ എന്ന് സോഷ്യൽ മീഡിയയിലൂടെ അലമുറ കൂട്ടും, പക്ഷെ രാത്രിയാകുമ്പോൾ വീടിനുപിന്നിലോ ഇടവഴികളിയോ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യും..
സർക്കാർ എന്നത് നമ്മുടെ സ്വന്തം ശീലങ്ങൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്ന യാഥാർത്ഥ്യം നമ്മൾ സൗകര്യപൂർവ്വം മറക്കുകയാണ്.
പതിറ്റാണ്ടിനു ശേഷമെന്ത്? നമ്മൾ വഴിവെട്ടുന്ന ഭാവിയിലെ ആരോഗ്യം
ഇന്ത്യ ഇപ്പോഴത്തെ രീതിയിൽ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ, 2035 എന്ന വർഷത്തിൽ, പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല, സമ്പൂർണ്ണ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കും സാക്ഷിയാകേണ്ടിവരുമെന്നതിൽ സംശയമില്ല.
1. ശ്വാസകോശ വ്യാധികൾ
ആസ്ത്മ, സി ഒ പി ഡി (COPD), ശ്വാസകോശാർബുദം (Lung Cancer) പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ 40% മുതൽ 60% വരെ വർദ്ധിക്കും. മലിനമായ പ്രദേശങ്ങളിൽ വളരുന്ന കുട്ടികൾക്ക് ശ്വാസകോശത്തിൻ്റെ ശേഷി 15% വരെ കുറയാൻ സാധ്യതയുണ്ട്. “എയർ -ഏജിംഗ്” (air-ageing) എന്ന ആരോഗ്യപ്രശ്നത്തിനായിരിക്കും ഡോക്ടർമാർ കൂടുതൽ ചികിത്സ നൽകേണ്ടി വരിക. 20 വയസ്സുള്ളവരുടെ ശ്വാസകോശം 50 വയസ്സുള്ളവരുടേത് പോലെയാകുന്ന അവസ്ഥയാണിത്.
2. ഹൃദയ സംബന്ധമായ പ്രത്യാഘാതം
അതിസൂക്ഷ്മ കണികകൾ (PM2.5) ശ്വാസകോശത്തിൽ മാത്രം ഒതുങ്ങുന്നില്ല. അത് രക്തത്തിൽ കലർന്ന് ധമനികളെ നശിപ്പിക്കുകയും ഹൃദയാഘാതങ്ങൾക്കും പക്ഷാഘാതങ്ങൾക്കും കാരണമാവുകയും ചെയ്യും.
മലിനീകരണവുമായി ബന്ധപ്പെട്ട നീർവീക്കം (Inflammation) കാരണം, 2035ഓടെ, ഹൃദയസംബന്ധമായുള്ള അകാലമരണങ്ങളിൽ ഇന്ത്യയിൽ 25% വർദ്ധന വന്നേക്കാം.
3. മാനസികാരോഗ്യവും ചിന്താശേഷിയുടെ ക്ഷയവും
വിഷലിപ്തമായ വായു തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ അളവ് കുറയ്ക്കുന്നു.
വിഷവാതകങ്ങൾ മൂലമുണ്ടാകുന്ന നാഡീവീക്കം (Neuroinflammation) കാരണം, അൽസ്ഹൈമേഴ്‌സ് പോലുള്ള ലക്ഷണങ്ങൾ, ഉത്കണ്ഠ, വിഷാദം എന്നിവ വർദ്ധിക്കുമെന്ന് ഹാർവാർഡിലെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും പഠനങ്ങൾ പ്രവചിക്കുന്നുണ്ട്.
4. പ്രത്യുൽപാദന ശേഷിയിലും ജനിതക ഘടനയിലും മാറ്റം
ഹെവി മെറ്റലുകളും മൈക്രോപ്ലാസ്റ്റിക്കുകളും അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, വന്ധ്യതയും ഡിഎൻഎ നാശവും സംഭവിക്കാം.
പ്രത്യുൽപാദനത്തെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കൾ ഭക്ഷണത്തിലും ജലത്തിലും വായുവിലും കലരുന്നതിനാൽ, 2035ലെത്തുമ്പോൾ, പുരുഷന്മാരുടെ ബീജസംഖ്യയും സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവും ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
5. അകത്തള മലിനീകരണം എന്ന അദൃശ്യ കൊലയാളി
നമ്മുടെ രാജ്യത്തെ പരിസ്ഥിതിയിലുള്ള വായു മോശമാകുമ്പോൾ, കൂടുതൽ പേരും വീടിനുള്ളിലേക്ക് ഒതുങ്ങും. — പക്ഷെ വായുസഞ്ചാരക്കുറവും ചന്ദനത്തിരിയുടെ പുകയും വീട്ടുപകരണങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന രാസവസ്തുക്കളും ചേർന്ന്,അകത്തളങ്ങളും വിഷലിപ്തമാക്കും.
അടുത്തെത്താറായി — എങ്കിലും ശ്രമിച്ചാൽ ഒഴിവാക്കാം
പ്രകൃതിയോടും അതുവഴി നമ്മളോടുതന്നെയും കാട്ടിക്കൂട്ടുന്ന ഈ ചെയ്തികൾ മാറ്റിയെഴുതാൻ നമുക്ക് മുന്നിൽ 10 വർഷമുണ്ട് — സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയും പൗരന്മാർ അച്ചടക്കത്തോടെ പ്രവർത്തിക്കുകയും ചെയ്താൽ അതിൻ്റെ ഗുണഫലം പ്രകടമാകുമെന്നുറപ്പ്.
ഉടനടി ചെയ്യേണ്ട കാര്യങ്ങൾ: ഓരോ പൗരനും ചെയ്യാനാകുന്നവ
1.കഴിയുന്നത്ര കുറയ്ക്കുക, ആവശ്യമില്ലാത്തത് വേണ്ടെന്ന് വെയ്ക്കുക
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക. സ്വന്തമായി കുപ്പികൾ, ബാഗുകൾ, പാത്രങ്ങൾ എന്നിവ കരുതുക. പരിസ്ഥിതിക്ക് ദോഷകരമാകുന്ന സൗകര്യങ്ങൾ വേണ്ടെന്ന് തീരുമാനിക്കുക.
2.യാത്രകൾക്ക് ബോധപൂർവ്വം തയ്യാറെടുക്കാം
പൊതുഗതാഗതം, ഇലക്ട്രിക് വാഹനങ്ങൾ, അല്ലെങ്കിൽ ഒരേവാഹനം പങ്കിട്ടുകൊണ്ടുള്ള യാത്രകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്താം. ചെറിയ ദൂരത്തേക്ക് നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യുക. നമ്മൾ ലാഭിക്കുന്ന ഓരോ ലിറ്റർ ഇന്ധനവും കുഞ്ഞുങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നു.
3.തനത് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം, ആഹാരവും പ്രാദേശികമാക്കാം
ഭക്ഷണം നമ്മളിലേക്കെത്തിക്കാൻ എത്രമാത്രം ദൂരമേറുന്നുവോ, അത്രതന്നെ ഇന്ധനച്ചെലവും മലിനീകരണവും കൂടും. പ്രാദേശിക ഉൽപ്പന്നങ്ങളെയും സുസ്ഥിര ബ്രാൻഡുകളെയും പ്രോൽസാഹിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും.
4. ചെടികൾ നട്ടുപിടിപ്പിക്കാം, പ്രകൃതിയെ സംരക്ഷിക്കാം
ചെടി നട്ട് സംരക്ഷിച്ച് മരമായി മാറുമ്പോൾ നമുക്കും ഭാവിതലമുറയ്ക്കും അത് ശുദ്ധവായു പകരം നൽകും. നമ്മളെല്ലാവരും ഓരോ മരം വളർത്തുമ്പോൾ, അവ അങ്ങനെ ദശലക്ഷക്കണക്കിന് വൻ വൃക്ഷങ്ങളാകുമ്പോൾ, നഗരങ്ങളിലെ സൂക്ഷ്മ കാലാവസ്ഥയെ മാറ്റിമറിക്കാൻ അതിന് സാധിക്കും. തദ്ദേശീയ സസ്യങ്ങൾ നടുക, ജലാശയങ്ങളെ സംരക്ഷിക്കുക, കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുക- ഇവയെല്ലാം പ്രകൃതിയ്ക്കു ലഭിക്കുന്ന സ്നേഹസ്പർശമാണ്.
5.സംവിധാനത്തിൽ സമ്മർദ്ദം ചെലുത്താം
വ്യക്തികളെ നോക്കിയല്ല, നയങ്ങൾ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക. പ്രാദേശിക ഹിയറിംഗുകളിൽ പങ്കെടുക്കുക, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവൃത്തികളെ ചോദ്യം ചെയ്യുക, വിവരാവകാശ അപേക്ഷകൾ (RTIs) ഫയൽ ചെയ്യുക. പൗരന്മാർ നിശ്ശബ്ദരാകുമ്പോൾ ജനാധിപത്യം ഇല്ലാതാകുന്നുവെന്നാണർത്ഥം.
6.വീട്ടിൽ നിന്നുതുടങ്ങാം
എൽ.ഇ.ഡി (LED) ലൈറ്റിംഗിലേക്ക് മാറുക, മാലിന്യം തരംതിരിക്കുക, വീട്ടിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കുക, പരിസ്ഥിതി സൗഹൃദ ശുചീകരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. നമ്മുടെ വീടുതന്നെ ഒരു മാതൃകയാകട്ടെ.
സർക്കാരുകൾ ചെയ്യേണ്ടത്
1.ശുദ്ധ ഊർജ്ജ പരിവർത്തനം നിർബന്ധമാക്കുക — കൽക്കരി ഉപയോഗം ഘട്ടംഘട്ടമായി നിർത്തുക, പുനരുപയോഗ ഊർജ്ജത്തിന് പ്രോത്സാഹനം നൽകുക,ഊർജ ഗ്രിഡ് സംഭരണത്തിന് പ്രാധാന്യം നൽകുക.
2.നഗരാസൂത്രണം മെച്ചപ്പെടുത്തുക — ഹരിത ബഫറുകൾ സംയോജിപ്പിക്കുക, നിർമ്മാണ സ്ഥലങ്ങളിൽ നിന്ന് അന്തരീക്ഷത്തിൽ കലരുന്ന പൊടിയും രാസവസ്തുക്കളും നിരോധിക്കുക, തടാകങ്ങളിലെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക.
3.മലിനമാക്കുന്നവർക്ക് ശിക്ഷ നൽകുക — ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്ക് കഠിനമായ പിഴകൾ ചുമത്തുക. അത്തരം വ്യക്തികളുടെ പൊയ്മുഖങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക.
4.വിദ്യാഭ്യാസം നൽകുക, ശാക്തീകരിക്കുക — കാലാവസ്ഥാ സാക്ഷരത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക.
5.സുതാര്യമായി നിരീക്ഷിക്കുക —പൊതുജനങ്ങൾക്ക് വിവരങ്ങൾ പ്രാപ്യമാകുന്ന തരത്തിൽ എല്ലാ നഗരങ്ങളിലും പരിസ്ഥിതി ഡേറ്റ ഡാഷ്‌ബോർഡുകൾ സ്ഥാപിക്കുക.
ഭൂമിയെ സംരക്ഷിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. അതിന് മുമ്പ്, അവർക്കു മാതൃകയാകുന്ന തരത്തിലേക്ക് നമുക്ക് മാറേണ്ടതുണ്ട്. ഇനിയുള്ള തലമുറകൾക്ക്, ആധുനിക ലോകത്തെ സാങ്കേതിക സൗകര്യങ്ങൾക്കൊപ്പം ശുദ്ധവായുവും ലഭിക്കട്ടെ.
World Health Organization (WHO) – India. Air Pollution and Health.
Amicus Publico. Why Environmental Laws Are Not Working in India.
World Bank. Catalyzing Clean Air in India: Policy, Implementation, and Accountability.




