ലോക്ക്ജോ അഥവാ ടെറ്റനസ്/ട്രിസ്മസ്: വായ തുറക്കാൻ കഴിയാതെ വരുമ്പോൾ — കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

ലോക്ക്ജോ അഥവാ ടെറ്റനസ്/ട്രിസ്മസ്: വായ തുറക്കാൻ കഴിയാതെ വരുമ്പോൾ — കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

വായ ശരിയായി തുറക്കാൻ കഴിയാതെ വരുന്ന, താടിയെല്ല് കുടുങ്ങിയത് പോലെയാകുന്ന ഒരവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ലോക്ക്ജോ (Lockjaw). ഇത് ട്രിസ്മസ് (Trismus) എന്നും അറിയപ്പെടുന്നു. സാധാരണയായി ടെറ്റനസ് എന്ന ഗുരുതര ബാക്ടീരിയൽ അണുബാധയുമായി ബന്ധപ്പെട്ട് ഈയവസ്ഥ ഉണ്ടാകുമെങ്കിലും ദന്തസംബന്ധമായതോ, പേശീ സംബന്ധമായതോ, അല്ലെങ്കിൽ നാഡീ സംബന്ധമായ കാരണങ്ങൾ മൂലമോ ലോക്ക്ജോ അനുഭവപ്പെടാറുണ്ട്.

ലോക്ക്ജോയുടെ ശാസ്ത്രം, കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെല്ലാം nellikka.life പരിശോധിക്കുന്നു — ഇത് സംബന്ധിച്ച മിഥ്യകളും യാഥാർത്ഥ്യങ്ങളും വേർതിരിച്ചറിയാനും നേരത്തെയുള്ള ചികിത്സ എങ്ങനെ നിർണ്ണായകമാകുന്നു എന്നു മനസ്സിലാക്കാനും ഈ ലേഖനത്തിലൂടെ 

സാധിക്കും.

എന്താണ് ലോക്ക്ജോ അഥവാ ട്രിസ്മസ്?

വൈദ്യശാസ്ത്രപരമായി, ട്രിസ്മസ് എന്നാൽ വായ തുറക്കാൻ കഴിയാത്ത അവസ്ഥ എന്നാണ് അർത്ഥം. സാധാരണയായി മുകളിലെയും താഴത്തെയും മുൻപല്ലുകൾ തമ്മിലുള്ള അകലം 35 മില്ലിമീറ്ററിൽ കുറയുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 

ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ടെറ്റനസ് എന്ന രോഗം, താടിയെല്ലിലെയും കഴുത്തിലെയും പേശികളിൽ കഠിനമായ കോച്ചിപ്പിടിത്തം സൃഷ്ടിക്കുകയും വായ തുറക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അങ്ങനെയാണ് താടിയെല്ല് കുടുങ്ങിയിരിക്കുന്ന അവസ്ഥ എന്ന അർത്ഥത്തിൽ “ലോക്ക്ജോ” എന്ന പദം പ്രചാരത്തിൽ വന്നത്.

ടെറ്റനസ് ഇല്ലാതെയും ട്രിസ്മസ്  സംഭവിക്കാം. അതിനാൽ, ശരിയായ ചികിത്സയ്ക്ക് അടിസ്ഥാന കാരണം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ടെറ്റനസ് അണുബാധ

എന്താണ് ടെറ്റനസ്?

ടെറ്റനോസ്പാസ്മിൻ (tetanospasmin) എന്ന ന്യൂറോടോക്സിൻ (നാഡീ വിഷവസ്തു) മൂലമുണ്ടാകുന്ന, ജീവിതം അപകടത്തിലാക്കിയേക്കാവുന്ന ഒരു രോഗമാണ് ടെറ്റനസ്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന  ബാക്ടീരിയയാണ് ഇതിന് കാരണം. ഇത് മണ്ണിലും പൊടിയിലും മൃഗങ്ങളുടെ വിസർജ്ജ്യത്തിലും കാണപ്പെടുന്നു.

ഈ ബീജകോശങ്ങൾ മുറിവിലൂടെ (പ്രത്യേകിച്ച് ആഴത്തിലുള്ള മുറിവുകളിലൂടെ) ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അവ വളരുകയും വിഷവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുന്നു. ഈ വിഷവസ്തുക്കൾ നാഡീവ്യൂഹം വഴി സുഷുമ്നാ നാഡിയിലേക്കും തലച്ചോറിലേക്കും സഞ്ചരിക്കുന്നു.

ഇത് ലോക്ക്ജോയ്ക്ക് കാരണമാകുന്നത് എങ്ങനെ?

ടെറ്റനോസ്പാസ്മിൻ വിഷവസ്തു (Tetanospasmin toxin), GABA, ഗ്ലൈസിൻ തുടങ്ങിയ ഇൻഹിബിറ്ററി ന്യൂറോട്രാൻസ്മിറ്ററുകൾ പുറത്തുവരുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് പേശികളെ തുടർച്ചയായി ഉത്തേജിപ്പിക്കാൻ കാരണമാകുന്നു.

ഇത് പേശികളുടെ കാഠിന്യത്തിനും കടുത്ത കോച്ചിപ്പിടിത്തത്തിനും വഴിയൊരുക്കുന്നു. താടിയെല്ലിലെ പേശികളിലാണ് ഇത് ആദ്യമായി അനുഭവപ്പെടുന്നത്. അതിനാലാണ് “ലോക്ക്ജോ” എന്ന പേര് ലഭിച്ചത്.

ടെറ്റനസ് മൂലമുള്ള ലോക്ക്ജോയുടെ ലക്ഷണങ്ങൾ

  • വായ തുറക്കാൻ കഴിയാത്ത അവസ്ഥ (ട്രിസ്മസ്)
  • കഴുത്തിലെ പിടുത്തവും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും
  • ശരീരം മുഴുവൻ ഉണ്ടാകുന്ന വേദനയുള്ള പേശീവലിവുകൾ
  • ശരീരം പുറകോട്ട് വളയുന്ന അവസ്ഥ (Opisthotonus)
  • പനി, വിയർപ്പ്,  നാഡീവ്യൂഹത്തിൻ്റെ സ്വയം നിയന്ത്രിത പ്രവർത്തനങ്ങളിൽ അസ്ഥിരത (Autonomic instability)

ടെറ്റനസ് എന്നത്, ഉയർന്ന മരണനിരക്കിന് സാദ്ധ്യതയുള്ള, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്. എന്നാൽ, വാക്സിനേഷൻ വഴി ഇത് പൂർണ്ണമായും തടയാവുന്നതുമാണ്.

ടെറ്റനസ് അല്ലാത്ത ലോക്ക്ജോയുടെ കാരണങ്ങൾ

ടെറ്റനസാണ് ഏറ്റവും ഭയപ്പെടുന്ന കാരണം എങ്കിലും, താടിയെല്ലിലെ പേശികളെയും സന്ധികളെയും ബാധിക്കുന്ന പ്രശ്നങ്ങൾ കാരണം പലർക്കും ലോക്ക്ജോ അനുഭവപ്പെടാറുണ്ട്.

ദന്ത-വദന സംബന്ധമായ കാരണങ്ങൾ 

  • വിസ്ഡം ടൂത്ത് അണുബാധ (Pericoronitis):

മുളച്ചുവരുന്ന അണപ്പല്ലിന് ചുറ്റുമുള്ള വീക്കം താടിയെല്ലിലെ പേശികളിൽ മുറുക്കത്തിന് കാരണമാകും.

  • ദന്ത ചികിത്സകൾക്ക് ശേഷം: (റൂട്ട് കനാൽ അല്ലെങ്കിൽ പല്ലു പറിക്കൽ പോലുള്ളവ)

താടിയെല്ലിലെ ആഘാതമോ അല്ലെങ്കിൽ വായ കൂടുതൽ നേരം തുറന്നിരിക്കുന്നതോ ടെമ്പോറോമാൻഡിബുലാർ സന്ധിക്ക് (TMJ) ബുദ്ധിമുട്ടുണ്ടാക്കാം.

  • വായ്ക്കുള്ളിലെ കുരു (Oral abscess) അല്ലെങ്കിൽ സെല്ലുലൈറ്റിസ് എന്നിവ വീക്കത്തിനും വേദനയ്ക്കും കാരണമായി ട്രിസ്മസിലേക്ക് നയിക്കാം.

ടെമ്പോറോമാൻഡിബുലാർ ജോയിൻ്റ് (TMJ) തകരാറുകൾ

ലോക്ക്ജോ ഉണ്ടാക്കുന്ന ഏറ്റവും സാധാരണമായ പകർച്ചേതര (Non-infectious) കാരണങ്ങളിൽ ഒന്നാണ് ടിഎംജെ ഡിസ്ഫംഗ്ഷൻ.

കാരണങ്ങൾ ഇവയാണ്:

  • താടിയെല്ലിനേറ്റ പരിക്ക് അല്ലെങ്കിൽ സന്ധിവാതം (Arthritis).
  • പല്ലുകൾ കടിച്ചു പിടിക്കുക/ഉരയ്ക്കുക (ബ്രക്സിസം – Bruxism).
  • സമ്മർദ്ദം മൂലമുള്ള പേശീ മുറുക്കം.

ലക്ഷണങ്ങൾ: വായ തുറക്കുമ്പോൾ  ശബ്ദം, ചെവിക്ക് സമീപം വേദന, ചലനം പരിമിതപ്പെടുക എന്നിവ.

ഫൈബ്രോസിസ് (Fibrosis)

പേശികൾക്കുണ്ടാകുന്ന ആഘാതം, ആവർത്തിച്ചുള്ള ഇൻജക്ഷനുകൾ, അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി (തലയിലും കഴുത്തിലും വരുന്ന കാൻസറുകൾക്ക്) എന്നിവ മാസ്റ്റിക്കേറ്ററി പേശികൾക്ക് ഫൈബ്രോസിസ് (കട്ടിയുള്ളതും ദൃഢതയുള്ളതുമായ വടുക്കൾ) ഉണ്ടാകാൻ ഇടയാകുകയും ഇത് വിട്ടുമാറാത്ത ട്രിസ്മസിന് കാരണമാവുകയും ചെയ്യും.

നാഡീ സംബന്ധമായ അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണ്ണതകൾ

ചില ന്യൂറോളജിക്കൽ തകരാറുകൾ (ഡിസ്റ്റോണിയ പോലുള്ളവ) അല്ലെങ്കിൽ താടിയെല്ല്, കഴുത്ത്, വായ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ എന്നിവ, താടിയെല്ല് തുറക്കുന്നതിനെ താൽക്കാലികമായി ബാധിച്ചേക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

കാരണത്തെ ആശ്രയിച്ച്, ലക്ഷണങ്ങൾ താഴെ പറയുന്നവയാകാം:

  • വായ തുറക്കുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന.
  • താടിയെല്ലിന് ചുറ്റും അല്ലെങ്കിൽ കൺപോളകൾക്ക് സമീപം കാഠിന്യം.
  • ചെവി വേദനയോ തലവേദനയോ.
  • ഭക്ഷണം ഇറക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്.
  • മുഖത്തെ പേശികളിൽ മുറുക്കം.
  • ഗുരുതരമായ കേസുകളിൽ (ടെറ്റനസ് പോലുള്ളവ): ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും പൊതുവായ പേശീ കാഠിന്യവും.

രോഗനിർണയം 

രോഗിയെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും ക്ലിനിക്കൽ പരിശോധനയും പ്രധാനമാണ്.

ഡോക്ടർമാർ നിർദ്ദേശിച്ചേക്കാവുന്ന പരിശോധനകൾ:

  • രക്തപരിശോധനകളും കൾച്ചറും (അണുബാധയില്ലെന്ന് ഉറപ്പാക്കാൻ).
  • ഇമേജിംഗ് (എക്സ്-റേ, എംആർഐ, അല്ലെങ്കിൽ സിടി) ടിഎംജെ, പേശികൾ എന്നിവയുടെ വിലയിരുത്തലിന്.
  • ഇലക്ട്രോമയോഗ്രാഫി (EMG) (പേശീ-നാഡീ തകരാറുകൾ സംശയിക്കുന്നുണ്ടെങ്കിൽ).

ടെറ്റനസ് സംശയിക്കുന്നുണ്ടെങ്കിൽ, പേശീ കാഠിന്യം, മുറിവിൻ്റെ മൂലകാരണം എന്നിവ അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ രോഗനിർണയമാണ് നടത്തുന്നത് — നേരിട്ടുള്ള ലാബ് പരിശോധനകളൊന്നും ഈ രോഗത്തെ സ്ഥിരീകരിക്കുന്നില്ല.

ചികിത്സാ രീതികൾ

1. ടെറ്റനസ് മൂലമുള്ള ലോക്ക്ജോയ്ക്ക്

  • ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ (TIG): രക്തത്തിലൂടെ സഞ്ചരിക്കുന്ന വിഷവസ്തുവിനെ നിർവീര്യമാക്കുന്നു.
  • ആൻ്റിബയോട്ടിക്കുകൾ: സാധാരണയായി മെട്രോണിഡാസോൾ അല്ലെങ്കിൽ പെൻസിലിൻ ജി എന്നിവ നൽകുന്നു.
  • പേശികൾക്ക് അയവ് നൽകുന്ന മരുന്നുകളും സെഡേറ്റീവുകളും: പേശീവലിവുകൾ നിയന്ത്രിക്കാൻ.
  • മെക്കാനിക്കൽ വെൻ്റിലേഷൻ: ഗുരുതരമായ കേസുകളിൽ, ശ്വാസം നിലനിർത്താൻ.
  • സഹായക പരിചരണവും മുറിവ് വൃത്തിയാക്കലും.

വാക്സിനേഷനാണ് ഏറ്റവും ശക്തമായ പ്രതിരോധ തന്ത്രം

2. ടെറ്റനസ് അല്ലാത്ത കാരണങ്ങൾക്കുള്ള ചികിൽസ

കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിൽസ നിശ്ചയിക്കുക.

  • ചൂടുവെള്ളം പിടിക്കുന്നതും താടിയെല്ലിന്, കഠിനമല്ലാത്ത തരത്തിൽ  വ്യായാമം നൽകുന്നതും ടിഎംജെ പ്രശ്നങ്ങൾക്കും പേശീവലിവുകൾക്കും നിർദ്ദേശിക്കാറുണ്ട്.
  • വേദന കുറയ്ക്കുന്നതിന് വീക്കം കുറയ്ക്കുന്ന മരുന്നുകളും (NSAIDs) പേശികൾക്ക് അയവ് നൽകുന്ന മരുന്നുകളും.
  • ദന്ത സംബന്ധമായ, അല്ലെങ്കിൽ മൃദുകോശങ്ങളിലെ അണുബാധകൾക്ക് ആൻ്റിബയോട്ടിക്കുകൾ നൽകുന്നു.
  • റേഡിയേഷന് ശേഷമുള്ള ഫൈബ്രോസിസിന് ഫിസിക്കൽ തെറാപ്പിയും താടിയെല്ല് പൂർവ്വാവസ്ഥയിലാക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും.
  • പല്ല് കടിച്ചുപിടിക്കുന്നതോ സമ്മർദ്ദമോ ആണ് കാരണമെങ്കിൽ സമ്മർദ്ദ നിയന്ത്രണ മാർഗ്ഗങ്ങൾ.

പ്രതിരോധം 

ടെറ്റനസിന്:

  • ടെറ്റനസ് വാക്സിനേഷൻ (TT അല്ലെങ്കിൽ Td ബൂസ്റ്റർ) 10 വർഷത്തിലൊരിക്കൽ എടുക്കുക.
  • മുറിവുകൾ ഉടൻ വൃത്തിയാക്കുകയും ആഴത്തിലുള്ള മുറിവുകൾക്ക് വൈദ്യസഹായം തേടുകയും ചെയ്യുക.
  • തുരുമ്പിച്ച ലോഹത്തിൽ നിന്നുള്ള മുറിവുകളോ മണ്ണ് പുരണ്ട മുറിവുകളോ ഒരിക്കലും അവഗണിക്കരുത്.

ടെറ്റനസ് അല്ലാത്ത ട്രിസ്മസിന്:

  • വായയുടെ ശുചിത്വം നിലനിർത്തുകയും പതിവായി ദന്തപരിശോധന നടത്തുകയും ചെയ്യുക.
  • താടിയെല്ലിൽ അമിതമായ സമ്മർദ്ദം അല്ലെങ്കിൽ ഇറുക്കൽ ഒഴിവാക്കുക
  • പല്ലുകൾ കടിച്ചുരയ്ക്കുന്ന വ്യക്തിയാണെങ്കിൽ മൗത്ത് ഗാർഡുകൾ ഉപയോഗിക്കുക.
  • ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അടിയന്തിര വൈദ്യസഹായം തേടുക:

  • നിങ്ങൾക്ക് പെട്ടെന്ന് വായ തുറക്കാൻ കഴിയാതെ വരുമ്പോൾ.
  • പരിക്കിനോ ദന്ത ചികിത്സയ്ക്കോ ശേഷം വേദനയോ വീക്കമോ ഉണ്ടാകുമ്പോൾ.
  • കോച്ചിപ്പിടിത്തം, പനി, അല്ലെങ്കിൽ പേശീവലിവുകൾ മറ്റ് ഭാഗങ്ങളിലേക്ക് പടരുമ്പോൾ.

നേരത്തെയുള്ള രോഗനിർണയം, ശ്വാസനാളം അടഞ്ഞുപോകുന്നതും പോഷകാഹാരക്കുറവും തടയാൻ സഹായിക്കും. ടെറ്റനസ് കേസുകളിൽ മരണം തടയുന്നതിന് വരെ ആരംഭഘട്ടത്തിലെ രോഗനിർണ്ണയം സഹായിക്കുന്നു.

അവബോധമാണ് പ്രതിരോധത്തിലേക്കുള്ള ആദ്യ ചുവടെന്ന് nellikka.life വിശ്വസിക്കുന്നു — കാരണം, കൃത്യതയാർന്ന അറിവോടുകൂടിയുള്ള നീക്കങ്ങളിലൂടെ, നിശബ്ദമായ രോഗാവസ്ഥകളെ പോലും നമുക്ക് തടയാൻ കഴിയും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe