നിശബ്ദ വീക്കം എന്ന അപകടകാരി: കടുത്ത ക്ഷീണത്തിനും സന്ധിവേദനയ്ക്കും പിന്നിലെ യഥാർത്ഥ കാരണം ഇതാകാം

നിശബ്ദ വീക്കം എന്ന അപകടകാരി: കടുത്ത ക്ഷീണത്തിനും സന്ധിവേദനയ്ക്കും പിന്നിലെ യഥാർത്ഥ കാരണം ഇതാകാം

പ്രത്യേകിച്ച് ഒരസുഖം എന്ന് പേരെടുത്തു പറയാൻ മാത്രം ഒന്നുമില്ല, പക്ഷെ എപ്പോഴും ക്ഷീണമുണ്ട്. കാരണങ്ങളൊന്നുമില്ലാതെ സന്ധികൾ വേദനിക്കുന്നുണ്ട്, നന്നായി ഉറങ്ങിയാൽ പോലും മനസ്സിനൊരു തെളിച്ചമില്ലാത്തപോലെ.

രക്തപരിശോധനകൾ മിക്കപ്പോഴും നോർമൽ ആയിരിക്കും. സ്കാനിംഗ് റിപ്പോർട്ടുകളിലും പേടിക്കാനൊന്നുമുണ്ടാകില്ല. എന്നിട്ടും ശരീരത്തിന് എന്തോ ഒരു സുഖമില്ലായ്മ അനുഭവപ്പെട്ടുകൊണ്ടേയിരിക്കും.

നിശബ്ദ വീക്കം (Silent Inflammation) എന്ന പ്രശ്നത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ, മേൽപ്പറഞ്ഞ അസ്വസ്ഥതകളുടെ മൂലകാരണം തിരിച്ചറിയാനാകും. വലിയ രോഗങ്ങൾ പ്രകടമാകുന്നതിന് എത്രയോ മുൻപ് തന്നെ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന, ശരീരത്തിൽ നിശബ്ദമായി നിലനിൽക്കുന്ന വീക്കമാണിത്.

എന്താണ് നിശബ്ദ വീക്കം അഥവാ ലോ-ഗ്രേഡ് ഇൻഫ്ലമേഷൻ?

ശരീരം ഒരു പരിക്കിനെയോ അണുബാധയെയോ നേരിടാൻ സ്വീകരിക്കുന്ന സ്വാഭാവികമായ പ്രതിരോധ സംവിധാനമാണ് വീക്കം (Inflammation). മുറിവുകൾ ഉണക്കാൻ ഇത് സഹായിക്കുന്നു.

എന്നാൽ, മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വീക്കം (Chronic low-grade inflammation) ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

അതിന്റെ പ്രത്യേകതകൾ:

  • ബാഹ്യതലത്തിൽ പ്രകടമാകാതെ വർഷങ്ങളോളം ശരീരത്തിൽ ഇതുണ്ടാകാം
  • സാധാരണ നീർക്കെട്ടുണ്ടാകുമ്പോൾ വരുന്ന പനിയോ സമാനലക്ഷണങ്ങളോ കാണില്ല
  • ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും വളരെ സാവധാനത്തിൽ ഇത് നശിപ്പിച്ചുകൊണ്ടിരിക്കും

നിശബ്ദ വീക്കം സാധാരണമാകാൻ കാരണം?

ആധുനിക ജീവിതശൈലി നമ്മളറിയാതെതന്നെ ശരീരത്തിനുള്ളിൽ വിട്ടുമാറാത്ത വീക്കമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇതിന് കാരണമാകുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:

  • അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ
  • പഞ്ചസാരയുടെ അമിത ഉപയോഗം
  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം
  • ഗാഢനിദ്ര ലഭിക്കാത്തത്
  • വ്യായാമമില്ലാത്ത ജീവിതശൈലി
  • വായുവിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന രാസവസ്തുക്കൾ

ഒരു മുറിവുണ്ടാകുമ്പോൾ സംഭവിക്കുന്ന സാധാരണ വീക്കം (Acute inflammation) ആ മുറിവ് ഉണങ്ങുന്നതോടെ മാറിപ്പോകാറുണ്ട്. പക്ഷെ നിശബ്ദ വീക്കം അങ്ങനെയല്ല; അത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സദാ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കും. ഇത് കാലക്രമേണ ശരീരത്തെ ആകെ തളർത്തുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

1. വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണം

ശരീരത്തിലെ വീക്കം താഴെ പറയുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു:

  • കോശങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളായ മൈറ്റോകോൺഡ്രിയയുടെ (Mitochondria) പ്രവർത്തനത്തെ ഇത് ബാധിക്കുന്നു
  • ഹോർമോൺ സന്തുലിതാവസ്ഥയിൽ വ്യതിയാനമുണ്ടാക്കുന്നു
  • ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു

ഇതിന്റെ ഫലമായി അനുഭവപ്പെടുന്നത്:

  • എപ്പോഴും അനുഭവപ്പെടുന്ന തളർച്ച
  • കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യക്കുറവ് 
  • വിശ്രമിച്ചാലും തീരാത്ത ശാരീരിക മാനസിക തളർച്ച

പലപ്പോഴും ഇത്തരത്തിലുള്ള ക്ഷീണത്തെ മടിയായോ ജോലിഭാരം മൂലം തോന്നുന്ന മടുപ്പായോ വിഷാദരോഗമായോ ഒക്കെ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ യഥാർത്ഥ കാരണം ശരീരത്തിനുള്ളിലെ നിശബ്ദ വീക്കമാകാം.

2. പരിക്കുകൾ ഇല്ലാത്ത സന്ധിവേദന

ശരീരത്തിനുള്ളിലെ വീക്കം സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും പ്രകോപിപ്പിക്കുന്നു. ഇത് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു:

  • രാവിലെയുള്ള സന്ധിവേദന (Morning stiffness)
  • മുട്ടുകൾ, കൈത്തണ്ട, ചുമൽ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന
  • കുറച്ചു സമയം വിശ്രമിച്ച ശേഷം എഴുന്നേൽക്കുമ്പോൾ വേദന കൂടുന്ന അവസ്ഥ

ഇത്തരത്തിലുള്ള വേദന ഇടയ്ക്കിടെ വന്നു പോകുന്നതു കൊണ്ട് പലരും ഇത് നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ ക്രമേണ ഇത് മാറാത്ത വേദനയായി പരിണമിച്ചേക്കാം

3. ബ്രെയ്ൻ ഫോഗും (Brain Fog) ചിന്തകളിലെ മന്ദതയും

ശരീരത്തിലുണ്ടാകുന്ന വീക്കം കാരണമുണ്ടാകുന്ന രാസവസ്തുക്കൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്:

  • കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക
  • ഏകാഗ്രത നഷ്ടമാകുക 
  • കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുള്ള ബുദ്ധിമുട്ട്

നിശബ്ദ വീക്കത്തിന് ഇന്ധനം പകരുന്ന ജീവിതശൈലികൾ

ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ ശരീരത്തിനുള്ളിലെ ഈ വീക്കം വർദ്ധിപ്പിക്കാൻ കാരണമാകുന്നു:

  • പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അമിത ഉപയോഗം ശരീരത്തിലെ വീക്കുണ്ടാക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു
  • തുടർച്ചയായി കുറച്ചു ദിവസങ്ങളിൽ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പോലും, ശരീരത്തിലെ ഇൻഫ്ലമേറ്ററി മാർക്കറുകൾ (Inflammatory markers) കൂടുകയും പ്രതിരോധ സംവിധാനത്തിന്റെ താളം തെറ്റുകയും ചെയ്യുന്നു
  • മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ (Cortisol) ഹോർമോൺ, തുടക്കത്തിൽ വീക്കം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ദീർഘകാലം നീണ്ടുനിൽക്കുന്ന സ്ട്രെസ് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും വീക്കം വിട്ടുമാറാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • ശാരീരിക അധ്വാനം കുറയുന്നത് പേശികളുടെ ആന്റി ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു
  • പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലെ രാസവസ്തുക്കളും സംസ്ക്കരിച്ച എണ്ണകളും (Refined oils) പ്രിസർവേറ്റീവുകളും ദഹനവ്യവസ്ഥയെയും പ്രതിരോധ സംവിധാനത്തെയും പ്രകോപിപ്പിക്കുന്നു

ദഹനവ്യവസ്ഥയും വീക്കവും തമ്മിലുള്ള ബന്ധം

നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ (Immune system) വലിയൊരു ഭാഗം സ്ഥിതി ചെയ്യുന്നത് കുടലിലാണ്. അതിനാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യം ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു.

ദഹനവ്യവസ്ഥയുടെ ആരോഗ്യം തകരാറിലാക്കുന്ന ചില കാരണങ്ങൾ:

  • മോശം ആഹാരരീതി
  • ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം
  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം

ഇത്തരത്തിൽ ദഹനവ്യവസ്ഥ ദുർബലമാകുമ്പോൾ, കുടലിന്റെ ആന്തരിക ആവരണം (Intestinal lining) കൂടുതൽ സുഷിരങ്ങളുള്ളതായി മാറുന്നു. ഇതിനെയാണ് ‘ലീക്കി ഗട്ട്’ (Leaky Gut) എന്ന് പറയുന്നത്.

ഇതുവഴി, സാധാരണഗതിയിൽ രക്തത്തിൽ കലരാൻ പാടില്ലാത്ത ദോഷകരമായ തന്മാത്രകളും വിഷാംശങ്ങളും രക്തപ്രവാഹത്തിലേക്ക് കടക്കുന്നു. ഇത് ശരീരത്തിലുടനീളം വീക്കം (Systemic inflammation) ഉണ്ടാക്കാൻ കാരണമാകുന്നു.

നിശബ്ദ വീക്കം (Silent Inflammation) സാധാരണ രക്തപരിശോധനകളിൽ എപ്പോഴും തെളിയണമെന്നില്ല. എങ്കിലും, ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ ഡോക്ടർമാർ പ്രധാനമായും താഴെ പറയുന്ന പരിശോധനകളെയാണ് ആശ്രയിക്കുന്നത്:

നിശബ്ദ വീക്കം തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനകൾ

  • എച്ച് എസ്-സി ആർ പി  (high-sensitivity C-reactive protein): ശരീരത്തിലെ വീക്കത്തിന്റെ തോതളക്കാൻ ഉപയോഗിക്കുന്ന ഏറ്റവും കൃത്യമായ പരിശോധനകളിൽ ഒന്നാണിത്.
  • ഇ എസ് ആർ (Erythrocyte Sedimentation Rate)
  • ഫെറിറ്റിൻ (Ferritin): ശരീരത്തിൽ അയേൺ അമിതമല്ലാത്ത സാഹചര്യത്തിലും ഫെറിറ്റിന്റെ അളവ് കൂടുതലായി കാണപ്പെടുന്നത് വീക്കത്തിന്റെ സൂചനയാകാം
  • ഫാസ്റ്റിംഗ് ഇൻസുലിൻ, ട്രൈഗ്ലിസറൈഡുകൾ

പരിശോധനാ ഫലങ്ങളിൽ വലിയ വ്യത്യാസങ്ങൾ കാണുന്നതിന് മുൻപ് തന്നെ ശരീരം ലക്ഷണങ്ങളിലൂടെ സൂചനകൾ നൽകിത്തുടങ്ങും. പരിശോധനാറിപ്പോർട്ടുകൾ പോലെ തന്നെ പ്രധാനമാണ് ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങളും.

നിശബ്ദ വീക്കം തിരിച്ചറിയാൻ വൈകുന്നത് എന്തുകൊണ്ട്?

താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ് ഈ അവസ്ഥ പലപ്പോഴും കണ്ടെത്താൻ കഴിയാതെ പോകുന്നത്:

  • ഇതിന്റെ ലക്ഷണങ്ങൾ (ക്ഷീണം, അസ്വസ്ഥത) മറ്റ് പല കാരണങ്ങൾ കൊണ്ടും വരാം എന്നതിനാൽ കൃത്യമായി തിരിച്ചറിയാൻ പ്രയാസമാണ്
  • രക്തപരിശോധനാ ഫലങ്ങൾ പലപ്പോഴും “ബോർഡർലൈൻ നോർമൽ” ആയിരിക്കും.
  • ചെറിയ വേദനകളും ക്ഷീണവും ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതി നമ്മൾ അത് അവഗണിക്കുന്നു
  • ഓരോ അവയവങ്ങളെയും പ്രത്യേകമായി കണക്കിലെടുത്ത്  ചികിത്സിക്കുന്നതിലാണ് ആരോഗ്യമേഖല പൊതുവെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാസ്തവത്തിൽ വീക്കം എന്നത് ശരീരത്തെ ആകെ ബാധിക്കുന്ന അസുഖമാണ്.

വലിയൊരു രോഗമായി മാറുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ വീക്കം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം.

വിട്ടുമാറാത്ത വീക്കം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ

നിശബ്ദ വീക്കം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ, അത് താഴെ പറയുന്ന ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകും:

  • ടൈപ്പ് 2 പ്രമേഹം
  • ഹൃദ്രോഗം
  • ഓട്ടോ ഇമ്മ്യൂൺ പ്രശ്നങ്ങൾ (Autoimmune conditions)
  • ഹോർമോൺ വ്യതിയാനങ്ങൾ
  • ഫാറ്റി ലിവർ രോഗം
  • മറവിരോഗം (Cognitive decline)

ചുരുക്കത്തിൽ, വീക്കം ഒരു പ്രത്യേക രോഗമായല്ല, മറിച്ച് പല മാരക രോഗങ്ങൾക്കും വളരാൻ പാകത്തിലുള്ള വിളനിലമായി അത് പ്രവർത്തിക്കുന്നു.

വീക്കം സ്വാഭാവികമായി എങ്ങനെ കുറയ്ക്കാം?

തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ നിശബ്ദ വീക്കത്തെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. അതിനായി ശീലിക്കേണ്ട ലളിതമായ കാര്യങ്ങൾ ഇവയാണ്:

വീക്കം കുറയ്ക്കുന്ന ഭക്ഷണരീതി 

  • ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ, പഴങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്തുക
  • ഒമേഗ-3 ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക
  • പഞ്ചസാരയുടേയും മൈദയുടേയും ഉപയോഗം പരമാവധി കുറയ്ക്കുക
  • അമിതമായി സംസ്കരിച്ച പാക്കറ്റ് ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക

ദിവസവും വ്യായാമം ചെയ്യുക

  • നടത്തം, സ്ട്രെച്ചിംഗ് (Stretching), ഭാരമെടുത്തുള്ള വ്യായാമങ്ങൾ എന്നിവ ശീലമാക്കുക
  • മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുന്നത് ഒഴിവാക്കുക
  •  ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും

ഉറക്കത്തിന് മുൻഗണന നൽകുക

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
  • രാത്രി ഉറങ്ങുന്നതിന് മുൻപ് മൊബൈൽ, ടിവി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക
  • ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തുടക്കത്തിലേ പരിഹരിക്കുക

മാനസിക സമ്മർദ്ദം ലഘൂകരിക്കുക

  • ശ്വസന വ്യായാമങ്ങൾ, ധ്യാനം (Meditation) എന്നിവയിലൂടെ മനസ്സിനെ ശാന്തമാക്കുക
  • സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനും സങ്കടങ്ങൾ പങ്കുവെയ്ക്കാനും സമയം കണ്ടെത്തുക
  • വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഒഴിവാക്കുക 

ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ ശരീരത്തിൽ ആരോഗ്യകരമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും:

  • മാസങ്ങളോളം നീണ്ടുനിൽക്കുന്ന തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ
  • പരിക്ക് മൂലമല്ലാതെ സന്ധികളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാകുമ്പോൾ
  • ശ്രദ്ധക്കുറവും മറവിയും നിങ്ങളുടെ ജോലിയെയും ജീവിതത്തെയും ബാധിക്കുമ്പോൾ
  •  ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ

തുടക്കത്തിലേയുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും.

രോഗം വരുന്നതുവരെ ആരോഗ്യത്തെ അവഗണിക്കാമെന്ന് കരുതുന്നത് ശരിയല്ല. നിശബ്ദ വീക്കം തുടക്കത്തിലേ കൈകാര്യം ചെയ്യുന്നതിലൂടെ ഊർജ്ജം വീണ്ടെടുക്കാനും വേദനകളിൽ നിന്ന് മുക്തി നേടാനും സാധിക്കും. ഒപ്പം മനസ്സിനെ കൂടുതൽ ഉന്മേഷമുള്ളതാക്കി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe